രാജാവും പ്രജകളും! തിരഞ്ഞെടുപ്പ് ചിന്തകൾ -

നാടെങ്ങും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചൂടിലും ചൂരിലുമാണ്. അതെ, നമ്മൾ വീണ്ടും പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. നിയമം മൂലം കേരളം കേരളമായ 1956-ന് ശേഷം നടക്കുന്ന പതിനാറാമത്തെ പടയോട്ടമാണിത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഔദ്യോഗികമായി തന്നെ നമ്മുടെ നാട് 'കേരളം' (Keralam) ആയി മാറുന്നു എന്ന പ്രത്യേകതയുമുണ്ട്.

രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല. രാജഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് മാറിയെങ്കിലും സാധാരണക്കാർക്ക് ഇന്നും ഒരു 'രാജഭക്തി' ഉള്ളിലുണ്ട്. അതുകൊണ്ടാണല്ലോ പണ്ട് ആശയങ്ങൾ കൊണ്ട് എതിർത്തവർ ഇന്ന് സ്ഥാനമാനങ്ങൾക്കായി ചേരിമാറുന്നത് നമ്മൾ കാണുന്നത്. ഈ സാഹചര്യത്തെ ഒരു ഫാന്റസി കഥ പോലെ നമുക്കൊന്ന് താരതമ്യം ചെയ്താലോ? രാജവാഴ്ചയും ജനാധിപത്യവും ഒരു താരതമ്യപഠനം നടത്തി നമുക്ക് ചരിത്രത്തിലേക്ക് കടക്കാം. ഒരു ഫാന്റസി കഥ പോലെ പെട്ടെന്ന് ഒന്ന് പോയി വരാം...

മുഖ്യമന്ത്രിയെ പണ്ട് നാട്ടുരാജ്യങ്ങളിലെ സർവ്വാധികാരിയായിരുന്ന 'ദളവ' അല്ലെങ്കിൽ 'ദിവാൻ' എന്ന പ്രയോഗം മുഖ്യമന്ത്രിക്ക് നൽകാം. 

മന്ത്രി : മന്ത്രിമാരെ 'കാര്യക്കാർ' എന്നോ 'പടനായകർ' എന്നോ വിളിക്കാം.

എം.എൽ.എമാർ: ഓരോ മണ്ഡലത്തെയും പ്രതിനിധീകരിക്കുന്നവരെ 'നാടുവാഴികൾ' അല്ലെങ്കിൽ 'ദേശാധിപതികൾ' എന്ന് വിശേഷിപ്പിക്കാം.

വോട്ട്: വോട്ടിനെ 'തിരുമുൽക്കാഴ്ച' അല്ലെങ്കിൽ 'സമ്മതിദാനമെന്ന കൽപ്പന' എന്ന് വിളിക്കാം.

തിരഞ്ഞെടുപ്പ്: ഇതിനെ 'അങ്കം' അല്ലെങ്കിൽ 'അധികാരത്തിനായുള്ള പടയോട്ടം' എന്ന് പറയാം അല്ലേ.

മുന്നണി മാറ്റം: ഒരു മുന്നണിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനെ 'കൂറുമാറ്റം' എന്നതിലുപരി 'രാജ്യദ്രോഹം' എന്നോ 'ചേരിമാറ്റം' എന്നോ പഴയ ശൈലിയിൽ വിശേഷിപ്പിക്കാം.

പ്രകടനപത്രിക: പാർട്ടികളുടെ വാഗ്ദാനങ്ങളെ 'രാജവിളംബരം' എന്ന് വിളിക്കുന്നത് രസകരമായിരിക്കും.

സെക്രട്ടേറിയറ്റ്: ഇന്നത്തെ ഭരണകേന്ദ്രത്തെ 'കല്പനക്കോട്ട' അല്ലെങ്കിൽ 'ഹജൂർ കച്ചേരി' എന്ന് വിളിക്കാം.

അങ്ങനെ ഓരോ രാഷ്ട്രീയ പാർട്ടികളും പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. അണിയറയിലെ ചാണക്യതന്ത്രങ്ങൾ പയറ്റി ചെങ്കോലും കിരീടവും സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. 

