മുൻമന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വ വൈകുന്നേരം മൂന്നരയോടെയാണ് അന്ത്യം. ഖബറടക്കം ബുധന്‍ രാവിലെ പത്തിന് ആലങ്ങാട് ജുമമസ്ജിദില്‍. നദീറയാണ് ഭാര്യ. മക്കൾ: അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ, വി ഇ ആബ്ബാസ്, വി ഇ അനൂപ്.
2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി നിയോജക മണ്ഡലത്തിന്റെ അവസാന എംഎൽഎയും കളമശേരി എന്ന പുതിയ മണ്ഡലത്തിൻറെ പ്രഥമ ജനപ്രതിനിധിയുമാണ്. പി കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടർന്ന് 2005 ജനുവരിയിൽ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. 2006 മെയ് വരെ ആ സ്ഥാനത്ത് തുടർന്നു. 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ, ഗോശ്രീ ഐലൻറ് ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കേരള നിയമസഭയുടെ അഷൂറൻസ് കമ്മറ്റി ചെയർമാൻ, ചന്ദ്രിക പത്രത്തിൻറെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


