വിവരണം ഓര്‍മ്മചെപ്പ്


ഗ്രാമ പഞ്ചായത്തുകൾ നിയോഗിച്ചവർ വീടുകളിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഇനി 50 രൂ പ കൊടുക്കേണ്ടതില്ല. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് വിവരാവകാശ നിയമ പ്രകാരം പുറത്തിറങ്ങി. ഈ വാർത്ത ശരിയോ തെറ്റോ ?

Reporter: shanil cheruthazham

രണ്ടു ദിവസമായി സോഷ്യൽ മീഡിയകളിലും , സായാഹ്നയ പത്രങ്ങളിലും വന്ന വാർത്ത ഒരു ചർച്ചക്കായി പിലാത്തറ ഡോട്ട് കോം ജനശ്രദ്ധയിലേക്കു എത്തിക്കുന്നു. 

കണ്ണൂർ: ഗ്രാമ പഞ്ചായത്തുകൾ നിയോഗിച്ചവർ വീടുകളിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഇനി 50 രൂ പ കൊടുക്കേണ്ടതില്ല. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് വിവരാവകാശ നിയമ പ്രകാരം പുറത്തിറങ്ങി.

വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാൻ വരുന്നവർ പ്ലാസ്റ്റിക് കൊണ്ടുപോയാലും 50 രൂപ  വാങ്ങാറുണ്ട്. ഇതു പലപ്പോഴും തർക്കത്തിനും വഴിയൊരുക്കുന്നു. വൃത്തിള്ള പ്ലാസ്റ്റിക് കവർ മാത്രമാണ് ഇവർ എടുക്കുക. കഴുകിയ മിൽമാകവറും എടുക്കും. ഇത് പഞ്ചായത്ത് റീ സൈക്കിൾ യൂണിറ്റുകൾക്ക് കൈമാറി പണം സമ്പാദിക്കാറുണ്ട്. ഈ  സാഹചര്യത്തിൽ ശേഖരിക്കാൻ വരുന്നവർക്ക് പണം നൽകേണ്ടതില്ല. എന്ന രീതിയിലാണ് വാർത്ത പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും  പ്രചരിക്കുന്നത്.  കൊല്ലം ആശ്രാമം സ്വദേശി ധനേഷാണ് ഇതിന്റെ നിജസ്ഥിതി അറിയാൻ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.  ഇതിന്റെ അടിസ്ഥാനത്തിലാണ് മറുപടിയായി പഞ്ചായത്ത് ഡപ്യൂടി ഡയറക്ടറുടെ ഉത്തരവിന്റെ പകർപ്പ് നൽകിയത് എന്ന വാർത്തയാണ് രണ്ടു ദിവസമായി  സോഷ്യൽ മീഡിയയിലും പത്രങ്ങളിലും പ്രചരിക്കുന്നത്.    ഈ വാർത്തയാണ്  ജനങ്ങളിൽ ആശങ്കകക്കു ഇടയാക്കിയ വിഷയം. 

ഇത് സംബന്ധിച്ചു പിലാത്തറ ഡോട്ട് കോം നിരവധി വകുപ്പുകളുമായി ബന്ധപ്പെട്ടപ്പോൾ മനസിലാക്കാൻ സാധിക്കുന്നത്  വിവരാവകാശ രേഖ കൊടുത്ത ഉദ്യോഗസ്ഥന് പറ്റിയ പിഴവാണ്  എന്ന് പറയപ്പെടുന്നു. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ സർക്കാർ ഒരു നോട്ടിഫിക്കേഷൻ വിധേന പരിഹരിക്കുമെന്ന് കരുതാം. 


read more... 

#ഹരിതകർമ്മ_സേന - ചില യാഥാര്‍ത്ഥ്യങ്ങൾ

കേരളത്തിലെ ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ, വീഡിയോകൾ, കുറിപ്പുകൾ എന്നിവ പ്രചാരത്തിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒട്ടനവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എന്നാൽ ഇപ്പോഴും ഇതേക്കുറിച്ച് ആശങ്കകളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നു. ചിലർ ബോധപൂർവം സാമൂഹ്യവിരുദ്ധതയുടെ പ്രചാരകരാകുന്നു. എന്താണ് ഇതിലെ മിഥ്യയും യാഥാർത്ഥ്യവും? നമുക്കൊന്ന് പരിശോധിക്കാം...

എന്താണ് ഹരിതകർമ്മ സേന?

