ആറാം തവണയും നന്മയുടെ കൈയൊപ്പ്; കളഞ്ഞുകിട്ടിയ പേഴ്സുകൾ ഉടമകളിലേക്ക് തിരികെയെത്തിച്ച് രാജീവേട്ടൻ!
വഴിയിൽ നിന്ന് കളഞ്ഞുകിട്ടുന്ന പേഴ്സ് സ്വന്തം കൈകളിൽ സൂക്ഷിക്കാതെ ഉടമസ്ഥരെ കണ്ടെത്തി തിരികെ ഏൽപ്പിക്കുക... പിലാത്തറയിലെ ഓട്ടോ ഡ്രൈവർ രാജീവേട്ടന് ഇത് ആറാം തവണയാണ്.
ഏറ്റവും ഒടുവിൽ പെരിയാട് നിന്നാണ് പണമടങ്ങിയ പേഴ്സ് ലഭിച്ചത്. മത്സ്യക്കച്ചവടത്തിനായി എത്തിയ ഒരാളുടേതായിരുന്നു അത്. ഉടമസ്ഥനെ കണ്ടെത്തി പേഴ്സ് സുരക്ഷിതമായി കൈമാറിയതോടെ വീണ്ടും ഒരു നന്മയുടെ അധ്യായം കൂടി പൂർത്തിയായി.
രാജീവേട്ടനെ തേടിയെത്തിയ ആറു പേഴ്സുകളും ലഭിച്ചത് റോഡിൽ നിന്നായിരുന്നു എന്നതാണ് പ്രത്യേകത. ചില പേഴ്സുകളിൽ പണത്തിനൊപ്പം വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. പതിനയ്യായിരത്തിലധികം രൂപയുണ്ടായിരുന്ന പേഴ്സുകൾ പോലും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർക്കുന്നു.
ഒരിക്കൽ പേഴ്സ് തിരികെ നൽകിയപ്പോൾ സന്തോഷസൂചകമായി ഉടമസ്ഥൻ സ്നേഹസമ്മാനമായി ഒരു മുണ്ട് നൽകിയതും രാജീവേട്ടൻ ഓർക്കുന്നു.
എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ വീണ്ടും ഒരു പേഴ്സ് ലഭിക്കുന്നത്. പേഴ്സിന്റെ ഉടമസ്ഥനെ കണ്ടെത്തി അത് തിരികെ ഏൽപ്പിക്കുമ്പോൾ ലഭിക്കുന്ന സന്തോഷമാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ തനിക്ക് പ്രചോദനമാകുന്നതെന്ന് രാജീവേട്ടൻ പറയുന്നു.
പിലാത്തറയിലെ ഓട്ടോ തൊഴിലാളിയായ രാജീവൻ നല്ലൊരു നാടക കലാകാരൻ കൂടിയാണ്. നാടകവേദിയിൽ കഥാപാത്രങ്ങളിലൂടെ നന്മയുടെ സന്ദേശങ്ങൾ പകരുമ്പോൾ, ജീവിതത്തിലും പ്രവൃത്തിയിലൂടെ അത് കാണിച്ചുതരികയാണ് ഈ മനുഷ്യൻ.
ഭാര്യയും നഴ്സിംഗ് വിദ്യാർഥിയായ മകളും, സ്കൂൾ വിദ്യാർത്ഥിയായ മകനും അടങ്ങുന്നതാണ് രാജീവേട്ടന്റെ കുടുംബം. മകളെ കൂട്ടി പിലാത്തറയിൽ ആക്കുന്നതിന് വേണ്ടി വരുമ്പോഴാണ് പെരിയാട്പേഴ്സ് റോഡരികിൽ കണ്ടെത്തിയത്.
കളഞ്ഞുകിട്ടിയത് പേഴ്സുകൾ മാത്രമല്ല... മനുഷ്യരിലുള്ള വിശ്വാസം കൂടിയാണ്!
അഭിനന്ദനങ്ങൾ രാജീവേട്ടാ...
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


