വിവരണം ഓര്‍മ്മചെപ്പ്


തട്ടീം മുട്ടീം പത്തുവർഷം. ലളിതാമ്മ ഓർമ്മക്കുറിപ്പ്

Reporter: / writer: ഗിരീഷ് ഗ്രാമിക

#ലളിതാമ്മയ്ക്ക് #പ്രണാമം... 
 തിരക്കഥാകൃത്തും സംവിധായകനുമായ,   pilathara.com  എഡിറ്റോറിയല്‍ അംഗമായ #ഗിരീഷ് #ഗ്രാമിക യുടെ  #ഓർമ്മക്കുറിപ്പ്...

വ്യക്തിപരമായി വേദനയുടേയും നഷ്ടത്തിന്റെയും ദിവസമാണെനിക്കിന്ന് . പ്രിയപ്പെട്ട ലളിതാമ്മ പോയി. 10 വർഷം തട്ടീം മുട്ടീം എന്ന പ്രോഗ്രാമിലൂടെ ലളിതാമ്മയ്ക്കു വേണ്ടി എഴുതാൻ കഴിഞ്ഞുവെന്നത് എഴുത്തു ജീവിതത്തിലെ എന്റെ ഭാഗ്യം. ലളിതാമ്മയും മഞ്ജു ചേച്ചിയും അമ്മായി അമ്മയും മരുമകളുമായി അഭിനയിക്കുന്ന ഒരു പ്രോഗ്രാം എഴുതണമെന്ന് മഴവിൽ മനോരമയിൽ നിന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടൊപ്പം ഭയവുമുണ്ടായിരുന്നു. ലളിതാമ്മയെ പോലൊരു വലിയ അഭിനേത്രിയ്ക്കു വേണ്ടി എഴുതുക. പേടിയോടെയാണ് ഞാൻ തട്ടീം മുട്ടീം എഴുതി തുടങ്ങിയത്. അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധിച്ചു. ചില കഥാപാത്രങ്ങൾക്ക് പേരിട്ടത് ലളിതാമ്മയായിരുന്നു. ആദ്യ എപ്പിസോഡ് തരക്കേടില്ലെന്നു പറഞ്ഞു. പിന്നീടിങ്ങോട്ട് പതിയെ പതിയെ തട്ടിം മുട്ടീം ടീം ഒരു കുടുംബമായി മാറി. ലളിതാമ്മ ആകുടുംബത്തിലെ അമ്മയായി. മോശം എപ്പിസോഡുകളെഴുതിയാൽ എന്നെ വിളിച്ച് ശാസിക്കുമായിരുന്നു. നല്ലതെഴുതിയാൽ സന്തോഷത്തോടെ വിളിച്ച് അഭിനന്ദിക്കും. ഒരു നാടകരചയിതാവെന്ന നിലയിൽ എന്നോട് വാത്സല്യമുണ്ടായിരുന്നു. ഒറ്റമുറി എന്ന എന്റെ നാടകപുസ്തകത്തിന് അവതാരിക എഴുതിതന്നു. പുസ്തകം പ്രകാശനം ചെയ്തതും ലളിതാമ്മയായിരുന്നു. സ്നേഹിച്ചും കലഹിച്ചും പരിഭവം പറഞ്ഞും 10 വർഷം കടന്നുപോയി. വലിപ്പചെറുപ്പമില്ലാതെ ആ വലിയ മനസ്സ് ഞങ്ങളെയൊക്കെ ചേർത്തുപിടിച്ചു.
അമ്മായിഅമ്മ അറിയാതെ മരുമകൾ ഒരു ഹിന്ദിക്കാരനോട് പുതപ്പ് വാങ്ങിയതുമായി ബന്ധപെട്ട കലഹമായിരുന്നു ആദ്യ എപ്പിസോഡിലെ വിഷയം. മായാവതിയമ്മയ്ക്ക് കോടതി വിധിയിലൂടെ കുറച്ച് സ്ഥലം കിട്ടുന്നതായിരുന്നു ലളിതാമ്മ അവസാനമായി അഭിനയിച്ച എപ്പിസോഡിലെ വിഷയം. അഭിനയിക്കാൻ വരുന്നതിനു മുമ്പ്എന്നെ വിളിച്ച് പറഞ്ഞു, ഞാൻ രണ്ട് മൂന്ന് ചുരിദാർ വാങ്ങിയിട്ടുണ്ട്. അതിട്ട് വരുന്നതായി എപ്പിസോഡിൽ എഴുതണമെന്ന്. ഞാൻ എഴുതി. ചുരിദാറും കൂളിംഗ് ഗ്ലാസ്സുമൊക്കെയിട്ടായിരുന്നു ആ എപ്പിസോഡിൽ അഭിനയിച്ചത്. ഇന്ന് ലളിതാമ്മയെ അവസാനമായി ഒരു നോക്കു കാണാൻ ഞാനും ഭാര്യയും ചെന്നപ്പോൾ , അവിടെ വെച്ച് അവസാന എപ്പിസോഡിലെ ചുരിദാറിട്ട ലളിതാമ്മയുടെ ഫോട്ടോ എന്നെ ഒരു സുഹൃത്ത് കാണിച്ചു. അവസാനത്തെ വേഷം. മനസ് വിങ്ങി പോയി. ഇനി ഞങ്ങളുടെ തട്ടീം മുട്ടീം കടുംബത്തിൽ മായാവതിയമ്മയില്ല, ലളിതാമ്മയില്ല എന്ന് ഉൾകൊള്ളാൻ കഴിയുന്നില്ല. ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും. അമ്മയുടെ ഫോട്ടോ ചുമരിൽ തൂക്കി, അമ്മയുറങ്ങുന്ന വീട്ടിൽ എങ്ങിനെയാണ് ചിരിക്കാനും ചിരിപ്പിക്കുവാനും കഴിയുക? വേദനയാണ് എഴുത്ത്.
പ്രിയപ്പെട്ട ലളിതാമ്മേ ...
നല്ലതു മാത്രമാണ് നിങ്ങൾ ഞങ്ങൾക്കുവിളമ്പി തന്നത്. നല്ല ഓർമ്മകൾ മാത്രമാണ് സമ്മാനിച്ചത്. മറക്കില്ലൊരിക്കലും.
വിട...

ഗിരീഷ് ഗ്രാമിക.
രചയിതാവ് _ തട്ടീം മുട്ടീം





loading...