വിവരണം ഓര്‍മ്മചെപ്പ്


ദയാബായ് - ജന്മദിനം

Reporter: pilathara.com
എൻഡോസൾഫാൻ ബാധിതർക്ക് വേണ്ടിയിട്ടുള്ള അങ്ങയുടെ സമരം നമ്മൾ എന്നും ഓർക്കും...

 

21-02-1941

1 ദയാബായ് - ജന്മദിനം

മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് ദയാബായി എന്ന മേഴ്സി മാത്യു. മദ്ധ്യപ്രദേശിലെ ഗോണ്ടുകൾക്കിടയിൽ സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിലെ ബരുൽ ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്.


*ജീവിതരേഖ*


കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ പാലായ്ക്കു സമീപമുള്ള പൂവരണിയിൽ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളിൽ മൂത്തവളായി ജനിച്ചു. കന്യാസ്ത്രീ ആവാനായിരുന്നു അവരുടെ ആഗ്രഹം. അവരുടെ പ്രസംഗങ്ങളും സത്യാഗ്രഹങ്ങളും പ്രചരണങ്ങളും പാഠശാല തുടങ്ങുന്നതിനായി പ്രാദേശിക ഭരണകൂട നേതൃത്വത്തെ സമ്മർദ്ദം ചെലുത്തുന്നതുമായ പ്രവർത്തികളും മധ്യപ്രദേശിലെ അവഗണിക്കപ്പെട്ട വിദൂരഗ്രാമങ്ങളിലെ ആദിവാസി പട്ടികവർഗവിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിന് വളരെയധികം സഹായിച്ചു. നർമദ ബച്ചാവോ ആന്ദോളനുമായും ചെങ്ങറ പ്രക്ഷോഭം എന്നിവയുമായും ബന്ധപ്പെട്ട് ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

*വിദ്യാഭ്യാസം*

കൊച്ചുകൊട്ടാരം പ്രൈമറി സ്കൂൾ, വിളക്കുമാടം സെന്റ്‌ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജീവശാസ്ത്രത്തിൽ ബിരുദം. ബോംബെ സർവ്വകലാശാലയിൽ നിന്ന് എം.എസ്‌.ഡബ്ല്യുവും നിയമവും പഠിച്ചു. എം.എസ്‌.ഡബ്ല്യു പ്രൊജക്‌ടിന്റെ ഭാഗമായ ഫീൽഡ് വർക്കിനു വേണ്ടി മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിലെത്തി. പിന്നീട് അവിടം പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തു. 

*ആദ്യകാല പോരാട്ടങ്ങൾ*


പതിനൊന്നാം ക്ലാസ്സ്‌ കഴിഞ്ഞതോടെ പഠനം നിർത്തിയ മേഴ്സി, കന്യാസ്ത്രീയാകാൻ തീരുമാനിച്ചു. കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ ആഡംബരങ്ങളോടും സുഖജീവിതത്തോടും വെറുപ്പായിരുന്നതിനാൽ വടക്കേ ഇന്ത്യയിലെ അധഃസ്ഥിതർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന തോന്നലിൽ പതിനാറാമത്തെ വയസ്സിൽ ബീഹാറിലെ ഹസാരിബാഗിലെ ഹോളി കോൺവെന്റിലെത്തി.

വലിയ കെട്ടിടങ്ങളും ആഘോഷങ്ങളും നിറഞ്ഞ കോൺവെന്റ്‌ അന്തരീക്ഷത്തിൽ ആഡംബര വസ്ത്രങ്ങളും പലതരം കേക്കുകളും പലഹാരങ്ങളുമൊക്കെയായി കോൺവെന്റ്‌ നിവാസികൾ ആഘോഷപൂർവ്വം ക്രിസ്തുമസ്സ്‌ കൊണ്ടാടുമ്പോൾ പെരുമഴയത്ത്‌ കുട്ടികളെയും ഒക്കത്ത്‌ കെട്ടി ഒറ്റവസ്ത്രം കൊണ്ട്‌ ശരീരം മറച്ച്‌ പള്ളിയുടെ മറുവശത്ത്‌ കുർബാനക്കെത്തുന്ന ആദിവാസികളുടെ കഷ്ടവും വേർതിരിവും മേഴ്സി അനുഭവിച്ചറിഞ്ഞു. ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂർത്തിയാക്കാതെ മഠത്തിൽ നിന്നും പുറത്തുവന്നു.

