×

ചോരവാരാത്ത റോഡുകൾക്കായി… നജ്മുദ്ദീൻ പിലാത്തറ (സി.എച്ച് സെന്റർ) പങ്കുവെക്കുന്ന നൊമ്പരം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ നാട്ടിലെ റോഡുകളിൽ നിന്നുയരുന്നത് സന്തോഷവാർത്തകളല്ല, വിലാപങ്ങളാണ്. പ്രത്യേകിച്ച് ജീവിതം കണ്ടുതുടങ്ങും മുൻപേ വിടപറയുന്ന കൗമാരക്കാരുടെയും യുവാക്കളുടെയും മരണവാർത്തകൾ. ഈ സാഹചര്യത്തിൽ പരിയാരം സി.എച്ച് സെന്റർ ചീഫ് കോഡിനേറ്റർ നജ്മുദ്ദീൻ പങ്കുവെക്കുന്ന വാക്കുകൾ ഓരോരുത്തരുടെയും ഹൃദയത്തെ തൊടുന്നതാണ്.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എത്രയോ ജനാസകളാണ് ഈ കൈകൾ കൊണ്ട് ഏറ്റുവാങ്ങിയത്. ഓരോ തവണയും മനസ്സ് പിടയുകയാണ്. ജീവിതം സ്വപ്നം കണ്ടുതുടങ്ങിയ ചെറുപ്പക്കാരുടെ ചേതനയറ്റ ശരീരങ്ങൾ കാണുമ്പോൾ ഹൃദയം തകരുന്നു,” എന്നതാണ് അദ്ദേഹത്തിന്റെ വേദന നിറഞ്ഞ പ്രതികരണം.

നാം മറന്നുപോകുന്ന ചില സത്യങ്ങൾ

റോഡപകടങ്ങൾ കണക്കുകളിൽ ഒതുങ്ങുന്ന കാര്യങ്ങളല്ല. ഓരോ അപകടത്തിനും പിന്നിൽ തകർന്നുപോകുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളാണ്. പത്തുമാസം കാത്തുസൂക്ഷിച്ച് വളർത്തിയ മകൻ, മിനിറ്റുകളുടെ വേഗതയിൽ റോഡരികിൽ ജീവൻ നഷ്ടപ്പെടുമ്പോൾ മാതാപിതാക്കളുടെ ലോകം തന്നെ തകർന്നടിയുന്നു.

ഹെൽമറ്റ്: നിയമമല്ല, ജീവനാണ്

റോഡപകടങ്ങളിൽ ഭൂരിഭാഗവും തലയ്ക്ക് ഏൽക്കുന്ന ഗുരുതരമായ ആഘാതങ്ങളാണ് മരണകാരണം. ഹെൽമറ്റ് ധരിക്കുന്നത് പോലീസിനെ പേടിച്ചല്ല, നമ്മെ കാത്തിരിക്കുന്നവർക്കുവേണ്ടിയാണ്. ഒരു ഹെൽമറ്റ് നിങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണ്. കഴിഞ്ഞ ദിവസം തന്നെ വളരെ പ്രിയപ്പെട്ടവൻ ഈ കാരണങ്ങളാൽ കടന്നുപോയി. 

യുവതയുടെ ചോരയൊഴുകുന്ന റോഡുകൾ

ഇടുത്തകാലത്തെ അപകടങ്ങളിൽ മരിക്കുന്നവരിലും ഗുരുതരമായി പരിക്കേൽക്കുന്നവരിലും ഭൂരിഭാഗവും ഇരുപതിൽ താഴെ പ്രായമുള്ള യുവാക്കളാണ്. അമിതവേഗതയും ഹെൽമറ്റ് ധരിക്കാത്തതും ഈ ദുരന്തങ്ങൾക്ക് പ്രധാന കാരണങ്ങളാകുന്നു. വേഗതയുടെ ലഹരിയിൽ പൊലിയുന്നത് ജീവിതസ്വപ്നങ്ങളാണ്. എത്ര അപകടങ്ങൾക്കാണ് സാക്ഷിയാ വേണ്ടി വരുന്നത്. 

അശ്രദ്ധയും അമിതവേഗതയും

മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അപകടകരമായ ഓവർടേക്കിംഗ്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് ഇവയെല്ലാം മരണത്തിലേക്കുള്ള വഴികളാണ്. ഒരു നിമിഷത്തെ അശ്രദ്ധ, ഒരു കുടുംബത്തിന് ആജീവനാന്തം നീളുന്ന വേദനയായി മാറുന്നു.

മാതാപിതാക്കളുടെ കണ്ണീർ കാണാത്ത വേഗത

മക്കളെ വളർത്തി വലിയവരാക്കാൻ മാതാപിതാക്കൾ ചെയ്യുന്ന ത്യാഗങ്ങൾ അനന്തമാണ്. എന്നാൽ ഒരു നിമിഷത്തെ ആവേശം അവരുടെ എല്ലാ പ്രതീക്ഷകളും തകർക്കുന്നു. മുതിർന്നവർ നൽകുന്ന ഉപദേശങ്ങളെ “പഴഞ്ചൻ ചിന്തകൾ” എന്ന് തള്ളിക്കളയുന്നത് പലപ്പോഴും ദുരന്തങ്ങൾക്ക് വഴിവെക്കുന്നു.

യുവാക്കളോട് ഒരു അപേക്ഷ

പ്രിയപ്പെട്ട യുവാക്കളേ, നിങ്ങൾ ബൈക്കിന്റെ ആക്സിലറേറ്റർ തിരിക്കുമ്പോൾ ഒരു നിമിഷം വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന മാതാപിതാക്കളെ ഓർക്കുക.

വേഗത തരുന്ന ആവേശം താൽക്കാലികമാണ്. അതുണ്ടാക്കുന്ന നഷ്ടം സ്ഥിരമാണ്.

റോഡ് നിയമങ്ങൾ നിങ്ങളുടെ സുരക്ഷയ്ക്കായാണ്.

മൊബൈൽ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ജീവൻ നഷ്ടപ്പെടുത്താൻ ഇടയാക്കും.

നമ്മളെ പോലുള്ള സന്നദ്ധപ്രവർത്തകർ ആശുപത്രികളിലും മോർച്ചറികളിലും കാണുന്ന കാഴ്ചകൾ അതീവ വേദനാജനകമാണ്. കൈകളിലേക്ക് ഇനി ഒരു യുവാവിന്റെയും മൃതദേഹം എത്താതിരിക്കട്ടെ എന്നതാണ് എൻ്റെയും സമൂഹത്തിന്റെ ആഗ്രഹം.

“ഒരു നിമിഷത്തെ ആവേശം ഒരു ആയുസ്സിന്റെ കണ്ണീരാകരുത്.

വേഗത കുറയ്ക്കാം… ജീവൻ കാക്കാം.