രചനകൾ


സുന്ദരി ചെല്ലമ്മ


മഹാരാജാവിനെ പ്രണയിച്ച ഭ്രാന്തിയെ അറിയുമോ ?

ഒരു സാങ്കല്പിക കഥയല്ലിത്....തികച്ചും യാഥാർഥ്യമായ ഒരു പ്രണയ കഥയാണിത് 
തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു ജീവിച്ചിരുന്ന പഴമക്കാർക്കെല്ലാം അറിയാവുന്ന ഒരു കഥ..... 
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തിലെ ഇടവഴികളില്‍ പണ്ട് തന്റെ 'പൊന്നുതമ്പുരാനെ' കാത്തുനിന്ന പ്രണയിനിയെ തിരുവനന്തപുരത്തുള്ള പഴയ തലമുറയിലെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. 'സുന്ദരി ചെല്ലമ്മ' എന്ന നര്‍ത്തകിയും ഗായികയുമായ ആ മുത്തശ്ശി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും 'തമ്പുരാനെ' കാത്തുനില്‍ക്കുകയായിരുന്നു. പണ്ട് തനിക്ക് 'പട്ടും വളയും' സമ്മാനിച്ച ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വർമ്മ മഹാരാജാവിനോടുള്ള പ്രണയം മൂത്ത് നാട്ടുകാരുടെ കണ്ണില്‍ 'ബുദ്ധിസ്ഥിരതയില്ലാത്തവളായിമാറിയ ഒരു ജന്മം.... ആ പ്രണയിനിയുടെ തമ്പുരാനെ തേടിയുള്ള അലച്ചിലിന്റെ ഓര്‍മ്മകള്‍ ഇന്നും പത്മനാഭസ്വാമിക്ഷേത്രത്തിനു ചുറ്റുമുള്ള ഇടവഴികളിലൂടെ പോകുമ്പോള്‍ നമ്മെ അലട്ടാറുണ്ട്. അവിടെയാണവര്‍ തന്റെ തമ്പുരാനെ കാത്ത് നിന്നത്.... രാവിലെ അമ്പലത്തിലെത്തുന്ന തമ്പുരാനെ ഒരു നോക്ക് കണ്ട് അവിടെ നിന്നാണ് അവര്‍ മടങ്ങിയത്... അവസാനം സ്വന്തം ജീവിതത്തില്‍ നിന്നു യാത്രയായതും ആ ഇടവഴിയില്‍ വച്ചുതന്നെ. ക്ഷേത്ര മതിലകവും... കൽപടികളും... ക്ഷേത്ര വീഥികളും....അനന്തശായിയായ ആ ഭഗവാനും മൂക സാക്ഷിയായ ഏറെ പഴക്കമില്ലാത്ത ഒരു ദുരന്ത പ്രണയ കഥയിലെ നായികയാണവർ...

പച്ച നിറത്തിൽ ഉള്ള ബ്ലൗസും കസവിന്റെ സെറ്റ് മുണ്ടും, രണ്ടു കൈകളിലും നിറയെ കുപ്പി വളകൾ, വിരലുകളിൽ വിളറിയ മോതിരങ്ങൾ, വെളുത്ത മുടി പൊക്കി ഒരു വശത്തായി കെട്ടി വെച്ച്, അതിനു ചുറ്റും മുല്ലപ്പൂ ചൂടി, കഴുത്തു നിറയെ പല നിറങ്ങളിൽ ഉള്ള മുത്ത് മാലകൾ, കാലിൽ നല്ല ശബ്ദം ഉള്ള പാദസരം, കയ്യിൽ ഒരു ഭാണ്ഡകെട്ട് – ആരായാലും ഒന്ന് നോക്കും. അപ്പോൾ അവർ വിടർന്ന പല്ലുകൾ കാട്ടി ചിരിക്കും – സന്തോഷത്തോടെ.പടു വാർദ്ധക്യത്തിലും സുന്ദരി തന്നെയായിരുന്നു അവർ...ഒരു തുണി ഭാണ്ഡവും വില കുറഞ്ഞതെങ്കിലും ഒത്തിരി കുപ്പിവളകളും മാലയും അണിഞ്ഞു കസവു നേര്യതും ഉടുത്തു നടന്ന സുന്ദരിച്ചെല്ലമ്മ .. തിരുവനന്തപുരത്തിന്റെ തെരുവുകളിലെ സങ്കടമായിരുന്നു....അവർ. അവരെ അറിയുന്നവര്‍ക്ക് ... സഹതാപമായിരുന്നു അറിയാത്തവര്‍ക്ക്, കല്ലെറിയാന്‍ മാത്രം ഉള്ള ഭ്രാന്തിയായിരുന്നു....

