ബാബുവേട്ടൻ — മൂന്നു ദശാബ്ദങ്ങൾ നീളുന്ന ചുവപ്പ് കഥ
എന്നും കാണുന്ന ആയിരക്കണക്കിന് മനുഷ്യർ നമുക്കിടയിലുണ്ട് അവർ ഓരോരുത്തരും വ്യത്യസ്തരാണ്. അവരിൽ പലരെയും നമ്മൾ അടുത്തറിയാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ചിലപ്പോൾ ഒരു ചെറു ചിരിയിൽ ഒതുക്കേണ്ടിവരും. അവർ ഓരോരുത്തരും ഓരോ കഥകളുമായി നിശ്ശബ്ദ സാന്നിധ്യങ്ങളായി ഇവിടെ നിലകൊള്ളുന്നു.
വർഷങ്ങളായി ദൂരെയിരുന്ന് മാത്രം കണ്ടിരുന്ന ഒരാളെ അടുത്തറിയാനുള്ള അവസരം കിട്ടിയപ്പോൾ, ആ അനുഭവം വാക്കുകളാക്കി സൂക്ഷിക്കണം എന്നു തോന്നി. നമ്മുടെ സ്വന്തം ബാബുവേട്ടനെ കുറിച്ചുള്ള ഈ കുറിപ്പ് അതിന്റെ ഫലമാണ്. 2024ൽ എഴുതണമെന്ന് കരുതിയതാണ് ഈ വർഷം അവസാനിക്കുമ്പോൾ എങ്കിലും രണ്ടു വാക്ക് എഴുതിയില്ലെങ്കിൽ അത് വലിയ കുറവായി മാറും.
ബാല്യം — പത്രത്തിന്റെ മണം, പുസ്തകത്തിൻ്റെ ലോകം
ബ്ലാക്ക് & വൈറ്റ് കാലഘട്ടത്തിലെ കഥയിലൂടെയാണ് ഈ എഴുത്ത് തുടങ്ങുന്നത്. അമ്മ ഏഴോത്ത് സ്വദേശിനി മീനാക്ഷി. അച്ഛൻ കല്ല്‌ച്ചെത്ത് തൊഴിലാളിയായ ഗോവിന്ദൻ മേസ്തിരി. ആറംഗ കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ബാബുവേട്ടൻ, ഒരു ആങ്ങളയും നാല് പെങ്ങന്മാരുടെയും കൂട്ടത്തിൽ മാടായി വാടിക്കൽ കടവിൽ വളർന്നു.
പരിമിതമായ ജീവിത സാഹചര്യത്തിലും അച്ഛൻ ദിവസവും പത്രം വാങ്ങും — ഉറക്കെ വായിക്കും — പിന്നെ മക്കളുടെ മുന്നിൽ വാർത്തകൾ വിശകലനം ചെയ്തു വിശദീകരിച്ച് സംസാരിക്കും. അതായിരുന്നു "ബാബുവേട്ടന്റെ വാർത്താ മാധ്യമ പ്രവർത്തനത്തിലേക്കുള്ള ആദ്യ ഉൾവിളി". “അവിടെ നിന്നാകാം വാർത്തകളോടുള്ള കമ്പം തുടങ്ങിയത്…” — ബാബുവേട്ടൻ ഓർമ്മിക്കുന്നു.
പിന്നീട് നാട്ടിലെ മാടായി പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായി പത്ത് വർഷം പ്രവർത്തിച്ചു. ആ കാലത്തെ ലൈബ്രറി സംസ്കാരത്തിൻ്റെ ഒരു തലമുറയുടെ സാക്ഷിയായിരുന്നു അദ്ദേഹം.
