വിവരണം സഞ്ചാരം


പിലാത്തറയിൽ നിന്ന് തിരുനെറ്റിക്കല്ല് വരെ ഒരു യാത്ര

Reporter: / writer : udayan periyat

ഒരു മലയോര യാത്ര;
---------------------------------
തിരുനെറ്റിക്കല്ല്

പുളിങ്ങോം ജോസ്ഗിരിയിൽ തിരുനെറ്റിക്കല്ല് എന്നൊരു വ്യൂ പോയിന്റുണ്ട്. കണ്ണൂർ ജില്ലയിൽ അങ്ങനൊരു സ്ഥലമുണ്ടെങ്കിൽ എന്തായാലും ഒന്ന് കാണാൻ തന്നെ തീരുമാനിച്ചു. ആവശ്യത്തിന് കുടിവെള്ളവും അത്യാവശ്യത്തിനുള്ള ഭക്ഷണവുമൊക്കെ കരുതി രാവിലെ തന്നെ വണ്ടി വിട്ടു.  ചോദിച്ചും അറിഞ്ഞും തിരുനെറ്റി കവലയിലെത്തി. അവിടെ നിന്നും വഴി ചോദിക്കാൻ നോക്കിയപ്പോൾ ഒരു റേഷൻ കടക്കാരനേ കണ്ടു. ഈ ചെറിയ റോഡ് വഴി കുറച്ച് മുകളിലേക്ക് വരെ കാറ് പോകും. പിന്നെ നടക്കണമെന്നുമയാൾ പറഞ്ഞു. എങ്കിലും പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ ഇറങ്ങി തളളിയുമൊക്കെ കാർ പോകാവുന്നിടം വരെയെത്തിച്ചു. മല കയറി തുടങ്ങുമ്പോൾ കവുങ്ങും പേരക്കയും നെല്ലിയുമൊക്കെ നട്ടിരിക്കുന്നത് കാണാം. കണ്ടാൽ തന്നെയറിയാം അതൊന്നും വിളവിനു വേണ്ടി നട്ടതല്ലെന്ന് . കൂട്ടത്തിലൊരു ചങ്ങാതി പറയുകയുണ്ടായി ,ഇങ്ങനെ കൈയ്യേറി എന്തൊക്കെയോ നട്ടു കൊടുത്താൽ കുറേ കാലം കഴിയുമ്പോൾ അത് കൃഷിഭൂമിയായി അംഗീകരിച്ച് പട്ടയം കിട്ടുമെന്ന് . അങ്ങനെ കുറച്ച് ദൂരം ജീപ്പിന് മാത്രം പോകാവുന്ന റോഡിലൂടെ നടന്ന് കയറിയപ്പോൾ ഒരു ഗേറ്റ് കണ്ടു. ഗേറ്റ് എന്ന് വച്ചാൽ അടച്ചാൽ തുറക്കാനോ, തുറന്നാൽ അടക്കാനോ പറ്റാത്ത  തകരഷീറ്റ്. അത് രണ്ട് വശത്തേക്ക് മാറ്റിയിട്ട് വീഴാതിരിക്കാനായി മൂന്നാല് കല്ലെടുത്ത് വച്ചിരിക്കുന്നു. 

       ഇനിയാണ് മലകയറ്റം. വഴി എന്നു പറയുന്നത്, മഴവെള്ളമൊലിച്ച് വന്നതാണ്. അതു വഴി കുറച്ച് കയറിയപ്പോൾ ഒരു കട കണ്ടു, പക്ഷേ തുറന്നിട്ടില്ല.പൈപ്പിൽ വെള്ളമുണ്ടായിരുന്നത് കൊണ്ട് മുഖമൊക്കെ കഴുകി, കുറച്ച് നേരം അവിടെയിരുന്നു. കടയുടെ പിന്നിൽ പോയി നോക്കിയപ്പോൾ അവിടെ ഒരു വെളുത്ത പട്ടിയെ  കെട്ടിയിട്ടിരിക്കുന്നത് മാത്രം കണ്ടു. അതിന് ഞങ്ങളെ കണ്ട ഭാവം പോലുമില്ല. 
    വീണ്ടും നടന്നു. മുകളിലോട്ട് കയറുന്തോറും വഴിയില്ലാതായി , വെള്ളം കുത്തിയൊലിച്ചിറങ്ങിയ ചാലു മാത്രം. ഉരുളൻ കല്ലുകളും. എങ്കിലും ഞങ്ങൾ ഉത്സാഹത്തിൽ തന്നെയായിരുന്നു.  അങ്ങനെ ഞങ്ങൾ കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നായ തിരുനെറ്റിക്കല്ലിന്റെ മുകളിലെത്തി. രണ്ട് പാറകളാണവിടെയുള്ളത്. അതിലൊന്നിന്റെ മുകളിൽ കയറാൻ കയറിൽ കെട്ടിവച്ച ഇരുമ്പ് ഏണിയുണ്ട്. 

