പ്ലാൻ ഇല്ലാത്ത ഒരു യാത്ര

യാത്ര വിവരണം

പണ്ടു മുതലേ ഉള്ള ഒരു ആഗ്രഹം സാധിച്ചൊരു യാത്രയായിരുന്നു കഴിഞ്ഞ ദിവസം പോയത്. മൈസൂർ ദസറ കാണാൻ പണ്ടേ എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. നവരാത്രിയുടെ ഭാഗമായാണ് മൈസൂർ ദസറയും ഉണ്ടാകാറുള്ളത്. ആഗസ്ത്, സെപ്തംബർ മാസം മുതൽ തന്നെ ദസറയുമായി ബന്ധപ്പെട്ട നിരവധി റീലുകൾ ഇൻസ്റ്റഗ്രാമിൽ കാണാൻ ഇടയായി. അന്നേരം മുതലേ ഇത്തവണയെങ്കിലും പോകണമെന്ന് മനസിൽ ആഗ്രഹമുണ്ടായിരുന്നു. റീൽസ് കാണുമ്പോൾ അത് ഷനിലേട്ടനും അനിയനും ഷെയർ ചെയ്ത് കൊടുക്കാറുണ്ടായിരുന്നു. നാട്ടിൽ നിന്നും കല്യാണം കഴിച്ച് മൈസൂരിൽ താമസമാക്കിയ ഷീജേച്ചിയോടും ഇടയ്ക്കിടെ മെസേജ് അയച്ച് ദസറയെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടായിരുന്നു. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് ഇത്തവണ ദസറ . അനിയൻ പറഞ്ഞു ഇപ്പോ വരുന്നില്ല നീ പോയിക്കോ എന്ന്. അങ്ങനെ ഷനിലേട്ടനും ഞാനും ഇത്തവണ ഉറപ്പായും പോകാം എന്ന് തിരുമാനിച്ചു. തിയ്യതിയും സമയവും ഒന്നും തിരുമാനിച്ചില്ല. സെപ്തംബർ 22 ന് ദസറ തുടങ്ങി. എന്നാൽ പിന്നെ സെപ്തംബർ 28 ഞായറാഴ്ച്ച പോകാമെന്ന് ഞാനും ഷനിലേട്ടനും തിരുമാനിച്ചു.

25 വ്യാഴാഴ്ച്ച ഞാൻ വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടു മൂന്ന് വർഷം മുമ്പ് കുടകിൽ ട്രിപ്പ് പോയത്. കൂർഗ് യാത്രയുടെ ഓർമ്മകൾ എന്നും പറഞ്ഞ്. അന്ന് ഞാനും അനിയനും മുബഷീറും ഫായിസുമാണ് രണ്ട് ബൈക്കുകളിലായി പോയിരുന്നത്. രാത്രി സ്റ്റാറ്റസ് കണ്ട മുബഷീർ പറഞ്ഞു എടാ എവിടെങ്കിലും പോയാലോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഞായറാഴ്ച്ച മൈസൂരിൽ പോകണമെന്ന് വിചാരിക്കുന്നുണ്ട് നീയും വരുന്നോ എന്ന് ചോദിച്ചു. ഫായിസിനെ കൂടി കൂട്ടിക്കോ എന്നും പറഞ്ഞു. രാവിലെ ചോദിച്ചിട്ട് മറുപടി തരാമെന്ന് അവൻ മറുപടിയും പറഞ്ഞു. 26 വെള്ളിയാഴ്ച്ച ന് രാവിലെ 11.30 ന് ഞാൻ വീണ്ടും മുബഷീറിന് മെസേജ് അയച്ചു ചോദിച്ചു തിരുമാനം എന്തായിന്ന്. അവനും ഫായിസും റെഡി ആണെന്ന് മറുപടിയും വന്നു. അങ്ങനെ രണ്ട് പേർ പോകാൻ തിരുമാനിച്ചിടത്ത് നാലു പേരായി. അതിനു ശേഷം വാട്ട്സ് ആപ്പിൽ ഒരു ഗ്രുപ്പും ആക്കി പ്ലാൻ ഇല്ലാത്ത ട്രിപ്പ് എന്ന പേര് നൽകി. അന്ന് ഗ്രൂപ്പിൽ കാര്യമായ ചർച്ചകൾ ഒന്നും തന്നെ ഉണ്ടായില്ല. ഞായറാഴ്ച്ച പോകാം എന്ന് മാത്രമേ അന്ന് പറഞ്ഞുള്ളു. 27 ശനിയാഴ്ച്ച വാർത്തയുടെ തിരക്ക് ആയതിനാലും ട്രിപ്പ് പോകണ്ടേതിനെ കുറിച്ചും ഓർത്ത് ആകെ ഒരു ടെൻഷൻ ആയിരുന്നു.

ഓഫീസിൽ നിന്നും 5000 രൂപ അഡ്വാൻസ് വാങ്ങിയാണ് ഞാൻ യാത്ര പോകാൻ തിരുമാനിച്ചത്. ഓഫീസിൽ നിന്നും പൈസയും വാങ്ങി വണ്ടിയിൽ ഫുൾ ടാങ്ക് പെട്രോളും അടിച്ചു. ഗ്രൂപ്പിൽ യാത്രയ്ക്ക് കൊണ്ടു വരേണ്ട കാര്യങ്ങളെ കുറിച്ചും അറിയിപ്പ് കൊടുത്തു. സമയം വൈകീട്ട് 5.45 അന്നേരം മുബഷീറിൻ്റെ ഒരു കോൾ എടാ വണ്ടിയുടെ പൊലൂഷൻ തീർന്നിട്ടാ ഉള്ളത് എന്തെങ്കിലും വഴിയാക്കണമെന്ന്. ഞാൻ ആണെങ്കിൽ പേരൂലിൽ വാർത്തയുടെ ഇടയിലായിരുന്നു. ഉടൻ തന്നെ സുഹൃത്തിനെ വിളിച്ച് മാതമംഗലത്തെ പൊലൂഷൻ എടുക്കുന്ന കടയിലെ ചേട്ടനെ വിളിച്ച് അൽപം നേരം ഒന്ന് നിൽക്കുമോ എന്നു ചോദിച്ചു. 7 മണി വരെ കടയിൽ ഉണ്ടാകുമെന്ന് പറഞ്ഞു. ഉടൻ മുബഷീറിനെ വിളിച്ച് മാതമംഗലത്തേക്ക് പോകാൻ പറഞ്ഞു. പേരൂലിലെ വാർത്തയെടുത്ത് എട്ടു മണിയോടെ വീട്ടിൽ എത്തി. നാളെ എത്ര മണിക്കാ പോകുന്നത് എന്ന് ഇതു വരെ തിരുമാനിച്ചില്ല. ഞാൻ കുളിയൊക്കെ കഴിഞ്ഞ് നാളെക്കുള്ള വാർത്തയും റിപ്പോർട്ടും എല്ലാം ഓഫീസിലേക്ക് അയച്ചു കൊടുത്തു. ബാഗിൽ കൊണ്ടു പോകാനുള്ള ക്യാമറ , ഡ്രസ് ഒക്കെ പാക്ക് ചെയ്ത് വച്ചു. എന്നിട്ട് ഗ്രൂപ്പിൽ കയറി രാവിലെ 5 മണിക്ക് പുറപ്പെടാം എന്നു പറഞ്ഞു. നല്ല മഴയായിരുന്നു അന്ന്. ബൈക്ക് മാറ്റി കാറിൽ പോകണോ എന്ന ചർച്ച വരെ ആയി. പക്ഷേ ബൈക്കിൽ പോകുന്ന സുഖം കാറിൽ കിട്ടില്ലല്ലോ. 11.45 ഓടെ ഗ്രൂപ്പിൽ ഗുഡ് നൈറ്റും പറഞ്ഞ് കിടന്നു ഉറങ്ങി. പുറത്ത് നല്ല മഴയും. യാത്ര കുളമാകുമോ എന്ന ചിന്ത മനസിലും.