അന്നത്തെ ലൈബ്രറി കൗൺസിൽ അംഗങ്ങളായ ബാലൻ കീഴറ, എൻ വി രമേശൻ മാസ്റ്റർ, ജി ഡി നായർ ഒക്കെ ഉള്ള ഒരു സുവർണ്ണ കാലഘട്ടമായിരുന്നു അത്. അന്ന് ലൈബ്രറിയുടെ പ്രസിഡണ്ടായിരുന്ന മുരളി ഇന്ന് ഇല്ല. അദ്ദേഹവുമായുള്ള നല്ല ഓർമ്മകളും ബാബുവേട്ടൻ പങ്കുവെച്ചിരുന്നു.
കാലം കടന്നു പോയപ്പോൾ ലൈബ്രറിയുടെ വായനക്കാരും കുറഞ്ഞുവന്നു എന്ന് പറയാൻ ബാബുവേട്ടന് മടിച്ചില്ല. ബുക്ക് ഇഷ്യൂ രജിസ്റ്റർ അടക്കം കൈകാര്യം ചെയ്തതുകൊണ്ട് പുസ്തകങ്ങളെല്ലാം ഹൃദ്യം. നീണ്ട പത്തുവർഷക്കാല സേവന പ്രവർത്തനത്തിന് ഒടുവിൽ അന്ന് പത്തായിരത്തിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്ന പബ്ലിക് ലൈബ്രറിയുടെ പടിയിറങ്ങി.
ബാബുവേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ "ആ ഒരുകാലത്ത് എന്നെ എഴുന്നേൽപ്പിക്കുന്നത് നാട്ടുകാരാണ്". അന്ന് അപേക്ഷാ ഫോറം മുതൽ നിയമ സഹായം വരെ ഫോറം പൂരിപ്പിക്കുന്ന കാര്യമായാലും എന്ത് ചെയ്യണം തുടങ്ങിയിട്ടുള്ളതിനെല്ലാം നാട്ടുകാർ ബാബുവേട്ടന്റെ വീട്ടിലെത്തി സഹായം സ്വീകരിക്കും. ഇന്നും വടിവൊത്ത ആർട്ടിസ്റ്റിക് രീതിയിലുള്ള ഹസ്തലിഖിതം ബാബുവേട്ടന്റെ പ്രത്യേകതയാണ്.
പഴയകാലത്ത് ടൈപ്പ് റൈറ്റിംഗ് കോഴ്സും ഒപ്പം ഷോട്ട് ഹാൻഡും പഠിച്ചു. പിന്നീട് പത്രമേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് അത് വലിയ പിന്തുണയായി.
ചെറുപ്പകാലത്ത് ഹിന്ദി തമിഴ് കന്നട തുടങ്ങിയ സിനിമകൾ കാണാനായി പഴയങ്ങാടി പ്രതിഭ ടാക്കീസിൽ പോകും. ടിക്കറ്റ് എടുത്തു മാത്രമേ സിനിമ കാണുകയുള്ളൂ. ഇപ്പോൾ വർഷങ്ങളായി സിനിമ ടാക്കീസിൽ പോയി യുള്ള സിനിമ കാണാറില്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു. മലയാളത്തിൽ ഏറെ ആകർഷിച്ച നടൻ ആരെന്ന് ചോദിച്ചാൽ നിസംശയം അദ്ദേഹം പറയും അത് ജയനാണ്. ജയൻ അഭിനയിച്ച സിനിമകൾ ഒരു ആവേശം തന്നെയായിരുന്നു ബാബുവേട്ടന് അന്ന്.
പിന്നീട് സിനിമയിലും ചില ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
വ്യത്യസ്ത മേഖലയിലുള്ള ആൾക്കാരുമായി അന്നും ഇന്നും ഒരു ബന്ധം നിലനിർത്തിയിരുന്നു. ഇന്നും ഏത് പബ്ലിക് ഫംഗ്ഷനിൽ പോയാലും പരിചയക്കാരുടെ ഫോട്ടോ എടുത്ത് കൊടുക്കുക എന്നത് ഒരു ഹോബിയായി കൊണ്ടുനടക്കുന്ന മനുഷ്യനാണ്. പല കാലഘട്ടങ്ങളിലായി അദ്ദേഹം പകർത്തിയ ഓർമ്മ ചിത്രങ്ങൾ പലരുടെയും മനസ്സിൽ മായാതെ ഉണ്ടാകും എന്ന് കരുതുന്നു.

