കണ്ണൂരിലെ സ്വർണ്ണം പൊട്ടിക്കൽ സംഘം പിടിയിൽ.

വിദേശ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി (കള്ളക്കടത്ത് വഴി) സ്വർണം കൊണ്ടുവരുന്ന യാത്രക്കാരിൽനിന്ന്, ആ സ്വർണം ബലമായോ ഭീഷണിപ്പെടുത്തിയോ തട്ടിയെടുക്കുന്ന സംഘങ്ങളെയാണ് ‘സ്വർണം പൊട്ടിക്കൽ സംഘം’ എന്ന് വിളിക്കുന്നത്.

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് വിമാനത്താവളത്തിലെ പാർക്കിങ്, അന്താരാഷ്ട്ര അറൈവൽ ഏരിയകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

രണ്ട് വ്യത്യസ്ത സംഘങ്ങളിലായി പ്രവർത്തിക്കുന്നവരാണ് പിടിയിലായവർ. ഇവരിൽ നിന്നും രണ്ട് കാറുകൾ, രണ്ട് സ്കൂട്ടറുകൾ, 14 മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.കവർച്ചാ പദ്ധതികൾ ആസൂത്രണം ചെയ്തതിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ ഫോണുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാർ, പരപ്പനങ്ങാടി സ്വദേശി അലി അക്ബർ എന്നിവരുടെ നിർദേശപ്രകാരമാണ് സംഘം എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരിൽ ഭൂരിഭാഗം പേരും കണ്ണൂർ സ്വദേശികളാണ്.

ഷാരോൺ, അക്ഷയ്, താജുദ്ദീൻ, സ്വരലാൽ, ധനേഷ്, ശരത്, കനകരാജ്, ജുനൈദ്, രഞ്ജിത്, തിരൂർ സ്വദേശി റിയാസ്, കോഴിക്കോട് സ്വദേശി സുജിത്, വളാഞ്ചേരി സ്വദേശി ഇർഫാൻ, കർണാടക സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.

ഇവർ പിടിയിലായ വിവരം അറിഞ്ഞതോടെ പുറത്ത് കാത്തുനിന്നിരുന്ന രണ്ട് സംഘങ്ങൾ കാറിൽ രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി.അതിനിടെ, വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ കാണാനില്ലെന്ന പരാതിയും ഉയർന്നു.

ഇന്നലെ രാത്രി 9.30ന് ജിദ്ദയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിയെയാണ് കാണാതായത്. സ്വർണക്കടത്ത് സംഘങ്ങൾ ഇയാളെ തട്ടിക്കൊണ്ടുപോയതാണോ എന്ന് സംശയമുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.