ഉത്സവം


ആറ്റുകാൽ പൊങ്കാല


*ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് രണ്ടിന്*


ഇഷ്ടകാര്യസിദ്ധിയ്ക്ക് ആറ്റുകാൽ പൊങ്കാല; വ്രതം എങ്ങനെ?, അറിയേണ്ടതെല്ലാം!
 

മനസ്സർപ്പിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആറ്റുകാലമ്മ മനസ്സറിഞ്ഞ് തന്റെ ഭക്തരെ സഹായിക്കുന്നു. അനേകായിരങ്ങളുടെ അനുഭവമാണിത്. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയെന്ന് പറയപ്പെടുന്നു. ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ച് വായനക്കാർക്ക് നിരവധി സംശയങ്ങളുണ്ട്, അവയ്ക്കുള്ള മറുപടി പറയുകയാണ്. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ അരുവിക്കര ശ്രീകണ്ഠൻ നായർ. 

*ആറ്റുകാലമ്മയുടെ സങ്കൽപമെന്താണ്?*

ആറ്റുകാൽ ഭഗവതിയെ കൗമാരക്കാരിയായ കണ്ണകി ആയാണ് സങ്കൽപിച്ചിരിക്കുന്നത്. എന്നാല്‍, ഭക്തജനങ്ങൾ മാതൃസങ്കൽപത്തിലാണ് ആരാധിക്കുന്നത്.

*ആറ്റുകാൽ പൊങ്കാലയ്ക്ക് എത്ര ദിവസം മുമ്പ് വ്രതം തുടങ്ങണം?*

പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു.

*വ്രതം എങ്ങനെ വേണം?*

വ്രതമെന്നാൽ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം കൂടിയാണ്. വ്രതമെടുക്കുന്ന ഒൻപത് ദിവസങ്ങളിലും എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. സർവ്വ ദുരിതവും മാറ്റിതരണമെ, അനുഗ്രഹം ചൊരിയേണമെ, നവഗ്രഹദുരിതങ്ങളും മാറ്റിത്തരണമെ, ദൃഷ്ടിദോഷം, വിളിദോഷം, ശാപദോഷം എന്നിവ മാറ്റി തരണമേ എന്ന് ഭക്തിയോടെ പ്രാർഥിക്കണം. 

*ആഹാരത്തിനെന്തൊക്കെ നിയന്ത്രണം വേണം?*

ഭക്തിയോടെ എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടിരുന്നാൽ ആഹാരം കഴിക്കണമെന്നുതന്നെ തോന്നില്ല. ക്ഷീണവും വരില്ല, ദൃഢമായ ഭക്തിയോടെ അമ്മ കൂടെയുണ്ടെന്ന് വിശ്വസിച്ച് ഒരുനേരം അരിയാഹാരം കഴിച്ച് ബാക്കി സമയം വിശന്നാൽ ഫലവർഗ്ഗങ്ങള്‍ കഴിച്ചു വ്രതമെടുക്കണം. മത്സ്യമാംസവും ലഹരി പദാർഥങ്ങളും പൂർണ്ണമായും ത്യജിക്കണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദേവി സ്തോത്രനാമാദികൾ ചൊല്ലുകയും ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്.

*പൊങ്കാലസമയത്ത് കോടിവസ്ത്രം തന്നെ ധരിക്കണോ?*

പൊങ്കാലയിടാൻ കോട്ടൺ കോടി വസ്ത്രമാണ് ഏറ്റവും ഉത്തമം. ഇതിനു കഴിയാത്തവർ അലക്കി വൃത്തിയാക്കിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ശരീരശുദ്ധിയും മനസ്സിന്റെ ശുദ്ധിയുമാണ് പ്രധാനം. നല്ല വാക്ക്, നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയോടെ വേണം പൊങ്കാലയിടുവാൻ. മാസമുറയായ സ്ത്രീകൾ പൊങ്കാലയിടാൻ പാടില്ല. 7 ദിവസം കഴിഞ്ഞ് ശുദ്ധമായെന്ന് സ്വയം ബോധ്യമുള്ളവർക്ക് പൊങ്കാല സമർപ്പിക്കാം. പുല, വാലായ്മയുള്ളവർ പൊങ്കാലയിടരുത്, പ്രസവിച്ചവർ 90 കഴിഞ്ഞേ പാടുള്ളു. അല്ലെങ്കിൽ ചോറൂണു കഴിഞ്ഞ് പൊങ്കാലയിടാം.

