വിവരണം കൃഷി


നേന്ത്രവാഴ കൃഷി അറിയേണ്ടത്

Reporter: ശ്രീധരൻ നമ്പൂതിരി

ചെറുതാഴം കൃഷിപാഠം

നേന്ത്രവാഴ കൃഷി;-
വാഴ നടുന്നതിന്   2മീറ്റർ  ഇടയകലം നൽകിവേണം 2×2×2 (നീളം,വീതി, ആഴം) കുഴിയെടുക്കേണ്ടത്.  കുഴി യൊന്നിന് 500ഗ്രാം കുമ്മായം  നനഞ്ഞ മണ്ണുമായി ചേർക്കുക, 10ദിവസത്തിനുശേഷം 10കിലോ ജൈവവളം, (കാലിവളം, കോഴിവളം, ആട്ടിൻ കാഷ്ടം, മണ്ണിര കമ്പോസ്റ്റ്) അടിവളമായിതന്നെ  ഉപയോഗിക്കേണ്ടതാണ്. ഒപ്പം 250-300ഗ്രാം  വേപ്പിൻ പിണ്ണാക്കും ചേർക്കുക.
 നല്ല വാഴകന്ന് തിരഞ്ഞെടുത്ത് വിത്തുപരിചരണത്തിന്റെ ഭാഗമായി  പച്ചച്ചാണകകുഴമ്പിൽ  സ്യൂഡോമോണാസ് ചേർത്ത് കന്ന് മുക്കി രണ്ടാഴ്ച  തണലിൽ  ഉണക്കിയശേഷം കുമ്മായ ജൈവവളം ചേർത്ത് തയ്യാറാക്കിയ കുഴികളിൽ നടുക. വേര് വളർച്ചയ്ക്ക്  ആവശ്യമായ  ഫോസ്ഫറസ് മൂലകങ്ങളുടെ ലഭ്യതയ്ക്ക് VAM എന്ന ജീവാണുവളം 20ഗ്രാം വീതം  നടുന്ന സമയംതന്നെ കന്നിനോട് ചേർത്ത് ഇടുക. മണ്ണ് നന്നായി മൂടിയശേഷം വേനലിൽ  ചെറിയതോതിൽ നനവ് നൽകുക.. മഴക്കാലങ്ങളിൽ തടം നല്ലതുപോലെ മൂടി തടങ്ങളിൽ വെള്ളം നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. വാഴ മുളച്ചുവന്നാൽ രണ്ടില പ്രായമാകുമ്പോൾ തടങ്ങളിൽ ഒരുപിടിവീതം വൻപയർ വിത്ത് ഇടുന്നതും പയർ പുഷ്പിക്കാൻ തുടങ്ങുമ്പോൾ പറിച്ചെടുത്ത് തടത്തിൽ ഇടുന്നതും നൈട്രജൻ  മൂലക ലഭ്യതയ്ക്ക് ഉപകരിക്കുന്നതാണ്. രോഗപ്രതിരോധ ശേഷിക്കും പ്രത്യുല്പാദന വളർച്ചയ്ക്കും ആവശ്യമായ പൊട്ടാസ്യം മൂലകത്തിന്റെ ലഭ്യത അത്യാവശ്യമായതിനാലും നമ്മുടെ കൃഷിയിടത്തിലെ മണ്ണിൽ ഒട്ടുംതന്നെ ഇല്ലാത്തതിനാലും രാസവള രുപത്തിലുള്ള മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്(MOP) ആദ്യത്തെ  4-5 മാസം വരെ 50-60ഗ്രാം വീതം തടങ്ങളിൽ  ഇടുന്നത് ഉല്പാദനവർദ്ധനവിന്  ഉപകരിക്കുന്നതാണ് മണ്ണിൽ ഇടാതെ ഇലയിൽ സ്പ്രെ ചെയ്യുന്നതിന് സൾഫേറ്റ് ഓഫ് പൊട്ടാഷ് (SOP)5ഗ്രാം/ലിറ്റർ തോതിൽ  വെള്ളത്തിൽ  ലയിപ്പിച്ചും ഉപയോഗിക്കാം. വാഴയിൽ സൂക്ഷ്മമൂലകങ്ങളുടെ  കുറവും പ്രകടമാകുന്നതിനാൽ അയർ എന്ന(മെഗ്നീഷ്യം ,സിങ്ക് ,ബോറോൺ) സൂക്ഷ്മമൂലക ജൈവവളക്കൂട്ടും 100ഗ്രാം വീതം 4, 6മാസങ്ങളിൽ തടത്തിൽ  ഇടേണ്ടതാണ്. 

 


വാഴയിലെ ഉണങ്ങിയ  ഇലകൾ യഥാസമയം മുറിച്ചുമാറ്റി തോട്ടം വൃത്തിയാക്കി വെക്കേണ്ടതാണ്. കാരണം വാഴയിലെ പ്രഥാന കീടമായ തടരുരപ്പന്റെ ആക്രമണം  നിയന്ത്രിക്കാൻ ഇത്തരത്തിലുള്ള ശുചീകരണം ആവശ്യമാണ്. തടതുരപ്പൻ നിയന്ത്രണ മുൻകരുതലായി  നന്മ എന്ന ജൈവ കീടനാശിനി  4, 5മാസങ്ങളിൽ ഇലകവിളുകളിലും തടയിലും ഒഴിക്കേണ്ടതാണ്. വേനലിൽ  ജലസേചനം  അനിവാര്യമാണെങ്കിലും  ജല ദൗർലഭ്യം കണക്കിലെടുത്ത് നല്ലരീതിയിൽ പുതയിടലും  ഡ്രിപ്പ്  ജലസേചനമാണ് ഏറെ ഗുണകരം. കുറച്ചുവെള്ളം മതിയെന്നതും സമയലാഭവുമുണ്ട്. സാധാരണയിൽ 8-9 മാസംകൊണ്ട് കുലവരികയും 10-12മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകും.


Nb; 1).പൂർണ്ണമായും ജൈവകൃഷി അവലംബിക്കുകയാണെങ്കിൽ കൂടുതലായി പഠിച്ച് പുളിപ്പിച്ച പിണ്ണാക്കുവളങ്ങൾ, ജീവാമൃതം,പഞ്ചഗവ്യം, ഹരിതകഷായം, പോലുള്ള സസ്യവളർച്ചാത്വരകങ്ങൾ ആവശ്യാനുസരണം  ഉപയോഗിക്കേണ്ടതാണ്.


2).ജൈവവളമായി കോഴിവളം, മണ്ണിര കമ്പോസ്റ്റ് , പിണ്ണാക്ക് വളങ്ങൾ  ഉപയോഗിക്കുമ്പോൾ അളവ് കുറക്കേണ്ടതാണ്. നൈട്രജൻ കൂടുതലായി കുല മുറിയാൻ സാധ്യതയുണ്ട്.

കൂടുതൽ വിവരങ്ങൾക്കും ആനുകൂല്യങ്ങളെക്കുറിച്ച് അറിയുന്നതിനും അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ്.
KTS ചെറുതാഴം 
9446168173loading...