സഹോദയ കായികമേളയ്ക്ക് ആവേശോജ്ജ്വലമായ തുടക്കം.

പരിയാരം മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സിബിഎസ്ഇ കണ്ണൂർ ജില്ലാ കായിക മേളയുടെ സമാപന ദിനമായ നാളെ സമാപന സമ്മേളനം കണ്ണൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ കെ ടി മാധവൻ ഉദ്ഘാടനം ചെയ്യും. കെ പി നാലാം ബെറ്റാലിയൻ എസിപി ദിനേശ് പിവി, കണ്ണൂർ മെഡിക്കൽ കോളേജ് കായിക വിഭാഗം മേധാവി പി പി ബിനീഷ്, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും. ഇന്ന് നടന്ന 24 ഇനങ്ങളിൽ 45 പോയിന്റോട് ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ മുന്നേറ്റം തുടരുന്നു. 44 പോയിന്റുമായി മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തും , 20 പോയിന്റുമായി ആലക്കോട് സെൻമേരിസ് കോൺവെൻറ് സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്.

പരിയാരം : കണ്ണൂർ ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന  സഹോദയ കായിക മേളയ്ക്ക് തുടക്കമായി. പരിയാരം മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന കായികമേള, മുൻ മിസ്റ്റർ യൂണിവേഴ്സും പ്രൊഫഷണൽ ബോഡി ബിൽഡറും ആയ ചിത്തരേഷ് നടേശൻ  ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൊണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.

 സമ്മേളനത്തിൽ വിശിഷ്ടാതിഥി ആയിരുന്ന പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സൈറു ഫിലിപ്പ്   ദീപശിഖ തെളിയിച്ചു. സഹോദയ പ്രസിഡന്റ് കെ പി സുബൈർ അധ്യക്ഷതവഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും സഹോദയ വൈസ് പ്രസിഡന്റുമായ  റവ.ബ്രദർ ഡോക്ടർ റെജി സ്കറിയ സി എസ് ടി. സ്വാഗതം പറഞ്ഞു.

ഇന്നും നാളെയുമായി നടക്കുന്ന കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത് ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളാണ്. അണ്ടർ 12,അണ്ടർ 14,അണ്ടർ 17,അണ്ടർ 19 -പ്രാ യത്തിലുള്ള ആൺ -പെൺ വിഭാഗങ്ങളിൽ നൂറോളം സ്‌കൂളുകളിൽ നിന്നായി 1500-ൽ പരം കുട്ടികൾ കായികവേദിയിൽ മറ്റുരയ്ക്കും. വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ജില്ലയിലെഏറ്റവും വലിയ കായികമേളയായി സഹോദയ അത് ലറ്റിക്  മീറ്റ് ഇതിനോടകം മാറിയിട്ടുണ്ട്. വിവിധ ട്രാക്ക് ഫീൽഡ് മത്സരങ്ങളും വിജയികൾക്കുള്ള സമ്മാനദാനവും ഇന്നും നാളെയുമായി പുർത്തിയാകും. മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച  സുംബ ഡാൻസ് ഉദ്ഘാടനസമ്മേളനത്തിന് വർണ്ണപ്പകിട്ടേകി.

കണ്ണൂർ സഹോദയ ജനറൽ സെക്രട്ടറി ജനറൽ ശ്രീ. ടി. പി. സുരേഷ് പൊതുവാൾ, കണ്ണൂർ സിറ്റി കോർഡിനേറ്റർ ശ്രീമതി ഗീതാഞ്ജലി സുനിൽ, മേരിഗിരിഇംഗ്ലീഷ് മീഡിയം സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീ. പ്രദ്യുമ്നൻ പി പി. എന്നിവർ പ്രസംഗിച്ചു.