അമ്മയെയും സഹോദരിയെയും തനിച്ചാക്കി സുനിത മടങ്ങി.

ആലംബമില്ലാതെ കഴിഞ്ഞിരുന്ന സുനിതയ്ക്ക് ഹോപ്പ് പ്രവർത്തകരുടെ കരുതൽ; ചികിത്സയ്ക്കിടെ മരണം

പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം ആരും നോക്കാനില്ലാതെ കഴിയുകയായിരുന്ന ആഡ്‌ലൈൻ (90), സുനിത (53), കവിത (50) എന്നിവരെ യുവഹോപ്പ് കോർഡിനേറ്റർമാർ ഏറ്റെടുത്ത് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഇവർക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനുള്ള നടപടികളും ഹോപ്പ് പ്രവർത്തകർ സ്വീകരിച്ചു.

തുടർചികിത്സ ആവശ്യമായതിനെ തുടർന്ന് കവിതയെ കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിലേക്ക് മാറ്റി. അതേസമയം, ചികിത്സയ്ക്ക് ശേഷം സുനിതയെ രണ്ടാഴ്ച മുമ്പ് താൽക്കാലികമായി ഹോപ്പ് സെന്ററിലേക്ക് മാറ്റിയിരുന്നു. സുനിതയുടെ അമ്മയും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.  ചികിത്സ പൂർത്തിയാക്കിയതിനെ തുടർന്ന് സുനിതയെ ഹോപ്പ് സെന്ററിലേക്ക് കൊണ്ടുവന്നു.

ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ സുനിത പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തുടർന്ന് പരിയാരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. പാപ്പിനിശ്ശേരി സി.എസ്.ഐ. പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.

ആരും പരിചരിക്കാനില്ലാതെ കഴിഞ്ഞിരുന്നവരെ കണ്ടെത്തി ചികിത്സയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ഹോപ്പ് പ്രവർത്തകരുടെ ഇടപെടലിനിടെയാണ് സുനിതയുടെ അപ്രതീക്ഷിത മരണം സംഭവിച്ചത്.