വിവരണം കൃഷി


വിഷരഹിതപച്ചക്കറിക്കായി ഒരു ഫേസ്ബുക്ക് കൂട്ടായ്മ

Reporter: shanil archikites
ഗ്രൂപ്പിന്റെ അഡ്മിൻ പാനൽ അംഗങ്ങൾ

വിഷരഹിതപച്ചക്കറിക്കായി ഒരു ഫേസ്ബുക്ക് കൂട്ടായ്മ
സൗഹൃദകൂട്ടായ്മകള് എന്നത് ഇന്ന് ഒരു വാര്‍ത്തയല്ല . കാര്‍ഷിക ക്കൂട്ടായ്മകളും  ഒരു പുതുമയല്ല.. എന്നാല്  സമൂഹമാധ്യമത്തിലൂടെ  ഇത്  ഒത്തുചേരുമ്പോള്‍  അതില് ഒരു പുതുമയുണ്ട് .ആ     പുതുമയിലും  ഒരു പ്രത്യേകിത ഉണ്ടങ്കിലോ ... അതാണ് ഫേസ് ബുക്കിലെ ''കൃഷിത്തോട്ടം  ഗ്രൂപ്പ്''  -വിഷരഹിതപച്ചക്കറിക്കായി ഒരു ഫേസ്ബുക്ക് കൂട്ടായ്മ  ഗ്രൂപ്പിന്റെ    അഡ്മിന്‍പാനല്‍ അംഗങ്ങള്‍  എന്നും  എല്ലായ്‌പോഴും  പ്രവര്‍ത്തന  നിരതരായിരിക്കുന്നു.

ഗ്രൂപ്പിലെ പ്രധാന അഡ്മിന്‍ ആയ ലിജൊ ജോസഫിന്റെ നേതൃത്വത്തില്‍  ഉടലെടുത്ത  ഈ കൂട്ടായ്മ, മണ്ണിന്റെ  മകനായ തന്റെ ചാച്ചന്‍ നല്‍കിയ കൃഷിയുടെ ബാലപാഠങ്ങള്‍ ഇവിടെ ഉപയോഗപ്പെടുത്തുന്നു  .ലോകത്തിന്റെ നാനാഭാഗത്തുള്ള  ഉള്ള പ്രവാസികളായ അംഗങ്ങള് ഈ ഗ്രൂപ്പിന്റെ  എടുത്തു പറയണ്ട ഒരു പ്രത്യേകിതയാണ് . മലയാളനാട്ടില്‍ നിന്ന് മാറിനിന്നാലും മണ്ണിന്റെ മണം പ്രവാസികളുടെ മനസ്സില്‍ മായാതെ നില്‍ക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ .കേരളത്തില്‍ തുടങ്ങി ,ഗള്‍ഫ് രാജ്യങ്ങളും കടന്നു അമേരിക്കന്‍ ഐക്യനാടുകളില്‍ വരെ എത്തിനില്‍ക്കുന്നു അംഗബലം .

