പയ്യന്നൂർ പെരുമ്പയിൽ കാറിടിച്ച് യുവാവ് മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

മൃതശരീരം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പയ്യന്നൂർ പെരുമ്പയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന രണ്ട് യുവാക്കളെ പയ്യന്നൂർ ടൗൺ ഭാഗത്തുനിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിൽ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

പുലർച്ചെ 2.30ഓടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. കൊല്ലത്തെ വാദിസിയ കോളേജിലെ വിദ്യാർഥികളായ ഇരുവരും നബിദിന അവധിയോടനുബന്ധിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. രാത്രി ഒന്നരയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ പിന്നീട് കാറിൽ പയ്യന്നൂർ ടൗണിലെത്തി. അവിടെനിന്ന് കാൽനടയായി പോകുന്നതിനിടെയാണ് പെരുമ്പയിലെ പെട്രോൾ പമ്പിന് സമീപം അപകടമുണ്ടായത്.

പയ്യന്നൂർ ഭാഗത്തുനിന്ന് എത്തിയ ചുവന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഇരുവരെയും ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റവരെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഷാഹിദ് മരിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയെങ്കിലും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവർ ലഹരിയിലായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇക്കാര്യം ഉൾപ്പെടെ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

മയ്യിൽ നിരത്തുംപാലം സ്വദേശിയായ മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സെക്കീനയുടെയും മകനാണ് ഷാഹിദ്. ഫാത്തിമയാണ് സഹോദരി. നിരത്തുംപാലം എസ്.എസ്.എഫ് യൂണിറ്റ് ജനറൽ സെക്രട്ടറിയായിരുന്നു.

മൃതശരീരം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.