വാര്‍ത്താ വിവരണം

പ്രോഗ്രസ്റ്റീവ് ഇംഗ്ലീഷ് സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന് സ്വപ്ന സുന്ദരമായ ആരംഭമായി.

2 November 2017
Reporter: Unni Puthur
ശ്രുതി മധുരം സ്നേഹ ദായകം ഈ കാവ്യ സംഗീത വിരുന്ന് .
"സിന്ദൂര സന്ധ്യക്ക് മൗനം മന്ദമാരുതന് മൗനം എപ്പോഴും എന്നരികിൽ എൻ പ്രിയതമന് മൗനം" പ്രശസ്ത സിനിമാ സംഗീത പ്രതിഭ കിളിമാനൂർ രാമവർമ്മയുടെ അർത്ഥവും വൃത്തവും കൊണ്ട് അലങ്കൃതമായ പ്രണയാവിഷ്കാരത്തിന്റെ ശബ്ദ സൗന്ദര്യം വാദിഹുദയുടെ ഓഡിറ്റോറിയത്തിൽ രൂപം കൊണ്ട് എല്ലാവിധ ആവാഹന ശേഷിയും ഉൾക്കൊണ്ട് അനുരണനങ്ങൾ സൃഷ്ടിച്ച് കാമ്പസിന്റെ മുക്ക് മൂലകളിൽ ചെന്ന് പതിച്ചപ്പോൾ അത് പ്രോഗ്രസ്റ്റീവ് ഇംഗ്ലീഷ് സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന് സ്വപ്ന സുന്ദരമായ ആരംഭമായി. മലയാള ഭാഷാ പാഠശാല ഡയരക്ടർ ടി.പി. ഭാസ്കര പൊതുവാളിന്റെ മാന്ത്രിക ചലനങ്ങളാൽ നിയന്ത്രിതമായ വായ്മൊഴികളുടെ കുത്തൊഴുക്ക് തീർത്ത സുഗന്ധം ഭൂമിയിലെ സ്വർഗ്ഗം ഇവിടെയാണെന്ന ചിറക്കൽ രാജകുടുംബത്തിന്റെ പ്രഖ്യാപനത്തോടെ പരിപാടിയെ ധന്യമാക്കി. വാക്കുകൾക്ക് ധാരാളം കുത്തും കോമയും അകമ്പടിയേകി തന്റെ അവശതകളെ വകഞ്ഞ് മാറ്റി മാടായിപ്പാറ എന്ന അൽഭുതപ്പാറയുടെ ചരിത്ര വംശീയ പാരമ്പര്യത്തെ വരഞ്ഞ് കാണിച്ച പ്രവാസി മലയാളത്തിന്റെ അമരക്കാരനും മലയാള ഭാഷാ പത്രത്തെ ലോകോത്തരമാക്കുകയും ചെയ്ത വാദിഹുദയുടെ ചെയർമാൻ വി.കെ. ഹംസ സാഹിബിന്റെ പതിഞ്ഞ വാക്കുകൾ പരിപാടിക്ക് ശുഭാരംഭം നൽകി. അമ്മയുടെ ജിമിക്ക് കമ്മൽ കട്ട് കൊണ്ട് പോകുന്ന അച്ഛനെ കുറിച്ച് പറയുന്ന ഉച്ചൂളി നിറച്ച് കുലുക്കുന്ന പാട്ട പോലെ പാട്ട് എന്ന മഹത്തായ കലയെ കൊണ്ടെത്തിച്ച വർത്തമാന കാല പരിസരത്തെ ശുചീകരിക്കാൻ കാവ്യ വിരുന്നിന് കഴിഞ്ഞു. കേരളത്തിന്റെ പിറന്നാൾ ആയ ഇന്ന് (നവംമ്പർ 1) ന് മലയാള ഭാഷയെ കെട്ടിപ്പുണർന്ന് ഹൃദയത്തോട് ചേർത്ത് വെച്ച് സംഗീത മധുരം വിളമ്പി നൽകി ആഘോഷിക്കാനും നമ്മുക്ക് കഴിഞ്ഞു. ഭാഷണം എന്നത് പാഷാണമായ കാലത്ത് താളം എന്നത് പാതാളമായ കാലത്ത് തെങ്ങിലും കവുങ്ങിലും കണ്ടെത്താനാവാത്ത മാമ്പഴത്തിന്റെ വർണ്ണ വൈവിധ്യത്തിലും ഇല്ലാത്ത മരത്തിൽ ഊഞ്ഞാൽ കെട്ടാൻ വെമ്പൽ കൊള്ളുന്ന മാനസത്തിനും പൊട്ടൻ തെയ്യത്തെ കേവലം പൊട്ടനാക്കാനുള്ള വെമ്പലിലും കേരളത്തിലെ സംഗീത ലോകത്തെ കുലപതികൾ മനുഷ്യ സാഹോദര്യത്തിന്റെ കാവിയും വെള്ളയും പുതച്ച് നെറ്റിയിൽ ചന്ദനവും പൂശി സർവ്വേശ്വരനെ നമിച്ച് സരസ്വതി ദേവിയെ പാടി പുകഴ്ത്തി ഹാലോലുയ്യ വിളിച്ച് ഒരു സ്നേഹ സാഗരം വിളക്കിച്ചേർത്തു. മലയാള ഭാഷയും അക്ഷരങ്ങളും എത്തി നിൽക്കുന്ന പരിതാവസ്ഥയെ തോറ്റംപാട്ടും കൊച്ചു കൊച്ചു കവിതകളും കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും തിരിച്ചെടുത്തു. അഭിമാനിക്കാം പ്രോഗ്രസ്സീവിന് ഹൃദ്യമായ ഈ കാവ്യ സംഗീത വിരുന്നിന്റെ സംഘാടനത്തിൽ. പ്രതീക്ഷിക്കാം നമ്മുക്ക് ഈയൊരു നല്ല തുടക്കം നൽകുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ നല്ലൊരു പരിസമാപ്തി. "നേരിന്റെതാഴ് വാരത്തിൽ ഒത്ത് ചേർന്നവർ നമ്മൾ നേരറിയുന്നവർ വേരറിയുന്നവർ"


whatsapp
Tags:
loading...