ബീഹാറിലെ പലാമ ജില്ലയിലെ ഗോത്രവർഗ്ഗമേഖലയായ മഹോദയിൽ ഒന്നരവർഷം അധ്യാപികയായി ജോലി ചെയ്തു. ഇതിനിടെ ബി.എസ്.സി. പാസായി. തുടർന്ന് ജബൽപൂരിലെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിൽ ഒന്നരക്കൊല്ലം അധ്യാപികയായി. തുടർന്ന് കേരളത്തിലെത്തി ഒരു ബിഷപ്പ്‌ നടത്തുന്ന സ്ഥാപനത്തിൽ അശരണർക്കായി പ്രവർത്തിക്കാൻ നിശ്ചയിച്ചു. സ്ഥാപനത്തിലെ ആത്മീയതയുടെ മേലാപ്പണിഞ്ഞ വൈദികനിൽ നിന്നും കാമഭ്രാന്തിന്റെ ആവേശമുണ്ടായതോടെ അവിടംവിട്ട് മേഴ്സി മുംബൈയിലെത്തി. പലയിടത്തും അലഞ്ഞു തിരിഞ്ഞു. തയ്യൽ പഠിച്ചു. കുറേനാൾ മദർ തെരേസയുടെ ചിൽഡ്രൻസ്‌ ഹോമിലും ഓൾഡേജ്‌ ഹോമിലും പ്രവർത്തിച്ചു. അവിടത്തെ ജീവിതരീതികളോടും ഒത്തുചേരാനായില്ല. യുദ്ധസമയത്ത്‌ ബംഗ്ലാദേശ്‌ അഭയാർത്ഥികളുടെ സേവനത്തിനായി ബംഗ്ലാദേശിലെത്തി. യുദ്ധഭീകരത നേരിട്ടുകണ്ട്‌ മേഴ്സി സഭയുടെ നിയന്ത്രണത്തിലുള്ള വഴിയല്ല തന്റേതെന്ന്‌ തിരിച്ചറിഞ്ഞു. ക്രിസ്തുവിന്റെ ജീവിതവും ബൈബിളിലെ വചനങ്ങളും സത്യത്തിൽ നിന്ന്‌ ഏറെ അകലെയാണെന്ന്‌ തോന്നിയപ്പോൾ അവിടം വിട്ടു.

മുംബൈയിലേക്കു മടങ്ങി. മുംബൈയിലെ നിർമ്മലാ നികേതനിൽ എം.എസ്‌. ഡബ്ലിയുവിന്‌ ചേർന്നു. പക്ഷെ സിലബസിനോടും പഠനരീതിയോടും പൊരുത്തപ്പെടാൻ കഴിയാതെ അവിടം വിട്ടു. മുംബൈയിലെ ഗ്രാമങ്ങളിലും ദൽഹിയിലും ആന്ധ്രായിലെയും ഹരിയാനയിലെയും ദുരിതാശ്വാസ പുനർ നിർമ്മാണക്യാമ്പുകളിലുമായി എട്ടുവർഷം ചെലവഴിച്ചു. പിന്നീട് നിർമ്മലനികേതനിൽ പഠനം തുടർന്ന് എം.എസ്‌ ഡബ്ല്യൂ പൂർത്തിയാക്കി. പഠനത്തിന്റെ ഭാഗമായി ഫീൽഡ് വർക്കിനായി മദ്ധ്യപ്രദേശിലെ ചിന്ത്‌വാഡിയിലെ സുള്ളഗപ്പയിൽ ഒരു ആദിവാസി വിധവയുടെ വീട്ടിൽ താമസിച്ചു പഠനം പൂർത്തിയാക്കി.

*പരിവർത്തനത്തിന്റെ നാളുകൾ*

ചിന്ത്‌വാഡിയിലെ സുള്ളഗപ്പയിൽ താമസിച്ച ആ വീടിന്‌ സമീപത്തുള്ള ചന്ദ്ര എന്ന യുവതിയുടെ അമ്മയുടെ സ്ഥലമായ ഗോത്രവർഗ്ഗമേഖലയായ ടിൻസായ്‌ ഗ്രാമത്തിലെത്തി. അവഗണനയുടെ തുരുത്തിൽപ്പെട്ട്‌ അധഃസ്ഥിതരായവരും മുമ്പ് രാജവംശത്തിന്റെ ഭാഗമായിരുന്നവരുമായ ഗോണ്ടുകൾ എന്നറിയപ്പെടുന്ന ആദിവാസികൾ ആയിരുന്നു അവിടെയുണ്ടായിരുന്നത്‌. അവരിലൊരാളായാൽ മാത്രമേ അവർ തന്നെ അംഗീകരിക്കുകയുള്ളൂവെന്ന്‌ മനസ്സിലായപ്പോൾ മേഴ്സി അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു. മേഴ്സി എന്നാൽ ദയ, ബായി എന്നാൽ ഗോത്രവർഗ്ഗ സ്ത്രീകളുടെ വിളിപ്പേര്‌. മേഴ്സി അങ്ങനെ ദയാബായി എന്ന പേരു സ്വീകരിച്ചു.