28 ഞായറാഴ്ച്ച രാവിലെ 4.30 ന് എഴുന്നേറ്റു . കുളിയൊക്കെ കഴിഞ്ഞ് ചായും കുടിച്ച് 5 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങി യാത്ര ആരംഭിച്ചു. പോകുന്ന വഴി ഫായിസിനെ കൂട്ടി മാതമംഗലത്ത് ഇറക്കി . മുബഷീർ ഇവിടെ വന്ന് ഫായിസിനെ കൂട്ടി ചുടലയിൽ എത്തും ആ സമയം കൊണ്ട് ഞാൻ പിലാത്തറ പോയി ഷനിലേട്ടനെയും കൂട്ടി അവിടെ എത്താമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ നാലു പേരും രണ്ട് ബൈക്കുകളിലായി യാത്ര തുടർന്നു. തളിപ്പറമ്പ - ശ്രീകണ്ഠാപുരം - വഴിയായിരുന്നു യാത്ര. മഴയുള്ള കാലാവസ്ഥയായിരുന്നു. 7.30 ഓടെ ഇരിട്ടി കഴിഞ്ഞ് ഒരു പെട്രോൾ പമ്പിൽ വണ്ടി നിർത്തി. അതി രാവിലെ വന്നതിനാൽ എല്ലാവർക്കും ഒരു ശങ്ക ഉണ്ടായിരുന്നു. ഒരു ചായയൊക്കെ കുടിച്ച് പമ്പിലെ സുഖം എന്നു പേരുള്ള ടോയ്ലറ്റിൽ ശങ്ക ഒക്കെ അങ്ങ് തീർത്തു. 8 മണിയോടെ വീണ്ടും യാത്ര തുടർന്നു.

മാക്കൂട്ടം ചുരം വഴിയാണ് യാത്ര. ചെറു മഴയും തണുത്ത കാറ്റും കോടമഞ്ഞ് നിറഞ്ഞ കാഴ്ച്ചകളും സമ്മാനിച്ച യാത്ര. ചുരത്തിൻ്റെ ചില ഭാഗങ്ങളിൽ റോഡ് പൊട്ടി പൊളിഞ്ഞതായിരുന്നു. അതിനാൽ അൽപം പ്രയാസത്തോടെയാണ് മാക്കൂട്ടം ചുരം കയറിയത്. രാവിലെ ആയതിനാൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ കൂർഗ് ഗേറ്റും കടന്ന് മൈസൂർ റോഡിൽ കയറി. കുറേ ദൂരം സഞ്ചരിച്ച് വണ്ടി വഴിയരികിൽ നിർത്തി. ഷനിലേട്ടൻ ചിക്കൻ ഫ്രൈയും ബ്രഡും കഴിക്കാൻ കൊണ്ടു വന്നിട്ടുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ആൽമരച്ചുവട്ടിൽ നിന്നുകൊണ്ട് പ്രഭാത ഭക്ഷണം കഴിച്ചു. എനിക്ക് ഈ വിധം ചിക്കൻ അധികം ഇഷ്ടമല്ലാത്തതിനാൽ ബ്രഡ് മാത്രം കഴിച്ചു. അങ്ങനെ ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു. ചെറു ചാറ്റൽ മഴ ഉണ്ടായതിനാൽ കോട്ടു മിട്ടാണ് യാത്ര. ചെറുപട്ടണങ്ങളും കൃഷിപ്പാടങ്ങളും യാത്രയിൽ കാണാൻ. അൽപം കൂടി സഞ്ചരിച്ചപ്പോൾ ഫോറസ്റ്റ് എത്തി. പിന്നീട് കുറേ ദൂരം ഫോറസ്റ്റിൽ കൂടിയായിരുന്നു യാത്ര. മുൻപ് ഇതുവഴി ഞാനും അനിയനും രാത്രിയിൽ വന്നപ്പോൾ ആനയെ ഇടിക്കാൻ പോയതൊക്കെ മനസിൽ ഓർമ്മ വന്നു. അങ്ങനെ വനമേഖലയൊക്കെ കഴിഞ്ഞപ്പോൾ പിന്നെ ഏക്കറു കണിക്കിന് കൃഷിപ്പാടമായിരുന്നു. റോഡരികിൽ വിൽപ്പനയിക്കായി വെള്ളനിറത്തിൽ ക്യാരറ്റ് പോലെ ഒരു സാധനം കണ്ടു. ഞാൻ കരുതി പുതിയ തരം വെള്ള ക്യാരറ്റ് ആണെന്നാണ് പിന്നിടാ മനസിലായത് മുള്ളങ്കി ആണെന്ന്.റോഡരികിൽ വണ്ടി നിർത്തി കൃഷിപ്പാടത്തേക്ക് പോയി. പരമ്പരാഗത രീതിയിൽ കാളയെ ഉപയോഗിച്ച് നിലം ഒരുക്കുന്ന കർഷകനെയും മറുഭാഗത്ത് മുള്ളങ്കി കൃഷിയും അവ പറിച്ചെടുത്ത് റോഡരികിൽ വില്പനയും നടത്തുന്നുണ്ടായിരുന്നു. അതൊക്കെ കണ്ട് ആസ്വദിച്ച് നിന്നു.ഒരു മുള്ളങ്കി കഴിക്കാൻ കൃഷിക്കാരൻ ഞങ്ങൾക്ക് തന്നു.അത് പൊട്ടിച്ച് ചെറിയ കഷ്ണം വായിലിട്ടതേ ഓർമ്മയുള്ളു.ഒരു തരം ചമർപ്പും ചുവയും ഞാൻ അത് കർഷകർ കാണാതെ മുഴുവനായി തുപ്പി കളഞ്ഞു. ബാക്കി വന്ന ഭാഗം ബാഗിൻ്റെ സൈഡിൽ വയ്ക്കുകയും ചെയ്തു. ഞാൻ ആദ്യമായിട്ടാണ് അത് കഴിച്ച് രുചി നോക്കിയത്.ബാക്കിയുള്ളവർ അത് മുഴുവനായി കഴിച്ചു. വീണ്ടും യാത്ര തുടർന്നു. ചോളം,വാഴ,നെല്ല്,പപ്പായ , തുടങ്ങിയ കൃഷികളായിരുന്നു കാണാനുള്ളത്.കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ കാളവണ്ടി പോകുന്നത് കണ്ടു.അതിൻ്റെ ചിത്രങ്ങൾ ഒക്കെ എടുത്ത ശേഷം റോഡരികിൽ കണ്ട ഒരു ഹോട്ടലിൽ വണ്ടി നിർത്തി.

