കളിസ്ഥലം ഒരുക്കി; പുതുതലമുറയ്ക്ക് പ്രചോദനമായി മൂലവയൽ ഗ്രാമം കൂട്ടായ്മ
ലഹരി ഉപയോഗവും മൊബൈൽ ഫോൺ അടിമത്തവും എന്നിവയിൽ നിന്ന് കുട്ടികളെ മാറിനിർത്തി, ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ടെന്ന് സംഘാടകർ അറിയിച്ചു. വോളിബോൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതികളും കൂട്ടായ്മ ആലോചിച്ചുവരികയാണ്.
പെരുവാമ്പ: കായിക പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിയിരുന്ന കുട്ടികൾക്ക് പ്രതീക്ഷയായി മാറി മൂലവയൽ ഗ്രാമം കൂട്ടായ്മയുടെ ഇടപെടൽ. പുതുതലമുറയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകുന്ന തരത്തിൽ ഗ്രാമത്തിൽ പുതിയ കളിസ്ഥലം ഒരുക്കി നാടിന് മാതൃകയാവുകയാണ് കൂട്ടായ്മ.
വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നടത്താൻ അനുയോജ്യമായ സൗകര്യങ്ങളോടെയാണ് കളിസ്ഥലം സജ്ജമാക്കിയിരിക്കുന്നത്. സ്വന്തം നാട്ടുകാർ തന്നെ കൈകോർത്തു ഈ സംരംഭം നടപ്പിലാക്കിയതിൽ പ്രദേശത്തെ കുട്ടികൾ ഏറെ സന്തോഷം പ്രകടിപ്പിച്ചു.
ഇതിനൊപ്പം വിഷു ദിനത്തിൽ ഗ്രാമോത്സവം സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
കൂട്ടായ്മ ചെയർമാനും എരമം-കുറ്റൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പറുമായ പി. പി. ഭാസ്‌കരൻ, കൺവീനർ പ്രണവ് പെരുവാമ്പ, ട്രഷറർ ടി.വി. പ്രദീപ് കുമാർ, പി.വി. മിഥുൻ, എം.എം. സതീശൻ, പി.കെ. മനു, കെ.സി. ജിതിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