കുടിവെള്ളവും വൈദ്യുതിയും സ്കൂളുമില്ലാത്ത ടിൻസായിയുടെ വികസനത്തിന്‌ വേണ്ടി ദയാബായി പോരാട്ടം ആരംഭിച്ചു. ഐഎഎസ്‌ പ്രൊബേഷൻ ട്രെയിനിങ്ങിനു മസൂറിയിൽ നിന്നും വരുന്നവർക്കുള്ള ക്യാമ്പുകളിൽ ടിൻസായിയെക്കുറിച്ച്‌ ദയാബായി സംസാരിച്ചു.

ആദിവാസികളെ ചൂഷണം ചെയ്ത്‌ കൂലി വെട്ടിച്ചവർക്കെതിരെ ദയാബായിയുടെ നേതൃത്വത്തിൽ ആദിവാസികൾ രംഗത്തിറങ്ങി. പ്രായമായവർക്ക്‌ റാന്തൽവിളക്കിന്റെ വെളിച്ചത്തിൽ ദയാബായി നിയമസാക്ഷരതാക്ലാസ്സുകൾ നടത്തി. കവിതകളിലൂടെയും തെരുവുനാടകങ്ങളിലൂടെയും അവരെ ബോധവൽക്കരിച്ചു. അവകാശങ്ങൾക്കുവേണ്ടി പോരാടാൻ അവരെ പ്രേരിപ്പിച്ചു. ഇത്‌ ദയാബായിക്ക്‌ പ്രബലരായ ശത്രുക്കളെയുണ്ടാക്കി. ഭൂവുടമകളെയും പൊലീസുകാരെയും രാഷ്ട്രീയക്കാരെയും ഒറ്റയാൾ പോരാട്ടത്തിലൂടെ ദയാബായി നേരിട്ടു. ഹരേ ബ്ലോക്കിലെ സാലുവ ഗ്രാമത്തിലെ പോലീസ്‌ സ്റ്റേഷനിൽ ഒരു കേസുമായി ബന്ധപ്പെട്ട്‌ എഫ്‌ഐആർ എഴുതാത്തതിനെ ചോദ്യം ചെയ്ത ദയാബായിയെ എസ്‌ഐ മുഷ്ടി ചുരുട്ടി ഇടിച്ചു. മർദ്ദനത്തിൽ പല്ലുകൾ ഇളകിത്തെറിച്ചെങ്കിലും ദയാബായി പിന്മാറിയില്ല. പ്രാദേശിക കോൺഗ്രസ്‌ നേതൃത്വം പലവട്ടം ദയാബായിയെ നേരിട്ട് ആക്രമിച്ചുവെങ്കിലും കോൺഗ്രസ് എംപി യായിരുന്ന കമൽനാഥ്‌ അവരെ ശാരീരികമായി നേരിടാൻ ശ്രമിക്കരുത്‌ എന്ന്‌ നിർദ്ദേശം നൽകിയതുകൊണ്ടാണ് താൻ ഇന്നും ജീവിച്ചിരിക്കുന്നതെന്ന്‌ ദയാബായി വ്യക്തമാക്കിയിട്ടുണ്ട്.

