വിവരണം ഓര്‍മ്മചെപ്പ്


ഒരു ജനുവരി 18 ഇന്ത്യ പാക്കിസ്ഥാൻ ഫൈനൽ ഓർമ്മ

Reporter: / writter : ധനേഷ് ദാമോദരൻ

ഒരിക്കൽ കൂടി ഒരു ജനുവരി 18 കടന്നു പോയിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാകാത്ത ഒരു മത്സരവും ടൂർണമെന്റ് വിജയവും നടന്നിട്ട് 21 വർഷം കഴിഞ്ഞിരിക്കുന്നു . ഒരു തലമുറയെ മുഴുവൻ ആവേശം കൊള്ളിച്ച അതു പോലൊരു വിജയം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവമാണ് . ഡാക്കയിൽ 1998 ൽ നടന്ന ഇൻഡിപെൻറൻസ് കപ്പിലെ പാകിസ്ഥാനെതിരായ ഫൈനൽ ഇന്നും ഓരോ ക്രിക്കറ്റ് പ്രേമിക്കും ആവേശമാണ് .

ആ ബാല്യത്തിന്റെ , കൗമാരത്തിന്റെ , യൗവനത്തിന്റെ ഓർമ്മകളിലൂടെ യാഥാർത്ഥ്യവും കുറച്ചു സാങ്കല്പികവുമായ അനുഭവങ്ങൾ പങ്കു വെക്കുന്നു . നിങ്ങളുടെ ഓർമ്മകളും ഷെയർ ചെയ്യുമല്ലോ.ഓർമ്മയിലെ മികച്ച പ്രകടനങ്ങൾ
------------------------------------------
അന്നൊരു ഞായറാഴ്ചയായിരുന്നു. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ വീട്ടുകാരെല്ലാം തലേന്നു തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു .കുളിച്ച് കുറിയും തൊട്ട് അമ്മയും പെങ്ങളും രാവിലെ 6 മണിക്ക് ഒരുക്കങ്ങൾ തുടങ്ങിയതാ .സമയം 8 മണിയായി .അവരുടെ അലങ്കാരപ്പണികൾ ഇനിയും കഴിഞ്ഞിട്ടില്ല. അച്ഛനാണെങ്കിൽ കാത്തു നിന്ന് സഹി കെട്ട് പിറുപിറുക്കാൻ തുടങ്ങി.

" നീയെന്താടാ ഇനിയും റെഡി ആയില്ലേ ?"
അടുക്കളയിൽ നിന്നും അമ്മ ദേഷ്യത്തോടെ നീട്ടി വിളിച്ചു .

"ഞാനില്ല,എവിടേക്കും"

"ഓ... ഇന്നും ഉണ്ടാകും ആ കിറുക്കൻ കളി അല്ലേ " - അമ്മയുടെ പരിഹാസം.

" അല്ലെങ്കിലും ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല . ആ കുമാരന്റെ മോനെയും ഇവനെയും ഒരു നുകത്തിൽ കെട്ടേണ്ടതാ . ഇവൻമാരൊക്കെ ഇനി എന്ന് നന്നാവാനാ. "
ഞാൻ ഇവർ പറഞ്ഞ കിറുക്കൻ കളി കാണാൻ തുടങ്ങിയ അന്നു മുതൽ അച്ഛന്റെ ഈ ദുഷിച്ച വാക്കുകൾ കേൾക്കുന്നത് കൊണ്ട് തന്നെ പതിവു പോലെ ഇതും ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിട്ടു .

അല്ലെങ്കിലും ഈ കളിയുടെ ആവേശത്തെ പറ്റി ഈ പഴഞ്ചൻ ടീമുകൾക്ക് എന്തറിയാം എന്ന് മനസിൽ പറഞ്ഞു . ഇന്നലെ മുതൽ ആവേശത്തോടെ , എന്നാൽ ആശങ്കയോടെ ഒരു പോള പോലും കണ്ണടക്കാത്ത കാര്യം ഇവർ എങ്ങനെ അറിയാൻ ? സയ്യിദ് അൻവറും സഖ്ലൈൻ മുഷ്താഖും ആയിരുന്നു എന്റെ സ്വപ്നത്തെ വേട്ടയാടിയിരുന്നത് .