ഗ്രൂപ്പിന് പ്രത്യേകിതകള്‍ ഏറെയുണ്ട് .
ജൈവ കൃഷിയ്ക്ക് വേണ്ടുന്ന എല്ലാ ഉപദേശങ്ങളും നല്‍കുന്ന ഗ്രൂപ്പിന്റെ ഫയല്‍ സെക്ഷനില്‍ അടുക്കളകൃഷിയ്ക്ക് വേണ്ടുന്ന എല്ലാ ഉപദേശങ്ങളും റെഡി ആണ് .ഗ്രൂപ്പിന്റെ ടൈംലൈനില്‍ ചോദ്യങ്ങള്‍ ചിത്രത്തോടൊപ്പം ഇടുകയേ വേണ്ടു.ഞൊടിയിടക്കുള്ളില്‍ ഉത്തരങ്ങള്‍ റെഡി .ഒപ്പം പ്രത്യേക ഉപദേശങ്ങളും .ഗ്രോ ബാഗ് കൃഷിയും പരിപാലനവും ,ടെറസ് കൃഷി ,ഗ്രാഫ്റ്റിങ് ,ബഡിങ് ,അക്വാപോണിക്‌സ് അങ്ങിനെ കൃഷിയ്ക്ക് വേണ്ടുന്ന എല്ലാ വിധ സംശയങ്ങള്‍ക്കും മറുപടി ലഭിക്കുന്നു . 
പ്രവാസ ജീവിതം നയിക്കുമ്പോഴും തങ്ങള്‍ക്കുള്ള ഇത്തിരിയിടങ്ങളില്‍ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ കൃഷി ചെയ്യുന്നവരും കുട്ടിക്കാലം കാലം മുതല്‍ നട്ടും നനച്ചും കൃഷി ഉപജീവനം ആകിയവരും കൃഷിയില്‍ പുതിയ അറിവുകള്‍ നേടാനായി മുന്നിട്ടിറങ്ങിയ ധാരാളം യുവാക്കളും വെട്ടിയും കിളച്ചും കയ്യില്‍ തഴമ്പ് വന്നവരും ഈ ഗ്രൂപ്പില്‍ സജീവമാണ് . നേരില്‍ കാണാതെ തന്നെ കുടുംബങ്ങളെ പോലെ അറിയാവുന്നവര്‍ . ഇവരെ  ബന്ധിപ്പിച്ചു നിര്‍ത്തുന്നതോ ജീവിക്കുന്ന നാട് ഏതായാലും അവിടെ ഒരുമൂട് കറിവെപ്പെങ്കിലും നട്ടുപിടിപ്പിക്കാനുള്ള മലയാളികളുടെ സഹജവാസന തന്നെ . 
 
ജൈവ കൃഷി മാത്രമല്ല മാലിന്യ സംസ്‌കരണവും അതിനുള്ള ചിലവുകുറഞ്ഞ മാര്ഗങ്ങളും ,മാലിന്യങ്ങളില്‍ നിന്ന് എങ്ങിനെ ജൈവ വളങ്ങള്‍ ഉല്‍പാദിപ്പിക്കാം എന്നും അംഗങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട് 


.അംഗങ്ങളിലെ കൃഷി താല്‍പ്പര്യം വര്‍ധിപ്പിക്കാനും പ്രോത്സാഹനം  നല്കുവാനായും ധാരാളം മത്സരങ്ങളും നടത്തുന്നുണ്ട് .സ്വന്തം അടുക്കളത്തോട്ടത്തിന്റെ സെല്‍ഫി ,പശുവിന്റെ ഒപ്പം ഉള്ള സെല്‍ഫി ,ഹരിത സേന ,മാലിന്യ വിമുക്ത അടുക്കള,ചക്കമഹോത്സവം,അത്തപ്പൂക്കള മത്സരം ,ദേ മാവേലി ജൈവ നേന്ത്രന്‍ ,ഞാറ്റുവേല ക്യാമ്പയിന്‍, ഒരു വീടിനൊരു വേങ്ങേരി വഴുതന, 'അഗതികള്‍ക്കൊരു കൃഷിത്തോട്ട സദ്യ'' ''എന്റെ കൃഷിത്തോട്ട സദ്യ'' അങ്ങിനെ നീളുന്നു മത്സരങ്ങള്‍ . 

കൃഷിത്തോട്ടം ഗ്രൂപ്പിന്റെ മറ്റൊരു  സമ്മാന പദ്ധതിയാണ്
''ഭാവിക്കൊരു മുന്‍കരുതല്‍ സമ്മാനപദ്ധതി''. ഗ്രൂപ്പിന്റെ വിത്തുബാങ്കില്‍ നിന്ന്  അയച്ചു കൊടുത്തിട്ടുള്ള പത്തിനം വിത്തുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്.വിത്ത്മുളപ്പിക്കല്‍... വിളപരിപാലനം.. വിളവെടുപ്പ് .വിത്തെടുക്കല്‍, ഇങ്ങനെ പടിപടിയായുള്ള മത്സര രീതിയാണ് തയ്യാറാക്കിയിട്ടുള്ളത്.  
 