ടിൻസായിയിലെ പോരാട്ടത്തിനുശേഷം ദയാബായി ബാറൂളിലെത്തി. ഗോത്രവർഗ്ഗ സ്ത്രീകൾക്കൊപ്പം കൂലിപ്പണിയെടുത്തു. കുടുംബത്തിൽനിന്നും കിട്ടിയ വിഹിതം കൊണ്ട്‌ ബാറൂളിൽ രണ്ട്‌ ഏക്കർ സ്ഥലം വാങ്ങി. കീടനാശികൾ തളിക്കാതെ, മഴവെള്ളം കെട്ടി നിർത്തി കൃഷിയിലൂടെ സ്വയം പര്യാപ്തത എങ്ങനെ നേടാമെന്ന്‌ ദയാബായി ഗ്രാമീണരെ പഠിപ്പിച്ചു. വിദേശ സഹായത്തോടെ നാട്ടിൽ കച്ചവടക്കണ്ണുമായി എത്തിയ എൻജിഒകളെ ദയാബായി അകറ്റി നിർത്തി. സ്വന്തം കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഭക്ഷണമാക്കി എഴുപതാം വയസ്സിലും പോരാട്ടവീര്യവുമായി ജീവിതം നയിക്കുകയാണ് ദയാബായി. കൂട്ടിനുള്ളത്‌ ആക്രോശ്‌ എന്ന പട്ടിയും ഗോരി എന്ന പൂച്ചയും.

*വേറിട്ട വഴികൾ*

ഉന്നത ബിരുദങ്ങളും ആവശ്യത്തിന് പണവുമുണ്ടായിരുന്നിട്ടും കിട്ടാമായിരുന്ന സുഖപ്രദമായ ജോലി ഉപേക്ഷിച്ച് അവർ ദാരിദ്ര്യം സ്വയം തെരഞ്ഞെടുത്തു. മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെ കൂടെ ചിഡ് വാര ഗ്രാമത്തിൽ അവരിലൊരാളായി ജീവിക്കാൻ തുടങ്ങി. നഗരത്തിന്റെ മോടി കൂടിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ആദിവാസികളുടെ പരമ്പരാഗത വസ്ത്രം ധരിച്ചു. കടത്തിണ്ണകളിൽ അന്തിയുറങ്ങി. അവരോടൊപ്പം കൂലിപ്പണിയെടുത്തു. സ്വന്തം പേരു പോലും ഉപേക്ഷിച്ച് ‘ദയാബായി’ ആയി. ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആദിവാസികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പൊരുതി. ആദിവാസികൾക്ക് വേണ്ടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി നിരവധി മർദ്ദനങ്ങൾക്കിരയായി. പല്ലുകൾ കൊഴിഞ്ഞു. എതിർപ്പുകളും മർദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല. സഹനത്തിന്റെ,ചെറുത്തുനിൽ‌പ്പിന്റെ വഴികളിലൂടെ അവർ മുന്നേറി. അവരുടെ ശ്രമഫലമായി ഗ്രാമത്തിൽ വിദ്യാലയവും അടിസ്ഥാന സൗകര്യങ്ങളുമുണ്ടായി.അവർ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു. അവർക്കായി നിയമയുദ്ധങ്ങൾ നടത്തി. ഝാൻസീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു. അവരുടെ ഭാഷയിൽ സംസാരിച്ചു. തെരുവുനാടകങ്ങളും കവിതകളും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു. ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദർശനങ്ങളുമാണ് ദയാബായിയെ ഇന്നും പ്രചോദിപ്പിക്കുന്നത്.

*ദയാബായിയുടെ തിരിച്ചറിവുകൾ*

ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ദയാബായി തന്റെ തിരിച്ചറിവുകൾ പല വേദികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ പാതയും സഭയുടെ പാതയും വ്യത്യാസമാണെന്നും ക്രിസ്തു കഷ്ടപ്പെടുന്നവന്റെ കൂടെയാണെന്നും സഭ സമ്പന്ന വർഗ്ഗത്തിന്റെയും ആഡംബരങ്ങളുടെയും പുറകെയാണെന്നും ദയാബായി പറയുന്നു. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നതിന്‌ മതത്തിന്റെ വേലിക്കെട്ടുകൾ വേണ്ടെന്ന്‌ അവർ തുറന്നടിക്കുന്നു. ജീവിതത്തിൽ നന്മ പുലർത്തുന്ന, മണ്ണിനോടും പ്രകൃതിയോടും ആദരവുള്ള, കൃഷിയിൽ ആധ്യാത്മികത കണ്ടെത്തുന്ന ഒരു സമൂഹത്തെയാണ്‌ നാടിന്‌ വേണ്ടത്‌. ഗാന്ധിജിയുടെ വികസന മോഡൽ രാജ്യത്ത്‌ തിരിച്ചു വരണമെന്നും പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നതാണ്‌ എല്ലാം നശിപ്പിക്കുന്നതെന്നും അവർ പറയുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താന്റെയും സ്വന്തം നാടാണെന്നാണ് ദയയുടെ പക്ഷം‌. എന്തിനെയും പുച്ഛിച്ചു തള്ളുന്ന മലയാളികളുടെ മാനസികാവസ്ഥ കാരണം ഒരിക്കലും കേരളത്തിൽ ജീവിക്കാൻ വരില്ലെന്നും അവർ തറപ്പിച്ചു പറയുന്നു.