ബംഗ്ലാദേശിലെ ധാക്കയിൽ ഇന്നാണ് ആ ഫൈനൽ. അതും പാകിസ്ഥാനെതിരെ. അതൊക്കെ വിട്ട് കല്യാണത്തിന് പോകാൻ മാത്രം മണ്ടനല്ല ഞാൻ എന്ന ആത്മഗതത്തോടെ ഞാൻ എന്റെ ക്രിക്കറ്റ് ചിന്തകളിലേക്ക് ഒരിക്കൽ കുടി സഞ്ചരിച്ചു .

മനോജിന്റെ സൈക്കിൾബെൽ കേട്ടതോടെ പകുതി വിഴുങ്ങിയ പുട്ടിന്റെ ബാക്കി പാത്രത്തിൽ വെച്ച് ഞാനോടി.
മോഹനേട്ടന്റെ വീട്ടിലെ സ്റ്റെയർകേസിന്റെ നേരെ താഴെയുള്ള തറയിലാണ് നമുടെ ഇരിപ്പിടം .മൂക്കു മുട്ടെ വളർന്നിട്ടും ഒരു പണിക്കും പോകാതെ, പിള്ളേരോടൊപ്പം ക്രിക്കറ്റ് കളിച്ചു നടന്ന് വീട്ടുകാരുടെ വാക്കുകളിൽ തളരാതെ പിടിച്ച് നിൽക്കുന്ന അജയേട്ടനും രഘുവേട്ടനും കുറെ പരിവാരങ്ങളും വളരെ നേരത്തെ തന്നെ അവരുടെ ഇരിപ്പിടങ്ങളിൽ ഉപവിഷ്ടരായിരുന്നു .സിംഗപ്പൂർ ഗോപാലേട്ടനെ കണ്ടതോടെ ഇരുവരും മുണ്ട് താഴ്ത്തി ബഹുമാനം കാണിച്ചു . 61 വയസ്സുള്ള കടുത്ത ക്രിക്കറ്റ് പ്രേമിയായ ഗോപാലേട്ടൻ കുറെ കാലം സിംഗപ്പൂരിലായിരുന്നു ജോലി .ഒരു ഇംഗ്ലീഷുകാരന്റെ കമ്പനിയിലെ കണക്കപ്പിള്ള . അയാളുടെ സന്തത സഹചാരി എന്നും പറയാം. ഗോപാലേട്ടനൊപ്പം വർഷങ്ങൾക്കു മുൻപ് നാട്ടിലെ ആയുർവേദ ആശുപത്രിയിൽ സുഖചികിത്സക്കു വന്ന ആ വെള്ളക്കാരനെ ഞാനും കണ്ടിട്ടുണ്ടായിരുന്നു .

ഗോപാലേട്ടന് കളി കാണുവാൻ അവിടെ പ്രത്യേകം ചൂരൽ കസേര തന്നെ ഉണ്ടായിരുന്നു .ടോസ് കഴിഞ്ഞ് കളി തുടങ്ങാൻ പോകുന്നതിന് മുൻപ് തന്നെ അജയേട്ടൻ സ്ഥിരം അവലോകനം തുടങ്ങി . രഘു വേട്ടൻ എതിർപ്പും .വിനോദ് കാംബ്ലിയെ വിനോദ് കുംബ്ലെ എന്നും അനിൽ കുംബ്ലെയെ അനിൽ കാംബ്ലിയെന്നും വിളിക്കാറുണ്ടെങ്കിലും തന്നെപ്പോലെ ക്രിക്കറ്റ് അറിവുള്ള മറ്റൊരാൾ ഇല്ല എന്ന കാര്യത്തിൽ മാത്രം ലവലേശം സംശയമില്ലാത്ത അപൂർവ പ്രതിഭാസമാണ് രഘുവേട്ടൻ. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിന് വിട്ടപ്പോഴെ അജയേട്ടൻ തന്റെ ആശങ്ക പുറത്തു വിട്ടു .

"എന്ത് പണിയാ ഇവൻമാർ ഈ കാണിക്കുന്നേ. അഫ്രിഡിയോ മറ്റോ ഫോമിലായാൽ ഇന്നിനി നോക്കണ്ട.''

