ഉത്സവം


കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രം


കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണിക നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രം മംഗലാപുരത്ത് നിന്നും NH66 വഴി ഏകദേശം 129KM സഞ്ചരിച്ചു മൂകാംബികയിൽ എത്തിച്ചേരാം. അല്ലെങ്കിൽ ട്രെയിനിൽ ബൈന്ദൂർ ഇറങ്ങി റോഡ് മാർഗ്ഗം 28.5KM സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം...

ആദിപരാശക്തിയായ "ദുർഗ്ഗാദേവിയാണ്" പ്രതിഷ്ഠ. ശ്രീചക്ര പ്രതിഷ്ഠയാണ്. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ സങ്കൽപ്പങ്ങളിലാണ് ആരാധന. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന സർവ്വരോഗ സംഹാരിയായ പ്രത്യേകതരം "കഷായം" ഇവിടുത്തെ പ്രസാദമാണ്.ഈ മഹാക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌.നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽപ്പെടുന്ന ഒരു ക്ഷേത്രമാണിത്. മീനമാസത്തിലെ കൊടിയേറ്റുത്സവവും ആശ്വിനമാസത്തിലെ ആദ്യ ഒൻപത് നാൾ നീണ്ടു നിൽക്കുന്ന "നവരാത്രി" ഉത്സവവും "വിദ്യാരംഭവും" ഇവിടെ പ്രധാനമാണ്.

ഐതിഹ്യം

മൂകാംബികയെ ദർശിച്ചാൽ വിദ്യാഭ്യാസ ഉന്നതിയും കലാസാഹിത്യ തൊഴിൽ മേഖലകളിൽ ഉയർച്ചയും ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ വിദ്യാർഥികളും കലാസാഹിത്യ സിനിമാ മേഖലകളിലെ പ്രമുഖരും ഈ പുണ്യക്ഷേത്രം ധാരാളമായി സന്ദർശിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ മൂകാംബിക ദർശനം നടത്തിയാൽ വിദ്യാഭ്യാസ ഉന്നതിയും പഠനതാല്പര്യവും വാക്ചാതുരിയും സിദ്ധിക്കുമെന്നു വിശ്വാസം. ജഗദീശ്വരിയായ മൂകാംബികാദേവി തന്നെയാണ് പരമാത്മാവും, പ്രകൃതിയും, ജീവനും, ബുദ്ധിയും, കലാകാവ്യങ്ങളും, കുണ്ഡലിനീശക്തിയുമെല്ലാം എന്ന് ഭക്തർ വിശ്വസിക്കുന്നു. "ദുഃഖനാശിനി" ആയിട്ടാണ് ദുർഗ്ഗയെ സങ്കല്പിച്ചിരിക്കുന്നത്. നല്ല പ്രവർത്തികൾ ചെയ്യാനുള്ള ഈശ്വരന്റെ പ്രചോദനമായ "ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി" എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് ഭാവങ്ങൾ. ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

കൊല്ലൂർ മൂകാംബിക ക്ഷേത്രകവാടം

ക്ഷേത്രോൽപ്പത്തിയെക്കുറിച്ചു പല സങ്കൽപ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. പുരാണങ്ങളിൽ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമർശങ്ങൾ ഉണ്ട്‌. കോല മഹർഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തിൽ മറ്റൊരു അസുരനും മരണമില്ലാതാക്കുന്ന "അമരത്വം" നേടാനായി ഇതേ പ്രദേശത്തിൽ മൃത്യുഞ്ജയനായ ശിവനെ തപസ്സു ചെയ്തു വന്നിരുന്നു. തപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ അസുരനെ വാഗ്‌ദേവിയായ സരസ്വതി മൂകനാക്കി. അങ്ങനെ അസുരന് "മൂകാസുരൻ" എന്ന പേരുകിട്ടി. ഇതിൽ കോപിഷ്ടനായ മൂകാസുരൻ ദേവി ഭക്തനായ കോല മഹർഷിയെയും മറ്റ് മനുഷ്യരെയും ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ആപത്ത് അകറ്റുന്നവളായ ദുർഗ്ഗാദേവി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയും, കോല മഹർഷിയുടെ അഭ്യർത്ഥന പ്രകാരം "മൂകാംബികയായി" അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു സങ്കൽപം. വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യാദേവിയായ സരസ്വതീ ദേവിക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ ദുഃഖിച്ച ജഗദ്ഗുരു ശങ്കരാചാര്യർ അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ "സരസ്വതി" പ്രത്യക്ഷപ്പെട്ടു എന്നും, കേരളത്തിലേക്ക് ദേവിയെ കൂട്ടികൊണ്ട് വരുന്ന വഴിയിൽ അമ്മക്ക് ഇഷ്ടപെട്ട ഈ പ്രദേശത്ത്, അന്നു ജഗദംബിക ദർശനം കൊടുത്ത രൂപത്തിൽ, സ്വയംഭൂ ശിവലിംഗത്തിന് പുറകിൽ അദ്ദേഹം ഭഗവതിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തി എന്നും വിശ്വസിക്കപ്പെടുന്നു. ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും പിന്തുടർന്നു വരുന്നത്. ശിവനോടൊപ്പം ഇരിക്കുന്നതിനാൽ ദേവിക്ക് " ശ്രീ പാർവതീ" ഭാവം കൂടി സങ്കൽപ്പിക്കപ്പെടുന്നു.