സമയം11.45.പ്രഭാത ഭക്ഷണം ഓർഡർ കൊടുത്ത് മൊബൈൽ ഫോൺ അവിടെ ചാർജിന് വെച്ചു.ചപ്പാത്തിയും പൊറോട്ടയും ഐല മീൻ കറിയും മുട്ട കറിയുമാണ് ഓർഡർ ചെയ്തത്.പുറം കാഴ്ച്ചകളും വർത്തമാനമൊക്കെ പറഞ്ഞ് ഭക്ഷണം കഴിച്ചു. 320 രൂപ ഭക്ഷണത്തിനായി. വീണ്ടും യാത്ര തുടർന്നു.നല്ല വെയിൽ ഉള്ള കാലാവസ്ഥ ആയിരുന്നു.ഒരു മണിയോടെ റോഡരികിൽ കണ്ട ഒരു വിശാലമായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വണ്ടി നിർത്തി നേരെ അവിടെ പോയി കിടന്നു. ചൂട് ആണെങ്കിലും നല്ല തണുത്ത കാറ്റുണ്ടായിരുന്നു. ബാഗ് തലയണയായി വെച്ച് നാലുപേരും നീണ്ട് നിവർന്ന് ഒരു മണിക്കൂറോളം കിടന്നു. വീണിടം വിഷ്ണുലോകം എന്നാണല്ലോ ചൊല്ല്. വീണ്ടും എഴുന്നേറ്റ് യാത്ര തുടർന്നു. 3 മണിയോടെ മൈസൂർ എത്തി.

ആദ്യം ചാമുണ്ഡി ഹിൽ പോകാം എന്നു പറഞ്ഞു. ഗൂഗിൽ മാപ്പിൻ്റെ സഹായത്തോടെ യാത്ര തുടർന്നു.മൈസൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെ ചാമുണ്ഡി കുന്നിൻ മുകളിൽ 3,489 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചാമുണ്ഡേശ്വരി ക്ഷേത്രം. എരുമത്തലയുള്ള അസുരനായ മഹിഷാസുരനെ പരാജയപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി 'മഹിഷാസുര മർദ്ദിനി' എന്നും അറിയപ്പെടുന്ന ശ്രീ ചാമുണ്ഡേശ്വരിയെയാണ് ഈ പുണ്യക്ഷേത്രം ആരാധിക്കുന്നത്. വലിയ കുന്നുകൾ കയറിയാണ് ഇങ്ങോട്ടുള്ള യാത്ര. മുകൾ ഭാഗത്തൊക്കെ എത്തുമ്പോൾ മൈസൂർ പട്ടണത്തിൻ്റെയും കർണാടകയുടെ വിവിധ ഭാഗങ്ങളുടെ വിദൂര കാഴ്ച്ചയും നമുക്ക് കാണാൻ സാധിക്കും.നല്ല മഞ്ഞ് മൂടുന്ന പ്രദേശമാണ് ഇവിടം എന്ന് കേട്ടിട്ടുണ്ട്. ക്ഷേത്രത്തിൻ്റെ പാർക്കിങ് സ്ഥലത്ത് ബൈക്ക് പാർക്ക് ചെയ്ത് ക്ഷേത്ര പരിസരം നടന്നു കണ്ടു. നല്ല തിരക്കായിരുന്നു ഇവിടം.

ചന്തയിൽ നിന്ന് നൂറൂ രൂപയ്ക്ക് കിട്ടുന്ന കണ്ണട ഒക്കെ ഇവർ മൂന്ന് പേരും വാങ്ങി. പിന്നെ കണ്ണട ഇട്ട് കൊണ്ടായിരുന്നു ഇവരുടെ നടപ്പ്. കളി കണ്ടാൽ തോന്നും പതിനായിരം രൂപയുടെ കണ്ണട ആണെന്ന്. അങ്ങനെ കാഴ്ച്ചകളൊക്കെ കണ്ട് തിരിച്ച് മൈസൂരിലേക്ക് വരാൻ തിരുമാനിച്ചു.

സമയം 4 മണി കഴിഞ്ഞു.തിരിച്ച് വരുന്ന വഴിയിൽ ഒരു ഹോട്ടലിൽ കയറി ഉച്ച ഭക്ഷണം കഴിക്കാൻ തിരുമാനിച്ചു. വിശാലമായ വെജിറ്റേറിയൻ ഹോട്ടൽ . ചോറിന് ഓർഡർ ചെയ്തു. ബോളിയും പൂരിയും പായസവും അടങ്ങുന്ന നല്ല ഭക്ഷണം നമ്മൾ ആസ്വദിച്ച് കഴിച്ചു. 180 രൂപയാണ് ചോറിൻ്റെ വില. ജി.എസ്.ടി അടക്കം 780 രൂപയായി ഭക്ഷണത്തിന്.

