പിലാത്തറ കുളപ്പുറത്തെ ആത്മീയ വ്യാപാരി ഒളിവിൽ

വീടാക്രമിച്ച് ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ, കേസിലെ മുഖ്യപ്രതിയും യുവതിയുടെ ഭർത്താവുമായ പരിയാരം കുളപ്പുറത്തെ ജാഫർ ബാഖവി ഒളിവിലാണ്.

കുറ്റ്യാട്ടൂർ  പഴശ്ശിയിൽ വീടാക്രമിച്ച് യുവതിയെയും മാതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. ഇരിട്ടി സ്വദേശി സവാദ് (27) ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയും യുവതിയുടെ ഭർത്താവുമായ പരിയാരം സ്വദേശി ജാഫർ ഒളിവിലാണ്.

പഴശ്ശി സ്വദേശിനി സി.പി. മാരിയത്ത്, മാതാവ് സി.പി. മൈമൂന എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മൈമൂനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ജാഫർ ബാഖവിയും സുഹൃത്ത് സവാദും ചേർന്ന് ജനൽ ചില്ലുകൾ, ചെടിച്ചട്ടികൾ, മുൻവാതിൽ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ അടിച്ച് തകർത്തു. വീട്ടിലുണ്ടായിരുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്ത് വർഷം മുമ്പ് വിവാഹിതരായ ജാഫറും മാരിയത്തും കുടുംബകോടതിയിൽ നിലനിൽക്കുന്ന കേസുകളെത്തുടർന്ന് അകന്ന് കഴിയുകയായിരുന്നു. മാരിയത്തിന് ചെലവിന് നൽകാൻ കോടതി വിധിച്ച തുക നൽകാത്തതിലും, കുട്ടികളെ വിട്ടുകിട്ടാത്തതിലുമുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. ജാഫർ മറ്റൊരു വിവാഹം കഴിച്ചതിനെതിരെ മാരിയത്ത് നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള പകയും അക്രമത്തിന് കാരണമായി.

​അക്രമത്തിനിടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ജാഫർ ബാഖവി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഈ സമയത്താണ് സുഹൃത്തായ സവാദിനെ മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.

ആത്മീയ ചികിത്സയുടെ മറവിൽ ജാഫർ ബാഖവി നിരവധിപ്പേരെ കബളിപ്പിച്ചതായും ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുള്ളതായും പോലീസ് സൂചിപ്പിച്ചു. പലനാടുകളിലും നാട്ടുകാർ ഓടിച്ചുവിട്ട ജാഫർ ബാഖവി പരിയാരം  കുളപ്പുറത്തു വാൻ സാമ്രാജ്യം കെട്ടിപ്പടുത്തു ബിസിനസ്സ് നടത്തിവരവേ നിരവധി പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. പാർട്ടി ഗ്രാമമായ കുളപ്പുറത്തു നേരത്തെ ചില എതിർപ്പുകൾ ഉണ്ടായെങ്കിലും സ്വാധീനവും പണവുമെറിഞ്ഞു സ്വാധീനം ഉറപ്പിച്ചായിരുന്നു പ്രവർത്തനം എന്നും ആരോപണം ഉയർന്നിരുന്നു .  ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.