• Thursday, 15 July 2026
  • 02:23:26 AM
Latest

കുമാരീ പൂജ

അറത്തിൽ ശ്രീ ഭദ്രപുരം ക്ഷേത്രത്തിൽ നടന്നു വരുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന കുമാരീ പൂജ. യജ്ഞചാര്യൻ എ കെ നാരായണൻ നമ്പൂതിരി, ഉപാചാര്യൻ കുടൽവള്ളി കേശവൻ നമ്പൂതിരി, പൂജകൻ കെ ജി ഭട്ടതിരി എന്നിവർ കാര്മികത്വം വഹിച്ചു

നവരാത്രി പൂജയിലെ ഒരു പ്രത്യേക ചടങ്ങാണ് കുമാരീപൂജ. ദേവീഭാഗവതം തൃതീയ സ്‌കന്ധത്തിലാണ് കുമാരീ പൂജയുടെ വിപുലമായ ചടങ്ങുകള്‍ വിവരിച്ചിട്ടുള്ളത്. ദേവീഭാഗവതം നവകന്യകകളെ ആദ്യം പരിചയപ്പെടുത്തുന്നു. അതിങ്ങനെ: 

രണ്ടുവയസ്സായവള്‍ കുമാരി. മൂന്നുവയസ്സായവള്‍ ത്രിമൂര്‍ത്തി. നാലുവയസ്സായവള്‍ കല്യാണി. അഞ്ചു വയസ്സായവള്‍ രോഹിണി. ആറുവയസ്സായവള്‍ കാളി. ഏഴുവയസ്സായവള്‍ ചണ്ഡിക. എട്ടു വയസ്സായവള്‍ ശാംഭവി. ഒമ്പതു വയസ്സായവള്‍ ദുര്‍ഗ. പത്തു വയസ്സായവളെ സുഭദ്രയെന്നും പറയുന്നു. ഇവരത്രെ നവകന്യകകള്‍.

ഒമ്പതു ദിവസവും കുമാരിയേയാണ് പൂജിക്കേണ്ടത്. കുമാരി അലഭ്യയായാല്‍ ത്രിമൂര്‍ത്തി തൊട്ട് സുഭദ്രവരെയുള്ള ആരെയും പൂജിക്കാം. കുമാരീ നിര്‍വചനമിതാണ്:

കുമാരികാ തു സാ പ്രോക്താ

ദ്വിവര്‍ഷായ ഭവേദിഹ’ 

ഈ പൂജ മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സല്‍ക്കാരങ്ങളോടും കൂടി ചെയ്യേണ്ടതാണ്. ഇത്ര കുമാരികള്‍ വേണമെന്നോ പൂജ ഇപ്രകാരമായിരിക്കണമെന്നോ നിബന്ധനയില്ല. എന്നും ഒരേ കുമാരിയെത്തന്നെ പൂജിച്ചാലും വിരോധമില്ല. ദിവസേന ഓരോന്നുവീതം കൂട്ടി രണ്ട്, മൂന്ന്, നാല് എന്നീ ക്രമത്തിലായാലും മതി. രണ്ടോ നാലോ കൂട്ടി നാല്, ആറ്, എട്ട് എന്നിങ്ങനെയാവാം. അല്ലെങ്കില്‍ നാല്, എട്ട്, പന്ത്രണ്ട്, പതിനാറ് എന്നിങ്ങനെയായാലും തെറ്റില്ല. ദിവസേന ഒമ്പതുവീതം കുമാരികളായാലും പൂജാവിധി ശരിതന്നെ. രണ്ടു വയസ്സ് തികയാത്ത കന്യകയെ പൂജിക്കുവാന്‍ പാടില്ല. ഇത് കര്‍ക്കശമാണ്. രണ്ടു വയസ്സ് തികയാത്ത കുഞ്ഞിന് രസഗന്ധാദികള്‍ തിരിച്ചറിയാനാവില്ല എന്നതാണ് കാരണം. 

 കാര്യസാധ്യത്തിനായി ബ്രാഹ്മണ കുമാരികയേയും വിജയത്തിനായി ക്ഷത്രിയകന്യകയേയും ലാഭത്തിനായി വൈശ്യശൂദ്ര കന്യകളേയും പൂജിക്കേണ്ടതാണെന്ന് ദേവീഭാഗവതം. 

ബ്രാഹ്മണന് ബ്രാഹ്മണകന്യകയേയും ക്ഷത്രിയന് ബ്രാഹ്മണ ക്ഷത്രിയ കന്യകളേയും വൈശ്യന് ബ്രാഹ്മണക്ഷത്രിയ വൈശ്യകന്യകളേയും ശൂദ്രന് ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്ര കന്യകളേയും പൂജിക്കാവുന്നതാണ്.

എത്ര ഉദാത്തവും ഉജ്ജ്വലവുമാണ് ഭാഗവതകാരന്റെ വീക്ഷണം. ജാതിചിന്താഭേദങ്ങളില്ലാത്ത നവരാത്രി. 

ഒമ്പതുദിവസത്തെ പൂജയും ഫലവും ചുവടെ:

ഒന്നാം ദിവസം: കുമാരി (രണ്ട് വയസ്സ്), ദാരിദ്ര്യമകലും ബലം വര്‍ധിക്കും. രണ്ടാം ദിവസം: ത്രിമൂര്‍ത്തി (മൂന്ന് വയസ്സ്) ധര്‍മാര്‍ഥനേട്ടം, പുത്രപൗത്രസുഖം. മൂന്നാം ദിവസം: കല്യാണി (നാല് വയസ്സ്) ഫലം സമ്പൂര്‍ണ വിജയം. നാലാം ദിവസം: രോഹിണി (അഞ്ചു വയസ്സ്) രോഗശാന്തിയാണ് ഫലം. അഞ്ചാം ദിവസം: കാളി (ആറുവയസ്സ്) ശത്രുസംഹാരമാണ് ഫലം. ആറാംദിവസം: ചണ്ഡിക (ഏഴ് വയസ്സ്) ഐശ്വര്യം, ധനലബ്ധി. ഏഴാം ദിവസം: ശാംഭവി (എട്ട് വയസ്സ്) . യുദ്ധവിജയം ഫലം. എട്ടാം ദിവസം: ദുര്‍ഗ (ഒമ്പത് വയസ്സ്) ശത്രുനാശം, പരലോകസുഖം. ഒമ്പതാം ദിവസം: സുഭദ്ര(10 വയസ്സ്) സുഖസൗഭാഗ്യങ്ങള്‍

 






News desk
2025-09-22

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post