പക്ഷേ ഒരു കാര്യമുണ്ട്, ഇന്ന് വോട്ടർമാരെ അടിയാന്മാർ എന്ന് വിളിച്ചാൽ അത് തെറ്റാണ്. വോട്ടവകാശമുള്ള ഓരോ വ്യക്തിയും ഇന്ന് ജന്മിമാരെപ്പോലെ നെഞ്ചുനിവർത്തി നിൽക്കുന്ന കാലമാണിത്. (SIR - സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ കാലം). അതെ നമ്മുടെ ജീവൻ്റെ വിലയുള്ള വോട്ട് രാഷ്ട്രീയ നേതാക്കൾ കാലുമാറുന്ന നാട്ടിൽ രാഷ്ട്രീയം നോക്കാതെ പ്രജകളുടെ മനമറിഞ്ഞുള്ള അഴിമതി പുരളാത്ത ഭരണാധികാരികൾക്ക്  മാത്രം നൽകാം. 

"കേരളത്തിന്റെ മണ്ണിൽ വീണ്ടും ഒരു അങ്കത്തിന് കാഹളം മുഴങ്ങുന്നു. ഭരണത്തുടർച്ചയെന്ന ചെങ്കോലിനായി ഒരു വശത്ത് ഇന്നത്തെ ദളവ പടയൊരുക്കുമ്പോൾ, അപ്രതീക്ഷിതമായ ചാണക്യതന്ത്രങ്ങളുമായി മറുഭാഗത്ത് പടനായകർ അണിനിരക്കുന്നു. വോട്ടർമാരാകുന്ന പ്രജകളുടെ തിരുമുൽക്കാഴ്ച ആർക്കായിരിക്കും എന്നറിയാൻ ഇനി നാളുകൾ മാത്രം."

കാല്പനികതയുടെ ലോകത്തിൽ തിരികെ ഒരു യാത്ര ചെയ്യാം.. ഫാന്റസിയിൽ നിന്ന് റിയാലിറ്റിയിലേക്ക്.... 

വേനൽച്ചൂടിലും രാഷ്ട്രീയച്ചൂരിലും സ്ഥാനാർത്ഥികൾ വോട്ടർമാർ വോട്ടർമാരെ തേടി യാത്ര തുടങ്ങി. പ്രബല സ്ഥാനാർത്ഥികളും വിമത സ്ഥാനാർത്ഥികളും അപരന്മാരും ഒക്കെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക കൊടുത്തു കഴിഞ്ഞു. 

ചരിത്രം നോക്കുകയാണെങ്കിൽ ഇതുവരെ 15 തിരഞ്ഞെടുപ്പുകൾ കഴിഞ്ഞു. ഇനി നമുക്ക് കുറച്ച് നിമിഷങ്ങൾ ഒരു ചരിത്ര വിദ്യാർത്ഥിയായി മാറാം... 

1956 നവംബർ 1-ന് കേരള സംസ്ഥാനം രൂപീകൃതമായെങ്കിലും, 1957-ൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കേരളത്തിൽ ഒരു ജനാധിപത്യ സർക്കാരോ നിയമസഭയോ ഉണ്ടായിരുന്നില്ല. 1956 മാർച്ച് മുതൽ മുൻപത്തെ തിരു-കൊച്ചി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിലുണ്ടായിരുന്നു. അതിനാൽ, കേരളം രൂപം കൊണ്ട 1956 നവംബർ 1 മുതൽ 1957 ഏപ്രിലിൽ ഇ.എം.എസ് സർക്കാർ അധികാരമേൽക്കുന്നത് വരെ കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നു.

ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ സംസ്ഥാനത്തിന്റെ ഭരണത്തലവൻ ഗവർണറായിരുന്നു. കേരളത്തിന്റെ ആദ്യ ഗവർണറായിരുന്ന ബി. രാമകൃഷ്ണ റാവു ആണ് ആ സമയത്ത് ഭരണകാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.

ബാലറ്റ് പെട്ടി മുതൽ ഭരണത്തുടർച്ച വരെ : കേരള രാഷ്ട്രീയത്തിന്റെ പരിണാമം

1956-ൽ കേരളം രൂപീകൃതമായതിനുശേഷം നടന്ന ഓരോ തിരഞ്ഞെടുപ്പും ഇന്ത്യൻ രാഷ്ട്രീയത്തിന് തന്നെ പുതിയ പാഠങ്ങളാണ് നൽകിയത്. ആദർശങ്ങളും അപ്രതീക്ഷിത സഖ്യങ്ങളും നിറഞ്ഞ ഒരു ചരിത്രയാത്ര ... 

