പയ്യന്നൂരിലെ നിഖില കരുതൽ തടവിൽ

'ബുള്ളറ്റ് ലേഡി' നിഖില ബെംഗളൂരുവിൽ അറസ്‌റ്റിൽ; ലഹരി വിൽപ്പന കേസിൽ സംസ്‌ഥാനത്ത് ആദ്യമായി യുവതിക്ക് കരുതൽ തടങ്കൽ

കണ്ണൂർ: ലഹരി മരുന്ന് വിൽപ്പന നടത്തിയതിനു സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതൽ തടങ്കൽ. ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന പയ്യന്നൂർ കണ്ടങ്കാളി മുല്ലക്കോട് സി.നിഖിലയെയാണ് (30) ബെംഗളൂരുവിൽ നിന്ന് തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് അറസ്റ്റ‌്. നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിൽ കരുതൽ തടങ്കലിലാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു

പിറ്റ് എൻഡിപിഎസ് നിയമ പ്രകാരമാണ് നിഖിലയെ അറസ്‌റ്റ് ചെയ്തത്. ഈ നിയമ പ്രകാരം സ്‌ഥിരമായി ലഹരി മരുന്ന് കടത്തുന്നവരെ ആറു മാസം തടങ്കലിൽ വയ്ക്കാം. ഈ വർഷം ഫെബ്രുവരിയിൽ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. 2023ൽ രണ്ടു കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ‌് ചെയ്തിരുന്നു.

ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില, "ബുള്ളറ്റ് ലേഡി' എന്നാണ് അറിയപ്പെട്ടിരുന്നത്. നേരത്തെ പയ്യന്നൂരിലും പിലാത്തറയിലുമായി പൊതുപ്രവർത്തന രംഗത്തും, ബിസിനസ് മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു നിഖില. 

ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങൾ വഴിയാണ് ലഹരിമരുന്നു വിൽപനയിലേക്ക് തിരിഞ്ഞതെന്ന് എക്സൈസ് ഉദ്യോഗസ്ഥ‌ർ പറഞ്ഞു. കേരള പൊലീസിന്റെയും ബെംഗളൂരു പൊലീസിന്റെയും സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സതീഷും സംഘവുമാണ് ഒളിവിൽ കഴിയുകയായിരുന്ന നിഖിലയെ അറസ്റ്റ‌് ചെയ്തത്.