*അടുപ്പ് കൂട്ടേണ്ടതെങ്ങനെ?*

ആദിത്യഭഗവാന്റെ കത്തിക്കാളുന്ന കുംഭച്ചൂടേറ്റ് തിളച്ചു മറിയുന്ന നിലത്ത് അടുപ്പുകൂട്ടി അതിൽ പുത്തൻ കലം വച്ചാണ് തീ കത്തിക്കേണ്ടത്.

*പൊങ്കാലയിടാൻ എന്തൊക്കെ വേണം?*

ഉണക്കലരി, നാളികേരം, ശർക്കര, ചെറുപഴം, തേൻ, നെയ്യ്, പഞ്ചസാര, കൽക്കണ്ടം, ഉണക്കമുന്തിരിങ്ങ, ചെറുപയർ, കശുവണ്ടിപ്പരിപ്പ്, എള്ള്.

*പൊങ്കാലയ്ക്കു തീ പകരും മുമ്പേ, അടുപ്പിനു മുമ്പിൽ വിളക്കും നിറനാഴിയും വയ്ക്കണോ, അതെന്തിനുവേണ്ടിയാണ്?*

വയ്ക്കണം. ദേവതാ സാന്നിദ്ധ്യസങ്കൽപമുള്ളതുകൊണ്ടാണ്. അതിൽ കുടുംബ പരദേവതയേയും പരേതാത്മാക്കളെയും സങ്കൽപിക്കുകയും ദുരിതമോചനവും ഐശ്വര്യവർദ്ധനയും വാസ്തുദുരിതങ്ങളും തീർത്തുതരണെയെന്നു പ്രാർഥിച്ചാണ് നിറനാഴിയും പറയും നിലവിളക്കും വയ്ക്കുന്നത്. അടുപ്പ് തീർഥം തളിച്ച് ശുദ്ധി വരുത്തണം.

*പൊങ്കാല തിളച്ചു തൂകുന്ന ദിശകളുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ്?*

പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമം. ഇപ്രകാരമുള്ള തിളച്ചു മറിയൽ വരാനിരിക്കുന്ന അഭിവൃദ്ധികളെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാൽ ഇഷ്ടകാര്യങ്ങൾ ഉടൻ നടക്കും. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം കാലതാമസം വരും, പടിഞ്ഞാറും തെക്കുമായാൽ ദുരിതം മാറിയിട്ടില്ല, നവഗ്രഹഭജനം നന്നായി വേണമെന്ന് സാരം.

*മണ്ടപ്പുറ്റിന്റെ ഫലമെന്താണ്?*

തലയ്ക്കുള്ള രോഗങ്ങള്‍ മാറുന്നതിനാണ് മണ്ടപ്പുറ്റ് നടത്തേണ്ടത്. ദേവിയുടെ ഇഷ്ട നിവേദ്യമാണിത്.

*തിരളിയുടെ പ്രത്യേകത?‌*

ദേവിദേവന്മാർക്കെല്ലാം ഇഷ്ടവഴിപാടാണിത്. കാര്യസിദ്ധിയുണ്ടാകും.

*പൊങ്കാല തിളയ്ക്കുംവരെ ആഹാരം കഴിക്കാമോ?*

പൊങ്കാല തിളച്ചു വരുന്നതുവരെ ഒന്നുംതന്നെ കഴിക്കാൻ പാടില്ല. പണ്ടുകാലങ്ങളിൽ നേദിച്ച ശേഷമാണ് കഴിച്ചിരുന്നത്. ഇന്നത്തെ ഭക്തരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിവേദ്യം തയാറായിക്കഴിഞ്ഞാല്‍ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. എന്നിട്ട് മറ്റു പദാർഥങ്ങളായ പ്രസാദ ഊട്ട് കഴിക്കാവുന്നതാണ്.

*പൊങ്കാലക്കുശേഷം ആ ദിവസം കുളിക്കാമോ?*

പൊങ്കാലയും ക്ഷേത്രദർശനവും കഴിഞ്ഞ് അന്നേദിവസം കുളിക്കരുത്. ദേവിചൈതന്യം കൂടിയിരിക്കുന്നതിനാൽ വ്രതാനുഷ്ഠാനം മതി.

*അന്യമതസ്ഥർക്ക് പൊങ്കാലയിടാമോ?*

ദേവിയ്ക്ക് ജാതിമതലിംഗ വ്യത്യാസമില്ല. ഭക്തിയാണ് പ്രധാനം. ആർക്കുമിവിടെ പൊങ്കാലയിടാം.