*സ്വയംപര്യാപ്തമായ ജീവിതം*

പിതാവിന്റെ മരണശേഷം ഓഹരിയായിക്കിട്ടിയ പണം കൊണ്ടാണ് മദ്ധ്യപ്രദേശിലെ ബറൂളിയിൽ രണ്ടര ഏക്കർ സ്ഥലം വാങ്ങിയത്. കടുത്ത പാറക്കെട്ടുകൾ നിറഞ്ഞ തരിശുഭൂമി കനത്ത അദ്ധ്വാനത്തിലൂടെ ഫലഭൂയിഷ്ഠമാക്കി. കടുത്ത ജലക്ഷാമമുണ്ടായിരുന്ന അവിടെ ഭൂമിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറത്തേക്കൊഴുക്കിക്കളയാതെ മണ്ണിലേക്ക് ആഴ്ന്നിറക്കുന്നു. അങ്ങനെ അവിടെ ഉറവകളുണ്ടായി. പുല്ലുകളും ചെടികളും മരങ്ങളും ഫലവൃക്‌ഷങ്ങളും ഇപ്പോൾ സമൃദ്ധമായി വളരുന്നു. എല്ലാം വിളയുന്ന മണ്ണ്. വീട്ടിൽ കൂട്ടിനു പട്ടിയും പൂച്ചയും. കൃഷിഭൂമിയിൽ പശുക്കളും കോഴിയും താറാവുമൊക്കെ. മണ്ണും ചെളിയും കൊണ്ടുണ്ടാക്കിയതാണ് വീട്. ഒരു രാസവസ്തുക്കളും അവർ ഉപയോഗിക്കുന്നില്ല, പാത്രം കഴുകാനുള്ള സോപ്പോ ഡിറ്റർജന്റോ പല്ലു തേക്കാനുള്ള പേസ്റ്റോ ഒന്നും. ഏതാണ്ട് സ്വയം പര്യാപ്തമായ ജീവിതം. കരയേണ്ടപ്പോൾ കരയുകയും ചിരിക്കേണ്ടപ്പോൾ ചിരിക്കുകയും പൊട്ടിത്തെറിക്കേണ്ടപ്പോൾ അങ്ങനെയും ചെയ്യുന്ന പച്ചയായ ജീവിതം. 

*വിവിധകാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ*


പശ്ചിമഘട്ടസംരക്ഷണത്തിനായി പശ്ചിമഘട്ടമലനിരകളിലെ ഗ്രാമങ്ങളിലൂടെ കാസർകോടുമുതൽ തിരുവനന്തപുരംവരെ 2014 ഏപ്രിൽ 10മുതൽ മെയ് 31വരെ ബോധവത്കരണ പദയാത്ര നടത്തുമെന്ന് ദയാ ബായ് അറിയിച്ചു. പ്രകൃതി സംരക്ഷണവും പശ്ചിമഘട്ട വിനാശത്തിലൂടെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ദുരന്തപൂർണമായ ഭാവിയെയും ജനസമക്ഷം കൊണ്ടുവരികയാണ് ഈ യാത്രയുടെ ലക്ഷ്യം. അട്ടപ്പാടിമേഖലയിൽ ആദിവാസികൾ നേരിടുന്ന ദുരിതങ്ങളുടെ മൂലകാരണം ഭരണകൂടത്തിന്റെ അവഗണനയും സ്ഥാപിത താത്പര്യക്കാരുടെ ചൂഷണവുമാണെന്നും ആദിവാസികളുടെ കൃഷിഭൂമി സ്വകാര്യവ്യക്തികളുടെ കരങ്ങളിലെത്തിയതുമാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ യഥാർഥ പ്രശ്‌നമെന്നും ദയാബായ് കരുതുന്നു. പ്രകൃതിജീവനത്തിൽനിന്ന് അന്യംനിൽക്കേണ്ടിവന്നതിനാൽ അട്ടപ്പാടിയിലെ ആദിവാസികൾ പോഷകാഹാരക്കുറവുമൂലം മരണഭീഷണിയിലാണെന്നും അട്ടപ്പാടിയിൽ അമിത മദ്യ ഉപഭോഗമുണ്ടെന്നുള്ളത് പ്രശ്‌നത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും എല്ലാ തൊഴിലും നഷ്ടപ്പെട്ടതുമൂലം ആദിവാസി സമൂഹത്തിലെ ഒരു ന്യൂനപക്ഷം മദ്യ ഉത്പാദനത്തിലേക്ക് തിരിഞ്ഞിട്ടുണ്ടാവാമെന്നും ഇവർക്ക് കൃഷിഭൂമിനൽകി കാർഷികവൃത്തിയിൽ വ്യാപൃതരാക്കുകയാണ് ചെയ്യേണ്ടതെനും ദയാ ബായി കരുതുന്നു.