ചെറുപ്പകാലം മുതൽ തന്നെ എല്ലാ പുതിയ ടെക്നോളജികളോടും ഒരു ഇഷ്ടമായിരുന്നു. എന്നാൽ ജീവിതസാഹചര്യം ഏറെ ബുദ്ധിമുട്ട് നിറഞ്ഞത് തന്നെയായിരുന്നു. എങ്കിലും ഏറെ ആഗ്രഹിച്ചു പണം സമ്പാദിച്ച് ഫോറിൻ കടയിൽ നിന്ന് ഒരു വാക്ക്മാൻ സ്വന്തമാക്കി. അതായിരുന്നു ആദ്യ സമ്പാദ്യം. പിന്നീട് സ്വന്തമായി തന്നെ ഒരു ഡി വി ക്യാമറ സ്വന്തമാക്കി. ആ യാത്ര ഇന്ന് ഐഫോണും ഐപാഡിലും എത്തി നിൽക്കുന്നു. ഈ പ്രായത്തിലും എപ്പോഴും ടെക്നോളജികളെ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്ന അപൂർവ്വ മനുഷ്യരിൽ ഒരാൾ.!!!
1990 കാലഘട്ടം കേരളോത്സവം നടത്തിപ്പ് ഏറ്റെടുത്ത് നടത്തി. ഒരുപാട് വർഷങ്ങൾ അദ്ദേഹത്തിൻ്റെ ഓർമ്മകളായി ഇന്നും നിലനിൽക്കുന്നു. മൈക്ക് അനൗൺസ്മെൻറ് അദ്ദേഹത്തിൻ്റെ കഴിവുകൾ പുറത്തുകൊണ്ടുവന്നു. പഴയങ്ങാടി ജിഎം യുപി സ്കൂൾ എട്ട് വർഷക്കാലം സ്കൂൾ വാർഷികം ബി അഷറഫ് എന്ന സുഹൃത്തിൻ്റെ കൂടെ ചേർന്ന് നടത്തിക്കൊണ്ടുവന്നു.
*ബാബുവേട്ടന്റെ മധ്യമ രംഗത്തിലെ കരിയർ
ആദ്യജോലി എന്നത് മഴവിൽ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫർ ആയാണ് വീഡിയോഗ്രാഫി മേഖലയിലേക്ക് വരുന്നത്. ഈ ജോലി 1991 കാലഘട്ടത്തിൽ ആണെന്ന് അദ്ദേഹം ഓർക്കുന്നു.
1993 പയ്യന്നൂർ ഗദ്ദിക പത്രത്തിൽ കരസ്പോണ്ടൻ ആയി പ്രവർത്തിച്ചു.
പിന്നീട് വർത്തമാനം,
മലബാർ,
ചന്ദ്രിക,
തേജസ്,
സുപ്രഭാതം
തുടങ്ങിയ പത്രങ്ങളിലും
പയ്യന്നൂർ, പഴയങ്ങാടി, അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രാദേശിക ലേഖകനായി ജോലി ചെയ്തു.
പിന്നീട് 2005ലാണ് പയ്യന്നൂർ നെറ്റ്‌വർക്ക് ചാനലിൽ ജീവനക്കാരനായി പ്രവേശിക്കുന്നത്. നെറ്റ്‌വർക്ക് ചാനലിൽ തൃക്കരിപ്പൂർ കരിവെള്ളൂർ, രാമന്തളി ബ്യൂറോകളിൽ ജോലി ചെയ്തു. ആ കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങാൻ സാധിച്ചത് എന്ന് ബാബുവേട്ടൻ പറയാതെ പറയുന്നു.
