സൈബർ തട്ടിപ്പ് പണം കൈമാറ്റം ചെയ്തെന്ന് സംശയം; ദമ്പതികൾക്കെതിരെ കേസ്

ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ‘ഓപ്പറേഷൻ സൈ ഹണ്ട്’ പരിശോധന. പിലാത്തറയിലും കടന്നപ്പള്ളിയിലും വിവിധ വീടുകൾ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധന നടന്നിരുന്നു.

പരിയാരം: ‘ഓപ്പറേഷൻ സൈ ഹണ്ട്’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പണം കൈമാറ്റം ചെയ്തതായി സംശയിച്ച് ദമ്പതികൾക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു.

ചെറുതാഴം പിലാത്തറയിലെ അനി കോട്ടേജിൽ വി.പി. പ്രദീപ്കുമാർ (57), ഭാര്യ സി. ബീന (49) എന്നിവരുടെ പേരിലാണ് കേസ്.

ഇവരുടെ ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടുകൾ വഴി സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതായി കരുതുന്ന പണം എ.ടി.എം വഴിയും ചെക്കുകൾ വഴിയും പിൻവലിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി.

പരിയാരം എസ്.ഐ പി. യദുകൃഷ്ണൻ, എസ്.ഐ വിനോദ്, ജൂനിയർ എസ്.ഐ ടി.പി. അഹമ്മദ് ഇർഫാൻ, സി.പി.ഒമാരായ സൗമ്യ, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ വീട്ടിൽ റെയ്ഡ് നടത്തി വിവിധ രേഖകൾ പിടിച്ചെടുത്തു.

സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.