മൂന്ന് വയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ ബൾബ് നീക്കം ചെയ്തു; പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് അഭിനന്ദനം

ടിവി റിമോട്ടിലെ എൽഇഡി ബൾബ് ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിൽ എത്തിയ മാതാമംഗലത്തുള്ള മൂന്ന് വയസ്സുകാരന് പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പുതുജീവൻ നൽകി.

കുട്ടിയെ ശ്വാസതടസ്സ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ശിശു ശസ്ത്രക്രിയ വിഭാഗം അടിയന്തരമായി ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയ നടത്തി ബൾബ് വിജയകരമായി പുറത്തെടുത്തു. ഏറെ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. വരുൺ ശബരി നേതൃത്വം നൽകി. ഡോ. അനു, ഡോ. നാഗദിവ്യ എന്നിവർ അനസ്തേഷ്യ നൽകി. സിസ്റ്റർ ബബിത ശസ്ത്രക്രിയക്ക് സഹായിയായി. ചികിത്സയ്ക്ക് ശേഷം കുട്ടിയെ പിറ്റേ ദിവസം തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

കളിപ്പാട്ടുകളിലും മറ്റ് ഉപകരണങ്ങളിലുമുള്ള ചെറിയ ഭാഗങ്ങൾ കുട്ടികളുടെ ശ്വാസനാളത്തിൽ കുടുങ്ങുന്നത് ജീവൻപോലും അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ് മുന്നറിയിപ്പ് നൽകി. സ്വകാര്യ ആശുപത്രികളിൽ ഏറെ ചെലവേറിയ ഈ ശസ്ത്രക്രിയ സർക്കാർ മെഡിക്കൽ കോളേജിൽ വളരെ കുറഞ്ഞ ചിലവിൽ വിജയകരമായി നടത്തിയതും ശ്രദ്ധേയമാണ്.

ഈ നേട്ടത്തിൽ ബ്രോങ്കോസ്കോപ്പിക്ക് നേതൃത്വം നൽകിയ ഡോക്ടർമാരെയും നഴ്സിംഗ് സ്റ്റാഫിനെയും ഓപ്പറേഷൻ തീയേറ്റർ ജീവനക്കാരെയും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിനന്ദിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ പോലും അത്യാധുനിക ചികിത്സ ഉറപ്പാക്കുന്ന പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ സേവനം പൊതുസമൂഹത്തിന് അഭിമാനകരമാണെന്നും ആരോഗ്യ മേഖലയിലെ മാതൃകാപരമായ ഇടപെടലാണിതെന്നും വിവിധ വൃത്തങ്ങൾ അറിയിച്ചു.