യാത്രയ്ക്ക് മുമ്പേ തന്നെ ദസറയെ കുറിച്ച് അറിയാനായി ഷീജേച്ചിക്ക് മെസേജ് അയച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു ഞാൻ. പക്ഷേ നമ്മൾ എത്തുന്ന 28 ന് അവർ സ്ഥലത്ത് ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നു.യാത്രയുടെ ഇടയിൽ ഇന്നത്തെ താമസത്തിൻ്റെ കാര്യം ഞങ്ങൾ പരസ്പരം പറഞ്ഞു, താമസിക്കാൻ മൈസൂരുവിൽ ഇന്ന് റും ഒന്നും കിട്ടില്ല ഏന്തെങ്കിലും ബസ് സ്റ്റോപ്പിൽ കിടന്ന് നേരം വെളുപ്പിക്കാം എന്നാണ് നമ്മൾ ധാരാണയാക്കിയത്. അതിൻ്റെ ഇടയിൽ ഷീജേച്ചിയുടെ മെസേജ് വന്നു ഇന്ന് നിങ്ങൾ എല്ലാവരും എൻ്റെ വീട്ടിൽ താമസിച്ചോ വീടിൻ്റെ താക്കോൽ അവിടെ ഒരു വീട്ടിൽ കൊടുത്തിട്ടുണ്ടെന്ന്. ഇത് കേട്ടപാടെ ഞങ്ങൾക്ക് വല്ലാത്ത സന്തോഷമായി. ദസറയുടെ തിരക്കിൽ രാത്രി എങ്ങനെ കിടന്നു ഉറങ്ങും എന്ന വിഷമം ഞങ്ങൾക്ക് ഉണ്ടായിരുന്നു. വീടിൻ്റെ ലൊക്കേഷൻ അയച്ചു തരാം എന്നും പറഞ്ഞു. രാത്രിയിൽ മാത്രമേ മൈസൂരുവിൻ്റെ ദസറ കാഴ്ച്ചകൾ നമുക്ക് ആസ്വദിക്കാൻ പറ്റുള്ളു. അപ്പോഴാണ് ഷനിലേട്ടൻ പറഞ്ഞത് പെങ്ങളുടെ മകൾ ഇവിടെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനിൽ പഠിക്കുന്നുണ്ട് ഇവിടം വരെ വന്ന സ്ഥിതിക്ക് അവളെ കണ്ടിട്ട് പോകാമെന്ന്. അങ്ങനെ അവളുടെ കോളേജിൽ എത്തി അവളെ കണ്ടു. സമയം 5.45 കഴിഞ്ഞു. വാട്ട്സ് ആപ്പിൽ ഷിജേച്ചിയുടെ മെസേജ് വന്നു വീടിൻ്റെ ലൊക്കേഷൻ. അപ്പോൾ നോക്കിയപ്പോൾ കോളേജിൻ്റെ അടുത്ത് തന്നെ ആണെന്ന് മനസിലായി. എന്തായാലും അടുത്തല്ലേ റൂമിൽ പോയി കുളിയൊക്കെ കഴിഞ്ഞ് ഫ്രഷായി ബാഗ് ഒക്കെ അവിടെ വച്ച് വരാം എന്ന് പറഞ്ഞു. ലൊക്കേഷൻ നോക്കി പോയപ്പോൾ ചെറുതായി ഒന്ന് വഴി മാറി. വീണ്ടും മറ്റൊരു ലൊക്കേഷൻ കൂടി അയച്ചു തന്നു. അത് നോക്കി കൃത്യ സ്ഥലത്ത് തന്നെ എത്തി. അവിടെ നിന്ന് താക്കോൽ വാങ്ങി ഞങ്ങൾ വീട്ടിൽ കയറി. ഫ്ലാറ്റ് വില്ലകൾ പോലെയുള്ള വീടായിരുന്നു. രണ്ടാം നിലയിലാണ് വീട്. അവിടെ നിന്ന് കുളിയൊക്കെ കഴിഞ്ഞ് ഫ്രഷായി 7.30 ഓടെ മൈസൂർ പട്ടണത്തിലേക്ക് പോയി.

മൈസൂരുവിന്‍റെ പേര് പഴയ കന്നഡ പദമായ "മഹിഷൂരു" എന്നതിൽ നിന്നാണ് വന്നത്. മഹിഷൂരിന്‍റെ അക്ഷരാർത്ഥത്തിൽ 'മഹിഷാസുരന്‍റെ ഗ്രാമം' എന്നാണ് അർത്ഥമാക്കുന്നത്. 2014 നവംബർ 1 ന് കർണാടക സർക്കാർ പേര് 'മൈസൂർ' എന്ന് മാറ്റി. പോകുന്ന വഴിയിൽ മുഴുവൻ ദീപാലങ്കാര കാഴ്ച്ചകൾ ആയിരുന്നു. പല തരത്തിലുള്ള ബൾബുകൾ വിവിധ ലൈറ്റ് സംവിധാനങ്ങൾ അതൊക്കെ കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു. 8 മണിക്ക് ഡ്രോൺ ഷോ നടക്കുന്ന ബണ്ണി മണ്ഡപ ഗ്രൗണ്ടിൽ പോയെങ്കിലും തിരക്ക് കാരണം കാണാൻ പറ്റിയില്ല. പിന്നെ നേരെ മൈസൂർ പാലസിലേക്ക് പോയി. തെക്കേ ഇന്ത്യൻ സംസ്ഥാനമായ കർണാടകയുടെ സംസ്ഥാന ഉത്സവമാണ് മൈസൂർ ദസറ (നടഹബ്ബ). മൈസൂരിലാണ് പ്രസിദ്ധമായ ഈ ഉത്സവം നടക്കുന്നത്. മലയാളികൾ ഉൾപ്പെടെ ധാരാളം സഞ്ചാരികൾ ഈ ദിവസങ്ങളിൽ മൈസൂരിൽ എത്തിച്ചേരാറുണ്ട്. ഇതിനെ നവരാത്രി (ഒൻപത് രാത്രികൾ) എന്നും വിളിക്കുന്നു. ഇതിൻ്റെ അവസാന ദിവസം ദസറയുടെ ഏറ്റവും വിശിഷ്ട ദിവസമായ വിജയദശമിയാണ്. 

പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിൻ്റെ പ്രധാന ആകർഷണം. 100,000 ബൾബുകൾ ഉപയോഗിച്ചു ദിവസവും വൈകീട്ട് പ്രകാശിക്കുന്ന മൈസൂർ പാലസാണ്.പ്രകാശപൂരിതമായ പാലസിനു മുന്നിൽ കർണാടക സംസ്ഥാനത്തിൻറെ സാംസ്കാരികതയും മതപരമായതുമായ വിവിധ നൃത്ത, സംഗീത, സാംസ്കാരിക പരിപാടികൾ നടക്കും. ഗംഭീരമായ ഘോഷയാത്രകൾ, മേളകൾ, പ്രദർശനങ്ങൾ എന്നിവയാൽ മൈസൂരു ദസറ ആനന്ദിപ്പിക്കുന്ന ഒന്നാണ്. മൈസൂർ ദസറയുടെ പത്ത് ദിവസങ്ങളിൽ, പ്രദേശത്തുടനീളം നടക്കുന്ന നിരവധി പരിപാടികളും ആഘോഷങ്ങളും നിങ്ങൾക്ക് കാണാം. ആന, കുതിര പരേഡുകളും കായിക മത്സരങ്ങളും ചലച്ചിത്രമേളകളും മുതൽ പൈതൃക ടൂറുകൾ, യോഗ, ഗുസ്തി എന്നിവ വരെ ഇവിടെ ഈ സമയങ്ങളിൽ ഉണ്ടാകാറുണ്ട്.

ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. 2010-ൽ ദസറ ആഘോഷങ്ങളുടെ 400-ആമത് വാർഷികമായിരുന്നു. പാലസിൻ്റെ അവിടെ വൻ തിരക്കായിരുന്നു. കുറേ ചിത്രങ്ങൾ എടുക്കുകയും കാഴ്ച്ചകൾ ആസ്വദിക്കുകയും ചെയ്തു. നല്ല ട്രാഫിക്ക് ബ്ലോക്ക് ആയതിനാൽ ദൂരെയാണ് ബൈക്കുകൾ പാർക്ക് ചെയ്തിരുന്നത്. 10 മണിയോടെ മടങ്ങാൻ തിരുമാനിച്ചു. നടന്നു വരുന്ന വഴി പിലാത്തറയിൽ നിന്ന് വന്ന ആൾക്കാരെ കണ്ടു. അവരോട് വർത്തമാനം പറഞ്ഞ് യാത്ര തുടർന്നു.

പോകുന്ന വഴി രാത്രി ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി. മലയാളി നടത്തുന്ന ഹോട്ടൽ ആയിരുന്നു. നാലു പേരും അൽഫാം ഓർഡർ ചെയ്തു. ടിവിയിൽ ഇന്ത്യാ-പാക്കിസ്ഥാൻ ക്രിക്കറ്റ് ഏഷ്യാ കപ്പ് ഫൈനൽ മത്സരം വച്ചിട്ടുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിൻ്റെ കൂടെ മത്സരവും കണ്ടു. 590 രൂപയായി ഭക്ഷണത്തിന്. നല്ല രുചിയിൽ ആസ്വദിച്ച് കഴിക്കാൻ പറ്റി. ഭക്ഷണം കഴിച്ച് താമസ സ്ഥലം ലക്ഷ്യമാക്കി ഞങ്ങൾ പോയി.റൂമിലെത്തി കുളിയൊക്കെ കഴിഞ്ഞ് ഞങ്ങളെല്ലാരും ഒരുമിച്ച് കട്ടിലിൽ കിടന്നു. മൈസൂർ ടൗണിൽ ഇങ്ങനെ ഒരു താമസ സ്ഥലം കിട്ടുമെന്ന് ഒരിക്കലും നമ്മൾ കരുതിയിരുന്നില്ല. സിനിമകളിൽ ഒക്കെ കാണാറുള്ള ഒരു കാഴ്ച്ചകളായിരുന്നു രാത്രിയിൽ അവിടെ സമ്മാനിച്ചത്. ഇളം തണുപ്പ് കൂടി ആയപ്പോൾ രാത്രിക്ക് പ്രത്യേകം സൗന്ദര്യം തോന്നി. ക്രിക്കറ്റിൽ ഇന്ത്യ ജയിച്ചതിനാൽ അവിടെയുള്ളവർ പടക്കങ്ങൾ പൊട്ടിക്കുന്നുണ്ടായിരുന്നു. മുൻപ് എവിടെയോ വായിച്ചിട്ടുണ്ട് അകലങ്ങളിലേക്ക് യാത്ര പോകണം , അപരിചിതമായ ദിനരാത്രങ്ങളിലൂടെ കടന്നു പോകണം , പരിചിതമല്ലാത്ത നഗരങ്ങളിലൂടെ സഞ്ചരിക്കണം എന്നൊക്കെ.ശരിക്കും മനസിൽ വല്ലാത്ത ഒരു വല്ലാത്ത ആനന്ദം തോന്നിയ നിമിഷമായിരുന്നു അത്.

രാവിലെ നേരെ നാട്ടിലേക്ക് പോകാം എന്നാണ് വിചാരിച്ചത് എന്നാൽ കൂട്ടത്തിലെ രണ്ടു പേർ ഇതുവരെ ഊട്ടിയിൽ പോയിട്ടില്ലായിരുന്നു. നാട്ടിലേക്ക് വരേണ്ട പ്ലാൻ ഒന്ന് മാറ്റി രാവിലെ ഊട്ടിയിലേക്ക് പോകാൻ തീരുമാനിച്ചു. രാവിലെ 5 മണിക്ക് എഴുന്നേൽക്കാൻ എല്ലാവരോടും പറഞ്ഞ് അലറാവും സെറ്റ് ചെയ്തു കിടന്നു. തൊട്ടടുത്ത് ഇടത്തും വലത്തും കിടന്നവരുടെ കൂർക്കം വലി കാരണം ശരിക്ക് ഉറങ്ങാനും പറ്റിയില്ല എന്നത് ഒരു വസ്തുതയാണ്. പിന്നെ അവരുടെ കൂർക്കം വലിയുടെ താളത്തിൽ ഞാനും അങ്ങ് മയങ്ങി. പിന്നേറ്റ് 29 ന് രാവിലെ 5.15 ന് ഉറങ്ങി എഴുന്നേറ്റു. ഓരോരുത്തരായി കുളിച്ച് റെഡിയായി. 6.45 ഓടെ അവിടെ നിന്ന് ഇറങ്ങി വീടിൻ്റെ താക്കോൽ കൈമാറി ഊട്ടിയിലേക്ക് യാത്ര ആരംഭിച്ചു. ഷീജേച്ചിയോട് വളരെയധികം നന്ദിയുണ്ട്. ഇങ്ങനെ ഒരു നഗരത്തിൽ അപരിചിതരായ മറ്റ് സുഹൃത്തുക്കൾക്ക് കൂടി കിടന്നുറങ്ങാൻ സൗകര്യം ഒരുക്കി തന്നതിന്.

