പയ്യന്നൂരിലെ സംഭവങ്ങൾ സി.പി.എമ്മിൻ്റെ അവസാനത്തിൻ്റെ തുടക്കം: സജീവ് ജോസഫ് എം.എൽ.എ

പയ്യന്നൂർ: ധനാപഹരണ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. സി.പി.എമ്മിൻ്റെ അഴിമതിയും ഗുണ്ടായിസവും ജനാധിപത്യധ്വംസനവും പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി. കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകൾ സി.പി.എമ്മിലെ ആന്തരിക ജീർണ്ണതയാണ് പുറത്തുകൊണ്ടുവന്നതെന്ന് സജീവ് ജോസഫ് പറഞ്ഞു. ഇതിനെതിരെ ജനാധിപത്യപരമായി പ്രതികരിച്ച കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കാൻ സി.പി.എം തയ്യാറായതായും അദ്ദേഹം ആരോപിച്ചു. മറ്റുള്ളവർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അവസരം നൽകില്ലെന്ന നിലപാട് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും, അത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ നിയമസഭയിൽ അവതരിപ്പിക്കരുതെന്ന സ്പീക്കറുടെ നിലപാട് നീതിയല്ലെന്നും, സി.പി.എം പ്രതിരോധത്തിലാകുന്ന വിഷയങ്ങൾ സഭയിൽ ഉയരുന്നത് തടയാനുള്ള ശ്രമമാണെന്നും സജീവ് ജോസഫ് വിമർശിച്ചു. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന സമീപനം ജനാധിപത്യ സംവിധാനത്തിൽ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും, പയ്യന്നൂരിൽ കണ്ടത് സി.പി.എം ഗുണ്ടായിസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവങ്ങൾ സി.പി.എമ്മിൻ്റെ അവസാനത്തിൻ്റെ തുടക്കമാണെന്നും സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. നിരാഹാര സമരത്തിന് നേതൃത്വം നൽകിയ അഡ്വ. മാർട്ടിൻ ജോർജിന് സജീവ് ജോസഫ് എം.എൽ.എ ഷാൾ അണിയിച്ച് സമരം ഉദ്ഘാടനം ചെയ്തു. നേതാക്കളും പ്രവർത്തകരും മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി.

കെ.പി.സി.സി ഭാരവാഹികളായ വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, ബാലകൃഷ്ണൻ പെരിയ, റിജിൽ മാക്കുറ്റി, അഡ്വ. കെ. ബ്രിജേഷ് കുമാർ, എം.പി. ഉണ്ണികൃഷ്ണൻ, കെ. പ്രമോദ്, അഡ്വ. റഷീദ് കവ്വായി, രജിത് നാറാത്ത്, എ.പി. നാരായണൻ, എം.കെ. രാജൻ, കെ. ജയരാജ്, അത്തായി പത്മിനി, ഇ.പി. ശ്യാമള, സുധീഷ് കടന്നപ്പള്ളി, സജീവ് മാറോളി, വി.പി. അബ്ദുൽ റഷീദ്, കെ.ടി. സഹദുള്ള, വി.വി. പുരുഷോത്തമൻ, സുരേഷ് കുമാർ എളയാവൂർ, മുണ്ടേരി ഗംഗാധരൻ, മധു എരമം, വിജിൽ മോഹനൻ, എം. ഉമ്മർ, ഫിലോമിന ടീച്ചർ, അമൃതരാമകൃഷ്ണൻ, രജനി രമാനന്ദ്, കെ.പി. സാജു, വി. രാധാകൃഷ്ണൻ, തോമസ് വക്കത്താനം, രാജീവൻ കപ്പച്ചേരി, നൗഷാദ് വാഴവളപ്പിൽ, ടി. ജനാർദ്ദനൻ, അഡ്വ. സജിത്, സി. ഗിരിജ, വി. കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് പ്രസംഗിച്ചു.