Atham Pathonam | അത്തം പത്തോണം
അത്തനാളിലാണ് ഓണപൂക്കളം ഒരുക്കലിൻ്റെ തുടക്കം. ‘അത്തപ്പൂ’ എന്ന് വിശേഷിപ്പിക്കുന്ന ആദ്യ ദിനത്തിലെ പൂക്കളം വളരെ ലളിതമായിരിക്കും.
അത്തം പിറന്നതോടെ കേരളനാട്ടിൽ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. വീടും പരിസരവും വൃത്തിയാക്കിത്തുടങ്ങുന്നതും ഓണക്കോടിക്കും ഓണസദ്യക്കുമുള്ള തയ്യാറെടുപ്പുകളുമായി മലയാളികളിൽ ഓണം കേമമാക്കാനുള്ള ഓട്ടം ഇന്നു മുതൽ തുടങ്ങുകയായി. സന്തോഷത്തിൻ്റെയും ഒരുമയുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണദിനങ്ങൾ. ജാതിമത ഭേദമന്യേ എല്ലാ മലയാളികളും ഒരുപോലെ കോർത്തിണങ്ങുന്നതാണ് പൊന്നോണക്കാലം.
അത്തനാളിലാണ് ഓണപൂക്കളം ഒരുക്കലിൻ്റെ തുടക്കം. ‘അത്തപ്പൂ’ എന്ന് വിശേഷിപ്പിക്കുന്ന ആദ്യ ദിനത്തിലെ പൂക്കളം വളരെ ലളിതമായിരിക്കും. ചാണകം മെഴുകിയ തറയിൽ തുമ്പപ്പൂ കൊണ്ട് ഒരു നിര തീർത്താണ് പണ്ടുകാലത്ത് അത്തപ്പൂ ഒരുക്കിയിരുന്നത്. നന്മയുടെയും ലാളിത്യത്തിൻറെയും പ്രതീകമായ തുമ്പപ്പൂവിന് ഈ ദിവസത്തിൽ സവിശേഷ സ്ഥാനമാണുള്ളത്. പിന്നീടുള്ള ദിവസങ്ങളിൽ പുതിയ നിറത്തിലും വലുപ്പത്തിലുമുള്ള പൂക്കൾ ചേർത്താണ് പൂക്കളം ഒരുക്കുന്നത്.
തുമ്പ, കാക്കപ്പൂ, മുക്കുറ്റി, ശംഖുപുഷ്പം, ചെമ്പരത്തി, ഹനുമാൻകിരീടം തുടങ്ങിയ നാടൻ പൂക്കളായിരുന്നു പരമ്പരാഗതമായി ഉപയോഗിച്ചിരുന്നത്. ഇതിനൊക്കെ ഓരോ പ്രത്യേകതയുമുണ്ട്. കുട്ടികളും മുതിർന്നവരും ഒരുമിച്ച് പൂക്കൾ ശേഖരിക്കുന്നതും പൂക്കളമിടുന്നതും ഗ്രാമീണ ജീവിതത്തിലെ ഹൃദ്യമായ കാഴ്ചയായിരുന്നു.
അത്തച്ചമയം
അത്തം പിറന്നു കഴിഞ്ഞാൽ അതിൽ പ്രധാനപ്പെട്ടതാണ് അത്തച്ചമയം. എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ നടക്കുന്ന അത്തച്ചമയം ഏറെ പ്രധാനപ്പെട്ടതാണ്. കൊച്ചി മഹാരാജാക്കന്മാരുടെ വിജയയാത്രയുടെയും ഓണാഘോഷങ്ങളുടെയും ഔദ്യോഗിക തുടക്കത്തെ അനുസ്മരിപ്പിക്കുന്ന ഈ വർണ്ണശബളമായ ഘോഷയാത്ര കേരളത്തിൻറെ സാംസ്‌കാരിക വൈവിധ്യത്തിൻറെ ഒരു നേർക്കാഴ്ചയാണ്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയ വാദ്യമേളങ്ങൾ, തെയ്യം, കഥകളി, പുലികളി, ഓട്ടൻതുള്ളൽ തുടങ്ങിയ തനത് കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയെല്ലാം അത്തച്ചമയത്തിന് മാറ്റുകൂട്ടാനുണ്ട്.
ഏവർക്കും സുന്ദരമായ ഓണാശംസകൾ നേരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