അജയേട്ടന്റെ എല്ലാ ആശങ്കകളും അകറ്റി അഫ്രിദി വേഗം പുറത്തായി .പിറകെ രണ്ടാമനായി അമീർ സുഹൈലും .എന്നാൽ എന്റെ സ്വപ്നത്തിൽ തലേന്ന് വേട്ടയാടിയ സയ്യിദ് അൻവർ നിർണായക മത്സരങ്ങളിൽ ഇന്ത്യക്കെതിരെ കാണിക്കാറുള്ള മികവ് ആവർത്തിച്ചപ്പോ ഇന്ത്യ ബാക്ക് സീറ്റിലായി .

ഒപ്പം ഇജാസ് അഹമ്മദ് കുടി ഉറച്ചു നിന്നതോടെ കളി കൈവിട്ടു . മൂന്നാം വിക്കറ്റിൽ പിറന്നത് 230 റൺസ് കൂട്ടു കെട്ട് .ഇരുവരും സെഞ്ചുറി നേടിയതോടെ (അൻവർ - 140 ,ഇജാസ് -117) മഴ മൂലം 48 ഓവർ ആക്കി ചുരുക്കിയ മത്സരത്തിൽ പാകിസ്ഥാൻ അവസാനിപ്പിച്ചത് 5 ന് 314 ൽ . ആ കാലഘട്ടത്തിലെ ഒരു മികച്ച സ്കോർ . എതിർ ടീം വലിയ സ്കോറുകൾ ഉയർത്തുപോൾ എന്നും ഇന്ത്യൻ ബൗളർമാരെ ശപിക്കാറുള്ള അജയേട്ടട്ടൻ സ്ഥിരം പല്ലവി ആവർത്തിച്ചു.


"ഇവൻമാരൊക്കൊ എവിടെ നോക്കിയാ എറിയുന്നേ . പാകിസ്ഥാൻകാരെ കാണുമ്പോ മുട്ടു വിറക്കുന്ന ഇവൻമാരെയൊക്കെ മുക്കാലിയിൽ കെട്ടി അടിക്കണം ." തോൽക്കുമെന്നുറച്ചപ്പോൾ അജയേട്ടന്റെ ആത്മരോഷം അണ പൊട്ടിയൊഴുകിയപ്പോൾ എന്നും വളരെ ശാന്തതയോടെ മാത്രം കളി കാണാറുള്ള രാമകൃഷ്ണേട്ടൻ സമാധാനിപ്പിച്ചു ."നല്ല ബാറ്റിങ്ങ് പിച്ചാണ് . സച്ചിൻ ഫോമിലായാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. സച്ചിൻ ഉഗ്രൻ ഫോമിൽ തന്നെയല്ലേ "
എന്നാൽ അതിനിടെ ടി.വിസ്ക്രീനിൽ ഇതേ വരെ ഏകദിന ക്രിക്കറ്റിൽ ഇത്രയും ഉയർന്ന സ്കോർ ചേസ് ചെയ്തിട്ടില്ലെന്ന് കാണിച്ച സമയത്ത് ഗോപാലേട്ടനനും ഇന്ത്യക്ക് സാധ്യത ഇല്ലെന്ന് പറഞ്ഞപ്പോ എന്റെയും മനോജിന്റേയും ഉള്ളൊന്ന് കാളി.

എല്ലാവരും കല്യാണത്തിന് പോയത് കൊണ്ട് തന്നെ ഉച്ചഭക്ഷണത്തിന് വീട്ടിൽ തലേന്നത്തെ മീൻചാറ് മാത്രമായിരുന്നു ശരണം .ഭക്ഷണ കാര്യത്തിൽ എന്നും വിട്ടു വീഴ്ചക്ക് തയ്യാറാകാത്ത ഞാൻ പക്ഷെ ക്രിക്കറ്റുള്ള ദിവസങ്ങളിൽ ഭക്ഷണം കഴിച്ചില്ലെങ്കിലും പ്രശ്നമേ ഇല്ല എന്ന പക്ഷക്കാരനായിരുന്നു. ഇന്ത്യയുടെ ചേസിങ് നെ പറ്റി ആലോചിച്ചപ്പോ സത്യം പറഞ്ഞാ ഭക്ഷണം പോലും ശരിക്കും ഇറങ്ങിയില്ല .തിന്നു എന്നു വരുത്തിച്ച പോലെ മോഹനേട്ടന്റെ വീട്ടിലേക്ക് രണ്ടാം ഭാഗത്തിനായി ഓടി.