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയിലെ പെണ്കുട്ടികൾക്കായുള്ള(വടക്കേ കൊട്ടാരം-ഫോർട്ട്‌ ഗേൾസ് മിഷൻ ഹൈ സ്കൂൾ ) സ്കൂളിലെ സംഗീത നൃത്ത അധ്യാപിക ആയിരുന്നു അതി സുന്ദരിയും വിദ്യാസമ്പന്നയും ആയ ചെല്ലമ്മ ..
ഒരിക്കൽ തന്റെ വിദ്യാർത്ഥികളെ അനുഗമിച്ചു സ്കൂൾ ഗേറ്ററിന് മുന്നിൽ നിന്നിരുന്ന ചെല്ലമ്മ ശംഖുമുദ്രയുള്ള കാറിന്റെയുള്ളിലിരുന്നു പോകുന്ന ചിത്തിര തിരുനാൾ മഹാരാജാവിനെ ആദ്യമായി കാണുവാനിടവരുകയും തന്റെ കണ്ണുകൾ അദ്ദേഹത്തിലുടക്കിയതായ് മനസ്സിലാക്കുകയും ചെയ്തു. അതിനു ശേഷം നിരവധി തവണ.... പദ്മനാഭ സ്വാമി ക്ഷേത്രത്തിൽവച്ചും... സ്കൂളിലെ പരിപാടികളിൽ ചീഫ് ഗസ്റ്റ്‌ ആയി എത്തിയിരുന്നപ്പോഴും.... ശംഖുമുദ്രയുള്ള കാറിൽ സ്കൂളിനു മുന്നിലൂടെ പോകുമ്പോഴും മറ്റുമായി മഹാരാജാവിനെ അവർ കാണാറുണ്ടായിരുന്നു...
അവരറിയാതെ അവരുടെ ഹൃദയത്തിൽ സുന്ദരനായ അദ്ദേഹം കയറിക്കൂടി... പിന്നെ എപ്പോഴെല്ലാം സ്കൂളിൽ അദ്ദേഹം എത്തുന്നുവോ അന്നെല്ലാം തന്റെ മനോഹരമായ മുടികളിൽ മുല്ലപ്പൂ ചൂടിയും...നെറ്റിയിൽ ചന്ദനം ചാർത്തിയും കൈകളിലും കഴുത്തിലും സ്വർണാഭരണങ്ങൾ അണിഞ്ഞും പതിവിലും ഏറെ സുന്ദരിയായി അവർ അണിഞ്ഞൊരുങ്ങുമായിരുന്നു...
അദ്ദേഹത്തെ കാണുമ്പോഴെല്ലാം അവർ പരിസരം തന്നെ മറന്നു നിന്നു ഒരു സാധാരണ നോട്ടമോ ചിരിയോ അദ്ദേഹത്തിൽ നിന്ന് ലഭിച്ചാൽ കോരി തരിച്ച പോലെയായിരുന്നു അവരുടെ ആ നിൽപ്പ്... അദ്ദേഹത്തിനായി മാത്രം അവർ അണിഞ്ഞൊരുങ്ങി... ചുറ്റുമുള്ളതെല്ലാം മറന്നവർ സ്വപ്‌നങ്ങൾ കണ്ടു... എന്നാൽ ഒരിക്കൽ പോലും മഹാരാജാവ് ആ പ്രണയം അറിഞ്ഞിരുന്നേയില്ല...