നമ്മുടെ നാട്ടിലെ വെള്ളം, വൃത്തി, വിളവ് എന്നീ മേഖലകളിലെ പ്രശ്നങ്ങൾ പഠിക്കുവാനും നിരന്തരമായി വിവരശേഖരണം നടത്തുന്നതിനും പ്രശ്നപരിഹാര മാർഗ്ഗനിർദ്ദേശങ്ങൾ വിവിധ ഏജൻസികളുമായി ചേർന്ന് രൂപീകരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിന് സഹായിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ കുടുംബശ്രീ മിഷനു കീഴിൽ പ്രവർത്തിച്ചുവരുന്ന സ്വയംതൊഴിൽ സംരംഭക ഗ്രൂപ്പാണ് ഹരിതകർമ്മസേന.

അതായത്, ഒരു ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ / കടകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുക എന്നത് മാത്രമല്ല ഹരിതകർമ്മ സേനയുടെ ജോലി...
വെള്ളം, വിളവ്, വൃത്തി മേഖലകളിലെ ഒട്ടനവധി പ്രവർത്തനങ്ങളിൽ അവർ ഏർപ്പെടേണ്ടതായുണ്ട്. ഓരോ വീടുകളിലേയും സ്ഥാപനങ്ങളിലേയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഇടപെടേണ്ടതായുണ്ട്. കൂടാതെ നിശ്ചിത സമയങ്ങളിൽ എല്ലാത്തരം അജൈവ പാഴ് വസ്തുക്കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ശാസ്ത്രീയമായി നീക്കം ചെയ്യേണ്ടതുണ്ട്.

എന്തൊക്കെയാണ് ഹരിതകർമ്മ സേന ശേഖരിക്കുന്നത്?

¤ എല്ലാ മാസവും ശേഖരിക്കുന്നവ

എല്ലാത്തരം പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ (കുടിവെള്ളം, ജ്യൂസ്, സോഫ്റ്റ് ഡ്രിങ്ക്സ്, എണ്ണ, ഫ്ലോർ വാഷ്, ആസിഡ്, എൻജിൻ ഓയിൽ, കഷായം - അരിഷ്ടം - ടോണിക് - കഫ് സിറപ്പുകൾ -  തുടങ്ങി എല്ലാത്തരം കുപ്പികളും), പൊട്ടിയ/പഴയ കസേര, ബക്കറ്റ്, മഗ്, ബ്രഷ്, ഷേവിംഗ് സെറ്റ്, കളിപ്പാട്ടങ്ങൾ, ക്രീം - ജെൽ - ഫേസ് വാഷ് - ഷാമ്പൂ - പേസ്റ്റ് - കവറുകൾ/ട്യൂബുകൾ, ഐസ്ക്രീം - ബിരിയാണി - കേക്ക്  കണ്ടയിനറുകൾ, പേന, പേപ്പർ, റഫിയ (നിശ്ചിത പ്ലാസ്റ്റിക് വള്ളികൾ, ചാക്കുകൾ)

¤ പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾ മാത്രം. വൃത്തിയാക്കി കൈമാറണം.

● കലണ്ടർ പ്രകാരം നിശ്ചിത മാസങ്ങളിൽ നിശ്ചിത രീതിയിൽ ശേഖരിക്കുന്നവ

ചില്ല്, കുട, ബാഗ്, ചെരുപ്പ്, ഇ വേസ്റ്റ്, ട്യൂബ് ലൈറ്റ്, എൽ ഇ ഡി ബൾബ്, ഇൻകാൻഡസന്റ് ബൾബ്, തുണി, മെഡിക്കൽ സ്ട്രിപ്, തെർമോക്കോൾ, റക്സിൻ തുടങ്ങിയവ. (അധിക യൂസർ ഫീസ് നൽകണം)

[ഒരു പാഴ് വസ്തുക്കളും ഇല്ല എന്ന വാദം നിലനിൽക്കില്ല. മിനിമം യൂസർ ഫീസ് പാഴ് വസ്തുക്കളുടെ അളവനുസരിച്ചല്ല. ഇത് രണ്ടും പ്രത്യേകം ഓർക്കുക] 

ശേഖരിക്കാത്ത വസ്തുക്കൾ

വൃത്തിയില്ലാത്ത പാഴ് വസ്തുക്കൾ, മാസ്ക്, ഗ്ലൗസ്, മെഡിക്കൽ വേസ്റ്റ്, ജൈവ മാലിന്യം, മുടി, നാപ്കിൻ, ഡയപ്പർ തുടങ്ങിയവ

ഇത്തരം നിരവധി ചുമതലകളോടെ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് പ്രതിമാസ വിലയിരുത്തലുകൾ നടത്തുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നതിന് സർക്കാർ നിയോഗിച്ചിരിക്കുന്ന ഗ്രീൻ ടെക്നിഷ്യൻമാരായ ഹരിതകർമ്മ സേന അംഗങ്ങളെ വിലക്കുന്നതിനോ ജോലി തടസ്സപ്പെടുത്തുന്നതിനോ ആർക്കും അധികാരമില്ല എന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. അവർക്ക് തൊഴിൽ മാന്യത ഉറപ്പുവരുത്തുന്നതിന് കർശന നിയമങ്ങളും നിലവിലുണ്ട്.