സച്ചിനിലായിരുന്നു ഒരേ ഒരു പ്രതീക്ഷ. ആ ടുർണമെന്റിൽ ഒന്നാന്തരം ഫോമിലായിരുന്ന സച്ചിൻ ഇന്നിങ്സിലെ മൂന്നാം ഓവറിൽ അസ്ഹർ മഹമുദിനെ തുടർച്ചയായി 4 ബൗണ്ടറികൾ പായിച്ചതോടെ എല്ലാവരും ഒന്നുഷാറായി . എന്നാൽ 26 പന്തിൽ 41 റൺസിന്റെ വെടിക്കെട്ട് പ്രകടനം നടത്തി അഫ്രിഡിയുടെ പന്തിൽ സച്ചിൻ പുറത്തായത് കാണികളിൽ നിരാശ പടർത്തിയെങ്കിലും ആ ഇന്നിങ്ങ്സ് ടീമിന് നൽകിയ ആത്മവിശ്വാസം അത്ര മാത്രം വലുതായിരുന്നു . എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ക്യാപ്റ്റൻ അസ്ഹർ വൺ ഡൗണായി ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും കഠിനാധ്വാനി റോബിൻ സിംഗിനെ ഇറക്കിയപ്പോൾ അത് ഒരു നിയോഗമാകുമെന്ന് ഒരാളും കരുതിയിട്ടുണ്ടാവില്ല . സ്വതവേ ഓടാൻ മടി കാണിക്കുന്ന സൗരവ് ഗാംഗുലി യെ കുടി ഓടാൻ പ്രേരിപ്പിച്ച് സ്കോർ ഉയർത്തിയ റോബിൻ സ്കോർബോർഡിൽ 38 ഓവറിൽ 250 എത്തിയപ്പോൾ കൂറ്റനടിക്ക് ശ്രമിച്ച് അക്വിബ് ജാവേദിന്റെ പന്തിൽ പുറത്താകുമ്പോൾ നേടിയത് 83 പന്തിൽ 82 റൺസ് ആയിരുന്നു . അപ്പോഴേക്കും ഇന്ത്യ് ഒരപുർവ വിജയം എളുപ്പത്തിൽ നേടുമെന്ന് തോന്നിച്ചിരുന്നു . എന്നാൽ അതിനിടയിൽ നങ്കൂരമിട്ട് കളിച്ച ഗാംഗുലിക്ക് പരിക്കു പറ്റിയത് സ്കോർബോർഡിന്റെ ചലനം മന്ദഗതിയിലാക്കി .

അതിനിടെ വെളിച്ചക്കുറവു മൂലം കളി നിർത്തിയിക്കുമെന്ന ഘട്ടം വന്നുവെങ്കിലും ഇന്ത്യ കളി തുടരാൻ തയ്യാറായി . നമ്മൾ അടക്കമുള്ള ആരാധകരെ ആശങ്കയിലാക്കിയ കുറെ നിമിഷങ്ങളായിരുന്നു അത് . ആ സമയം കളി നിർത്തിയിരുന്നെങ്കിൽ മഴനിയമം പാകിസ്ഥാന് അനുകൂലമായേനെ .

സ്കോർ 268 ലെത്തിയപ്പോൾ നായകൻ അസ്ഹറും പിന്നാലെ 138 പന്തിൽ 124 റൺസുമായി ഗാംഗുലിയും പുറത്തായതേടെ പാകിസ്ഥാൻ കളിയിലേക്ക് തിരിച്ചു വന്നു . അടുത്തടുത്ത പന്തുകളിൽ സിദ്ദു വും ജഡേജയും പിന്നാലെ പിടിച്ചു നിൽക്കാൻ ശ്രമിച്ച നയൻ മോംഗിയ 47 മം ഓവറിന്റെ അവസാന പന്തിൽ റണ്ണൗട്ടും കുടി ആയതോടെ പ്രതീക്ഷകൾ മങ്ങാൻ തുടങ്ങി . 250 /1 ൽ നിന്നും 306/7 എന്ന സ്ഥിതിയിലേക്ക് ഇന്ത്യ തകർന്നു വീണു .

സന്തോഷത്തോടെ ഇരുന്ന അജയേട്ടന്റെയും രഘു വേട്ടന്റെയും മുഖം വലിഞ്ഞു മുറുകുന്ന പോലെ തോന്നിച്ചെങ്കിലും ഗോപാലേട്ടൻ നിർവികാരനായിരുന്നു .