*പുത്തൻ കലത്തിന്റെ പ്രാധാന്യമെന്താണ്?*

മണ്ണ് ശരീരത്തെയും കലം താഴികകുടത്തെയും സൂചിപ്പിക്കുന്നു. കലത്തിലാണ് പൊങ്കാല സമർപ്പിക്കേണ്ടത്. ഞാന്‍ എന്ന അഹംഭാവം വെടിഞ്ഞ് ആത്മസമർപ്പണം നടത്തണം. മൺകലം മനുഷ്യശരീരവും പായസം മനസ്സുമാണ്. അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. മനസ്സ് നിഷ്കളങ്കമാകുമ്പോഴാണ് പായസം ദേവിക്ക് നിവേദിക്കുന്നത്. പഞ്ചഭൂതം കൊണ്ടുള്ള ശരീരത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യത്തെ കാമ ക്രോധ ലോഭ മോഹ മദം മത്സര്യം എന്നീവ ദുഷ്ടതകളാല്‍ മറച്ചു വച്ചിരിക്കുന്നു. ഇവ തിളച്ചു മറിഞ്ഞ് ആവിയാക്കി അമ്മയുടെ കാലിലർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. ആഹാരം അവസാനിക്കാത്ത അക്ഷയപാത്രമാണ് മൺകലം. അഷ്ടദ്രവ്യങ്ങള്‍ കൊണ്ട് തയാറാക്കുന്ന അഷ്ടദ്രവ്യ പൊങ്കാല വളരെ സവിശേഷത ഉള്ളതാണ്. ആദിലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെയുള്ള ലക്ഷ്മിയുടെ ഐശ്വര്യത്തിനാണ് അഷ്ടദ്രവ്യ പൊങ്കാലയുടെ പൊരുൾ. ദേവിപാദപത്മങ്ങളിൽ നമ്മുടെ ദുരിതങ്ങളും പുണ്യവും സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. സൂര്യന്റെ നിറമുള്ള കലമാണ് പുത്തൻകലത്തിന്റേത്. കിഴക്കോട്ടു നോക്കിനിന്നുവേണം പൊങ്കാലയ്ക്ക് അരിയിടേണ്ടത്.

*പൊങ്കാലയിട്ട പാത്രങ്ങൾ പിന്നീട് പാചകത്തിനുപയോഗിക്കാമോ?*

ഭവനത്തിൽ കൊണ്ടുപോയി ശുദ്ധിയാക്കി അരിയിട്ടു വയ്ക്കാം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതിൽനിന്നും ഒരുപിടി അരികൂടി അതിലിടണം, അന്നത്തിന് ബുദ്ധിമുട്ട് വരരുതേയെന്നും പ്രാർഥിക്കണം. അല്ലെങ്കിൽ വരുംദിവസങ്ങളിൽ ആ പാത്രത്തിൽ ചോറുവയ്ക്കുന്നതിൽ തെറ്റില്ല. അടുത്ത പൊങ്കാല ദിവസം വരെയിത് ആവർത്തിക്കണം. പുതിയ പാത്രം വരുമ്പോൾ അവയിലുമിത് ആവർത്തിക്കുക.

*പൊങ്കാലച്ചോറ് ബാക്കി വന്നാൽ എന്തുചെയ്യണം?*

പൊങ്കാല പ്രസാദം മറ്റുള്ളവർക്ക് പ്രസാദമായി നൽകണം. അഴുക്കു ചാലിലോ, കുഴിയിൽ ഇടുകയോ, വെട്ടി മൂടുകയോ ചെയ്യരുത്. ശുദ്ധിയുള്ള ഒഴുക്കുവെള്ളത്തിലിട്ടാലത് മീനിന് ആഹാരമാകും. പക്ഷിമൃഗാദികൾക്കും കൊടുക്കേണ്ടതാണ്.

*വീട്ടിൽ പൊങ്കാലയിട്ടാൽ ഫലമുണ്ടോ?*

തീർച്ചയായുമുണ്ട്. സ്വന്തം വീടിനു മുന്നിലോ സ്ഥാപനത്തിന്റെ മുന്നിലോ അമ്മയെ സങ്കൽപിച്ചു പൊങ്കാലയിടാം. ക്ഷേത്രത്തിൽ പോയി പൊങ്കാലയിടാൻ കഴിയാത്തവർക്ക് ഗൃഹഐശ്വര്യത്തിനും വാസ്തുദുരിതത്തിനും പരിഹാരമായി ചെയ്യാം.