ക്ഷേത്ര നിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും
കൊല്ലൂർ ഗ്രാമത്തിന്റെ നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ നാലുവശവും നിരവധി മലകൾ ചുറ്റിനിൽക്കുന്നു. പന്ത്രണ്ടടി ഉയരമുള്ള ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റി നിൽക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ഇരുനില ഗോപുരങ്ങൾ കാണാം. തെക്കേ നടയിൽ ക്ഷേത്രം തന്ത്രിമാരുടെ വീട് സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തൊട്ടുമുന്നിലൂടെ അഗ്നിതീർത്ഥം എന്ന പേരിൽ ഒരു കൊച്ചു അരുവി ഒഴുകിപ്പോകുന്നുണ്ട്. ഇതിന്റെ തെക്കുഭാഗത്തുകൂടെ പോയാൽ മറുകരയിലെത്താം. തെക്കുകിഴക്കുഭാഗത്ത് വടക്കോട്ട് ദർശനമായി വലംപിരി ഗണപതിഭഗവാന്റെ ക്ഷേത്രമുണ്ട്. കിഴക്കേ നടയിൽ ക്ഷേത്രം വക ചെരുപ്പ് കൗണ്ടറുണ്ട്. ഇതിനടുത്താണ് ക്ഷേത്രത്തിലെ ആനകളെ പാർപ്പിയ്ക്കുന്നത്.
കിഴക്കേ നടയിലൂടെ അകത്ത് കടന്നാൽ ആദ്യം കാണുന്നത് സ്വർണ്ണക്കൊടിമരവും അതിന് തൊട്ടുമുന്നിലുള്ള ഏതാണ്ടത്രയും വലിപ്പമുള്ള ദീപസ്തംഭവുമാണ്. തനി കന്നഡ ശൈലിയിലാണ് ഇവിടെ കൊടിമരം പണിതിട്ടുള്ളത്. ദീപസ്തംഭത്തിൽ ഒരു ഗണപതിപ്രതിഷ്ഠയുണ്ട്. 'സ്തംഭഗണപതി' എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലാണ്. ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. സുബ്രഹ്മണ്യസ്വാമിയോടൊപ്പം നാഗദൈവങ്ങളും ശ്രീകോവിലിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്.
സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന് തൊട്ടടുത്താണ് പ്രസിദ്ധമായ 'സരസ്വതീമണ്ഡപം'. ഇവിടെ സരസ്വതീദേവിയുടെ ഒരു വിഗ്രഹമുണ്ട്. ഇതിൽ ദിവസവും പൂജകൾ നടക്കുന്നുണ്ട്. ദിവസവും ആയിരക്കണക്കിന് കുരുന്നുകൾ ഇവിടെ വന്ന് തങ്ങളുടെ നൃത്തസംഗീതമികവുകൾ പ്രകടമാക്കാറുണ്ട്. ഒട്ടുമിക്ക ദിവസവും ഇവിടെ ധാരാളം കലാകാരന്മാരെ കാണാം. ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് എല്ലാ വർഷവും തന്റെ ജന്മദിനമായ ജനുവരി 10-ന് ഇവിടെ വന്ന് സംഗീതാർച്ചന നടത്താറുണ്ട്. ഇവിടെ അരങ്ങേറ്റം കുറിയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിന് കുട്ടികൾ വിദ്യാരംഭം ചെയ്യുന്നതും ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്.
സരസ്വതീമണ്ഡപത്തിന്റെ തൊട്ടടുത്ത് തിടപ്പള്ളിയും ഹോമപ്പുരയും സ്ഥിതിചെയ്യുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി അടുത്തടുത്ത് അഞ്ച് ശ്രീകോവിലുകൾ കാണാം. ഇവയിൽ ആദ്യത്തെ ശ്രീകോവിലിൽ പഞ്ചമുഖഗണപതിപ്രതിഷ്ഠയും മറ്റ് നാലിടത്തും ശിവപ്രതിഷ്ഠകളുമാണ്. ശിവപ്രതിഷ്ഠകൾ കുടികൊള്ളുന്ന ശ്രീകോവിലുകളിലെ പ്രതിഷ്ഠകൾ യഥാക്രമം (തെക്കുനിന്ന് വടക്കോട്ട്) പ്രാണലിംഗേശ്വരൻ, പാർത്ഥേശ്വരൻ, നഞ്ചുണ്ടേശ്വരൻ, ചന്ദ്രമൗലീശ്വരൻ എന്നിങ്ങനെ അറിയപ്പെടുന്നു. നഞ്ചുണ്ടേശ്വരന്റെ ശ്രീകോവിലിൽ മാത്രമാണ് നന്തിപ്രതിഷ്ഠയുള്ളത്. വടക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി രണ്ട് ശ്രീകോവിലുകൾ കാണാം. ഇവയിൽ ഒന്നിൽ ഹനുമാനും മറ്റേതിൽ മഹാവിഷ്ണുവുമാണ് പ്രതിഷ്ഠകൾ. വടക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും വഴിപാട് കൗണ്ടറുകളുമാണ്. ഇവിടെയാണ് ക്ഷേത്രത്തിലെ രഥങ്ങൾ ഉത്സവക്കാലമൊഴിച്ചുള്ള സമയങ്ങളിൽ സൂക്ഷിച്ചുവയ്ക്കുക. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി ദക്ഷാന്തകനായ വീരഭദ്രൻ കുടികൊള്ളുന്നു. ദേവിയുടെ അംഗരക്ഷകനായാണ് ഇവിടെ വീരഭദ്രന്റെ സങ്കല്പം. വീരഭദ്രന്റെ ശ്രീകോവിലിന് മുന്നിൽ ഒരു തുളസിത്തറയുണ്ട്. ശ്രീകൃഷ്ണഭഗവാനെ സങ്കല്പിച്ചാണ് ഇവിടെ പൂജകൾ നടക്കുന്നത്.

