വിവരണം ഓര്‍മ്മചെപ്പ്


ഓർമ്മയിലെ ഔക്കർക്ക...

Reporter: Farook

വലിയ കത്ത് അബൂബക്കർ (72) മരണപ്പെട്ടു. ഇന്ന് രാവിലെയാണ് അന്ത്യം . ഭാര്യ ഫാത്തിമ  വിവി(എരു വാട്ടി, ചപ്പാരപ്പടവ്) മക്കൾ ഇല്ല്യാസ്, ജുബൈരിയ, സത്താർ .മരുമകൻ സാബിർ (ഇരിക്കൂർ)
എരു വാട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


നാട്ടു വഴികളിലെ സുപരിചിതനു വിട.
മണ്ടൂരിന്റെ ഗ്രാമ വഴികളിലെ മണൽത്തരികൾക്ക് പോലും സുപരിചിതനായ, ഔക്കർക്ക എന്നും ചിലർ ഔക്കറിച്ച എന്നും വിളിക്കാറുള്ള ആ ദേഹവും വിട പറഞ്ഞു.
നാട് സ്നേഹവും പരിഗണനയും നൽകിയെങ്കിലും ചിലപ്പഴെങ്കിലും അദ്ദേഹം നമുക്ക് ഒരു തമാശയുമായിരുന്നു.
ഓരോ ഗ്രാമത്തിലും ഇങ്ങനെ ചില വ്യക്തികൾ നമുക്ക് കൗതുകവും രസകരവും ചിന്തനീയവുമായ ഓർമ്മകളും സമ്മാനിച്ചു കടന്നു പോകുന്നുണ്ടാകും.


അബൂബക്കറിക്കയ്യടെ  ഭാവം, പല വിധ വേഷങ്ങൾ, ആ പാവത്തിനെ നമ്മിൽ ചിലരുടെ കുസൃതികൾ പലപ്പോഴും പല വേഷങ്ങൾ കെട്ടിച്ചത് ഇതൊക്കെ ഓർമ്മയിൽ തെളിയുന്നു. ഔക്കർക്ക ആദ്യമായി സൈക്കിൾ ഓടിച്ചത്, പാന്റ്സ് ഇട്ടത്- ഇങ്ങനെ പലതും അതിന്റെ രസം ചേർത്ത കഥകളും എന്റെ തലമുറയിലെ ബാല്യ കാല ഓർമ്മകളാണ് 
മണ്ടൂരിന്റെ കിതയ്പ്പും കുതിപ്പും കണ്ടു, നാട്ടിലെ സർവ വീട്ടുകാർക്കും സുപരിചിതൻ. ജീവിതത്തിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ പലതായിരുന്നു.
പള്ളിയുടെ സേവകൻ, ഉസ്താദുമാർക്ക് ഭക്ഷണമെത്തിക്കുന്നവൻ, പാചകക്കാരൻ, 
കല്യാണവും നേർച്ചയും കഴിഞ്ഞാൽ നമ്മുടെ പാത്രങ്ങളും പരിസരവും ശുചീകരിക്കുന്നവൻ.
ഏറെ രസകരമായ ഓർമ്മകൾ കുറെ വർഷങ്ങൾ  പിന്നോട്ടുള്ളതാണ്.
അന്ന് കല്യാണത്തിന് പുതിയാപ്പിള പോകുമ്പോൾ പെണ്ണിന്റെ വീട്ടിലേക്കുള്ള പെട്ടി ചുമക്കുന്ന ദൗത്യം അബൂബക്കർക്കക്ക് സംവരണം ചെയ്തതായിരുന്നു. അതൊരു അവകാശമായി തന്നെ നേടിയിരുന്നു. എന്നാൽ ചിലരെങ്കിലും ഇദ്ദേഹത്തെ ഇതിന്റെ പേരിൽ പല തമാശകളിലൂടെ പ്രകോപിപ്പിക്കുമായിരുന്നു.
അങ്ങനെ അദ്ദേഹം ചൂടായി ദേഷ്യപ്പെടുന്നത് കണ്ടു രസിക്കുക എന്നത് വികൃതിയും ചിലരുടെ റാഗിങ്ങ് മനസ്ഥിതിയും ആയിരുന്നു.
ചിലപ്പോഴെങ്കിലും ഔക്കറിക്കയുടെ അവകാശം പിടിച്ചെടുക്കാൻ നമ്മുടെ അയാൾ ദേശത്തെ ചിലർ എത്തിയാൽ എന്നാകും രസകരമായ നിമിഷങ്ങൾ. അങ്ങനെ ചിരിയും തമാശയും പകർന്നു അദ്ദേഹവും കടന്നു പോയി.
അവസാനം രോഗം കീഴടക്കുമ്പോൾ അറിയാൻ വൈകിയിരുന്നു എന്നാണ് കേട്ടത്.
അതെ ഒരു യാത്രികൻ ആയിരുന്നു, അദ്ദേഹത്തിന്റെ മാത്രം നിശ്ചയങ്ങളിലൂടെ, ശരികളിലൂടെ , എങ്കിലും ആർക്കും ദ്രോഹമാകാതെ, കളങ്കിതനാകാതെ യാത്ര തുടർന്നു. ചിലപ്പോഴെങ്കിലും അലഞ്ഞു തിരിയുന്ന പഥികൻ പോലെ. പക്ഷെ കാലം ഓരോ വേഷങ്ങൾ നമുക്ക് നൽകുന്നു. അതിലൊരു വേഷം അണിയുന്നു അവരും നാമും. അംങ്ങനെയൊരു വേറിട്ട പാതയിലൂടെ നടന്നു നീങ്ങിയ ആ ദേഹവും അന്ത്യ യാത്രയിലേക്ക്.

ക്ഷമ ചോദിക്കണം , മാപ്പിരക്കണം  എന്റെയും എനിക്ക് മുമ്പുമുള്ള തലമുറയിലെ പലരും എന്ന് തോന്നുന്നു.
ഒരു പാട് തമാശകൾ എന്ന് പറയാമെങ്കിലും വികൃതികൾ ഒരുപ്രായത്തിന്റെ ആവേശത്തിൽ അദ്ദേഹത്തോട് ചെയ്തിരിക്കും . 
അന്നത്തെ പക്വമല്ലാത്ത ചിന്തയും അവിവേകവും ആകാം അത്.

പരോക്ഷമായെങ്കിലും ഒരു പരിഹാസചിരിയോടെയെങ്കിലും ഒരു പാപം ഞാനും ചെയ്തിട്ടുണ്ടാകും.
പൊറുത്തു തരണേ നാഥാ എന്ന പ്രാർത്ഥനയോടെ.

നാടിന്റെ തോഴനായി നടന്നു നീങ്ങിയ അബൂബക്കർക്കായുടെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നു.

 

Copy: ടീം  മണ്ടൂർ





loading...