
മഴക്കാലത്ത് ടെറസ്സിൽ കൃഷി ചെയ്യാവുന്ന 5 പച്ചക്കറികൾ
മഴക്കാലത്ത് ടെറസ് കൃഷിക്ക് ശ്രദ്ധിക്കേണ്ടത് പ്രധാന കാര്യങ്ങൾ : ഡ്രെയനേജ് സംവിധാനം, പുല്ല് ഇല്ലാത്ത മണ്ണ്, ജൈവ വളം എന്നിവയാണ്. ചട്ടികൾക്ക് കീഴിൽ കല്ലുകൾ വച്ച് വെള്ളം കെട്ടാതിരിക്കാൻ ശ്രമിക്കുക. പുല്ലുകൾ നിന്നാൽ ചെടികൾക്ക് രോഗസാധ്യത കൂടും, അതിനാൽ കൃഷി ചെയ്യുന്നതിന് മുമ്പ് മണ്ണ് വൃത്തിയാക്കുക.
മാർക്കറ്റിൽ നിന്നും നമ്മൾ വാങ്ങുന്ന പച്ചക്കറികൾ എത്രത്തോളം വിശ്വസിച്ച് കഴിക്കാനാകും? അക്കാര്യത്തിൽ വലിയ ഉറപ്പൊന്നും ഇല്ല. കാരണം നല്ല കായ്ഫലം ഉണ്ടാകാനും ചീഞ്ഞ് പോകാതിരിക്കാനുമായി എന്തൊക്കെ രാസവസ്തുക്കളും കീടനാശിനികളുമാണ് പച്ചക്കറികളിൽ ഉപയോഗിച്ചിരിക്കുക എന്ന് അറിയാൻ ഒരു വഴിയും ഇല്ല തന്നെ. ഇത്തരത്തിലുളള പച്ചക്കറികൾ കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് പല ദോഷങ്ങളും ഉണ്ടാകാം. വീട്ടിൽ തന്നെ പച്ചക്കറികൾ കൃഷി ചെയ്ത് ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ അതിലും മികച്ച ഒരു പരിഹാരം വേറെ ഇല്ല. എന്നാൽ ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ ആർക്കാണ് പറമ്പിലേക്ക് ഇറങ്ങാൻ സമയം. ഇനി സമയം ഉണ്ടെങ്കിൽ തന്നെ എവിടെയാണ് പറമ്പ് ഉളളത്. മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിൽ അതിന് വഴിയും ഉണ്ടാകും എന്നല്ലേ. കൃഷി ചെയ്യാൻ ഇന്നത്തെ കാലത്ത് ടെറസോ അടുക്കള വരാന്തയോ ഒക്കെ തന്നെ ഉണ്ടായാൽ തന്നെ ധാരാളമാണ്.
ഈ മഴക്കാലത്ത് നിങ്ങൾക്ക് വീട്ടിലെ ടെറസ്സിൽ കൃഷി ചെയ്ത് തുടങ്ങാവുന്ന 5 പച്ചക്കറികളെ ഇവിടെ പരിചയപ്പെടാം.
പയർ
പയർ കൃഷി മഴക്കാലത്ത് എളുപ്പമാണ്. കാരണം അവയ്ക്ക് നല്ല വെള്ളം ലഭിക്കുമ്പോൾ വളർച്ച വേഗത്തിലാകും. ടെറസിൽ ട്രെല്ലിസ് ഉപയോഗിച്ച് പയർ വളർത്താം, ഇത് വഴി സ്ഥലം ലാഭിക്കുകയും ചെയ്യും. കരിമണ്ണ്, മണൽ, കമ്പോസ്റ്റ് എന്നിവ ഒരുമിച്ച് ചേർത്ത് മണ്ണ് തയ്യാറാക്കി വലിയ പാത്രങ്ങളിലോ ചട്ടികളിലോ പയർ വിത്ത് നട്ട് വളർത്തുക. ചട്ടികളിൽ വെള്ളം നിറഞ്ഞ് നിൽക്കുന്നത് ഒഴിവാക്കാൻ ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കുക. 45-60 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പയർ വിളവെടുക്കാം.
ചീര
ചീരമഴക്കാലത്ത് കൃഷി ചെയ്യാൻ വളരെ അനുയോജ്യമായ ഒരു പച്ചക്കറിയാണ്, കാരണം ചീരയ്ക്ക് നനവുള്ള മണ്ണ് ഇഷ്ടമാണ്. ടെറസിൽ ചെറിയ പോട്ടുകളിലോ ഗ്രോ ബാഗുകളിലോ ചീരവിത്ത് നടാം. സൂര്യപ്രകാശം കുറവായാലും വളരാൻ കഴിയുന്നതിനാൽ ടെറസിന്റെ ഏത് ഭാഗത്തും ചീര കൃഷി ചെയ്യാവുന്നതാണ്. ജൈവ വളം ഉപയോഗിച്ച് നന്നായി പരിപാലിച്ചാൽ 25-30 ദിവസത്തിനകം ഇലകൾ വിളവെടുക്കാം
വെണ്ട
വെണ്ടയ്ക്ക് വളരാൻ ഇടത്തരം അളവിൽ വെള്ളവും സൂര്യപ്രകാശവും ആവശ്യമാണ്, പക്ഷേ മഴക്കാലത്ത് നല്ല ഡ്രെയിനേജ് ഉള്ള ചട്ടികളിൽ വളർത്തിയാൽ വിജയിക്കും. ഉയരമുള്ള സസ്യമായതിനാൽ ഒരു കമ്പിന്റെയോ മറ്റോ താങ്ങ് കൊടുത്ത് വളർത്താം. മണ്ണിൽ കമ്പോസ്റ്റും മൃദുവായ നനവും നിലനിർത്തുക. 50-60 ദിവസം കഴിഞ്ഞ് വിളവെടുപ്പ് ആരംഭിക്കാം.
പടവലങ്ങ
പടവലങ്ങ മഴക്കാലത്ത് ടെറസിൽ വളർത്താൻ വളരെ അനുയോജ്യമാണ്, കാരണം അവയ്ക്ക് ധാരാളം വെള്ളം ആവശ്യമാണ്. ചെടി വളർത്താൻ ട്രെല്ലിസ് ഘടിപ്പിച്ച് സ്ഥലം ഉപയോഗിക്കുക. ജൈവവളം മാത്രമേ ഉപയോഗിക്കുന്നുളളൂ എന്നുറപ്പാക്കുക. ശരിയായ പരിപാലിച്ചാൽ 50-70 ദിവസത്തിനകം പടവലങ്ങ വിളവെടുക്കാം.
തക്കാളി
തക്കാളി മഴക്കാലത്ത് വളർത്താൻ കുറച്ച് ശ്രദ്ധ ആവശ്യമാണ്, പക്ഷേ ഡ്രെയനേജ് ഉളളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് വിജയിക്കും. ചെറിയ പോട്ടുകളിൽ തക്കാളി നടുക, ഓരോ 10 ദിവസവും ജൈവ വളം ചേർക്കുക. രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇലകൾ പരിശോധിക്കുക. 60-80 ദിവസത്തിനകം വിളവെടുക്കാം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.