വോളിബോൾ താരം ഗോവിന്ദൻകുട്ടി അന്തരിച്ചു

എരമം നോർത്തിലെ പരേതനായ ചെമ്മഞ്ചേരി മീത്തലെ വീട്ടിൽ രാഘവൻ നമ്പ്യാരുടെയും മഠത്തിൽ കോളിയാട്ട് ജാനകി അമ്മയുടെയും മകനായ എം. കെ. ഗോവിന്ദൻകുട്ടി (62, റിട്ട. CRPF) നിര്യാതനായി. ഭാര്യ: ശോഭന പി. വി (തിമിരി). മക്കൾ: അഞ്ജലി ഗോവിന്ദ്, ആഷ്ണ ഗോവിന്ദ്. മരുമകൻ: നിജിൻ സി. (പരിയാരം). സഹോദരങ്ങൾ: സുകുമാരൻ (ചുണ്ട), ശാന്ത (ഉളളൂർ), രാമചന്ദ്രൻ (എരമം), രാധ (മുക്കാലി), ശോഭ (ചുണ്ട), ഗീത (തലവിൽ). പരേതരായവർ: തമ്പാൻ, രാജേഷ്. മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10.30 മുതൽ എരമം നോർത്തിലെ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് ഉളളൂർ പൊതുസ്മശാനത്തിൽ നടക്കും.

കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ വോളിബോൾ പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത പേരായിരുന്നു ഗോവിന്ദൻകുട്ടി. 1980കളിൽ തുടങ്ങി കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ഈ പ്രഗൽഭ താരം, തന്റെ കരുത്തും കളിയിലെ മികവും കൊണ്ട് നിരവധി ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു.

സഹോദരനിൽ നിന്ന് വോളിബോളിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഗോവിന്ദൻകുട്ടി, ചുണ്ടയിലെ ഷൈനിംഗ് സ്റ്റാർ ഗ്രൗണ്ടിലൂടെയാണ് തന്റെ കഴിവുകൾ വളർത്തിയത്. എരമത്ത് സ്വദേശിയായിരുന്നെങ്കിലും ചുണ്ടയിലെ വോളിബോൾ അന്തരീക്ഷമാണ് അദ്ദേഹത്തെ വളർത്തിയെടുത്തത്. “എരമം ഗോവിന്ദൻകുട്ടി” എന്ന പേരിൽ അറിയപ്പെട്ടിരുന്നെങ്കിലും, ചുണ്ടയുടെ സ്വന്തം താരമായിരുന്നു അദ്ദേഹം.

മികച്ച കൗണ്ടർ അറ്റാക്കറും ശക്തമായ മീഡിയം ബോൾ, ഷോട്ട് ബോൾ കളികളിലൂടെ ശ്രദ്ധേയനുമായ ഗോവിന്ദൻകുട്ടി പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് തെളിയിച്ചു. ഓരോ മത്സരത്തിലും അദ്ദേഹത്തിന്റെ പ്രകടനം കാണികളെ ആവേശഭരിതരാക്കുന്നവയായിരുന്നു.

1985ൽ സി.ആർ.പി.എഫിൽ ചേർന്ന അദ്ദേഹം 1987 മുതൽ 1993 വരെ സെൻട്രൽ ടീമിന് വേണ്ടി ജേഴ്സി അണിഞ്ഞു. ദേശീയ പോലീസ് ഗെയിംസുകളിലെ പ്രകടനം അദ്ദേഹത്തെ ദേശീയ തലത്തിൽ പ്രശസ്തനാക്കി. തുടർന്ന് യുഎൻ ദൗത്യസേനയുടെ ഭാഗമായി യൂറോപ്പിലെ കൊസോവോയിൽ സേവനം അനുഷ്ഠിച്ചപ്പോഴും വോളിബോളിൽ തന്റെ മികവ് തെളിയിച്ചു. അവിടെ നടന്ന മത്സരത്തിൽ പാകിസ്ഥാൻ പോലീസിനെ പരാജയപ്പെടുത്തുന്നതിലും അദ്ദേഹം പങ്കാളിയായി.

കോൺസ്റ്റബിൾ ആയി സേവനം ആരംഭിച്ച ഗോവിന്ദൻകുട്ടി, 2008ൽ ഇൻസ്പെക്ടറായി വിരമിച്ചു. ഔദ്യോഗിക ജീവിതത്തോടൊപ്പം പ്രാദേശിക ടൂർണമെന്റുകളിലും സജീവമായിരുന്ന അദ്ദേഹം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു. റെഡ് സ്റ്റാർ കുന്നുമ്മൽ, പ്രസാദ് വെള്ളച്ചാൽ തുടങ്ങി നിരവധി ടീമുകൾക്ക് വേണ്ടി അദ്ദേഹം വോളിബോൾ ഗ്രൗണ്ടുകളിൽ ഇടിമുഴക്കം സൃഷ്ടിച്ചു.

കേരളത്തിന്റെ വോളിബോൾ ചരിത്രത്തിൽ ഒരിക്കലും മായാത്ത ഇടം നേടിയ ഗോവിന്ദൻകുട്ടിയുടെ വേർപാട് കായികലോകത്തിന് വലിയ നഷ്ടമാണ്.

 ആദരാഞ്ജലികൾ