നമ്മുടെ പ്രദേശങ്ങളിൽ കാണുന്ന മിനി എംസിഎഫ് കൾ (ആളുകൾ പല പേരുകളും സൗകര്യം പോലെ ഉപയോഗിക്കുമെങ്കിലും ഹരിതകർമ്മ സേന ഇതിനെ മിനി എംസിഎഫ് എന്ന് വിളിക്കും) നിറയുമ്പോൾ അവ കൃത്യമായി തരംതിരിച്ച് കൈയ്യൊഴിയേണ്ടതുണ്ട്. നാളിതുവരെ ഒരു പാഴ് വസ്തുക്കളും ശേഖരിക്കുന്നതിനോ കൈയ്യൊഴിയുന്നതിനോ യാതൊരു സംവിധാനവും ഇല്ലാതിരുന്ന നാട്ടിൽ ഹരിതകർമ്മ സേന പ്രവർത്തനം ആരംഭിച്ചതോടെ ടൺ കണക്കിന് പാഴ് വസ്തുക്കൾ ശാസ്ത്രീയ സംസ്കരണത്തിന് കൈമാറിയത് ചെറിയ നേട്ടമായി കരുതാനാവില്ല. 

സർക്കാർ നിരോധിച്ചത് ഒറ്റത്തവണ ഉപയോഗിക്കാവുന്നതും പുനരുപയോഗ സാധ്യത ഇല്ലാത്തതുമായ പ്ലാസ്റ്റിക് മാത്രമാണ്. എന്നിട്ടും അവ യഥേഷ്ടം ആളുകൾ കൈകാര്യം ചെയ്യുന്നു. പുതിയ നിയമങ്ങൾക്ക് ഒരു ബോധവത്കരണ കാലാവധി നൽകേണ്ടതിനാൽ നടപടികൾ വരും മാസങ്ങളിൽ കർശനമാകും. എന്നാൽ മറ്റ് പ്ലാസ്റ്റിക് യഥേഷ്ടം ആളുകൾ ഉപയോഗിക്കുന്നത് തുടരുകയും ചെയ്യും. കൂടാതെ പ്ലാസ്റ്റിക് ഇതര പാഴ് വസ്തുക്കളും ധാരാളമായി വീടുകളിലും സ്ഥാപനങ്ങളിലും അവശേഷിക്കും. വളരെ വലിയ ജനസമൂഹം യഥേഷ്ടം കുറഞ്ഞ ചെലവിൽ ഉപയോഗിച്ച് വരുന്ന നിലവിലുള്ള വസ്തുക്കളെ അതേ ചെലവിൽ ബദൽ ഉൽപ്പന്നങ്ങൾ യാഥാർത്ഥ്യമാകുംവരേയ്ക്കും പൂർണമായി ഇല്ലാതാക്കുക എന്നതിനേക്കാൾ മനുഷ്യനും പ്രകൃതിയ്ക്കും ദോഷകരമാകാതെ ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണ് പ്രധാനം. റീസൈക്കിൾ ചെയ്യാവുന്നവയടക്കം ശാസ്ത്രീയമായി കൈയ്യൊഴിയുന്നതിന് ഒരു സംവിധാനം നിലനിൽക്കേണ്ടതും അത്യാവശ്യമാണ്.

ഹരിതകർമ്മ സേന ശേഖരിക്കുന്ന പാഴ് വസ്തുക്കൾ മിനി എംസിഎഫിൽ എത്തിച്ച് നിശ്ചിത രീതിയിൽ തരം തിരിച്ച് പ്രധാന എംസിഎഫ് ൽ എത്തിച്ച് ശാസ്ത്രീയ സംസ്കരണത്തിനായി വിവിധ ഏജൻസികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത്ത് എല്ലാ മാസവും നടക്കുന്ന പ്രവർത്തനമാണ്. അവധിയോ സമയമോ പരിഗണിക്കാതെ മാസത്തിൽ എല്ലാ ദിവസവും ജോലിചെയ്യുന്ന ഹരിതകർമ്മ സേന അംഗങ്ങളെ 'സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തം' എന്ന കടമ മറന്ന് പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിലൂടെ നാടിന്റെ നന്മയും വരും തലമുറയുടെ സുരക്ഷിത ജീവിതവും നാം നിസാരമായി കരുതുന്നു എന്ന സന്ദേശമാണ് നൽകുന്നത്.