കഴിഞ്ഞ വര്ഷം പ്രവര്‍ത്തനം ആരംഭിച്ച വിത്ത് ബാങ്ക് ആണ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകിത . വിത്ത് നട്ട് വിളവെടുക്കുന്നതു വരെയുള്ള  ഘട്ടങ്ങള്‍ ഗ്രൂപ്പില്‍ ചെയ്യണം എന്നതും വിളവുണ്ടായാല്‍ അതിന്റെ വിത്തെടുത്തു വിത്തുബാങ്കിലേക്ക് തിരിച്ചടക്കണം എന്നതും ആണ് കണ്ടിഷന്‍ .ഗ്രൂപ്പിലെ അംഗങ്ങളായ റിജോഷ് മാറോക്കി ജോസ് ,ടീന ടൈറ്റസ് എന്നിവര്‍ ആണ് അതിനു മേല്‍നോട്ടം വഹിക്കുന്നത് . HOPE എന്ന അഗ്രിക്കള്‍ച്ചര്‍ സ്വസൈറ്റി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു  സഹായമായി, ശ്രീ ബാപ്പൂട്ടിക്ക ഒരുപാട് വിത്തുകള്‍ നല്‍കി സഹായിച്ചു .കടല്‍ കടന്നുപോയവര്‍ ഇപ്പോള്‍ നാട്ടിലേക്ക് കൃഷി വിത്തുകളും ഗ്രൂപ്പിലേക്ക് അയച്ചുകൊടുക്കാറുണ്ട്.

ഈ വര്ഷം ആദ്യം തുടക്കമിട്ട 'best farmer of the week '  ആണ് മറ്റൊരു പദ്ധതി .ഓരോ ആഴ്ചയും ഗ്രൂപ്പിലെ ഓരോ വ്യക്തിയെ best farmer of the week ആയി തിരഞ്ഞെടുക്കും .വിജയിയെ തിരഞ്ഞെടുക്കുന്നത് ഗ്രൂപ്പിലെ അവരുടെ കൃഷിപോസ്റ്റുകള്‍, കമെന്റുകള്‍ ,അവര്‍ക്കറിയാവുന്ന കൃഷി അറിവുകള്‍ പറഞ്ഞു കൊടുക്കുന്ന രീതി ,ഗ്രൂപ്പിലെ പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് .വിത്ത് ബാങ്കില്‍ നിന്നുള്ള വിവിധ തരത്തിലുള്ള അഞ്ചു ഇനം വിത്തുകള്‍ ആണ് സമ്മാനമായ് നല്‍കുന്നത് . ഇതുവരെ മുപ്പത്തി അഞ്ചു അംഗങ്ങളെ 'best farmer of the week '  ആയി തിരഞ്ഞെടുത്തു കഴിഞ്ഞു . കൂടാതെ ഈ മത്സരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ best farmer of the year  ആയി വര്‍ഷാവസാനം തിരഞ്ഞെടുക്കുന്നതാണ്. 

KTG യുടെ 'കണികാണാന്‍ ഒരു കണിവെള്ളരി' എന്ന ക്യാമ്പയിന്റെ ഭാഗമായി KTG യിലെ കുറേപ്പേര്‍ക്ക് കണിവെള്ളരി വിത്തുകള്‍ ഫ്രീയായി വിതരണം ചെയ്തു.

വിഷരഹിത പച്ചക്കറികള്‍ വളര്‍ത്തുന്നതിന്റെ പ്രാധാന്യം കുട്ടികളെ മനസ്സില്‍ ആക്കിപ്പിക്കാനായ് 'BEST കുട്ടികര്ഷകര്‍'' മത്സരം നടത്തി. മത്സരത്തിന്റെ അവസാനം ഏറ്റവും മികച്ചരീതിയില്‍ കൃഷി ചെയ്ത മൂന്ന് കുട്ടികളെ തിരഞ്ഞെടുത്തു സമ്മാനം നല്‍കി .

