ഇടിയുടെ ആഘാതത്തില്‍ ടയര്‍ പൊട്ടി, അമിത വേഗത്തിലെത്തിയ കാർ വയോധികയുടെ ജീവനെടുത്തു; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കണ്ണൂർ പയ്യന്നൂരിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശിനി ഖദീജയാണ് മരിച്ചത്

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശിനി ഖദീജയാണ് മരിച്ചത്. 58 വയസായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. പയ്യന്നൂർ പാസ്പോർട്ട് ഓഫീസ് ഭാഗത്ത് നിന്നും പയ്യന്നൂർ ടൗണിലേക്ക് അമിത വേഗത്തിലെത്തിയ കാർ ഓട്ടോയിലും രണ്ട് ബൈക്കിലുമിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ടയർ പൊട്ടി. അപകടത്തിൽ മറ്റ് രണ്ട് പേർക്കും സാരമായ പരിക്കേറ്റു. കാറിലുണ്ടായിരുന്ന നീലേശ്വരം സ്വദേശികളായ അഭിരാഗ്, അഭിജിത്ത് എന്നിവരെ പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേർ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. കാറോടിച്ചയാളും ഒപ്പമുണ്ടായിരുന്നവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.