      ഞങ്ങൾ കുറച്ച് നേരം അവിടെയിരിക്കുമ്പോഴേക്കും മഴ ചാറി. പിന്നെ നന്നായി പെയ്യാൻ തുടങ്ങി. അവിടെയിരുന്നു കൊണ്ട് മഴ നനഞ്ഞാസ്വദിക്കാമെന്ന് കരുതിയെങ്കിലും പെട്ടെന്ന് ശക്തമായ ഇടിയും മിന്നലുമുണ്ടായി.  സംഗതി പന്തിയല്ലെന്നു കണ്ട് ഞങ്ങൾ പാറയിൽ നിന്ന് താഴെയിറങ്ങി. അപ്പോഴേക്കും മഴ ശക്തി പ്രാപിക്കുകയും വെള്ളം കുത്തിയൊലിച്ചിറങ്ങാനും തുടങ്ങി. ഞങ്ങൾ മലയിറങ്ങുമ്പോൾ വെള്ളത്തിലൂടെ മണ്ണിരയാണോ ചെറിയ പാമ്പാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ജീവികൾ  ഒരുപാടെണ്ണം ഒഴുകി പോകുന്നുണ്ടായിരുന്നു.  താഴെയിറങ്ങി നനഞ്ഞ വസ്ത്രം മാറുമ്പോഴാണ് അട്ട കടിച്ചതും ചോര വാർന്ന് വരുന്നതും കണ്ടത്. താഴെയെത്തുമ്പഴേക്കും മഴ തോർന്നതിനാൽ പേരക്കയും പറിച്ച് തിന്നുകൊണ്ടാണ് നടന്നത്. 


      പിന്നീട് ഞങ്ങൾ പോയത് കാനംവയൽ പുഴയിലേക്കാണ്. പാറക്കൂട്ടങ്ങൾ നിറഞ്ഞ പുഴയിൽ അധികം ഇറണ്ടിയില്ല. മഴ പെയ്തതു കാരണം ചെളിവെള്ളം കുത്തിയൊലിച്ച് വരുന്നുണ്ടായിരുന്നു. വനപ്രദേശമായതിനാൽ പാമ്പുകളും മറ്റും ഉണ്ടാവാനുള്ള സാധ്യതയുമുണ്ടാവാം. അവിടുത്തെ നാട്ടുകാരായ സ്ത്രീകൾ ജാഗ്രതയോടെ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും ഞങ്ങൾ സംസാരിച്ചപ്പോൾ നല്ല പെരുമാറ്റമായിരുന്നു അവരിൽ നിന്നും കിട്ടിയത്. 


    അതു കഴിഞ്ഞ്  തിരിച്ച് കോഴിച്ചാലിൽ എത്തുമ്പോഴേക്കും സമയം മൂന്നു മണി കഴിഞ്ഞിരുന്നു. അവിടെ ഹോട്ടലിൽ കയറി പൊറോട്ടയും മീൻ കറിയും കഴിച്ച് കുരിശുമലയിലേക്ക് പുറപ്പെട്ടു. കോഴിച്ചാലിൽ നിന്നാണ് താബോർ കുരിശുമലയിലേക്കുള്ള വഴി. ജീപ്പിന് മാത്രം കയറാൻ കഴിയുന്ന പൊട്ടിപ്പൊളിഞ്ഞ റോഡ് തന്നെയാണവിടേയും . റോഡരികിൽ കാർ നിർത്തി ഞങ്ങൾ കയറാൻ തുടങ്ങി. മുകളിലെത്തുമ്പഴേക്കും സമയം അസ്തമനത്തോടടുത്തിരുന്നു. ചുവന്ന ആകാശത്തിനും പച്ച വിരിച്ച താഴ് വാരത്തിനും ഇടയിലൂടെ മഞ്ഞുപുകകൾ കാറ്റിൽ നീങ്ങുന്നത് കണ്ടു. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ നിൽക്കുന്നിടത്തേക്കും തണുത്ത കാറ്റ് വന്നു തുടങ്ങി.ഒപ്പം ഇരുട്ടും ചീവീടുകളുടെ ശബ്ദവും. ഞങ്ങൾ എത്തിയത് കൃത്യ സമയത്തായിരുന്നു. അല്ലെങ്കിൽ ഇത്ര മനോഹരമായ കാഴ്ച കുരിശുമലയിൽ കിട്ടുമായിരുന്നില്ലെന്ന് തോന്നുന്നു. ഫോണിന്റെ വെളിച്ചത്തിൽ താഴെയെത്തുമ്പോഴേക്കും നല്ല ഇരുട്ടായിക്കഴിഞ്ഞിരുന്നു. എന്തായാലും ഞങ്ങളുടെ ഈ ഒരു ദിവസത്തെ യാത്ര വളരേ നന്നായി.


https://www.youtube.com/embed/B7krtVR5WUAloading...