ഇതുക്കൂടാതെ ഇത് വരെ ഗ്രൂപ്പില്‍ കൂടി മാത്രം അറിവുകള്‍ പങ്കുവെച്ച  അംഗങ്ങള്‍ ഒന്ന് ചേര്‍ന്ന് മെയ്മാസം പതിമൂന്നിന്  KTG MEET നടത്തി. ഈ കഴിഞ്ഞ മെയ് പതിമൂന്നിനായിരുന്നു മീറ്റ് . പ്രധാന അഡ്മിന്‍ നേതൃത്വം കൊടുത്ത മീറ്റിനു  നിലവിളക്ക് കൊളുത്തി മീറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്  പ്രമുഖ കാര്‍ഷികവിദഗ്ദന്‍ ശ്രീ ദീപന്‍ വെളമ്പത്ത് ആണ് .വീട്ടിലേക്കു ആവശ്യമായ പച്ചക്കറികള്‍ സ്വയം തന്നെ നട്ടു വളര്‍ത്തി ഉണ്ടാക്കുക. അങ്ങിനെ വിഷ രഹിതമായ ഭക്ഷണ രീതി പരിശീലിക്കുക എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്നു അദ്ദേഹം പറഞ്ഞു .ഗ്രൂപ്പിലെ മറ്റു അഡ്മിന്‍ മാരായ ഉദയ പ്രകാശന്‍ ,സല്‍വ ഹസ്‌ക്കര്‍ ,മുകേഷ് ലളിത വിജയന്‍ ,റിജോഷ് മാറോക്കി ജോസ് ,ടീന ടൈറ്റസ്, HOPEന്റെ  സാരഥി ആയ ശ്രീ ബാപ്പൂട്ടിക്ക എന്നിവര്‍ പങ്കെടുത്ത മീറ്റില്‍ ആയിരത്തില്‍ അധികം  അംഗങ്ങള്‍ പങ്കടുത്തു .ഒപ്പം വിവിധ കൃഷി തൈകളുടെ വിതരണം ,കൂണ്‍ കൃഷി ക്ലാസ് എന്നിവ നടന്നു . ഗ്രൂപ്പിലെ അംഗങ്ങള്‍ ആയ ,ഫെലിന ചേച്ചി ,പദ്മനാഭന്‍ ചേട്ടന്‍,വിജയലക്ഷ്മി ചേച്ചി എന്നിവരെ ആദരിച്ചു .

' ഒരു വീടിനൊരു വേങ്ങേരി വഴുതന'
ഗ്രൂപ്പിലുള്ള എല്ലാ അംഗങ്ങള്‍ക്കും വേങ്ങേരി വഴുതന വിത്തുകള്‍ ഫ്രീയായി കൊടുക്കുക. അതിനു ശേഷം കേരളത്തിലെ എല്ലാ വീടുകളിലും വേങ്ങേരി വഴുതന വിത്തുകള്‍ ഫ്രീയായി എത്തിച്ച് കൊടുത്ത് എല്ലാവരെ കൊണ്ടും വേങ്ങേരി വഴുതന കൃഷി ചെയ്യിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2016  നവംബറില്‍ ആണ് ഇത് തുടങ്ങിയത്.

വിഷരഹിത നേന്ത്രക്കുലകള്‍ അടുത്ത ഓണത്തിന് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ദേ മാവേലി ജൈവ നേന്ത്രന്‍'' ക്യാന്‍സറിനെ എതിരെയുള്ള കാമ്പയിന്‍ , 'KTG നവകേരളം 2017 ' ഇളംതലമുറയെ പ്രകൃതിസ്‌നേഹം വളര്‍ത്തി കൊണ്ട് ഒരു നല്ല പാതയിലൂടെ നടത്താന്‍ ഉള്ള ലക്ഷ്യത്തോടെ ഉള്ള 'പാഠം 1, കൃഷിത്തോട്ടം' എന്നിവയാണ് കൃഷിത്തോട്ടം ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതികള്‍ . 