ചെല്ലമ്മക്ക് ഇരുപത്തൊന്നു തികഞ്ഞപ്പോഴായിരുന്നു ആ "സുദിനം'.തന്റെ സഹപ്രവർത്തകയായ ഭാനുമതി ടീച്ചർ ഒരു നാടകത്തിൽ അഭിനയിക്കാനായി ക്ഷണിക്കുകയുണ്ടായി.മഹാരാജാവായിരുന്നു ആ പരിപാടിയിലെ വിശിഷ്ടാതിഥി. സ്ത്രീകള് നാടകം തുടങ്ങിയ അഭിനയ വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന കാലത്ത് അവര്‍ മഹാരാജാവിന്റെ കൺ മുന്നിൽ എത്തിപ്പെടാൻ വേണ്ടി മാത്രം അന്നവിടെ അവതരിപ്പിക്കപ്പെട്ട ആ നാടകത്തില്‍ അഭിനയിച്ചു .. നാടകാനന്തരം വിശിഷ്ടാതിഥി ആയിരുന്ന മഹാരാജാവ് കുട്ടികള്‍ക്കും ടീച്ചര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഒരു കസവ്നേരിയത്... മഹാരാജാവിന്റെ കൈകൾ കൊണ്ട് ചെല്ലമ്മയ്ക്ക് കിട്ടി.. ചെല്ലമ്മക്ക് അത് വെറും സമ്മാനമായിരുന്നില്ല. തന്റെ 'പുടവകൊട' ആയിരുന്നു. അങ്ങനെ ചെല്ലമ്മ സ്വയം 'തമ്പുരാട്ടിയായി... "പട്ടമഹിഷി"യായി....ആ 'പുടവകൊട' ചെല്ലമ്മയുടെ മനസ്സില്‍ ആന്തോളനങ്ങള്‍ സൃഷ്ടിച്ചു. ചെല്ലമ്മ അടിമുടി മാറുകയായിരുന്നു. മഹാരാജാവ് തന്നെ വേളി കഴിച്ചു എന്ന് സ്വയമങ്ങു സങ്കല്പിച്ചു..നായർ വിവാഹത്തിലെ സുപ്രധന മായ ""പുടവ കൊടുക്കുക "" എന്ന വിവാഹ ചടങ്ങിന്റെ ഓര്‍മ്മകള്‍ കൊത്തി വലിച്ചു കൊണ്ടു പോയി ചെല്ലമ്മയുടെ മനസിനെ.... താന്‍ മഹാരാജാവ് പുടവ നല്കി സ്വീകരിച്ചവള്‍ ആണെന്ന് സ്വയം ധരിച്ചു പോയി അവർ...ആ ഹൃദയം തിരുമനസ്സിനായിതുടിച്ചു . അദ്ദേഹത്തിനായി മാത്രം ചെല്ലമ്മ ചിരിച്ചു ..... അദ്ദേഹത്തിനായി മാത്രം ചെല്ലമ്മ ശ്വസിച്ചു .. അദ്ദേഹത്തിനായി മാത്രം പാടി ... ആടി...... എല്ലാം തിരുമനസ്സിനായി മാത്രം....അന്ധമായ അവരുടെ ആ പ്രണയം പതിയെ പതിയെ അവരുടെ മനസ്സിന്റെ സമനില തെറ്റുന്നതിലേക്കാണ് നയിച്ചത്... ശിഷ്യ ഗണങ്ങള്‍ പരിഭ്രാന്തരായി. ചെല്ലമ്മയുടെ ജോലി പോയി....