ശ്രീകോവിൽ

കന്നഡശൈലിയിൽ കരിങ്കല്ലിൽ തീർത്തതാണ് ഇവിടെയുള്ള ചതുരശ്രീകോവിൽ. കേരളത്തിലെ ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളെ അപേക്ഷിച്ച് കാഴ്ചയിൽ വളരെ ചെറുതും അനാകർഷകവുമാണ് ഈ ശ്രീകോവിൽ. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലങ്കരിയ്ക്കുന്നില്ല. എങ്കിലും സ്വതവേ ഒരു ആകർഷണമുണ്ട്. മുകളിലേയ്ക്ക് കന്നഡശൈലിയിൽ കെട്ടിപ്പൊക്കിയ ശ്രീകോവിലിന്റെ സ്വർണ്ണത്താഴികക്കുടം ക്ഷേത്രത്തിന്റെ മുഖമുദ്രയാണ്. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഗ്രഹവും സ്വയംഭൂലിംഗവും പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന ഇരിയ്ക്കുന്ന രൂപത്തിലുള്ള പഞ്ചലോഹവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീമൂകാംബികാദേവി കുടികൊള്ളുന്നു. ചതുർബാഹുവായ ദേവിയുടെ തൃക്കൈകളിൽ ശംഖചക്രവരദാഭയമുദ്രകൾ കാണാം. പഞ്ചലോഹവിഗ്രഹത്തിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. വിഗ്രഹത്തിന്റെ തൊട്ടുമുന്നിലാണ് ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയായ സ്വയംഭൂലിംഗം കാണപ്പെടുന്നത്. സുവർണ്ണരേഖയോടുകൂടിയ ഈ ലിംഗത്തിന് ഏകദേശം ഒരടി ഉയരം കാണും. സുവർണ്ണരേഖ ഇതിനെ രണ്ടായി പകുത്തിട്ടുണ്ട്. ഇവയിൽ വലത്തെ പകുതി ത്രിമൂർത്തികളെയും ഇടത്തെ പകുതി അവരുടെ ശക്തികളെയും പ്രതിനിധീകരിയ്ക്കുന്നു. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ചുകൊണ്ട് ജഗദംബികയായ ശ്രീമൂകാംബികാദേവി മഹാകാളി-മഹാലക്ഷ്മി-മഹാസരസ്വതി-ശിവശക്തി ഐക്യരൂപമായി കൊല്ലൂരിൽ കുടികൊള്ളുന്നു.