 വിപ്ലവകരമായ തുടക്കം (1957 - 1960)

1957-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു (65 സീറ്റ്). എന്നാൽ 'വിമോചന സമരത്തെ' തുടർന്ന് 1959-ൽ ഈ സർക്കാർ പിരിച്ചുവിടപ്പെട്ടു. തുടർന്ന് 1960-ൽ കോൺഗ്രസ്-പി.എസ്.പി-ലീഗ് സഖ്യം അധികാരത്തിലെത്തി. പട്ടം താണുപിള്ള മുഖ്യമന്ത്രിയായെങ്കിലും അദ്ദേഹം ഗവർണറായതോടെ ആർ. ശങ്കർ കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി.

 

 മുന്നണി രാഷ്ട്രീയത്തിന്റെ ഉദയം (1967 - 1970)

1967-ൽ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള 'സപ്തകക്ഷി മുന്നണി' വൻ ഭൂരിപക്ഷത്തോടെ (113 സീറ്റ്) അധികാരത്തിൽ വന്നെങ്കിലും ആഭ്യന്തര കലഹം മൂലം 1969-ൽ രാജിവെച്ചു. ഇതിനുശേഷം കേരള രാഷ്ട്രീയം കണ്ട അപൂർവ്വമായ ഒന്നായിരുന്നു സി. അച്യുതമേനോന്റെ നേതൃത്വത്തിൽ കോൺഗ്രസ് പിന്തുണയോടെയുള്ള സി.പി.ഐ സർക്കാർ. അഞ്ച് വർഷം കാലാവധി തികച്ച ആദ്യ മുഖ്യമന്ത്രിയായി അദ്ദേഹം ചരിത്രം കുറിച്ചു.

 

അസ്ഥിരതയുടെയും അടിയന്തരാവസ്ഥയുടെയും കാലം (1977 - 1982)

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ൽ ഐക്യമുന്നണി അധികാരത്തിലെത്തി. ഈ കാലയളവ് കേരളം ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാരെ കണ്ട സമയമാണ്:

കെ. കരുണാകരൻ: രാജൻ കേസിനെ തുടർന്ന് ഒരു മാസത്തിനുള്ളിൽ രാജി.

എ.കെ. ആന്റണി: കരുണാകരന് ശേഷം അധികാരത്തിൽ.

പി.കെ. വാസുദേവൻ നായർ: ആന്റണിക്ക് ശേഷം മുഖ്യമന്ത്രിയായി.

സി.എച്ച്. മുഹമ്മദ് കോയ: കേരളത്തിലെ ഏക മുസ്ലിം മുഖ്യമന്ത്രിയായി ചുരുങ്ങിയ കാലം ഭരിച്ചു.

തുടർന്ന് 1980-ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ആദ്യ എൽ.ഡി.എഫ് സർക്കാർ വന്നുവെങ്കിലും 1982-ൽ ഭരണം യു.ഡി.എഫിലേക്ക് (കരുണാകരൻ) തിരിച്ചുപോയി.

 

മാറി മാറി വരുന്ന ഭരണരീതി (1987 - 2016)

1980-കളുടെ പകുതിയോടെയാണ് കേരളത്തിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന രീതി ഉറച്ചത്: ( 87 to 2016 എൻ്റെ ഓർമ്മകളിൽ ഉള്ള കാലം) 

1987: ഇ.കെ. നായനാർ (എൽ.ഡി.എഫ്) അധികാരത്തിൽ. ഒരു വർഷം മുൻപേ സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടു.

1991: രാജീവ് ഗാന്ധി വധത്തെത്തുടർന്നുള്ള തരംഗത്തിൽ കെ. കരുണാകരൻ (യു.ഡി.എഫ്) അധികാരത്തിൽ.

1996: ഇ.കെ. നായനാർ മൂന്നാം തവണയും മുഖ്യമന്ത്രിയായി.

2001: എ.കെ. ആന്റണി (യു.ഡി.എഫ്). പിന്നീട് ഉമ്മൻ ചാണ്ടി ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തി.

2006: വി.എസ്. അച്യുതാനന്ദൻ (എൽ.ഡി.എഫ്) മൂന്നാർ ദൗത്യം പോലുള്ള കർശന നടപടികളുമായി തിളങ്ങി.