•    ദേ മാവേലി ജൈവ നേന്ത്രന്‍
വിഷരഹിത നേന്ത്രക്കുലകള്‍ അടുത്ത ഓണത്തിന് വിപണിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഒരു വാഴ മുതല്‍ 1000 വാഴ വരെ കൃഷി ചെയ്യുന്ന KTG അംഗങ്ങളെ ഇതിന് വേണ്ടി അണി നിരത്തും. നല്ലത് പോലെ ഇത് കൃഷി ചെയ്ത് ഓണത്തിന് വിളവെടുപ്പ്  നടുത്തുന്ന Best 3 KTG അംഗങ്ങള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും .

•    പാഠം 1, കൃഷിത്തോട്ടം
നല്ല ജീവിതത്തിനുള്ള സാംസ്‌കാരികമായ മുന്നേറ്റമാണ് കുട്ടികളില്‍ കൂടി സാധ്യമാക്കാന്‍ ഗ്രൂപ്പ് ശ്രമിക്കുന്നത് .അദ്ധ്യാപകരുടെ സഹായത്തോടെ കുഞ്ഞുങ്ങള്‍ കൃഷിയുമായി ബന്ധപ്പെടുന്നു. KTG നല്‍കുന്ന ഗ്രോബാഗുകള്‍ ഉപയോഗിക്കാന്‍ അവരെ പഠിപ്പിച്ച് ബാഗില്‍ മണ്ണ് നിറക്കുന്നപരിപാടി മുതല്‍ (എങ്ങിനെ നിറക്കണം?ഏത് അനുപാതത്തില്‍?എന്തൊക്കെ ചേര്‍ക്കണം എന്ന കാര്യത്തില്‍) അവരെ ബോധവാന്മാരാക്കുന്നു. എങ്ങിനെ വിത്ത് മുളപ്പിക്കണം, നടുന്നരീതി, ജലസേചനം ,കീടനിയന്ത്രണം,വിള പരിപാലനം വിത്തെടുക്കല്‍ തുടങ്ങിയവയെ കുറിച്ച് ബോധമുള്ളവരാക്കി ഈ കര്‍മ്മപദ്ധതിയിലേക്ക് അവരെ ഇറക്കുന്നു.കൃഷി ചെയ്യാന്‍ താല്പര്യമുള്ള കേരളത്തിലെ എല്ലാ ജില്ലകളിലെയും ഓരോ സ്‌കൂളുകള്‍ക്ക്  KTG 100 ഗ്രോബാഗും അതിന് വേണ്ട വിത്തുകളും ഫ്രീയായി നല്‍കുന്നതാണ് . 

•    KTG നവകേരളം 2017
ശീതകാല പച്ചക്കറികള്‍ വിഷം അടിക്കാതെ പൂര്‍ണ്ണമായും ജൈവ രീതിയില്‍ നമുക്ക് ഉല്‍പാദിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഈ കാമ്പയിന്റെ ലക്ഷ്യം കാലങ്ങളായി മലയാളി ഇത്തരം വിഷലിപ്ത പച്ചക്കറികളും,പഴവര്‍ഗ്ഗങ്ങളും ഭക്ഷിച്ചുകൊണ്ടിരിക്കുന്നതിന്റെ ദുരന്തം ഇപ്പോള്‍ അനുഭവിക്കുന്നു. ക്യാന്‍സര്‍ രോഗികളുടെയും ഹൃദ്രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അനുദിനം മരിച്ചുകൊണ്ടിരിക്കുന്ന ജനതയെ ജീവിതത്തിലേക്കു തന്നെ പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളുടെ തുടക്കം. യുവതി യുവാക്കളെ അടുക്കളത്തോട്ട ജൈവ ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ പ്രചോദനം നല്‍കുക എന്ന ഉദ്ദേശം കൂടി ലക്ഷ്യമിടുന്നുണ്ട് ഇതില്‍ ,അതിനാല്‍ 18 നും 35നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളെ മാത്രമേ മല്‍സരത്തിന് പരിഗണിക്കൂ.
ഏറ്റവും നല്ല 3 പോസ്റ്റ്കള്‍ക്ക് / വ്യക്തികള്‍ക്ക് സമ്മാനം ഉണ്ട് ...
ഒന്നാം സമ്മാനം ......... 3000 രൂപ
രണ്ടാം സമ്മാനം ...... 2000
മൂന്നാം സമ്മാനം ..... 1000