നാലമ്പലം

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിട്ടുണ്ട്. കന്നഡശൈലിയിൽ തന്നെയാണ് നാലമ്പലവും പണിതിരിയ്ക്കുന്നതെങ്കിലും കേരളീയശൈലിയിലാണ് ഇതിന്റെ മേൽക്കൂര കാണപ്പെടുന്നത്. മേൽക്കൂര ചെമ്പുമേഞ്ഞാണ് ഇരിയ്ക്കുന്നത്. നാലുവശത്തും വരിനിൽക്കാനുള്ള സൗകര്യമുണ്ട്. ഇതിൽ എന്നും ഭക്തജനങ്ങളുടെ തിരക്കായിരിയ്ക്കും. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് വടക്കോട്ട് ദർശനമായി ദശഭുജഗണപതിപ്രതിഷ്ഠയുണ്ട്. പത്തുകൈകളോടുകൂടിയ ഗണപതിയാണ് ദശഭുജഗണപതി എന്ന പേരിൽ അറിയപ്പെടുന്നത്. അത്യുഗ്രമൂർത്തിയാണ് ദശഭുജഗണപതി. തെക്കുപടിഞ്ഞാറുഭാഗത്താണ് ശങ്കരപീഠം സ്ഥിതിചെയ്യുന്നത്. ശങ്കരാചാര്യർ ദേവിയെ സ്തുതിച്ച് സൗന്ദര്യലഹരി എഴുതിയത് ഇവിടെ വച്ചാണെന്ന വിശ്വാസത്തെത്തുടർന്നാണ് ഈ പേരുവന്നത്. ഇവിടെ ശങ്കരാചാര്യരുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

സൗപർണിക നദി

കുടജാദ്രി മലകളിൽ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപർണിക. സുപർണൻ എന്നു പേരായ ഗരുഡൻ തന്റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാർത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സിൽ സന്തുഷ്ടയായ ദേവിയോടു തന്റെ പേരിൽ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കൽപം. ഗരുഡൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ "ഗരുഡ ഗുഹ" എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപർണിക നദിയിലെ സ്നാനം സർവ്വരോഗനിവാരണമായി കരുതി വരുന്നു. എന്നാൽ, ഈയടുത്ത കാലത്ത് നദി വല്ലാതെ മലിനമായിട്ടുണ്ട്. തന്മൂലം 2014ലെ ആറാട്ട് ക്ഷേത്രത്തിനുസമീപം പ്രത്യേകം തീർത്ത കുളത്തിലേയ്ക്ക് മാറ്റിയിരുന്നു. എങ്കിലും, ക്ഷേത്രക്കമ്മിറ്റി മാലിന്യനിർമ്മാർജ്ജനപ്രക്രിയ മികച്ചരീതിയിൽ നടത്തിപ്പോരുന്നുമുണ്ട്. കുടജാദ്രി മലകളിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി 100 കിലോമീറ്ററിൽ കൂടുതൽ ദൂരം ഒഴുകി കുന്താപുരയിൽ വച്ച് അറബിക്കടലിൽ പതിയ്ക്കുന്നു.

