
ആദ്യ യാത്ര പാളി
അബദ്ധത്തില്‍ ആക്സിലേറ്റര്‍ അമര്‍ത്തി; ഷോറൂമിന്‍റെ ഒന്നാം നിലയില്‍ നിന്ന് ഥാര്‍ ‘പറന്നത്’ റോഡിലേക്ക്.
ഒരു പുത്തൻ വാഹനം വാങ്ങുന്നതിന്റെ സന്തോഷം വേറെ തന്നെയാണ്. പലപ്പോളും ആളുകൾ അത്തരം നിമിഷങ്ങൾ ആഘോഷമാക്കാറുണ്ട്. എന്നാൽ ഡൽഹിയിൽ പുത്തൻ മഹീന്ദ്ര ഥാർ വാങ്ങിയ യുവതിയുടെ സന്തോഷം നീണ്ടു നിന്നത് കേവലം മിനിറ്റുകൾക്ക് മാത്രമാണ്. ഷോറൂമിൽവച്ച് അബദ്ധത്തിൽ ആക്സിലേറ്റർ അമർത്തിയതിനെ തുടർന്ന് വാഹനം ഒന്നാം നിലയിൽ നിന്ന് റോഡിലേക്ക് കുതിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഡൽഹിയിലെ നിർമ്മൻ വിഹാറിലെ മഹീന്ദ്ര ഷോറൂമിൽ നിന്നാണ് 29കാരിയായ മാണി പവാർ 27 ലക്ഷം രൂപ വിലമതിക്കുന്ന തൻ്റെ പുതിയ ഥാർ വാങ്ങിയത്. ഷോറൂമിൽ നിന്ന് കാർ എടുക്കുന്നതിന് മുൻപ് ടയറിൻ്റെ അടിയിൽ ചെറുനാരങ്ങ വച്ച് ആരംഭിക്കാം എന്ന് കരുതി. ചെറുനാരങ്ങയുടെ മുകളിലൂടെ വാഹനം കയറ്റിയിറക്കി പുതുവാഹനത്തിലെ യാത്രകൾക്ക് ശുഭാരംഭം കുറിക്കാനായിരുന്നു യുവതി ആഗ്രഹിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഷോറൂമിന്റെ ഒന്നാം നിലയിലായിരുന്നു വാഹനം. ടയറിൻ്റെ അടിയിൽ ചെറുനാരങ്ങ വച്ച് പതുക്കെ മുന്നോട്ടെടുക്കാൻ യുവതി ശ്രമിച്ചു. പക്ഷേ അബദ്ധത്തിൽ ആക്സിലറേറ്റർ അമർത്തി.
പിന്നാലെ വാഹനം മുന്നോട്ടുകുതിച്ചു. ഷോറൂമിന്റെ ചില്ല് തകർത്ത് ഒന്നാം നിലയിൽ നിന്ന് താഴെ റോഡരികിലെ നടപ്പാതയിലേക്ക് വീഴുകയായിരുന്നു വാഹനം. യുവതിയും ഷോറൂം ജീവനക്കാരനായ വികാസുമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിന് ശേഷമുള്ള വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാഹനത്തിലെ എയർബാഗുകൾ കൃത്യമായി പ്രവർത്തിച്ചതിനാൽ ഇരുവരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ. യുവതിയെയും ഷോറൂം ജീവനക്കാരനെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു. സംഭവത്തിൽ റോഡരികിലുണ്ടായിരുന്ന ഒരു ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.