അങ്ങനെ കുറേയെറെ ഓർമ്മകൾ സമ്മാനിച്ച മൈസൂർ പട്ടണത്തോട് വിട പറഞ്ഞ് ഊട്ടി ലക്ഷ്യമാക്കി ബൈക്ക് കുതിച്ചു.126 കിലോ മീറ്റർ ദൂരമുണ്ട് ഊട്ടിയിലേക്ക് .രാവിലെ ആയതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു.7.20 ഓടെ രാവിലെത്തെ ചായ കുടിക്കാനായി ഹോട്ടലിൽ വണ്ടി നിർത്തി. ചായയും വടയുമാണ് ഓർഡർ ചെയ്തത്. ഒരു വടയ്ക്ക് 38 രൂപയും ചായയ്ക്ക് 30 രൂപയുമാണ് ഇവിടുത്തെ വില. കൂടെ സാമ്പാറും ചട്ട്നിയും ഉണ്ടായിരുന്നു. വില നല്ല കൂടുതൽ ആയതിനാൽ ടിപ്പ് പോലും നമ്മൾ കൊടുത്തില്ല. 8 മണിയോടെ വീണ്ടും യാത്ര തുടങ്ങി. മൈസൂർ - ഗുണ്ടൽപേട്ട് വഴിയാണ് യാത്ര.

പോകുന്ന വഴിയിൽ മൈസൂർ എയർപോർട്ട് കാണാൻ കഴിയും. അഞ്ച് ഹെലികോപ്റ്റർ അവിടെ നിർത്തിയിട്ടത് കണ്ടു. ഡൊമസ്റ്റിക് എയർപോർട്ട് ആയതിനാൽ വിമാനങ്ങളെ കാണാൻ കഴിഞ്ഞില്ല. പിന്നീട് ഏക്കറു കണക്കിന് കൃഷിയിടങ്ങളായിരുന്നു കാണാനുള്ളത്. ഗുണ്ടൽപേട്ട് എത്തുന്നതിനെ മുമ്പേ ചെറിയൊരു സൂര്യകാന്തിപ്പാടം കണ്ടു. അവിടെ ഇറങ്ങി 50 രൂപ ടിപ്പും കൊടുത്ത് പാടത്ത് പോയി കുറേ ചിത്രങ്ങളും വീഡിയോകളും എടുത്തു. പൂവ് സീസൺ കഴിഞ്ഞതിനാൽ പൂക്കളൊക്കെ കുറവായിരുന്നു. അവിടെ നിന്ന് ഇറങ്ങി വീണ്ടും യാത്ര തുടർന്നു. ബന്ദിപ്പൂർ വനമേഖലയിലൂടെയാണ് യാത്ര. നിരവധി മാൻ കൂട്ടങ്ങളെ യാത്രയിൽ കാണാൻ സാധിച്ചു. ചൂട് ഉള്ളതിനാൽ ആണെന്ന് തോന്നുന്നു പച്ചപ്പ് കുറച്ച് കുറവായിരുന്നു. മറ്റ് വന്യ മൃഗങ്ങളെ കാണുമെന്ന പ്രതീക്ഷയിൽ യാത്ര തുടർന്നെങ്കിലും പുള്ളി മാനിനെ മാത്രമേ കാണാൻ സാധിച്ചുള്ളു. ഫോറസ്റ്റിൽ കൂടിയുള്ള യാത്ര നല്ല രസവും അൽപം ഭീതി നിറഞ്ഞതുമാണ്. ബൈക്ക് യാത്രികരെ മൃഗങ്ങൾ അക്രമിക്കുന്ന നിരവധി വാർത്തകൾ കണ്ടതിനാൽ ചെറു ഭീതിയോടെ ത്രില്ലടിച്ചു കൊണ്ടായിരുന്നു ബൈക്ക് ഓടിച്ചത്. റോഡിൽ ഇടയ്ക്കിടെ ബംബുകൾ ഉള്ളതിനാൽ മെല്ലെയായിരുന്നു യാത്ര. കർണാടക വന അതിർത്തിയായ ബന്ദിപ്പൂർ കഴിഞ്ഞ് തമിഴ്നാടിൻ്റെ വന മേഖലയായ മുതുമല വന്യജീവി സങ്കേതത്തിൽ പ്രവേശിച്ചു. കർണാടകയിലെ വന മേഖലയെക്കാളും അൽപം ഭംഗി തോന്നിച്ചത് മുതുമല വന മേഖലയാണ്. കാട്ടിൽ നിന്നും ഇല അനക്കം കേട്ട് നോക്കിയപ്പോൾ ഒരു ആന അവിടെ നിൽപ്പുണ്ടായിരുന്നു. അതിനെ കണ്ട് വീണ്ടും കുറേ മുന്നോട്ട് പോയപ്പോൾ ഫോറസ്റ്റ് ഗാർഡിൻ്റെ നിർദേശ പ്രകാരം നിരവധി പേർ വരിവരിയായി റോഡരികിലെ പുല്ലുകൾ വെട്ടിത്തെളിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. അവർക്ക് കഴിക്കാനായി ഭക്ഷണവും അവിടെ തയ്യാറാക്കുന്നുണ്ടായിരുന്നു. മസിനഗുഡി വഴി ഇത് എൻ്റെ നാലാമത്തെ വരവാണ് . രണ്ട് തവണ കാറിലും രണ്ട് തവണ എൻ്റെ ഈ ബൈക്കിലുമാണ് ഇതുവഴി ഊട്ടിയിലേക്ക് പോയത്. മസിനഗുഡി പോകുന്ന വഴിയിലും കാട്ടിൽ ആനയെ കണ്ടിരുന്നു. അങ്ങനെ മസിനഗുഡി ടൗണിൽ എത്തി ബൈക്കിൻ്റെ ചെയിൻ ഒന്ന് മുറുക്കാൻ വർക്ക് ഷോപ്പ് തേടി അലഞ്ഞു. അവസാനം ഷോപ്പ് കണ്ട് പിടിച്ച് ചെയിൻ ഒന്ന് മുറുക്കി. അവിടത്തെ ഹോട്ടലിൽ നിന്ന് ചായ കുടിച്ചു. പഴം പൊരിയും പരിപ്പ് വടയും കൂടി 140 രൂപയായി അവിടെ. വീണ്ടും യാത്ര തുടർന്നു. വെയിൽ ആയതിനാൽ ഇവിടുള്ള കാടിനും പച്ചപ്പ് കുറവായിരുന്നു. പോകുന്ന വഴി വലിയ മല നിരകളും ഒക്കെ കണ്ടായിരുന്നു യാത്ര. കാലാവസ്ഥ അൽപം ചൂട് തന്നെ ആയിരുന്നു. 36 ഹെയർപിൻ വളവുകൾ താണ്ടി 12.30 ഓടെ ഊട്ടിയിലെത്തി. ചുരം കയറി അവിടെ ഉണ്ടായിരുന്ന പാറക്കെട്ടിൽ പോയി ഇരുന്ന് അൽപം വിശ്രമിച്ച ശേഷമാണ് വീണ്ടും യാത്ര തുടർന്നത്. ഊട്ടി അഥവാ ഉദഗമണ്ഡലം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയുമാണ്. നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്‌. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ആളുകളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണ്‌ ഇത്. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ ഊട്ടി അറിയപ്പെടുന്നത്. ഊട്ടിയുടെ മഠിത്തട്ടിൽ എത്തിയപ്പോൾ തണുപ്പ് പുതച്ചിരുന്നു നമ്മളെ.ഉച്ച സമയം ആയതിനാൽ തലശ്ശേരി തക്കാരം എന്ന പേര് കണ്ട് ഹോട്ടലിൽ ഉച്ച ഭക്ഷണത്തിനായി കയറി. മെനു ബുക്കൊക്കൊ കുറേ മറച്ചു നോക്കി അവസാനം എല്ലാവരും പറയുന്ന ഇനമായ ബിരിയാണി ഒഴിവാക്കി ബിരിയാണി റൈസും ചില്ലി ചിക്കനും ഓർഡർ ചെയ്തു. ബിരിയാണിക്ക് ഇവിടെ 260 രൂപയാണ് വില. തരക്കേടില്ലാത്ത ഭക്ഷണമായിരുന്നു.880 രൂപയായി ഭക്ഷണത്തിന്. ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ചെറു മഞ്ഞു തുള്ളികൾ പോലെ മഴച്ചാറൽ ഉണ്ടായിരുന്നു. അതൊന്നും വക വെയ്ക്കാതെ നേരെ ബോട്ടാണിക്കൽ ഗാർഡനിലേക്ക് പോയി. ഗാർഡനിൽ ടിക്കറ്റിന് 100 രൂപയാണ്.ടിക്കറ്റെടുത്ത് ഉള്ളിൽ പോയി കുറേ കറങ്ങി നടന്നു.പുൽമേട്ടിൽ ഇരുന്ന് വിശ്രമിക്കുകയും ചെയ്തു.

