വിവരണം കൃഷി


അന്നം വിളയിച്ച് കണ്ടങ്കാളി. കൊയ്യുന്നത് ആയിരം ക്വിൻ്റൽ നെല്ല്

Reporter: Vinod Kp

പെട്രോളിയം പദ്ധതിയിൽ നിന്ന് വയലിനെ സംരക്ഷിക്കുക മാത്രമല്ല, ആയിരം ക്വിൻ്റൽ (100 ടൺ) നെല്ല് വിളയിച്ച് മാതൃകകാട്ടുകയാണ് പയ്യന്നൂർ കണ്ടങ്കാളി - പുഞ്ചക്കാട് പ്രദേശത്തെ നാട്ടുകാരും കർഷകരും. 3 വർഷം നീണ്ട ജനകീയസമരത്തിലൂടെയാണ്, കണ്ടങ്കാളിവയൽ നികത്തി കേന്ദ്രീകൃത എണ്ണ സംഭരണശാല സ്ഥാപിക്കാനുള്ള നീക്കത്തെ ജനങ്ങൾ പ്രതിരോധിച്ചത്.

 

കണ്ടങ്കാളിതലോത്ത് വയലിൽ ആരംഭിച്ച കൊയ്ത്ത് നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.പ്രദീപൻ, ജനകീയ സമരത്തെ മുന്നിൽ നിന്ന് നയിച്ച ടി.പി.പത്മനാഭൻ മാസ്റ്റർ, കെ.രാമചന്ദ്രൻ , അത്തായി ബാലൻ , മണിരാജ് വട്ടക്കൊവ്വൽ, എം.കമല, ഇ.ദേവി, മാടക്ക ജാനകി, ടി.പി.ഗണേശൻ, ഭാസ്കരൻ കണ്ടങ്കാളി എന്നിവർ സംസാരിച്ചു. പ്രീത.സി, എം.കല്യാണി, കാർത്ത്യായനി വി.വി, യശോദ.എം.വി., ചന്ദ്രമതി. ടി, സാവിത്രി. കെ.വി, ഗൗരി.വി., കാർത്ത്യായനി .ടി , സുമ.ടി, ലേഖ.കെ.വി, രാധ. ടി പി, രമ എൻ.വി, ലക്ഷമി ടി.വി, പ്രസീത. എൻ തുടങ്ങിയവർ കൊയ്ത്തിന് നേതൃത്വം നൽകി.


പയ്യന്നൂർ വില്ലേജിൽ കണ്ടങ്കാളിയിൽ റെയിലിനിരുവശവുമുള്ള പുഴയും കണ്ടൽക്കാടുകളും അതിരിടുന്ന 250 ഏക്കറോളം തവ്വൻ കണ്ടം, വടക്കൻ കേരളത്തിൽ നിലനിൽക്കുന്ന അപൂർവ്വമായ വയൽആവാസവ്യവസ്ഥയാണ്. നെല്ലും പച്ചക്കറിയും പയർ വർഗ്ഗങ്ങളും കന്നുകാലികളും ചെമ്മീൻ - മത്സ്യകൃഷിയും ഒക്കെ അനേകം തൊഴിലും ശുദ്ധഭക്ഷണവും പ്രദാനം ചെയ്യുന്ന പ്രദേശം സംരക്ഷിക്കുന്ന ശരിയായ വികസനത്തിനു വേണ്ട നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യറാകണം.



loading...