മുഴു ഭ്രാന്തിലേക് അവരുടെ പ്രണയം അവരെ കൊണ്ടു ചെന്നെത്തിച്ചു... തന്റെ കുടുംബത്തിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു.. ഇത്‌ ഒന്നുമറിയാതെ ,ഒന്നുമോര്‍ക്കാതെ എല്ലാ പ്രഭാതത്തിലും ചെല്ലമ്മ അണിഞ്ഞൊരുങ്ങി മുല്ലമാല ചൂടി കാത്ത് നിന്നു. തന്റെ പൊന്നു തമ്പുരാനെ കാണാന്‍. ദിവസങ്ങള്‍... മാസങ്ങള്‍... വര്‍ഷങ്ങള്‍ .... സംവത്സരങ്ങള്‍... ചെല്ലമ്മ കാത്തിരുന്നു. വില്ലുകെട്ടിയ കുതിര വണ്ടിയുടെ... ശംഖുമുദ്രയുള്ള കാറിന്റെ... ഒച്ച കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു. ...എന്നും രാവിലെ സുന്ദരിചെല്ലമ്മ ശ്രീകോവിലിൽ എത്തുമായിരുന്നു ഭഗവാനെ തൊഴാനല്ല. പൊന്നുതമ്പുരാനെ ഒരു നോക്ക് കാണാന്‍.
ഒരിക്കൽ ഭടന്മാർ അവരെ ക്ഷേത്രത്തിനുള്ളിൽ നിന്നും പിടിച്ചു പുറത്താക്കുകയുണ്ടായി...അതു അവരിൽ വലിയ ആഘാതമുണ്ടാക്കി...ആ സംഭവത്തിനു ശേഷം അവർ ഒരിക്കൽ പോലും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുക എന്ന ഒന്നുണ്ടായിട്ടില്ല. എന്നാൽ പതിവായി ക്ഷേത്രത്തിനു പുറത്ത് തിരുമനസ്സ് എഴുന്നള്ളുന്ന സമയം, അവർ കാത്തു നിൽക്കുമായിരുന്നു... അന്‍പത്തൊന്നു സംവത്സരങ്ങള്‍ ..... ഒരുദിവസം പോലും മുടങ്ങാതെ ചെല്ലമ്മ ശ്രീകൊവിലിനുമുന്നിലെത്തി. ദേഹം ശുചിയാക്കി, ശുഭ്രവസ്ത്രം ധരിച്ച് സര്‍വാഭരണ വിഭൂഷിതയായി പൊന്നുതമ്പുരനെ ഒരുനോക്കു കാണാന്‍. അദ്ദേഹത്തിന്റെ മിഴിമുന തന്റെ നേര്‍ക്ക് നീളുന്നതും കാത്ത്.... അര നൂറ്റാണ്ടോളമുള്ള പ്രഭാതങ്ങള്‍ ...ഒരിക്കല്‍ പോലും തമ്പുരാന്‍ ചെല്ലമ്മയെ ശ്രദ്ധിച്ചില്ല. എന്തിന് എല്ലാമറിയുന്ന പദ്മനാഭൻ പോലും അവരെ അറിഞ്ഞില്ല...അവരോടു കരുണ കാട്ടിയില്ല... എങ്കിലും ചെല്ലമ്മ വരും. തമ്പുരാട്ടിയെ പോലെ .. പട്ടമഹിഷിയെപ്പോലെ... രാജാവിന്റെ പെണ്ണായി എന്നും വൃത്തിയുള്ള വസ്ത്രമണിഞ്ഞു പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനു വരുന്ന രാജാവിനെ കണ്ടു തൊഴുതു ചെല്ലമ്മ പ്രണയിച്ചു കൊണ്ടേയിരുന്നു മരണം വരെ..... 
