വെദിരമന വിഷ്ണു നമ്പൂതിരിയുടെ ആത്മകഥാ ഗ്രന്ഥ പ്രകാശനം നാളെ
പുറച്ചേരി: സാമൂഹിക–സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയ സാന്നിധ്യവും കേശവതീരം സ്ഥാപകനുമായ വെദിരമന വിഷ്ണു നമ്പൂതിരിയുടെ ആത്മകഥാംശം ഉൾക്കൊള്ളുന്ന “ഓർമ്മകളുടെ തീരം” എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും അനുസ്മരണവും നാളെ (ഞായർ) നടക്കും.
കേശവതീരം ആയുർവേദ ഗ്രാമത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് 1 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങ് കല്യാശേരി എം.എൽ.എ എം വിജിൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കഥാകൃത്ത് സി വി ബാലകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്യും. ഡോ. വി. ജയരാജൻ ഗ്രന്ഥം ഏറ്റുവാങ്ങും. ഗവൺമെൻറ് ആയുർവേദ കോളേജ് കോളേജ് പരിയാരം പ്രിൻസിപ്പൽ ഡോ. പി.ആർ. ഇന്ദുകല മുഖ്യാതിഥിയായിരിക്കും.
ഡോ. പി.എം. മധു പുസ്തകപരിചയം നടത്തും. ഒ.കെ. നാരായണൻ നമ്പൂതിരി സ്മൃതിഭാഷണം നടത്തും. തുടർന്ന് സംഗീതജ്ഞൻ രമേശൻ പെരുന്തട്ട നയിക്കുന്ന രാഗസംഗീത സമന്വയവും, ഡോ. എടക്കാട് രാധാകൃഷ്ണമാരാർ അവതരിപ്പിക്കുന്ന സോപാനസംഗീതവും അരങ്ങേറും.
സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വെദിരമന വിഷ്ണു നമ്പൂതിരിയുടെ ജീവിതസ്മരണകൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം വായനക്കാരിൽ പ്രത്യേക ശ്രദ്ധ നേടുമെന്നാണ് സംഘാടകർക്കുള്ള പ്രതീക്ഷ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