അവസാന ഓവറിൽ ജയിക്കാൻ ഇന്ത്യക്ക് വേണ്ടിയിരുന്നത് 9 റൺസ് . ക്രീസിൽ ശ്രീനാഥും കനിത്കറും .

ഡ്രസിംഗ് റൂമിൽ ബാക്കിയുള്ളത് ആദ്യ മാച്ച് കളിക്കുന്ന രാഹുൽ സാങ്ങ് വിയും പിന്നെ ഹർവീന്ദർ സിംഗും മാത്രം . പന്തെറിയുന്നത് ഏകദിന ക്രിക്കറ്റിലെ ആ കാലത്തെ ഏറ്റവും മികച്ച സ്പിന്നർ സഖ് ലൈൻ മുഷ്താഖ് .ആദ്യ പന്തിൽ കനിത് കർ സിംഗിൾ നേടി .രണ്ടാം പന്തിൽ ശ്രീനാഥ് 2 റൺ നേടി.

അപ്പോഴേക്കും ഹാളിലെ ഏതാണ്ട് എല്ലാവരും ഇരിപ്പിടങ്ങളിൽ നിന്നും എണീറ്റിരുന്നു .കളിയിൽ വലിയ താൽപര്യമില്ലാത്ത വീട്ടുകാരൻ മോഹനേട്ടൻ വരെ ടെൻഷൻ അടിച്ചിരിക്കുന്നത് കണ്ടു .
ഇനി വേണ്ടത് 4 പന്തിൽ 6 റൺ .ശ്രീനാഥ് പന്ത് ഉയർത്തിയടിച്ചതോടെ എല്ലാവരുടെയും ശ്വാസം നിലച്ചു .എന്നാൽ ക്യാച്ചിനായി ഓടിയടുത്ത 3 ഫീൽഡർമാരും ആശയക്കുഴപ്പത്തിൽ ക്യാച്ച് കൈ വിട്ടതോടെ എല്ലാവരും ആർത്തു വിളിച്ചു.2 റൺസും കിട്ടി .അടുത്ത പന്തിൽ ശ്രീനാഥ് സിംഗിൾ എടുത്തതോടെ ലക്ഷ്യം 2 പന്തിൽ 3 റൺസായി .എല്ലാ കണ്ണുകളും അതു വരെ ഇന്ത്യൻ ക്രിക്കറ്റിന് അപരിചിതനായ ഋഷികേശ് കനിത്ക്കറിലേക്ക് .സമ്മർദ്ദത്തിന്റെ പരകോടിയിൽ കനിത്കർ മിഡ് ഓണിലേക്ക് പായിച്ച പന്ത് ബൗണ്ടറി ലൈൻ ചുംബിക്കുന്നതിന് മുൻപ് തന്നെ ഞാനും മനോജുമടക്കമുള്ള കുട്ടിപ്പട്ടാളവും മറ്റെല്ലാവരും അലറി വിളിച്ച് ആഹ്ലാദ നൃത്തം തുടങ്ങിയിരുന്നു എല്ലാവരും.

ആവേശം കൊണ്ട് നിന്ന നിൽപ്പിൽ ചാടിയ മനോജിന്റെ തല സ്റ്റെയറിൽ തട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യത്തിനായിരുന്നു .അജയേട്ടനും രഘുവേട്ടനും കമിതാക്കളെ പോലെ കുറെ നേരം കെട്ടിപ്പിടിച്ചു നിന്നു . എല്ലാറ്റിനും സാക്ഷിയായി സിംഗപ്പൂർ ഗോപാലേട്ടൻ മന്ദസ്മിതത്തോടെ നിന്നു .അന്ന് വരെ ഒരു ടീമും സ്വപ്നം പോലും കാണാത്ത ലക്ഷ്യം സാധിചെടുത്തതിന്റെ ആഹ്ളാദം ഓരോ മുഖത്തും ഉണ്ടായിരുന്നു .