അന്ന് ഒരു പിടി ശിഷ്യന്മാരും ബാബുവേട്ടന്റെ കൂടെയുണ്ട്. അതിൽ അനിൽ മംഗലത്ത്, മനോജ് കാർത്തിക തുടങ്ങിയ വീഡിയോഗ്രാഫർമാരെ പേരെടുത്ത് ഓർക്കാനും ബാബുവേട്ടൻ മടിച്ചില്ല. റിപ്പോർട്ടറായി പ്രവേശിച്ച അദ്ദേഹം പിന്നീട് വീഡിയോയും വാർത്തകളും ഒരുമിച്ചു കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് വളർന്നു.
ഒരു അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊറോണ കാലഘട്ടത്തിൽ നീണ്ട 25 വർഷത്തിനുശേഷം പയ്യന്നൂർ നെറ്റ്‌വർക്ക് ചാനൽ നിന്നും പടിയിറങ്ങി. പിന്നീട് വടക്കൻ വാർത്തയിൽ ലേഖകനും ഡബ്ബിങ് ആർട്ടിസ്റ്റും ആയി മാറി. കാലാന്തരം ടിബി ന്യൂസ് പഴയങ്ങാടി എന്ന ഓൺലൈൻ മാധ്യമ സ്ഥാപനം ഇന്ന് നടത്തിവരുന്നു.

ഓർമ്മകളിൽ കഴിഞ്ഞ 30 വർഷക്കാലത്തെ ഒരുപാട് ജീവിതകഥകൾ മുന്നിലും പിന്നിലുമായി ഉണ്ട്. പലരോടും കലഹിച്ചും ബഹളം വച്ചും സ്നേഹിച്ചും അഭിനന്ദിച്ചും, പലർക്കും മാധ്യമ മുഖം നൽകിയും ഒക്കെ മൂന്ന് ദശകങ്ങൾ കടന്നുപോയി.
പല കലോത്സവ വേദികളിൽ വിദ്യാർത്ഥികളും, ഉത്സവപ്പറമ്പുകളിൽ പോലും പ്രൊഫഷണൽ ആർട്ടിസ്റ്റുകളും ടീ ബാബു പഴയങ്ങാടിയുടെ ശൈലിയിൽ ശബ്ദം അനുകരിച്ച് പ്രസന്റേഷനുകൾ നടത്തി കയ്യടികൾ വാങ്ങി. അത്രത്തോളം ജനങ്ങൾ അംഗീകരിച്ച ശബ്ദമായി അത് മാറിയിരുന്നു.
ഒരുപാട് ജനകീയ വിഷയങ്ങളിൽ ഇടപെട്ടു. ഏഴിമല നാവിക അക്കാദമിയിലെ 100 ദിവസം നീണ്ടുനിൽക്കുന്ന കുടിവെള്ള സമരം ഓരോ ദിവസവും വ്യത്യസ്തമായ വാർത്തകൾ റിപ്പോർട്ടുകൾ കൊണ്ട് ഒരു പ്രാദേശിക വിഷയത്തെ ജനകീയമാക്കി മാറ്റി. ആ കാലഘട്ടത്തിൽ നേവൽഅക്കാദമിക്കതിരെ പ്രവർത്തിച്ചു എന്ന് പറഞ്ഞ് പരാതികളുടെ ബഹളവും കടന്ന് ഒരു മാധ്യമപ്രവർത്തകൻ ജനകീയ വിഷയങ്ങളിൽ ജനങ്ങളുടെ കൂടെ നിന്നു കയ്യടി നേടി.