കുടജാദ്രി

മൂകാംബിക ക്ഷേത്രത്തിൽ നിന്നും കുറച്ചു കിലോമീറ്റർ ദൂരെയാണു കുടജാദ്രി മലനിര.കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രത്തിനു ഒരു ഐതിഹ്യം നിലവിലുണ്ട്‌.ഈ മലനിരകളിൽ ആദിശങ്കരൻ തപസ്സു ചെയ്യുകയും ഈ തപസ്സിൽ ദേവി പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ കൂടെ ദേവി വരണമെന്നും താൻ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിയ്ക്കകയും ചെയ്തു. ശങ്കരന്റെ ആഗ്രഹം സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരൻ തിരിഞ്ഞു നോക്കരുതു എന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോൾ തന്റെ പാദസരത്തിന്റെ ശബ്ദം നിലപ്പിക്കുകയും ഇതിൽ സംശയാലുവായ ശങ്കരൻ തിരിഞ്ഞു നോക്കുകയും ചെയ്തു.അങ്ങനെ ദേവി സ്വയംഭൂവിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണു സ്വയംഭൂവിനു പുറകിലുള്ള ദേവിവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

കുടജാദ്രി മലയുടെ ഉച്ചിയിൽ നിന്നുള്ള ദൃശ്യം പലതരം സസ്യലതാതികളാലും സൗപർണിക നദിയുടെ ഉത്ഭവസ്ഥാനം എന്നതിലും കുടജാദ്രി വളരെ സവിശേഷതകൾ ഉള്ള ഒരു ഇടമാണു. ഇവിടെ ആദിശങ്കരൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹയും ശങ്കരപീഠവും കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന ഇടത്തിൽ ഒരു ക്ഷേത്രവും കാണാം. വളരെയധികം സിദ്ധന്മാരുടേയും സന്യാസിമാരുടേയും വാസസ്ഥലമാണു കുടജാദ്രി.

 നൂറ്റാണ്ടുകള്‍ക്ക്  മുമ്പ് ശങ്കരാചാര്യര്‍ ചെയ്ത  തപസ്സിൽ സംപ്രീതയായി  ശ്രീ ആദിപരാശക്തി ഈ ശ്രീകോവിലില്‍  പ്രത്യക്ഷപെട്ടു...  ആചാര്യര്‍ക്ക് എന്ത് വരം വേണം എന്ന് ചോദിച്ചു...അമ്മ എന്റെ ഗ്രാമത്തില്‍ വന്നു  കുടികൊള്ളണം  എന്ന് ശകരാചാര്യർ  വരം ചോദിച്ചു.. . അപ്പോള്‍ ദേവി ഒരു നിബന്ധന  വെച്ചു ... ആചാര്യര്‍  പിന്‍ തിരിഞ്ഞു  നോക്കാതെ നടക്കണമെന്നും  പിന്‍ തിരിഞ്ഞു നോക്കിയാല്‍  ഞാന്‍ അവിടെ ഇരിക്കും പിന്നെ കൂടെ പോരില്ല എന്നും... അങ്ങനെ ശങ്കരാചാര്യര്‍ കുടജാദ്രി കുന്നുകള്‍ക്ക് മുകളില്‍ നിന്ന് നടന്നു ഇന്ന് മൂകാംബികാ  ക്ഷേത്രം  സ്ഥിതി ചെയ്യുന്ന  സൌപര്‍ണിക നദിയുടെ തീരത്ത് എത്തി... അപ്പോള്‍ ദേവിയുടെ   ചിലങ്കയുടെ നാദം കേള്‍ക്കാതായി... അതോടെ ആചാര്യര്‍ തിരിഞ്ഞു നോക്കുകയും  ദേവി അവിടെ കുടിയിരിക്കുകയും ചെയ്തു...  അങ്ങനെ  ദേവിയുടെ ചിലങ്ക യുടെ  ശബ്ദം  മുക്തമായ  സ്ഥലം  മൂകാംബിക എന്ന് അറിയപെടും എന്ന് അരുളപ്പാടുണ്ടായി...ദേവി തന്‍റെ കൂടെ  വരാത്തതിനാല്‍ ദു:ഖിച്ചു നിൽക്കുന്ന  ആചാര്യരോട് കരുണ തോന്നിയ ദേവി തന്‍റെ ജ്യോതി ആവാഹിച്ചു ആചാര്യരെ  ഏല്‍പ്പിച്ചു... ഈ ജ്യോതി അദ്ദേഹം ഇന്നുള്ള ചോറ്റാനിക്കരയില്‍ കൊണ്ട് വരുകയും  അങ്ങനെ ജ്യോതി ആനക്കര ലോപിച്ചു  ചോറ്റാനിക്കര  ആകുകയും  ചെയ്തു . ചോറ്റാനിക്കര യില്‍ രാവിലെ മൂകാംബിക  ചൈതന്യം ഉണ്ടെന്നാണ്  വിശ്വാസം.



loading...