ഒടുവിലീ തെരുവില്‍ ഒരു ദിവസം അവരങ്ങ് ഉറങ്ങിപോയി . ഇനി ഉണരാത്ത വിധം....ചെല്ലമ്മ മരിച്ചു. അനന്തപുരിയുട പാതവക്കത്ത്‌ പദ്മനാഭന്റെ വടക്കേ നടയിൽ പദ്മനാഭനെ
നമസ്കരിച്ചതുപോലെ തണുത്ത്‌ വിറങ്ങലിച്ചു കിടന്നു സുന്ദരി ചെല്ലമ്മയുടെ ശരീരം.

നാട്ടുകാർക്ക്‌ അവർ ഭ്രാന്തി ആയിരുന്നു... എന്നാൽ പഴയ സ്നേഹിതയായ അംബിക ടീച്ചര്‍ മാത്രം ചെല്ലമ്മയെ മറന്നില്ല തന്‍റെകൂട്ടുകാരിക്ക് ഇഷ്ട്ടപ്പെട്ട "പാലപ്പവും" കൊണ്ട് ടീച്ചര്‍ ശ്രീകോവില്‍ നടയിലെത്തുമായിരുന്നു. അന്ന് രാവിലെ ആരോ പറയുന്നതു കേട്ടു "സുന്ദരിചെല്ലമ്മ...മരിച്ചു അതിന്റെ ഒരു യോഗം! നീരുവീങ്ങിയ കാലുമായി അംബിക ടീച്ചര്‍ പോയി. തന്‍റെ കൂട്ടുകാരിയെ അവസാനമായി ഒന്ന് കാണാന്‍.ഒന്നേ നോക്കിയുള്ളൂ നഗരസഭയുടെ "തേരില്‍" പട്ടമഹിഷി അന്ത്യയാത്രയായി.... തൈക്കാട് "ശാന്തികവാടത്തില്‍ " രാമച്ചവും . ചന്ദന തൈയിലവുമില്ലാതെ 'ഒരു തമ്പുരാട്ടിക്ക് ചിതയൊരുങ്ങി. അംബിക ടീച്ചര്‍ മാത്രം സാക്ഷി...... സുന്ദരി ചെല്ലമ്മ മരിച്ചത് പത്രത്തിൽ വാർത്തയായി വന്നപ്പോൾ കണ്ടിരുന്നു. പക്ഷെ അവരുടെ രൂപവും, ചിരിയും, സൗന്ദര്യവും, എല്ലാം ഓർമയിൽ മങ്ങാതെ നിൽക്കുന്നു. കൊച്ചു കുട്ടികളുടെ കല്ലേറും ഭൂരിപക്ഷത്തിന്റെ '''ഭ്രാന്തിച്ചെല്ലമ്മ '' എന്ന വിളിപ്പേരും അവരുടെ പ്രണയഭക്തി നിറഞ്ഞൊഴുകിയ മനസിനെ ബാധിച്ചതേയില്ല...ഇടയ്ക്ക് മനസിന്റെ സമനില്ല തെറ്റി ആളുകളോട് വഴക്കടിക്കുന്ന ശകാരിക്കുന്ന ചെല്ലമ്മയെ കണ്ട ഓര്‍മയുണ്ട് ... 
പുതിയ തലമുറയ്ക്ക് ചെല്ലമ്മയെ അറിയില്ല അവരുടെ പ്രണയം അധികം വാഴ്ത്തിപ്പാടിയിട്ടും ഇല്ലാ ആരും.....ഇരുവഴിഞ്ഞി പുഴ എടുത്തു പോയ മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനയും ... മറ്റു അസംഘ്യം പ്രണയ കഥകളും അനുഭവങ്ങളും ഈ ലോകത്ത് ഉണ്ടെങ്കിലും .......പ്രണയ തീയിൽ ഉന്മാദിനിയായി സ്വയം എരിഞ്ഞടങ്ങിയ സുന്ദരി ചെല്ലമ്മയുടെ കഥ തിരുവനന്തപുരത്തുകാർക്ക് മാത്രം സ്വന്തം.