പിന്നീട് ബാബുവേട്ടന്റെ സ്വാധീനവും ജനപ്രീതിയും വളരെയേറി വന്നു. കോളം വാർത്തകൾക്ക് ഉപരിയായി ആദിവാസി സമരവും, മറ്റ് ജനകീയ വിഷയങ്ങളും, ഓപ്പൺ ഫോറവും ഒക്കെ മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടതാണ് എന്ന് മനസ്സിലാക്കി കൊടുത്ത സോഷ്യൽ മീഡിയയുടെ അതിപ്രസരം ഇല്ലാത്ത ഒരു മാധ്യമ കാലഘട്ടം.
ഒരുപാട് രസകരമായ മാധ്യമ ഓർമ്മകളും എന്നോട് ബാബുവേട്ടൻ പങ്കുവെച്ചിരുന്നു അതിൽ ഒരെണ്ണം സൂചിപ്പിക്കാം. കെ പി മോഹനൻ കൃഷി മന്ത്രിയായ കാലഘട്ടം ഏഴോത്ത് കൈപ്പാട് കൃഷിക്ക് എത്തിയതാണ് മന്ത്രി. ഒരു ചെറിയ തോണി ഏർപ്പാടാക്കിയിരുന്നു അവിടെ. അതിൽ 12 പേർ കയറി. അന്ന് ബാബുവേട്ടന്റെ ക്യാമറകണ്ണിലാണ് അപ്രതീക്ഷിതമായി തോണി മറിഞ്ഞ രംഗം പതിഞ്ഞത്. ആദ്യം തന്നെ നെറ്റ്‌വർക്ക് ചാനൽ പയ്യന്നൂരിൽ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടു.
പിന്നീട് എല്ലാ പ്രമുഖ ചാനലുകളും ബാബുവേട്ടനെ തേടി വരികയായിരുന്നു. പലരും ബോട്ട് അപകടം എന്ന രീതിയിൽ വലിയ സ്ക്രോൾ ന്യൂസ് ആക്കിയ ഒരു സമയം. പിന്നീട് അദ്ദേഹത്തിൻ്റെ അനുമതിയോടുകൂടി എല്ലാ ചാനലുകളും ആരംഗം ബ്രേക്കിംഗ് ന്യൂസ് ആക്കി മാറ്റി.
അതുപോലെ മറ്റൊരു ഓർമ്മ കർണാടകത്തിൽ നിന്ന് വന്ന അനധികൃത മത്സ്യബന്ധനം പിടിക്കാൻ പ്രാദേശിക തൊഴിലാളികളുടെ കൂടെ മുൻപും പിൻപും ചിന്തിക്കാതെ ബോട്ടിൽ കയറി ഉൾക്കടയിലേക്ക് പോയി. അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ പ്രശ്നം കാരണവും ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം എന്ന് ഇപ്പോൾ ഒരു ചെറിയ ചിരിയോടെ ബാബുവേട്ടൻ പറയുന്നു. ഉൾക്കടലിൽ പോലീസും മത്സ്യബന്ധന ബോട്ടുകളും ഒക്കെയായി പ്രക്ഷുബ്ധമായ രംഗങ്ങൾ ഉള്ള വാർത്തയുടെ അവസാനം ഇങ്ങനെ പറഞ്ഞു "നെറ്റ്‌വർക്ക് ചാനലിന് വേണ്ടി നടുകടലിൽ നിന്ന് ടി ബാബുവും പഴയങ്ങാടി".
മീഡിയയോടുള്ള അതീവ താല്പര്യമെന്നും കാത്തുസൂക്ഷിച്ച ബാബുവേട്ടന്റെ വാർത്തകൾക്കും ദൃശ്യാവശ്യാവിഷ്കാരങ്ങൾക്കും ഒരു പ്രത്യേക ജീവൻതന്നെയുണ്ട് എന്ന് ഞാൻ അടക്കമുള്ള പുതിയകാല മാധ്യമപ്രവർത്തകർ എല്ലാവരും പരക്കെ സമ്മതിക്കുന്ന കാര്യമാണ്. ഓരോ വാർത്തയിലും ഒരു കഥ ഒളിഞ്ഞിരിക്കും. ആവാർത്ത ഒരു സിനിമ പോലെ... ഒരു കഥ പോലെ... നമ്മളറിയാതെ നമ്മെ കൂട്ടി കൊണ്ടുപോകും.