തിരിച്ച് അവിടെ നിന്ന് ഇറങ്ങി ടീ ഫാക്ടറിയിക്കാണ് പോയത്. 20 രൂപ ടിക്കറ്റെടുത്ത് ചായപ്പൊടി ഉണ്ടാക്കുന്ന വിധം ഒക്കെ കണ്ട് അവിടത്തെ നല്ല രുചിയുള്ള ചായയും കുടിച്ചു.എന്നിട്ട് ചോക്ലേറ്റ് ഫാക്ടറിയിൽ പോയി വെറുതേ തന്ന 3 ചോക്ലേറ്റും വാങ്ങി കഴിച്ചു. കാഴ്ച്ചകൾ കണ്ട് നടന്നു. ജാക്കറ്റ് ഇല്ലാത്തതിനാൽ നല്ല തണുപ്പായിരുന്നു. അവിടെ നിന്ന് ഇറങ്ങി തിരിച്ച് നാട്ടിലേക്ക് വരുന്ന വഴിക്കാണ് ഷൂട്ടിങ്ങ് പോയിൻ്റ്.അത് കാണാം എന്ന് പറഞ്ഞ് തിരിച്ച് യാത്ര ആരംഭിച്ചു.160 രൂപയാണ് നാലു പേർക്കുള്ള ടിക്കറ്റിൻ്റെ വില.

നൂറു രൂപയിക്ക് രണ്ട് ചോളവും വാങ്ങി കുന്ന് നടന്ന് കയറാൻ തുടങ്ങി. നടന്നു കയറുന്നതിനനുസരിച്ച് തണുപ്പും കാറ്റും കൂടി വന്നു. സമയം 5 മണിയായി. ഷൂട്ടിങ്ങ് പോയിൻ്റിൽ നിന്നുള്ള കാഴ്ച്ച വളരെ മനോഹരമാണ്. ഊട്ടിയുടെ ഒരു ഭാഗത്തെ സൗന്ദര്യവും മല നിരകളിലെ കാഴ്ച്ചയും ഒപ്പം അവിടത്തെ തണുത്ത കാലാവസ്ഥയും നമുക്ക് അസ്വദിക്കാൻ പറ്റും. ആകെ കയ്യിൽ ഉണ്ടായിരുന്നത് ഒരു ജാക്കറ്റായിരുന്നു.അതിന് വേണ്ടി നമ്മൾ അവിടെ നിന്ന് അടി കൂടി. ഫായിസിൻ്റെ തണുപ്പേറ്റ ഭാവം കണ്ടപ്പോൾ ജാക്കറ്റ് അവനു നൽകി.സമയം 5.30 ഓടെ അവിടെ നിന്ന് ഇറങ്ങി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. തണുത്തിട്ട് നിൽക്കാൻ പറ്റാത്ത അവസ്ഥയായി നമ്മൾക്ക്.ബൈക്ക് ഓടിക്കുമ്പോൾ കൈ മരവിച്ച അവസ്ഥയായിരുന്നു. തിരിച്ചു വരുന്ന വഴിയിൽ നല്ല കാഴ്ച്ചകളൊക്കെ കണ്ട് പതിയെ ആണ് വന്നത്. റോഡിൽ മുടൽ മഞ്ഞ് വീഴ്ച്ച തുടങ്ങിയിരുന്നു. 6.15 ഓടെ ഹോട്ടലിൽ കയറി കട്ടൻ ചായ കുടിച്ചു. അവിടെയുള്ളവരോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു.ഇപ്പോൾ തണുപ്പ് കൂടുതലാണെന്ന് അവർ പറഞ്ഞു.ഹോട്ടലിൻ്റെ പുറത്ത് റോഡിൽ മുഴുവൻ മഞ്ഞ് പുതച്ച അവസ്ഥയായിരുന്നു. മലയാളികളാണ് ഹോട്ടൽ നടത്തുന്നത്. അവിടെ അൽപ നേരം ഫോൺ ചാർജിന് വച്ച് പുറം കാഴ്ച്ചകളൊക്കെ നോക്കി നിന്നു. തണുത്ത് നിൽക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ ബാഗിൽ ഉണ്ടായിരുന്ന മുഷിഞ്ഞ മൂന്ന് ഷർട്ട് ധരിച്ചു. ഒന്നിന് മുകളിൽ ഒന്നായി ധരിച്ചു. അപ്പോൾ തണ്ണുപ്പിൽ നിന്നും ചെറിയൊരു ആശ്വാസം കിട്ടി.

