വിഷുദിനത്തിൽ കുട്ടികളെ ലക്ഷ്യമിട്ട് അക്രമം, മൂന്ന് പേർക്ക് കേസ്

വിഷുദിനത്തിൽ പുലർച്ചെ നടന്ന അപകടകരമായ സംഭവത്തിൽ മൂന്ന് പേർക്ക് എതിരെ പരിയാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കണ്ടോന്താർ റോഡരികിൽ പടക്കം പൊട്ടിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് മദ്യലഹരിയിൽ കാർ ഇടിച്ചുകയറ്റാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി.

മാതമംഗലം താറ്റ്യേരി സ്വദേശിയായ ആർമി ഉദ്യോഗസ്ഥൻ സി. ഷിജു, മാതമംഗലം സ്വദേശി അഖിൽരാജ് ചെമ്പാടൻ, കൂടാതെ കണ്ടാൽ തിരിച്ചറിയാവുന്ന മറ്റു രണ്ടുപേർ എന്നിവർക്കെതിരെയാണ് കേസ്. സംഭവം പുലർച്ചെ 3.30ഓടെയാണ് നടന്നത്.

കുട്ടികളുടെ ഇടയിലേക്ക് വാഹനം കയറ്റാൻ ശ്രമിച്ചതിനെതിരെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ ഒരു സ്റ്റുഡിയോ കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റി. സനം സ്റ്റുഡിയോ ഉടമ വിനുവിന്റെ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.

അതേസമയം, ഇതേ സംഘം പുലർച്ചെ 12.30ഓടെ കടന്നപ്പള്ളി പടിഞ്ഞാറേക്കരയിൽ സമാനമായ സംഭവത്തിൽ നാട്ടുകാർ ചോദ്യം ചെയ്ത് വിട്ടയച്ചതായും, പിന്നീട് വീണ്ടും എത്തി കണ്ടോന്താറിലെ കുട്ടികളെ ലക്ഷ്യമാക്കി അക്രമാസക്തമായി പെരുമാറിയതായും റിപ്പോർട്ടുണ്ട്.

സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.