ശീതകാല പച്ചക്കറികളായ കാബേജ് ,കോളിഫ്‌ളവര്‍ ,ബീറ്റ്‌റൂട്ട് ,ക്യാരറ്റ് ,റാഡിഷ് ,പാലക്ക് , Knol knol ,ബ്രോക്കോളി ,കെയില്‍ ചീര ,ജര്‍ ജീര്‍ , സീമ മല്ലി ,സെല്ലറി ,ബീന്‍സ് ,അമര ,തുവര എന്നിവയാണ് കൃഷി ചെയ്യേണ്ടത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ജനുവരി 31 വരെയാണ് മത്സരകാലാവധി.

ഗ്രൂപ്പിലുള്ള വോളിയന്റെര്‍ മാരുടെ സഹകരണത്തോടെ സര്‍ക്കാര്‍ കൃഷി വകുപ്പുമായി സഹകരിച്ചു പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ അഡ്മിന്‍ പാനല്‍ ശ്രമിക്കുന്നുണ്ട് .
കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ ഗ്രൂപ്പിന്റെ എളിയശ്രമം ഇവിടെ തുടങ്ങുന്നു. അരിയും മുളകും മത്തനും വെണ്ടയും എല്ലാം ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല എന്നൊരു തിരിച്ചറിവ് പുതുതലമുറക്ക് കൈമാറാന്‍ കാര്യമായിത്തന്നെ മണ്ണിലേക്കിറങ്ങുന്നു. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്രയും മാത്രമായി ചുരുക്കാന്‍ പാനല്അംഗങ്ങള്ആഗ്രഹിക്കുന്നില്ല. പുതിയ ഒരുപാട് ആശയങ്ങളും പദ്ധതികളും അണിയറയില്‍ രൂപം കൊണ്ടേയിരിക്കുന്നു. കാര്‍ഷിക വൃത്തിയില്‍ നിന്ന് ആളുകള്‍ അകന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൃഷിത്തോട്ടം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും മാതൃകയാക്കേണ്ടുന്നതാണ് .
എല്ലാ അംഗങ്ങളും ഒരു പോലെ പ്രവര്ത്തനനിരതരായി പങ്കെടുക്കുന്ന ഗ്രൂപ്പുകള്ഇനിയും വേറെ ഉണ്ടോയെന്നു  സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്തന്നെ ഇരുപത്തിനായിരത്തിലേറെ  വരുന്ന അംഗബലത്തോടെ മുന്‍പോട്ടു കുതിക്കുന്നു . ഇനിയുള്ള കാലം ജൈവജീവിതമാകും പിന്തുടരുക എന്ന പ്രതിജ്ഞയാണ് വേണ്ടത് എന്ന് ''കൃഷിത്തോട്ടം  ഗ്രൂപ്പ്'' നമ്മളെ ഓര്‍മിപ്പിക്കുന്നു . കൃഷിയെയും മണ്ണിനെയും ആത്മാര്ഥ്മായി സ്‌നേഹിക്കുന്ന സുമനസ്സുകള്‍ക്ക്  ഈ ഗ്രൂപ്പിലേക്ക് എല്ലായ്‌പ്പോഴും സ്വാഗതം.


 

അറിവുകൾ പങ്കുവച്ച് അംഗങ്ങൾ ഒന്നുചേർന്ന് മെയ് മാസം 13ന് കെ ടി ജി മീറ്റ് നടത്തി


loading...