മാടായിപ്പാറയിലേക്ക് പരിസ്ഥിതി പഠനയാത്ര 

മാടായിപ്പാറയിലേക്ക് പരിസ്ഥിതി പഠനയാത്ര 

ധർമ്മശാല : ജനമൈത്രീ വായനശാല & ഗ്രന്ഥാലയം കെ എ പി 4 മാങ്ങാട്ടുപറമ്പ് ബാലവേദി വനിതാ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാടായിപ്പാറയിലേക്ക് പരിസ്ഥിതി പഠന യാത്ര സംഘടിപ്പിച്ചു. മാങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പിലെ ജനമൈത്രി വായനശാല & ഗ്രന്ഥാലയം ഈ വർഷത്തെ ബാലവേദിയുടെ മൺസൂൺ പ്രോഗ്രാമിനോട് അനുബന്ധമായിട്ടാണ് മാടായിപാറയിലേക്ക് ജൈവവൈവിധ്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനും പരിസ്ഥിതി പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെയും ഭാഗമായിട്ടാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 75 അംഗസംഘം മാടായിപ്പാറ സന്ദർശിച്ചത്. 

 റിട്ടയേഡ് അധ്യാപകനും പരിസ്ഥിതി പ്രവർത്തകനും സീഡ് ഡയറക്ടറുമായിട്ടുള്ള ശ്രീ കുഞ്ഞികൃഷ്ണൻ മാസ്റ്റർ വേങ്ങര മാടായിപ്പാറയുടെ ജൈവവൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ചും മാടായിപ്പാറയുടെയും പരിസരപ്രദേശങ്ങളുടെയും നൂറ്റാണ്ടുകളുടെ ചരിത്ര സംബന്ധിയായ വിശകലനങ്ങളടക്കം
സവിസ്തരം പ്രതിപാദിച്ചു കൊണ്ടുള്ള ക്ലാസും പരിപാടിയുടെ ഭാഗമായി മാടായിപ്പാറയിൽ സംഘടിപ്പിച്ചു. 

 മാടായിക്കോട്ട , ജൂതക്കുളം , വടകുന്ദകുളം ,ബട്ടർഫ്ലൈ സ്പോട്ട്,  കാക്കപ്പൂക്കളുടെ പരവതാനി , പ്രകൃതി പ്രതിഭാസങ്ങളുടെ ഭാഗമായി പാറമടകളിൽ സ്വാഭാവികമായി ഉണ്ടായ വിള്ളലുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം പഠനസംഘം സന്ദർശിക്കുകയും അവയുടെ എല്ലാം ശാസ്ത്രീയമായ വിശകലനങ്ങളും വിവരണങ്ങളും കുഞ്ഞികൃഷ്ണൻ മാഷ് നൽകിയത് കുട്ടികൾക്കും മുതിർന്നവർക്കും ഏറെ വിജ്ഞാനപ്രദമായ അനുഭവങ്ങൾ തന്നെയായിരുന്നു. 

 നാലു ചുറ്റും പുഴകളാൽ ചുറ്റപ്പെട്ട മാടായി കുന്നിൻ മുകളിൽ നിന്നുള്ള മാടായിപ്പാറയുടെ പച്ചപ്പും കാക്കപ്പൂക്കളുടെ നീലിമയും പ്രകൃതി ദൃശ്യങ്ങളുടെ ചാരുതയും
 നിറഞ്ഞ ഞായറാഴ്ചയുടെ സായാഹ്നം യാത്ര സംഘത്തിന് ഏറെ ഹൃദ്യവും നവ്യാനുഭൂതി പകരുന്നതും ആയിരുന്നു.

 ജനമൈത്രി വായനശാല സെക്രട്ടറി വിശ്വംഭരൻ കെ , പ്രസിഡണ്ട് ദിനേശൻ പി, വൈസ് പ്രസിഡണ്ട് അനിരുദ്ധ്  എം വി , ജോ: സെക്രട്ടറി അനൂപ് ഇടവലത്ത് , വനിതാ വേദി സെക്രട്ടറി അപ്സര നവീൻ,  പ്രസിഡണ്ട് ഷിജി ,  ബാലവേദി സെക്രട്ടറി അലൻ തോമസ് , പ്രസിഡണ്ട് നൈനിക ദീപേഷ് , സിനിലാൽ ആർ പി , ആര്യ രാഹുൽ , അനു ടി പി , അനീഷ് കൂവോടൻ,
 അനൂപ് ചേരിക്കൽ എന്നിവർ പഠനയാത്രക്ക് നേതൃത്വം വഹിച്ചു.