*പൊങ്കാലയും പൂരം നക്ഷത്രവും തമ്മിലുള്ള ബന്ധം എന്താണ്?*

മധുരയിൽ നിന്നും കൊടുങ്ങല്ലൂരേക്കുള്ള യാത്രാമധ്യേ ആറ്റുകാലിലെത്തിയ കണ്ണകിയെ മുല്ലവീട്ടിൽ പരമേശ്വരൻപിള്ള സ്വാമിയാണ് ആദ്യമായി ദേവിക്ക് നിവേദ്യം സമർപ്പിച്ചത്. പൂരം നക്ഷത്ര (കുംഭമാസ) ത്തിലായിരുന്നു. കാപ്പുകെട്ടിന് കാർത്തികയുമാണ് നോക്കുന്നത്. എല്ലാ കാർത്തികയ്ക്കും ലക്ഷാർച്ചന നടത്തുന്നു.

*പൊങ്കാലയിടുമ്പോൾ ജപിക്കേണ്ട മന്ത്രങ്ങൾ?*

ലളിതാസഹസ്രനാമത്തിലെ നാല് നാമങ്ങൾ പൊങ്കാല സമയത്ത് ജപിച്ചു കൊണ്ടേയിരിക്കണം. 428–ാമത്തെ നാമമായ (പഞ്ചകോശാന്തരസ്ഥി തായെ നമഃ) ശരീരത്തിൽ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ 5 കോശങ്ങൾക്കുള്ളിലാണ് ദേവിയായ പരമാത്മാവ് കുടികൊള്ളുന്നത്. ശരീരമായ ശ്രീചക്രത്തിലും  5 കോശങ്ങളുണ്ട്. ഭൂമണ്ഡലത്തെ കുറിയ്ക്കുന്ന അന്നമയ കോശം, സ്തൂലാവസ്ഥയിലും, ആകാശതത്വത്തെ കുറിയ്ക്കുന്ന ആനന്ദമയ കോശം, സൂക്ഷ്മാവസ്ഥയിലും പ്രവർത്തിക്കുന്നു. അത്യന്തം ശാസ്ത്രീയമായ സിദ്ധാന്തത്തെ പൊങ്കാല സമർപ്പണമായി ദേവിക്ക് നൽകുമ്പോൾ പഞ്ചകോശങ്ങൾ പുണ്യാത്മാക്കളുടെ ശരീരത്തിൽ നിലനിർത്തുന്നു. 480–ാം നാമം, പായസാന്നപ്രിയായെ നമഃ, ദേവി ദേവന്മാർക്ക് വളരെ ഇഷ്ടമായ പായസം ദേവിക്ക് നമസ്ക്കാരമെന്നർത്ഥം. 501–ാം നാമം ഇവ കൂടാതെ സര്‍വ്വമംഗളമംഗല്ല്യേ  എന്നതും, ദേവി പ്രസീദേ ദേവി പ്രസീദേ എന്നു ചൊല്ലിയും സമർപ്പിക്കുക...888


ആറ്റുകാലമ്മയും കണ്ണകിയും കൊടുങ്ങല്ലൂരമ്മയും 

ആറ്റുകാല്‍ ഭഗവതി പാര്‍വതിയുടെ അവതാരരൂപമായ കണ്ണകിയുടേതാണ്. ക്ഷേത്ര ഐതിഹ്യത്തില്‍ അത്തരമൊരു കഥയാണ് പശ്ചാത്തലമായി വരുന്നത്. കണ്ണകിയുടെ കഥ നമ്മുക്ക് പരിചയം തമിഴ് കവി ഇളങ്കോ അടികളുടെ ചിലപതികാരം എന്ന കാവ്യത്തിലൂടെയാണ്. 
തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി. ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുരരാജാവിനെ പ്രതികാരമൂർത്തയായ കണ്ണകി ശപിച്ച്, മധുര നഗരം ചുട്ടെരിച്ചു എന്നതാണ് കാവ്യത്തിലെ  ഇതിവൃത്തം

.കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.

പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി.

കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി.തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻ‌വലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു. ഈ കഥ ഇളങ്കോ അടികൾ ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതി. കഥയിലെ ഒരു വൈരുദ്ധ്യം, കോവലന്റെ രഹസ്യകാമുകിയായ മാധവിയെയും കണ്ണകിയെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. മണിമേഖല എന്ന കൃതിയും കണ്ണകിയെ പ്രകീർത്തിച്ച് എഴുതിയതാണ്., കഥ ഏതായാലും നിരപരാധിയായ തന്റെ ഭര്ത്താവിനെ ശിരസ്സ് ഛേദിച്ച സംഭവം കണ്ണകിയെ പ്രതികാരദുര്‍ഗ്ഗയാക്കി മാറ്റി. അവളുടെ പാതിവ്രത്യവിശുദ്ധിയാകുന്ന കോപാഗ്നിയില്‍ മധുരാനഗരവും രാജകൊട്ടാരവും വെന്തുവെണ്ണീറായ ശേഷം കാലില്‍ ഒറ്റചില്ലമ്പുമായി വര്‍ദ്ധിച്ച ദേഷ്യത്തോടെ കൊടുങ്ങല്ലൂരില്ലേയ്ക്ക് കണ്ണകി യാത്രയായി. കേരളത്തലേയ്ക്ക് കണ്ണകി യാത്രചെയ്യതത് കന്യാകുമാരിയിലൂടെ ആറ്റുകാല്‍ വഴിയായിരുന്നു. ആറ്റുകാലിലെതേതിയപ്പോള്‍ കണ്ണകി തന്റെ ദേഷ്യ സ്വരൂപത്തെ ബാലികയായി മാറ്റം വരുത്തിയിരുന്നു. ബാലികഭാവം കൈക്കൊണ്ട ദേവീ അഥവാ കണ്ണകി അടുത്തൊരു നദിക്കരയില്‍ ഇരുന്ന വൃദ്ധനെ സമീപിച്ച് തന്നെ നദിക്കര കടക്കുവാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. വൃദ്ധന്‍ ആകെ ആശ്ചര്യപ്പെട്ടുപോയി, അതും തനിച്ച്, എവിടെ നിന്നു വരുന്നു. ഏതായാലും വൃദ്ധന്‍ ആ കുട്ടിയെ തന്റെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടിപോയി. പക്ഷെ അവിടെ എത്തിയ ശേഷം പെണ്‍ക്കുട്ടി അപ്രത്യക്ഷയായി എന്നതാണ് അദ്ഭുതം. അന്നുരാത്രി അയാളുടെ നിദ്രയില്‍ ദേവീ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളിചെയ്തു. നിങ്ങളുടെ പൂന്തോട്ടത്തില്‍ മൂന്ന് സ്വര്‍ണ്ണരേഖകള്‍ കാണുന്നിടത്ത് എനിക്കായി ക്ഷേത്രം പണിയുക. ഉറക്കമുണര്‍ന്ന വൃദ്ധന്‍ തോട്ടത്തില്‍ രേഖകള്‍ കണ്ടിടത്ത് ക്ഷേത്രം പണിതു. അതാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. ആറ്റുകാലമ്മ പാര്‍വതിയുടെ മറ്റൊരു ഭാവമാണ്. തന്റെ മക്കള്‍ക്ക് എല്ലാ വിപത്തുകളില്‍ നിന്നും ശാന്തിയും സമാധാനവും നല്കുന്ന അമ്മഭാവമാണ് ഇവിടെ. ദുഃഖവിമോചനം നല്കുന്ന ദേവതാസ്വരൂപം. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് പൊങ്കാല. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഉത്സവം എന്ന ഖ്യാതിയാണ് ഇതിനുള്ളത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നും തമിഴ്നാടിന്റെ ചില പ്രദേശങ്ങളില്‍ നിന്നും ധാരാളം സ്ത്രീകള്‍ ഇവിടെ എത്തിപ്പെടുന്നു. പത്തുദിവസം നീണ്ടുനില്ക്കുന്നതാണ് ഉത്സവം. കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ഈ ഉത്സവം നടക്കുന്നത്. ഉത്സവാവസാന രാത്രി കുരുതിതര്‍പ്പണം എന്ന വിശേഷാല്‍ ചടങ്ങുമുണ്ട്. ഒമ്പതാം ദിവസം നടക്കുന്ന ആറ്റുകാല്‍ പൊങ്കാല ലോകപ്രശസ്തമാണ്. ആറ്റുകാലില്‍ അനുഗ്രഹവര്‍ഷിണിയായ അമ്മ സൌമ്യഭാവത്തിലായ ദേവീയെങ്കിലും അമ്മ ചെന്നെത്തിചേര്‍ന്ന കൊടുങ്ങല്ലൂരില്‍ ശത്രുസംഹാരിയും, പ്രതികാരദുര്‍ഗ്ഗയുമായ ഭാവമാണ്.

ആറ്റുകാലമ്മേ ശരണം...................

അമ്മേ നാരായണ 
ദേവി നാരായണ 
ലക്ഷ്മി നാരായണ 
ഭദ്രേ നാരായണ



loading...