ആവേശം നിറഞ്ഞ ഒരു പാട് കളികൾ പിന്നീടും ഉണ്ടായെങ്കിലും അത്ര മാത്രം ത്രസിപ്പിച്ച ഒരു മത്സരം പിന്നീട് ഞങ്ങളുടെ ആ സുവർണ തലമുറ കണ്ടിട്ടില്ല .പിന്നീട് എന്റെ വീട്ടിലടക്കം എല്ലാവരുടെയും വീടുകളിൽ ടി.വി വന്നതോടെ ഒത്തൊരുമിച്ച് കളികൾ കാണുക എന്നത് കുറഞ്ഞു തുടങ്ങി .എങ്കിലും ഞാനും മനോജും പിന്നീട് ഒന്നിച്ച് തന്നെയായിരുന്നു കളി കാണാറ് .കാര്യബോധം വന്ന അജയേട്ടൻ ഗൾഫിലേക്ക് പോയപ്പോ രഘുവേട്ടന് ദേവസ്വം ബോർഡിൽ ക്ലാർക്കായി ജോലി കിട്ടി .ഗോപാലേട്ടൻ ശാരീരിക പ്രശ്നങ്ങൾ കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നെങ്കിലും കളികൾ കാണുന്നത് മുടക്കാറില്ലായിരുന്നു .1999 ലോകകപ്പിനിടെ ഉറക്കമൊഴിഞ്ഞ് കളി കണ്ടിരുന്ന ഗോപാലേട്ടന് കാപ്പി നൽകാൻ പോയ വസുമതി ചേച്ചിയുടെ നിലവിളിയിൽ നമുക്ക് നഷ്ടമായത് സോബേഴ്സിനെയും റിച്ചാർഡ്സിനെയും ചാപ്പൽ സഹോദരൻമാരെയും നമ്മുടെ തലമുറക്ക് പരിചയപ്പെടുത്തിയ ഒരു ബഹുമാന്യനായ ക്രിക്കറ്റ് പ്രേമിയെ ആയിരുന്നു . ഗോപാലേട്ടന്റെ ഓർമ്മകൾ ഇന്നും അതേ പോലെ മനസിൽ നിൽക്കുന്നു .

മനോജിന്റെ അച്ഛൻ വരുത്തി വെച്ച കടബാധ്യതകൾ കാരണം വീടും സ്ഥലവം വിറ്റ് അവർ നമ്മുടെ നാട്ടിൽ നിന്ന് പോയെങ്കിലും ഞങ്ങളുടെ സ്നേഹ ബന്ധം അതു പോലെ തന്നെ മുന്നോട്ട് പോയി . പഴയ സാമ്പത്തിക പ്രയാസങ്ങളെ പറ്റി പറയുമ്പോൾ ചിരിക്കാൻ പറ്റുന്ന തരത്തിലുള്ള അത്രയും നല്ല സാമ്പത്തിക സ്ഥിതിയാണ് ക്യാനഡയിൽ ഹോട്ടൽ മാനേജർ ആയി ജോലി ചെയ്യുന്ന അവനിപ്പോ ഉള്ളത് .അവന്റെ ഫോൺ വിളികളിൽ ഇപ്പോഴും അജയേട്ടനും രഘു വേട്ടനും ഗോപാലേട്ടനും ക്രിക്കറ്റും തന്നെയാണ് ഇപ്പോഴും പ്രധാന വിഷയം .

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 25 മം വാർഷികത്തിന്റെ ഭാഗമായി നടന്ന ടൂർണമെന്റിന്റെ 1998 Jan 18 ന് നടന്ന ഫൈനൽ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ചതും ഒരു സ്വാതന്ത്ര്യമായിരുന്നു . ഷാർജയിൽ 14 വർഷം മുൻപ് ഒരു അവസാന ബോൾ സിക്സ്റിലൂടെ ഇന്ത്യൻ മനസ്സുകളിൽ തീ കോരിയിട്ട് ഒരു തലമുറയെ മുഴുവൻ വേട്ടയാടിയ ദു:ഖ സ്വപ്നങ്ങളിൽ നിന്നുള്ള മോചനം .

ഡാക്ക ഇൻഡിപെൻഡൻസ് കപ്പ് എന്നത് ഓർമ്മയിലെ വെറും ഒരു മത്സരം മാത്രമല്ല . എന്റെ ബാല്യകാലത്തെ ചൂടുപിടിപ്പിച്ച , ആവേശത്തിലാറാടിച്ച, ഒരു പാട് ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന , ഒരിക്കലും മറക്കാത്ത മുഹൂർത്തങ്ങൾ തന്നെയായിരുന്നു .


#DhaneshDamodaran


loading...