*കൃതികൾ*

പച്ചവിരൽ : കന്യാമഠത്തിൽനിന്ന് കീഴാളമണ്ണിലെത്തിയ ദയാബായിയുടെ ആത്മകഥ /ദയാബായി ; (തയ്യാറാക്കിയത്, വിത്സൻ ഐസക്, പ്രസിദ്ധീകരണം ഡി.സി. ബുക്സ്)
കന്യാസ്ത്രീയാവാൻ ബിഹാറിലെ ഹസാരിബാഗ് കോൺവെന്റിലെത്തിയ പതിനാറുകാരി മേഴ്‌സിമാത്യുവിൽനിന്ന് ദയാബായി എന്ന സാമൂഹിക പ്രവർത്തകയിലേക്കുള്ള പരിവർത്തനത്തിന്റെ നാൾവഴിയായ 'ഒറ്റയാൾ ‍' എന്ന ഡോക്യുമെന്ററി (സംവിധായിക: ഷൈനി ജേക്കബ് ബെഞ്ചമിൻ)


*പുരസ്കാരങ്ങൾ*

വനിതാ വുമൺ ഓഫ്‌ ദ ഇയർ പുരസ്കാരം 2007‌.
വിജിൽ ഇന്ത്യയുടെ നാഷണൽ ഹ്യൂമൺ റൈറ്റ്സ്‌ അവാർഡ്‌
അയോദ്ധ്യാ രാമായൺ ട്രസ്റ്റിന്റെ ജനനീ ജാഗ്രതീ അവാർഡ്‌
സ്വിറ്റ്സർലാന്റിലെ കേളീ വുമൺ ഓഫ്‌ ദി ഇയർ അവാർഡ്
കേരളത്തിലെ സുരേന്ദ്രനാഥ്‌ ട്രസ്റ്റ്‌ അവാർഡ്‌ 
മികച്ച സാമൂഹികപ്രവർത്തകയ്ക്കുള്ള 2001ലെ ധർമ്മഭാരതി ദേശീയ പുരസ്കാരം
`ദി സ്‌പിരിറ്റ്‌ ഓഫ്‌ അസീസി' ദേശീയ പുരസ്‌കാരം 2010
പി.കെ.എ. റഹീം സ്മാരക പുരസ്കാരം 2010
ഡൊക്യുമെന്ററി
ദയ ഭായ് യെ കുറിച്ചുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത് 'ഒറ്റയാൾ' .പ്രമുഖ ചലച്ചിത്ര നടി നന്ദിത ദാസ് പറയുന്നത് തനിക്ക് വളരെയധികം പ്രചോദനം നൽകിയ ഒരാളാണ് ദയ ബായ് എന്നാണ്.

*ബസ്സിൽ നിന്നും ഇറക്കിവിട്ട സംഭവം*

2015 ഡിസംബറിൽ ഫാ. വടക്കൻ മെമ്മോറിയൽ അവാർഡ് സ്വീകരിച്ചു തൃശ്ശൂരിൽ എത്തിയശേഷം പാവറട്ടിയിലെ സ്‌കൂളിൽ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾക്ക് ക്ലാസെടുത്ത് തിരിച്ച് ആലുവയിലേക്ക് ബസ്സിൽ പോയ ദയാബായിയോട് ബസ് സ്റ്റാൻഡ് എത്താറായോ എന്ന് ഡ്രൈവറോട് ചോദിച്ചതിന് മോശമായ പെരുമാറുകയും തുടർന്ന് കണ്ടക്ടർ ബസ് സ്റ്റാൻഡിന് മുമ്പുള്ള സ്‌റ്റോപ്പിൽ ഇറങ്ങണമെന്ന് ഭീഷണി സ്വരത്തിൽ നിർദ്ദേശിക്കുകയും മോശം പദപ്രയോഗം നടത്തുകയുണ്ടായെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

loading...