ഒരിക്കൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച ആറാട്ട് ഘോഷയാത്രയ്ക്കിടയിൽ... വാളുമേന്തി വന്ന മഹാരാജാവിനു സമീപത്തേക്ക് അവർ ഓടി ചെന്നതും.. പരിചാരകർ ചെല്ലമ്മയെ ആട്ടി പായിക്കവേ.. മഹാരാജാവ് ആരും അവരെ ഉപദ്രവിക്കരുത് എന്നു ശാസിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തിരുവനന്തപുരത്തുകാരുടെ ഓര്മകളിലുണ്ടാകും. പിൽക്കാലത്തു എങ്കിലും സുന്ദരിച്ചെല്ലമ്മയെ കണ്ട ഭാവം മഹാ രാജാവ് നടിച്ചിരുന്നുവോ എന്നറിയില്ല ... അവരോടുള്ള വികാരം എന്തായിരുന്നു എന്നും അറിയില്ലാ ...തിരുവിതാംകൂറിലെ ഏറ്റവും ശക്തനും.... ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മഹാരാജാവുമായിരുന്നു ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്... രാജ്യത്തിനും ജനങ്ങൾക്കായും ജീവിച്ച മഹാത്മാവ്. തിരുവിതാം കൂർ കണ്ട അതി സ്രേഷ്ടനായ ഒരു ഭരണാധികാരി....തിരുവിതാംകൂർ ഭരിച്ച അവസാനത്തെ മഹാരാജാവ്.അവിവാഹിതനായി നാടുനീങ്ങിയ തിരുവനന്തപുരത്തുകാരുടെ പൊന്നു തമ്പുരാനായിരുന്നു.... പ്രണയത്തിന്റെ ഭ്രാന്തില്‍ സ്വയം മറന്നു എരിഞ്ഞൊടുങ്ങി പോയ ചെല്ലമ്മയുടെ ആത്മാര്‍ത്ഥ പ്രണയം തെരുവില്‍ അലയുന്നതറിഞ്ഞു നിസ്സംഗനായി നടന്ന ചിത്തിര തിരുനാള്‍ ഇനി ഒരു വേള രാജാവായതു കൊണ്ട് പുറത്തു കാട്ടാന്‍ ആവാത്ത നിസ്സഹായതയോടെ രണ്ടു തുള്ളി കണ്ണ്നീര്‍ എങ്കിലും നല്കിയിട്ടുണ്ടാവില്ലേ.... ആ പ്രണയത്തിനു വേണ്ടി ......ഇതൊക്കെ ആര്‍ക്കറിയാം ......
ചെല്ലമ്മയും മഹാരാജാവും പോയി ........“സുന്ദരി ചെല്ലമ്മ” എന്നത് തിരുവനന്തപുരംകാരുടെ ഓർമകളിലെ ഒരു ഏടായി മാറുകയും ചെയ്തു...

തെരുവില്‍ അലഞ്ഞു തീർന്ന പ്രണയം മാത്രമായി ചെല്ലമ്മയുടെ ഭ്രാന്ത് .... എല്ലാവരാലും പരിഹസിക്കപ്പെട്ടു ഭ്രാന്തി എന്ന് മുദ്രകുത്തി തെരുവില്‍ അലഞ്ഞു തീർന്ന ഒരു ജന്മം. ''സുന്ദരിച്ചെല്ലമ്മ ''കൈ നിറയെ കുപ്പിവളകൾ ചാര്‍ത്തി .. വലിയ ചുവന്ന സിന്ദൂരപ്പൊട്ടുമിട്ടു ... തന്നെ ഒരിക്കല്‍ പോലും അറിയാതെ പോയ മഹാരാജാവിനെ എന്നും താണു തൊഴുതു മനസ്സില്‍ ആരാധിച്ചു തെരുവ് തീണ്ടി മരിച്ചൊരു പ്രണയം ..കടപ്പാട് അനു...



loading...