അഭിമുഖം


പഞ്ചവാദ്യ കലയെ ജീവിതമാക്കിയ സുധാകരമാരാര്‍

Reporter: vineesha
വാദ്യകലാരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കി സുധാകരമാരാര്‍

ദാരിദ്രത്തിൻ്റെ  ഏറ്റവും ദയനീയാവസ്ഥയില്‍ നിന്ന് കടന്നപ്പള്ളിയിലെ സുധാകരമാരാര്‍ തൻ്റെ  ഇന്നുള്ള ജീവിത നേട്ടങ്ങള്‍ എല്ലാം നേടിയെടുത്തത് പഞ്ചവാദ്യത്തില്‍ നിന്നാണ്. പതിമൂന്ന് വയസ്സില്‍ പിതാവിന്റെ കൈ പിടിച്ച് ആസ്തികാലയത്തിലെത്തുമ്പോള്‍ ഇവിടെ നിന്നാണ് താന്‍ നേട്ടങ്ങള്‍ കൈപിടിയിലൊതുക്കാന്‍ പോകുന്നത് എന്നൊന്നും ഓര്‍ത്തിട്ടുണ്ടാകില്ല. കലയോടുള്ള അഭിനിവേശവും ഒരു പതിമൂന്ന് വയസ്സുകാരൻ്റെ  ആകാംക്ഷയും കൊണ്ട് പഠിച്ച ചെണ്ട കൊട്ട് തുടര്‍ന്നങ്ങോട്ടുള്ള തൻ്റെ  ജീവിതത്തിൻ്റെ ഒരു ഭാഗമാക്കി മാറ്റി സുധാകരമാരാര്‍. ബാല്യത്തില്‍ നഷ്ടമായ അമ്മയെ മനസ്സില്‍ ധ്യാനിച്ച്, എന്നും പുലര്‍ച്ചെ നാലുമണിയോടെ കടന്നപ്പള്ളി വെള്ളാളത്ത് ക്ഷേത്രത്തിൻ്റെ അഗ്രശാലയ്ക്കുള്ളിലിരുന്ന് തനിക്ക് സ്വായത്തമായിട്ടുള്ള ഈ കലയില്‍  മികവ് തെളിയിക്കാന്‍ പറ്റണേയെന്ന് സകല ദൈവത്തോടും പ്രാര്‍ത്ഥിച്ച് മാരാര്‍ സാധകം തുടങ്ങും. കടന്നപ്പള്ളിയിലെ ഒരു സാധാരണ വാദ്യകലാകാരനായ വേലായുധ മാരാരുടെയും ലക്ഷ്മിയുടെയും രണ്ടാമത്തെ മകനായ സുധാകരമാരാര്‍ക്ക് ബാല്യം എന്നും നീറുന്ന ഒരോര്‍മ്മകളാണ്. പട്ടിണിയും ദുഃഖങ്ങളും അറിഞ്ഞ് വളര്‍ന്നതിനാല്‍ സകല സൗഭാഗ്യങ്ങള്‍ക്കു നടുവിലിരുന്നും പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു വലിയ മനസ്സിനുടമയാണ് ഇദ്ദേഹം.


ശാരീരിക മാനസീകാസ്വാസ്ഥ്യമുള്ളവരെ പാര്‍പ്പിക്കുന്ന പിലാത്തറയിലെ 'ഹോപ്പ്' എന്ന സ്ഥാപനത്തിലേക്ക് വര്‍ഷത്തിലൊരിക്കല്‍ മുടങ്ങാതെ അന്നം നല്‍കുകയും വഴിയില്‍ അലഞ്ഞ് നടക്കുന്നവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്യുന്ന തികഞ്ഞ ഒരു മനുഷ്യ സ്‌നേഹിയാണ് സുധാകരമാരാര്‍. ദേവസ്വം ബോര്‍ഡില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന പിതാവ് വേലായുധ മാരാരും പ്രശസ്ത വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പിതാവും സുഹൃത്ത്ക്കളായിരുന്നതിനാലാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ശിക്ഷണം ലഭിക്കാന്‍ സുധാകരമാരാര്‍ക്ക് ഇടയായത്. വാദ്യകലാരംഗത്ത് പൂര്‍ത്തിയാക്കിയ 25 വര്‍ഷ കാല ജീവിതത്തിനിടയില്‍ പതിനഞ്ചു വര്‍ഷത്തോളം  സുധാകരമാരാര്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ മട്ടന്നൂര്‍ പഞ്ചവാദ്യ സംഘത്തിൻ്റെ കൂടെയായിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള കാലങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള കുട്ടികളെ തനിക്ക് വശമായിട്ടുള്ള കലയെന്ന വിദ്യ പഠിപ്പിക്കുകയും ചെയ്യുകയാണ്. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരെ അസാമാന്യ പ്രതിഭയെന്നാണ് നാട്ടുകാരുടെ സ്വന്തം സുധാകര മാരാര്‍ജി പറയുന്നത്. കുഞ്ഞുണ്ണി മാഷിന്റെ ആരാധകനും പരിചയക്കാരനുമായ സുധാകര മാരാര്‍ക്ക് അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ കണ്ഠമിടറും.

മൂകാംബികാ ദേവിയാണ് തൻ്റെ  സകല ഐശ്വര്യത്തിനും കാരണമെന്ന് ഉറച്ച് വിശ്വസിക്കുന്ന സുധാകരമാരാര്‍ എല്ലാ മാസവും ദേവീ ദര്‍ശനത്തിനായി മൂകാംബികയിലെത്തും. തന്നെ ആരെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ തനിക്ക് ഇതിനെക്കാള്‍ കൂടുതല്‍ ഉയരത്തിലെത്താന്‍ സാധിച്ചേനെയെന്നു സുധാകരമാരാര്‍ പറയുന്നു.




loading...