തിരിച്ച് വരുന്ന വഴിയിൽ ഗൂഡല്ലൂർ ടൗണിൻ്റെ മനോഹരമായ രാത്രി കാഴ്ച്ച കണ്ടു. വണ്ടി നിർത്തി ആ ചിത്രങ്ങൾ പകർത്തി വീണ്ടും യാത്ര തുടർന്നു. ഗുഡല്ലൂർ ടൗൺ കഴിഞ്ഞ് 7.15 ഓടെ ഭക്ഷണം കഴിക്കാനായി ഷെഫ് ഷാൻ്റെ കടയിൽ കയറി.വിശാലമായ നല്ല ഹോട്ടൽ. ഞാൻ അൽഫാമും അവർ കുഴിമന്തിയും ഓർഡർ ചെയ്തു.700 രൂപയായി ഭക്ഷണത്തിന്.അവിടെ നിന്ന് ഇറങ്ങി വീണ്ടും വനമേഖലയിലൂടെ യാത്ര തുടർന്നു.

ഭീതി നിറഞ്ഞ യാത്രയായിരുന്നു. ആനകൾ പലപ്പോഴും ഉണ്ടാകുന്ന സ്ഥലങ്ങളാണ് ഈ റോഡ്. രാത്രി ആയതിനാൽ വാഹനങ്ങൾ കുറവായിരുന്നു. അങ്ങനെ ഗുഡല്ലൂരും കഴിഞ്ഞ് വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ എത്തി. അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു. സമയം 10.30 ഓടെ അരിവയൽ എത്തി. അവിടെ കണ്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശ്രമിക്കാൻ തീരുമാനിച്ചു. കുറേ നേരം ഇരുന്ന ശേഷം വീണ്ടും യാത്ര തുടർന്നു.

കേരളത്തിലെ മണ്ണിൽ എത്തിയപ്പോൾ ഒരു പ്രത്യേക ആശ്വാസമായിരുന്നു.11.45 റോഡരികിൽ കണ്ട ഹോട്ടലിൽ കയറി കട്ടൻ ചായ കുടിച്ചു ഒരു എനർജിക്ക് വേണ്ടി. നാട്ടിലെത്താൻ എനിയും മൂന്ന് മണിക്കൂറിലധികം സഞ്ചരിക്കാനുണ്ട്. പാൽച്ചുരം ഇറങ്ങി കൊട്ടിയൂർ വഴി മട്ടന്നൂർ എത്തി.അവിടെ ടൗണിൽ അൽപനേരം ഇരുന്ന ശേഷം വീണ്ടും യാത്ര തുടർന്നു. 2.30 ഓടെ നമ്മൾ തളിപ്പറമ്പിൽ എത്തി. ചുടലയിൽ നിന്നും ഞങ്ങൾ പരസ്പരം യാത്ര പറഞ്ഞ് വീട്ടിലേക്ക് മടങ്ങി. 3.15 ഓടെ ഞാൻ വീട്ടിൽ തിരിച്ചെത്തി. രണ്ട് ദിവസം കൊണ്ട് ഞാൻ സഞ്ചരിച്ച ദൂരം 699.4 കിലോ മീറ്റർ ആണ്. 6വർഷമായി വാങ്ങിയ ബൈക്കിൽ ഒരു ലക്ഷത്തിന് മുകളിൽ ഞാൻ താണ്ടിയ വഴികളിലെ മറ്റൊരു അധ്യായമായിരുന്നു ഈ 699.4 കിലോ മീറ്റർ.

യാത്രയിൽ തിരിച്ചറിവിൻ്റെ കുറേ നിമിഷങ്ങളുണ്ട്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് നമ്മളെ നാട്ടിലേക്ക് പച്ചക്കറികൾ ഉൾപ്പടെയുള്ള സാധനങ്ങൾ വരുന്നത്.എന്നാൽ ഭക്ഷണത്തിന് അവരേക്കാൾ വില കുറവ് കേരളത്തിലും ഉൽപാദിപ്പിക്കുന്ന അവിടെ ഭക്ഷണത്തിന് വില കൂടുതലും.എന്തായാലും യാത്ര ഏറെ മനോഹരമായിരുന്നു. കുറേ മനുഷ്യരെ കാണാനും അവിടുത്തെ കാഴ്ച്ചകളും രുചികളും ആസ്വദിക്കാനും എനിക്ക് സാധിച്ചു. യാത്രയിൽ ഭക്ഷണത്തിനും പെട്രോളിനും ടിക്കറ്റുകൾക്കും മറ്റും ആകെ ഒരാൾക്ക് ചിലവായത് 2200 രൂപയാണ്.കൂടെയുള്ള ഷനിലേട്ടനും മുബഷീറും ഫായിസും കട്ടയ്ക്ക് കൂടെ ഉണ്ടായതിനാൽ നല്ല രീതിയിൽ യാത്ര ചെയ്യാനും പറ്റി.

വീട്ടിൽ വന്ന് പിറ്റേ ദിവസം ടി.വിയിൽ വാർത്ത കാണാനിടയായി നീലഗിരിയിലെ ഒരു ഹോട്ടലിൽ പൂച്ചയെ പിടിക്കാൻ പുലി ഓടി കയറുന്നതും അത് കണ്ട് അവിടെ ഭക്ഷണം കഴിക്കാൻ വന്നയാൾ ഓടി പുറത്തേക്ക് ഇറങ്ങുന്ന കാഴ്ച്ചയും.സത്യം പറഞ്ഞാൽ പേടിച്ചു പോയി അത് കണ്ടിട്ട്.