2011: ഉമ്മൻ ചാണ്ടി (യു.ഡി.എഫ്) ജനസമ്പർക്ക പരിപാടികളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.

ചരിത്രം തിരുത്തിയ ഭരണത്തുടർച്ച (2016 - 2021)

2016-ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് അധികാരമേറ്റപ്പോൾ മറ്റൊരു ചരിത്രം കൂടി കുറിക്കപ്പെട്ടു. നേമം മണ്ഡലത്തിലൂടെ കേരള നിയമസഭയിൽ ആദ്യമായി ബി.ജെ.പിക്ക് ഒരു എം.എൽ.എയെ ലഭിച്ചു. അങ്ങനെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ താമര വിരിഞ്ഞതും ചരിത്രമായി. എന്നാൽ 2021-ലെ പോരാട്ടത്തിൽ ആ സീറ്റ് തിരിച്ചുപിടിച്ചുകൊണ്ട് എൽ.ഡി.എഫ് ഭരണത്തുടർച്ചയെന്ന അത്യപൂർവ്വ നേട്ടം സ്വന്തമാക്കി.

പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ നേരിട്ട രീതി സർക്കാരിന് വലിയ പിന്തുണ നേടിക്കൊടുത്തു. ഇതിന്റെ ഫലമായി 2021-ൽ 99 സീറ്റുകൾ നേടി, നാല് പതിറ്റാണ്ടായി തുടർന്നുവന്ന ഭരണമാറ്റ രീതിയെ മറികടന്ന് എൽ.ഡി.എഫ് ഭരണത്തുടർച്ച നേടി.

2026 ഏപ്രിൽ 9-ന് തിരഞ്ഞെടുപ്പും വോട്ടെണ്ണൽ മെയ് 4 നും ആണല്ലോ. ഈ വർഷം വ്യത്യസ്ത പ്രകടനപത്രികയുമായി ഇരുപക്ഷവും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി കഴിഞ്ഞു. 

പഴയകാലത്ത് ചായപ്പീടികയിലെ തർക്കങ്ങളായിരുന്നെങ്കിൽ ഇന്ന് പോരാട്ടം സോഷ്യൽ മീഡിയയിലെ 'സൈബർ അങ്കത്തട്ടുകളിലാണ്'. സോഷ്യൽ മീഡിയ സ്വാധീനം ഒരു പരിധിവരെ ഗുണവും ദോഷവും ചെയ്യുന്നുണ്ട് ഇരുമുന്നണികൾക്കും. 

പ്രത്യയശാസ്ത്രങ്ങൾക്ക് പകരം 'പ്രോഗ്രസ് റിപ്പോർട്ടുകൾ' ചർച്ചയാകുന്ന കാലം. പ്രബുദ്ധരായ വോട്ടർമാർ തങ്ങളുടെ വിവേകം ഉപയോഗിക്കുമെന്ന് തീർച്ച! കാരണം, ജനാധിപത്യത്തിൽ പ്രജകളല്ല, വോട്ടർമാരാണ് യഥാർത്ഥ രാജാക്കന്മാർ!

കേരളത്തിലെ ജനങ്ങൾ എല്ലായ്പ്പോഴും ഭരണനേട്ടങ്ങളെയും പാളിച്ചകളെയും കൃത്യമായി വിലയിരുത്തുന്നവരാണ്. ഒരു ഭരണത്തിന്റെ തുടർച്ച വേണോ അതോ മാറ്റം വേണോ എന്നത് ജനങ്ങളുടെ ആവശ്യങ്ങളും അന്നത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും മുൻനിർത്തി അവർ തന്നെ തീരുമാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ ഭംഗി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ തങ്ങളുടെ വിവേകം ഉപയോഗിക്കുമെന്ന് തീർച്ച! 

തീരുമാനം ജനങ്ങളുടേതാണ്, കാരണം ജനാധിപത്യത്തിൽ പ്രജകളല്ല, വോട്ടർമാരാണ് യഥാർത്ഥ രാജാക്കന്മാർ!

 

( അടുത്ത ലേഖനത്തിൽ ഓരോരോ കാലഘട്ടത്തിലും ഉണ്ടായ വികസനങ്ങൾ ചർച്ച ചെയ്യാം. )