• Friday, 30 July 2026
  • 03:30:47 AM
Stories

അദ്ദേഹം നമ്മൾക്കിടയിൽ തന്നെയുണ്ട്... ഓരോ ചിരിയിലും

പ്രണാമം

അക്ഷരാർത്ഥത്തിൽ പിലാത്തറ ഇന്ന് തേങ്ങുകയാണ്

പ്രിയപ്പെട്ട കെ ബി കെ മാരാർ (ബാലേട്ടൻ) എന്ന സ്നേഹസാന്നിധ്യത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിലൂടെ.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ദിവസം…പിലാത്തറ കെഎസ്‌ടിപി റോഡിൽ നടന്ന ഒരു അപകടവാർത്ത. സ്കൂട്ടറും കാറും തമ്മിലുള്ള ആ അപകടത്തിൽ പിലാത്തറ മിൽമ ബൂത്തിന്റെ ഉടമ, നമ്മുടെ ബാലേട്ടൻ – ബാലൻ മാരാർ അപകടത്തിൽപ്പെട്ടു എന്ന സത്യം അറിയുമ്പോൾ തന്നെ മനസ്സ് തളർന്നു പോയി. പിന്നീട് പിലാത്തറ വ്യാപാരി ഗ്രൂപ്പുമായി ബന്ധപ്പെട്ടു. അദ്ദേഹത്തെ സ്നേഹിക്കുന്ന നിരവധി ആൾക്കാരുടെ അന്വേഷണമായിരുന്നു തുടർന്ന് ഉണ്ടായത്. 

പരിയാരം മെഡിക്കൽ കോളേജ്.. കണ്ണൂർ ബി.എം.എച്ച്… അവിടെ നിന്ന് മംഗലാപുരം കെ.എം.സി…തീവ്രപരിചരണ വിഭാഗത്തിൽ ആണെങ്കിലും പ്രതീക്ഷയുടെ കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും ഒരുപോലെ പ്രാർത്ഥിച്ച നാളുകൾ. എന്നാൽ, എല്ലാം തകർത്തുകൊണ്ട് ആകസ്മികമായി എത്തിയ ആ വിടവാങ്ങൽ വാക്കുകൾക്കപ്പുറം വേദനയാണ് അദ്ദേഹത്തെ സ്നേഹിച്ച എല്ലാവർക്കും സമ്മാനിച്ചത്.

വ്യാപാരി വ്യവസായി സമിതിയുടെ എല്ലാ കാര്യങ്ങൾക്കും ഒരു വിളിപ്പാടകലെ ബാലേട്ടൻ ഉണ്ടായിരുന്നു.

രാഷ്ട്രീയം നോക്കിയില്ല,

ജാതി നോക്കിയില്ല,

മതം നോക്കിയില്ല

നല്ലത് ആണെങ്കിൽ “കെ ബി കെ” മുന്നിൽ തന്നെയുണ്ടാകും.  അതാണ് ബാലേട്ടൻ.

80-കളിൽ ടൈലറിംഗ് രംഗത്തിലൂടെ പിലാത്തറയിൽ ആദ്യകാല സംരംഭകനായി എത്തിയ അദ്ദേഹം, പിന്നീട് ഹോട്ടൽ, വൈദ്യശാല, പൂജ സ്റ്റോർ, മിൽമ ബൂത്ത്…ഒരൊന്നായി പിലാത്തറയുടെ ഹൃദയം കീഴടക്കിയ മനുഷ്യൻ.

വിവിധ അമ്പലങ്ങളുടെ പുനരുദ്ധാരണത്തിനും, വാദ്യ കലയെ അത്രത്തോളം സ്നേഹിച്ച കലാകാരൻ, മികച്ച സംഘാടകൻ അങ്ങനെ അദ്ദേഹത്തിൻറെ അടയാളപ്പെടുത്തലുകൾ ഒത്തിരിയുണ്ട്. 

കുറച്ചുകാലമായി  അദ്ദേഹത്തിന്റെ ദിനം തുടങ്ങുന്നത് പാലുമായി വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയോടെയാണ്. ആ ചിരിക്കുന്ന മുഖം കണ്ടുകൊണ്ട് ഒരു ദിവസം ആരംഭിക്കാൻ കഴിയുന്നത് തന്നെ  ഒരു പുണ്യമായിരുന്നു.

അതിരാവിലെ തന്നെ പിലാത്തറയിലെ അഗതിമന്ദിരത്തിൽ പാൽ എത്തിക്കുന്നആ നിസ്വാർത്ഥ മനസ്സ്… ബാലേട്ടൻ മാത്രമായിരുന്നു. ഞങ്ങളുടെ ഹോപ്പ് കുടുംബാംഗം കൂടിയാണ് കെ ബി കെ.

എനിക്ക് അദ്ദേഹവുമായി ഒത്തിരി നല്ല ഓർമ്മകളുണ്ട്. അതിൽ അവസാനത്തേത് ഹോപ്പിലെ കല്യാണം ആണ്. ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി തീർക്കാൻ അദ്ദേഹം കാണിച്ച ആ ശ്രദ്ധ… കല്യാണം തുടങ്ങാൻ അവസാന നിമിഷത്തിൽ“ഈ ചെറിയ വിളക്ക് പോരാ” എന്ന് പറഞ്ഞ് ഹോപ്പിന് സമീപമുള്ള മകളുടെ വീട്ടിൽ നിന്ന് വലിയ ലക്ഷ്മി വിളക്ക് കൊണ്ടുവന്ന്ആ മുഹൂർത്തം കൂടുതൽ ഭംഗിയാക്കിയ ബാലേട്ടൻ.

അതുപോലെതന്നെയാണ് അദ്ദേഹം ഇടപെടുന്ന ഓരോ മേഖലകളിലും കൂടുതൽ ഭംഗിയാക്കാൻ അദ്ദേഹം സജീവ സാന്നിധ്യമായി നമ്മുടെ ഇടയിൽ തന്നെ ഉണ്ടായിരുന്നു. 

ചില ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല.

പ്രിയപ്പെട്ട ബാലേട്ടന് പിലാത്തറ വിട്ട് പോകാൻ

സാധ്യമല്ല…

അദ്ദേഹം നമ്മുടെ ഇടയിൽ തന്നെയുണ്ട്ഓരോ ചിരിയിലും

✍️ Shanil cheruthazham

ഷനിൽ ചെറുതാഴം എഴുതുന്നു.
2025-12-16

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post