ശ്രോത്രിയരത്നം പുരസ്കാരം കൈമുക്കു വൈദികൻ ശ്രീധരൻ നമ്പൂതിരിക്ക്

പയ്യന്നൂർ: വേദത്തിനും വേദധർമ്മത്തിനും നൽകുന്ന മഹത്തായ സംഭാവനകളെ പരിഗണിച്ച് ശ്രീരാഘവപുരം സഭായോഗം നൽകുന്ന ശ്രോത്രിയരത്നം പുരസ്കാരത്തിന് ഇത്തവണ ബ്രഹ്മശ്രീ. കൈമുക്കു വൈദികൻ ശ്രീധരൻ നമ്പൂതിരി അർഹനായി.

ചെറുപ്രായത്തിൽ തന്നെ സംസ്കൃതവും കാവ്യങ്ങളും കൃഷ്ണയജുർവ്വേദവും അഭ്യസിച്ച ശ്രീധരൻ നമ്പൂതിരി സമാവർത്തനത്തിന് ശേഷം ഷോഡശക്രിയകളും ശ്രൗതക്രിയകളും പ്രായശ്ചിത്തവും തർക്കവും മുഹൂർത്തവും ആശൗചവും താന്ത്രികക്രിയകളും അഭ്യസിച്ചു. ഗൃഹസ്ഥബ്രാഹ്മണർക്ക് വേണ്ടതായ ഔപാസനവും പഞ്ചയജ്ഞങ്ങളും ഒപ്പം കൃഷിയും ഗോരക്ഷയും നിഷ്ഠയായി ചെയ്തുവരുന്നു. ഏറെക്കാലം ഇരിങ്ങാലക്കുട കാമകോടി യജുർവ്വേദപാഠശാലയിൽ പ്രധാനാദ്ധ്യപകനായി സേവനമനുഷ്ഠിച്ചു. യജുർവ്വേദം കൊണ്ട് മുടങ്ങാതെ 108 മുറ പർച്ചസ്വാദ്ധ്യായം ചെയ്തിട്ടുണ്ട്. 1996 മുതലിങ്ങോട്ട് ധാരാളം അഗ്ന്യാധാനങ്ങൾക്കും സോമയാഗങ്ങൾക്കും ഓത്തൂട്ടുകൾക്കും നവീകരണകലശങ്ങൾക്കും നേതൃത്വം നൽകി. 2012 ൽ നടന്ന കൈമുക്ക് രാമൻ അക്കിത്തിരിപ്പാടിൻ്റെ സാഗ്നികം അതിരാത്രത്തിൻ്റെ നടത്തിപ്പു നിർവഹിച്ചു.  

സാവിത്രി അന്തർജ്ജനമാണ് ഭാര്യ. മക്കൾ പാർവ്വതി അന്തർജ്ജനം, നാരായണൻ നമ്പൂതിരി. മകനെ വേദാദ്ധ്യയനം ചെയ്യിച്ച് അനുഗൃഹിതമായ വൈദികപാരമ്പര്യം തുടരുന്നു. നിരവധി ശിഷ്യസമ്പത്തുള്ള കൈമുക്കു ശ്രീധരൻ നമ്പൂതിരിക്ക് വേദത്തിനും വേദധർമ്മത്തിനുമായി സ്വജീവിതം സമർപ്പിച്ച മഹത്തുക്കൾക്ക് നൽകുന്ന ശ്രോത്രിയരത്നപുരസ്കാരം ഡിസംബർ 28ന് ചെറുതാഴം കണ്ണിശ്ശേരി കാവിൽ നടക്കുന്ന 1232 മത് വാർഷികസഭയിൽ വെച്ച് ചിറക്കൽ കോവിലകം വലിയ രാജ ഉത്രട്ടാതി തിരുനാൾ രാമവർമ്മ രാജ സമ്മാനിക്കും. 20001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിൽ സഭായോഗം പ്രസിഡണ്ട് ശ്രീകാന്ത് കാരഭട്ടതിരി അദ്ധ്യക്ഷത വഹിക്കും. ജഗദ്ഗുരു ശ്രീമദ് ശങ്കരാചാര്യ സുരേശ്വരാചാര്യ പരമ്പര നടുവിൽ മഠം അച്യുതഭാരതി സ്വാമിയാർ അനുഗ്രഹഭാഷണം ചെയ്യും. 

വാച്ച മാധവവാദ്ധ്യാൻ നമ്പൂതിരി, വിശ്വേശ്വരഭട്ട്, അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി, പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, ആമല്ലൂർ നാരായണൻ നമ്പൂതിരി എന്നിവരാണ് നേരത്തേ പുരസ്കാരം ലഭിച്ച വേദജ്ഞർ.