ഒന്നു നോക്കിയില്ല ചുമട് താങ്ങിയിലെ ഫ്ലക്സ് ബോർഡ് അഴിച്ച് മാറ്റി ഈ പൊതുപ്രവർത്തകൻ.

കഴിഞ്ഞദിവസം യാത്രക്കാരുടെ കാഴ്ച മറച്ചുകൊണ്ട് ഇങ്ങനെ ഒരു ബോർഡ് ഉണ്ട് എന്ന് പിലാത്തറയിലെ പൊതുപ്രവർത്തകനായ ഷാജി ബ്രാവോ പിലാത്തറ ഡോട്ട് കോമിനെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും വാർത്ത ആക്കിയിട്ടുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം ബോർഡ് ഊരി മാറ്റി ഞങ്ങളെ വീണ്ടും അറിയിച്ചു. വലിയ ഉത്തരവാദിത്തത്തിന് അഭിനന്ദനങ്ങൾ നേരുന്നു. അദ്ദേഹത്തിൻ്റെ ലൈഫ് എക്സ്പീരിയൻസ് കുറിപ്പായി താഴെ കൊടുത്തിട്ടുണ്ട്.

കണ്മുൻപിൽ ഉണ്ടായ ദുരന്തം ഒരുപാട് വർഷങ്ങൾക്ക് മുൻപ് പഴയ പിലാത്തറ ജംഗ്ഷനിലെ ആ വെയിറ്റിംഗ് ഷെഡിന് സമീപം ഉയർന്ന വലിപ്പമേറിയ ഒരു ഉത്സവത്തിന്റെ ഫ്ലെക്സ് ബോർഡ് ആരോ അലക്ഷ്യമായി സ്ഥാപിച്ചിരുന്നു. 

ആ ദുരന്തത്തിന് വഴിവെച്ചത്. പഴയങ്ങാടി റോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കണ്ണൂർ റോഡ് ഒട്ടും കാണാൻ കഴിയാത്ത വിധം കാഴ്ച പൂർണ്ണമായും മറച്ചുകൊണ്ടാണ് ആ ബോർഡ് സ്ഥാപിച്ചിരുന്നത്.

ഒരു ദിവസം സന്ധ്യാസമയത്ത്, പഴയങ്ങാടി റോഡിൽ നിന്നും ബൈക്കിൽ മാതമംഗലം റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു ആ യാത്രക്കാരൻ. കാഴ്ച മറച്ച ഫ്ലെക്സ് ബോർഡ് കാരണം ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ അദ്ദേഹത്തിന് കാണാൻ സാധിച്ചുകാണില്ല. ആ നിമിഷം പാഞ്ഞുവന്ന ഒരു ലോറി അദ്ദേഹത്തിന്റെ ബൈക്കിലിടിച്ചു തെറിപ്പിച്ചു. അപകടത്തിന്റെ ആഘാതത്തിൽ തെറിച്ചുവീണ അദ്ദേഹത്തിന്റെ ഹെൽമറ്റ് എന്റെ കാൽക്കലാണ് വന്നുപതിച്ചത്. നിർഭാഗ്യവശാൽ, സംഭവസ്ഥലത്തു വച്ചുത്തന്നെ ആ ജീവൻ പൊലിഞ്ഞു. വിദേശത്തുനിന്ന് നാട്ടിലെത്തി ഏതാനും ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ആ പ്രവാസി മലയാളിക്ക് ഈ ദാരുണാന്ത്യം സംഭവിച്ചത്.

ഈ മരണത്തിന് പിന്നിൽ വ്യക്തമായ രണ്ട് കാരണങ്ങളുണ്ട്:

കാഴ്ചമറയ്ക്കുന്ന പരസ്യബോർഡുകൾ: ജംഗ്ഷനുകളിൽ വാഹനങ്ങളുടെ കാഴ്ച പൂർണ്ണമായും മറയ്ക്കുന്ന രീതിയിൽ സ്ഥാപിക്കുന്ന ഇത്തരം നിയമവിരുദ്ധ ഫ്ലെക്സ് ബോർഡുകൾ ജീവനെടുക്കുന്ന കെണികളാണ്.

വെളിച്ചക്കുറവ്: പിലാത്തറ ജംഗ്ഷനിൽ അന്നുണ്ടായിരുന്ന വെളിച്ചക്കുറവ് ആ അപകടത്തിന്റെ ആക്കം കൂട്ടി. സങ്കടകരമെന്നു പറയട്ടെ, വർഷങ്ങൾ കഴിഞ്ഞിട്ടും പിലാത്തറയിലെ ഈ വെളിച്ചക്കുറവിന് ഇന്നും ശാശ്വതമായ ഒരു പരിഹാരമായിട്ടില്ല.

ഇനിയൊരു ജീവൻ കൂടി റോഡിൽ ഹോമിക്കപ്പെടാതിരിക്കാൻ, കാഴ്ച മറയ്ക്കുന്ന ഫ്ലെക്സുകൾക്കെതിരെയും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും അധികൃതർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ഇന്നും 

ഇത്തരം ഫ്ലക്സ് ബോർഡുകൾ അലക്ഷ്യമായി റോഡിന്റെ പലഭാഗങ്ങളിലും കാണുമ്പോൾ പഴയ ദുരന്തം ഓർമ്മയിൽ വന്നു.