ചുവപ്പ് കുപ്പായത്തിന്റെ കഥ.
കുറച്ച് കാലമായാണ് ചുവപ്പ് കുപ്പായത്തിലേക്ക് പൂർണമായും മാറിയത്. ഏകദേശം 15 വർഷമായി കാണും എന്ന് ബാബുവേട്ടൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇടതുപക്ഷ ചിന്താഗതിയോട് മുമ്പ് ഒരു ആകർഷണം ഉണ്ടായിരുന്നു. ചെഗുവേരയും മാവോയും ലൈബ്രറി പ്രവർത്തനകാലഘട്ടത്തിൽ മനസ്സിൽ കയറിക്കൂടിയത് ആയിരുന്നു. പിന്നീട് സിഐടിയു ജില്ലാ കമ്മിറ്റി അംഗം, ദൃശ്യ മാധ്യമം എന്ന നിലയിൽ കേബിൾ ടിവി സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. എങ്കിലും പിന്നീട് സജീവമായി രാഷ്ട്രീയത്തിൽ ഇടപെടാറില്ല. എല്ലാം നോക്കി കണ്ടു മനസ്സിലാക്കും അവസരം ലഭിക്കുന്ന എല്ലാ വേദികളിലും ശക്തമായി മുഖം നോക്കാതെ വിമർശിക്കും.
ജീവിതത്തിൽ റോൾ മോഡലായി മനസ്സിൽ പ്രതീക്ഷിച്ചത് വാക്കിലും പ്രവർത്തിയിലും പയ്യന്നൂരിന്റെ കമ്മ്യൂണിസ്റ്റ് മുഖമായ കെ രാഘവൻ ആണ്. രാഘവേട്ടന്റെ അരികിലെത്തുമ്പോൾ ഒരു പ്രത്യേക "സംരക്ഷണം" ലഭിക്കുന്നതുപോലെ തോന്നാറുണ്ട് . അദ്ദേഹത്തിൻ്റെ സൈക്കിൾ, കൃഷി, രാഷ്ട്രീയം തുടങ്ങി നിരവധി സ്റ്റോറികൾ ചെയ്തിട്ടുണ്ടെങ്കിലും ഈ വർഷം ഉണ്ടായ കെ ആറിന്റെ വിടവാങ്ങൽ ചടങ്ങ് ഏറെ വേദനയോടെ രേഖപ്പെടുത്തി.

കുടുംബം കല്യാണം!!! ഒപ്പം ചുവന്ന തൊപ്പിയും!
— ഒരു സ്നേഹവീട് വലിയ കൂട്ടുകുടുംബം.!!!
ബാബുവേട്ടന്റെ ഇടതൂർന്ന മുടി കണ്ട് ആൾക്കാർ ചോദിക്കും "ഇത്രയും മുടിയുള്ള നിങ്ങൾ തൊപ്പി ഇടുന്നത് എന്തിനാണ്? അതിനുള്ള ഉത്തരം അദ്ദേഹത്തിൽനിന്ന് ലഭിക്കാറുമില്ല. ഇടതൂർന്ന മുടിയുണ്ടെങ്കിലും ചുവന്ന തൊപ്പി അലങ്കാരം തന്നെയാണ് അദ്ദേഹത്തിന്. പല സുഹൃത്തുക്കളും ആണ് ഇത്തരം ചുവന്ന തൊപ്പികൾ സമ്മാനിക്കാറുള്ളത്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ ജന്മദിനമായ ജനുവരി 9നും, 10നും എല്ലാവർഷവും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തി വീഡിയോ ചിത്രീകരിക്കും. അതുപോലെ വലിയ പഴനിമല മുരുക ഭഗവാൻ്റെ ഭക്തൻ കൂടിയാണ് ബാബുവേട്ടൻ. ഇടയ്ക്ക് മുരുകന് തലമുടി മുണ്ഡനം ചെയ്തു സമർപ്പിക്കും. ചിലപ്പോൾ ഇത് ആരും അറിയാതിരിക്കാനും മുഴുവൻ സമയ തൊപ്പി ഒരു കാരണമാകാം. ( ലേഖകന്റെ നിരീക്ഷണം മാത്രമാണ് അത് ).
