വണ്ടിക്കാരന്റെ ചാട്ടവാർ

എന്റെ ചോര നീരാക്കി എന്റെയെന്നു മാത്രം കരുതി,

എന്റെ ചോര നീരാക്കി 

എന്റെയെന്നു മാത്രം കരുതി, 

കാക്കയും, പരുന്തും, റാഞ്ചാതെ 

കാറ്റിലും, കോളിലും പെട്ടുലയാതെ 

ചിറകിൽലൊതുക്കിയെന്റെ ചൂടു നൽകി 

ഞാൻ വളർത്തി വലുതാക്കി മക്കളെ,

 

ഒരിക്കലുമടങ്ങാത്തയെന്റെ

സ്വാർത്ഥമാം സ്നേഹമുള്ളിലടക്കി 

പുറമെ വെറുമൊരു പരുക്കനായി 

സ്വയം മാറി ഞാൻ നിങ്ങൾക്കായ്,

ഉള്ളിലൊരു ഭയമുണ്ടാക്കുവാൻ

സ്വയമൊരു ദേഷ്യക്കാരനായി 

മാറിയകലം പാലിച്ചിരുന്നു ഞാൻ.

 

വഴി പിഴക്കുവാനിടം നൽകാതെ,

വിശ്രമിക്കുവാനവസരം നൽകാതെ, 

പുറകെ ചാട്ടവാറുമായ് പായുന്ന 

വെറുമൊരു കാള വണ്ടിക്കാരനായ് 

മാറി ഞാൻ നിങ്ങൾക്കായ്,

 

ചിറകുകളുണ്ടെങ്കിലും പറക്കുവാൻ 

ശ്രമിക്കാതെ മടിപിടിച്ചിരുന്നപ്പോൾ 

നിങ്ങളെ മലമുകളിൽ കൊണ്ടുപോയി 

തള്ളിയിടുമെന്ന് പറഞ്ഞു ഭയപ്പെടുത്തി 

പ്പറക്കുവാൻ പഠിപ്പിക്കുന്ന ക്രൂരനാം

ഗുരുവായി മാറി ഞാനന്നേരം.

 

സ്വന്തം കാലിൽ നിൽക്കുവാൻ, 

ഓടുവാൻ, സ്വയം ചിറകുകളാൽ 

വീണു പോകാതെ ഉയരത്തിലുയരത്തിൽ 

പറക്കുവാൻ നിങ്ങളെ പ്രാപ്തരാക്കവേ 

 

ഓർത്തില്ല ഞാൻ നിങ്ങളെന്നെ 

കയ്കളിൽ മൂളുന്ന ചാട്ടവാറുമായ്

പായുന്ന വെറുമൊരു കാളവണ്ടി 

ക്കാരനായ് മാത്രമാണെപ്പോഴും 

കണ്ടതെന്നും, കാണുന്നതെന്നും.

 

തിരിഞ്ഞൊന്നു നോക്കാതെ

ഇന്നുയരത്തിൽ നിങ്ങൾ പറക്കവേ 

താഴെ ഭൂമിയിൽ നിന്നു ഞാൻ 

എന്റെ പിടലി വേദനിക്കുവോളം

തലപൊക്കി നോക്കി നിൽക്കയായ്.

 

പൊടി പിടിച്ചൊരീ ചാട്ടവാറും,

ജനങ്ങളും ഒരു മണ്ടനെ ക്കാണും 

പോലെയെന്നെ നോക്കിച്ചിരിക്കുന്നു.

ഉയരത്തിൽ പറക്കുന്നൊരൻ മക്കളേ 

നിങ്ങളോർക്കുക സ്വയമുരുകിയുരുകി

നിങ്ങളെയിന്നത്തെ നിങ്ങളാക്കിയൊരീ 

വെറുമൊരു കാളവണ്ടിക്കാരനെ.

 

കാലചക്രമിനിയും തിരിയവേ 

നിങ്ങൾ തൻ മക്കൾ വഴിപിഴക്കുകിൽ

അന്നോർത്തെടുത്തേക്കാം നിങ്ങളെ 

നിങ്ങളാക്കുവാൻ സ്വയമുരുകിയൊരു

ക്രൂരനാമീയൊരു കാളവണ്ടിക്കാരനെ.

 

അന്നു ഞാനിവിടെയില്ലെങ്കിലും

ഭൂമിയിൽ നിങ്ങൾക്കു കാണുവാനീ

ചുവരിൽ ചില്ലിട്ടു സൂക്ഷിച്ചിടുന്നിതാ 

ഞാനെന്റെ വിയർപ്പിലും പിന്നെ ചുടു

കണ്ണു നീരിലും കുതിർത്തുണക്കിയ, തലമുറകൾ കൈമാറിയെനിക്കുകിട്ടിയ, 

പഴികളേറെയും കേട്ടു തഴമ്പിച്ച

പകരമായൊന്നും ചോദിക്കാത്തൊരീ

നിങ്ങളെ യിന്നത്തെ നിങ്ങളാക്കിയ

പാവമാം ചാട്ടവാറിനെയെങ്കിലും... ✍️

 

... ഹാരിസ് രാജ്... 

... 7025042882 ...