
അക്രമികളായ വന്യമൃഗങ്ങളെ കൊല്ലാം
ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത്തരം വന്യജീവിയെ ആര്‍ക്ക് വേണെമെങ്കിലും ഏതുവിധത്തിലും കൊല്ലാം. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസ്സമുണ്ടാകുന്നതല്ല.
ജനവാസമേഖലയിലിറങ്ങുന്ന ഏതെങ്കിലും വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചാല്‍ ഉടന്‍ തന്നെ ആ വന്യമൃഗത്തെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതിനുള്ള കരട് ബില്ലിനാണ് മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.
ഇപ്പോള്‍ നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തരനടപടി സ്വീകരിക്കാന്‍ സാധ്യമാക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകള്‍. എന്നാല്‍ സംരക്ഷിക്കപ്പെടേണ്ട ജീവികളെ സംരക്ഷിക്കുന്നതിന് നിയമപ്രകാരം തടസ്സമുണ്ടാകില്ല.
വന്യജീവി ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ഗുരുതര പരിക്ക് പറ്റിയാല്‍ ബന്ധപ്പെട്ട ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ അക്കാര്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് ചെയ്താല്‍ അദ്ദേഹത്തിന് മറ്റ് നടപടിക്രമങ്ങള്‍ക്ക് വേണ്ടി സമയം പാഴാക്കാതെ തന്നെ ആ വന്യമൃഗത്തെ കൊല്ലുന്നതിന് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാം.
പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അവയുടെ ജനന നിയന്ത്രണം നടത്തല്‍, മറ്റ് സ്ഥലങ്ങളിലേയ്ക്ക് നാടുകടത്തല്‍ എന്നിവയ്ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല.
പട്ടിക രണ്ടിലെ ഏത് വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചു എന്ന് കണ്ടാല്‍ അവയെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരം. ഇതിനു പകരം സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.
ഇപ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത്തരം വന്യജീവിയെ ആര്‍ക്ക് വേണെമെങ്കിലും ഏതുവിധത്തിലും കൊല്ലാം. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസ്സമുണ്ടാകുന്നതല്ല.
നാടന്‍ കുരങ്ങുകളെ പട്ടിക ഒന്നില്‍ നിന്നും പട്ടിക രണ്ടിലേക്ക് മാറ്റുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.