വലിയ കൂട്ടുകുടുംബത്തിൽ ജനിച്ചു എന്തേ ഇതുവരെ കല്യാണം കഴിച്ചില്ല എന്ന ഒരു ചോദ്യത്തിന് മുന്നിൽ മറുപടിയില്ല. ഉത്തരം ഒരു ചെറുചിരിയിൽ ഒതുക്കും. അമ്മയും സഹോദരിമാരും ഒക്കെയുള്ള വലിയ കുടുംബത്തിൽ ഞാൻ സന്തോഷവാനാണ് എന്ന ഒരു മറുപടി മാത്രമാണ് അദ്ദേഹത്തിൽനിന്ന് ലഭിക്കുക. എന്നും ദോശ കഴിക്കാൻ ഇഷ്ടപ്പെടുന്ന ബാബുവേട്ടന് അമ്മയും സഹോദരിമാരും ദോശ ഉണ്ടാക്കി നൽകിയാൽ അത് തന്നെയാണ് വലിയ ലോകം എന്ന് തമാശയ്ക്ക് എങ്കിലും ഇടക്ക് പറയും.
അദ്ദേഹത്തെ ആദ്യമായി കാണുമ്പോൾ ചിലപ്പോൾ ഒരു ചൂടൻ ആണെന്ന് തോന്നും, പിന്നീട് കാണുമ്പോൾ ചില പിടിവാശികൾ ഉണ്ട് എന്നും തോന്നാം. അടുത്തറിയുമ്പോൾ അദ്ദേഹത്തെപ്പോലെ ആത്മാർത്ഥതയുള്ള വേറെ മനുഷ്യരില്ല എന്ന് നമ്മളറിയും.
മദ്യവും പുകവലിയും ജീവിതത്തിൽ ഇതുവരെ അടുത്തുകൂടി പോയിട്ടില്ല. ഒന്നും നിസ്സാരമല്ല എല്ലാത്തിലും വാർത്തകൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു പാവം ചുവന്ന മനുഷ്യൻ!!!
ചില മനുഷ്യർ അങ്ങനെ നമുക്കിടയിൽ വ്യത്യസ്തരായി കടന്നു വരാറുണ്ട്. അവരെ പൂർണമായും മനസ്സിലാക്കാൻ നമുക്ക് സാധിക്കട്ടെ.
2025 ഇവിടെ അവസാനിക്കുന്നു... ചെറിയ ആരോഗ്യ പശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും വരുംവർഷങ്ങളിലും ഒരുപാട് നല്ല വാർത്തകളും സ്റ്റോറികളും അദ്ദേഹത്തിൽ നിന്ന് പ്രേക്ഷകർക്ക് ലഭിക്കട്ടെ. ബാബുവേട്ടനെ അംഗീകരിക്കാൻ നമ്മൾ ഒരുപാട് വൈകിപ്പോയി എന്ന് തോന്നുന്നു. മാധ്യമ രംഗത്തെ ബാബുവേട്ടന്റെ സമഗ്ര സംഭാവനകൾ എണ്ണിയാൽ തീരുന്നതല്ല.
2026 വർഷം അദ്ദേഹത്തിൻ്റെ സുവർണ കാലഘട്ടമായി മാറട്ടെ.
എഴുത്ത്: ഷനിൽ ചെറുതാഴം
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.


