25 വർഷമായി ഇഫ്താർ വിരുന്നൊരുക്കി പരിയാരം എസ്.വൈ.എസ് സാന്ത്വന കേന്ദ്രവും അൽമഖറും

പരിശുദ്ധ റമളാൻ മാസത്തിൽ പരിയാരം മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വഴിയാത്രക്കാർക്കും ഇഫ്താർ വിരുന്നൊരുക്കി ശ്രദ്ധേയമായ സേവന പ്രവർത്തനമാണ് പരിയാരം എസ്.വൈ.എസ് സാന്ത്വന കേന്ദ്രവും അൽമഖറും നടത്തുന്നത്. തുടർച്ചയായി 25 വർഷമായി ഈ പ്രവർത്തനം തുടരുകയാണ്.

അൽമഖർ എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.വൈ.എസ് പരിയാരം സാന്ത്വന കേന്ദ്രം പ്രവർത്തകരാണ് ഈ മഹത്തായ സേവന പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ദിവസേന ഏകദേശം ആയിരത്തോളം പേരിലേക്കാണ് ഇവരുടെ സേവനം എത്തുന്നത്. നോമ്പുതുറയും അത്താഴവും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.


25 വർഷങ്ങൾക്ക് മുമ്പ്, വിവിധ ഭാഗങ്ങളിൽ സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ പണ്ഡിതനായ ചിത്താരി ഹംസ മുസ്ലിയാർ ആണ് അൽമഖറിന്റെ നേതൃത്വത്തിൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ വിവിധ സോണുകളിൽ നിന്നുള്ള പ്രവർത്തകർ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പലഹാരങ്ങൾ ഉപയോഗിച്ചാണ് നോമ്പുതുറക്കുള്ള വിഭവങ്ങൾ ഒരുക്കുന്നത്. ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.


എസ്.വൈ.എസ് കണ്ണൂർ ജില്ലാ പ്രസിഡണ്ടും പരിയാരം സാന്ത്വന കേന്ദ്രം ഡയറക്ടറുമായ മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ, ബഷീർ എ.ബി.സി എന്നിവർ പ്രവർത്തനം ഏകോപിപ്പിക്കുന്നു. ദിവസേന ലക്ഷങ്ങൾ ചിലവഴിച്ചാണ് ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഈ സേവന പ്രവർത്തനം തുടരുന്നത്.


കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ വിവിധ സാന്ത്വന സേവന പ്രവർത്തനങ്ങൾ നടത്താൻ പരിയാരം സാന്ത്വന കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ എത്തുന്ന പാവപ്പെട്ട രോഗികൾക്ക് സഹായം എത്തിക്കുന്നതോടൊപ്പം, രോഗികൾക്കൊപ്പം വരുന്ന കൂട്ടിരിപ്പുകാർക്ക് താമസസൗകര്യത്തിനായി ഒരുക്കിയ ഡോർമെറ്ററി നിരവധി പേർ ഉപയോഗപ്പെടുത്തുന്നുണ്ട്.


കൂടാതെ, മയ്യത്ത് പരിപാലനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പുരുഷ-വനിതാ വളണ്ടിയർമാരും സാന്ത്വന കേന്ദ്രത്തിലുണ്ട്. അനാഥ മയ്യത്തുകൾ ഉൾപ്പെടെ നിരവധി മയ്യത്തുകൾ പരിപാലിക്കുകയും സംസ്കരിക്കുകയും ചെയ്തിട്ടുണ്ട്. പാലിയേറ്റീവ് സേവനങ്ങളും ഇവിടെ ലഭ്യമാണ്.

വരുംകാലങ്ങളിൽ ഡയാലിസിസ് സൗകര്യം ആരംഭിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇതിനകം തന്നെ ഐ.സി.എഫ് സഹകരണത്തോടെ മെഡിക്കൽ കോളേജിലേക്ക് നിരവധി വീൽചെയറുകൾ, രോഗികൾക്ക് കസേരകൾ, മോർച്ചറിയിലേക്ക് കൂളർ എന്നിവയും നൽകിയിട്ടുണ്ട്. എല്ലാ സമയങ്ങളിലും സേവനം നടത്താൻ പരിശീലനം ലഭിച്ച ഷീ പാലിയേറ്റീവ് ടീം സാന്ത്വന കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഡയറക്ടർ മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ അറിയിച്ചു.

 

advt
സമ്മർ വെക്കേഷൻ കോഴ്സ് പിലാത്തറയിൽ അഡ്മിഷൻ ആരംഭിച്ചു 
8281016662 visit website http://https://anandham.archikites.com/