തല്പര കക്ഷികൾ ഊതിപ്പെരുപ്പിച്ച കണക്കുകളുമായി വലിയ പ്രചാരണങ്ങൾ നടത്തുന്നുണ്ടെങ്കിലും യൂസർ ഫീസ് സംബന്ധമായ ശരിയായ കണക്കുകൾ ഒന്ന് പരിശോധിക്കാം. ഗ്രാമ പഞ്ചായത്തുകളിൽ ഒരു വാർഡിൽ ഏകദേശം 500 വീടുകൾ ഉണ്ടെങ്കിൽ അടഞ്ഞുകിടക്കുന്നവ ഒഴികെ ഹരിതകർമ്മ സേനയോട് സഹകരിക്കുന്നവർ ഭൂരിഭാഗം പഞ്ചായത്തുകളിലും നിലവിൽ 40% മാത്രമാണ്. അതായത് ഒരു വാർഡിൽ നിന്ന് ശരാശരി 8000-10000 രൂപ മാത്രമാണ് യൂസർ ഫീസായി ലഭിക്കുന്നത്. ശേഖരണ സമയത്ത് (ഏകദേശം 10-12 ദിവസം) ലഭിക്കുന്ന യൂസർ ഫീസിൽ നിന്ന് പല സ്ഥലങ്ങളിലേക്കുള്ള ലോഡിംഗ്, തരം തിരിക്കൽ എന്നിങ്ങനെ 12 അധിക ദിവസങ്ങളിലെ ചെലവ് കൂടി അവർ കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം കഴിഞ്ഞാൽ 'കൂലി' പ്രധാനമായ നമ്മുടെ നാട്ടിൽ കുടുംബം പോറ്റാൻ പെരുമഴയത്തും പൊരിവെയിലത്തും ജോലി ചെയ്യുന്ന ഇവർക്ക് എത്ര രൂപ വരുമാനം ലഭിക്കും? ഒരു വാർഡിൽ 2 ഹരിതകർമ്മ സേന അംഗങ്ങൾ പ്രവർത്തിക്കുന്നു എന്നത് കൂടി മനസ്സിലാക്കണം. (ഹരിതകർമ്മ സേനയ്ക്ക് ആരെങ്കിലും എന്തെങ്കിലും വേതനം പ്രത്യേകമായി നൽകുന്നില്ല). ഇനി ഒരു വാർഡിലെ മുഴുവൻ ആളുകളും യൂസർ ഫീസ് നൽകിയാലും പരമാവധി ലഭിയ്ക്കുന്ന തുക 25000/- രൂപയാണ് (ഇത് നിലവിൽ ലഭ്യമാകുന്നത് വളരെ കുറച്ച് വാർഡുകളിൽ മാത്രമാണ്. ചെലവുകളെല്ലാം കഴിഞ്ഞാൽ അപ്പോഴും മിച്ചം കിട്ടുന്നത് മതിയായ വേതനമല്ല. ഇത് രണ്ടുപേർക്ക് വീതിക്കുമ്പോൾ ഒരാൾക്ക് ലഭ്യമാകുന്നത് തുച്ഛമായ തുകയാണെന്ന് മനസ്സിലാക്കാൻ ആർക്കും സാധിക്കുന്നതാണ്.)

അപ്പോൾ, യൂസർ ഫീസിനെ നാടിന്റെ നന്മയ്ക്കായി ഹരിതകർമ്മ സേന നടത്തുന്ന ഇടപെടലുകൾക്കുള്ള പാരിതോഷികമായി കരുതി നിശ്ചയിക്കണം എന്ന സർക്കാർ ഉത്തരവ് കൂടി കണക്കിലെടുത്ത് അവരോട് സഹകരിക്കേണ്ടത് (50/100 രൂപ നൽകാതിരിക്കുന്നതിന് ന്യായങ്ങൾ എന്തൊക്കെ പറഞ്ഞാലും) താൻ ജീവിക്കുന്ന സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരാളുടെ കടമ തന്നെയാണ്.

മറ്റെല്ലാ കാര്യങ്ങൾക്കും നമുക്ക് പണമുണ്ട്. നമ്മുടെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വളരെ ചെറിയൊരു തുക മാസം നീക്കിവെക്കാൻ ഇല്ല. നാട്ടിൽ ഇന്നുള്ള രോഗാവസ്ഥകളും കാലാവസ്ഥാ വ്യതിയാനവും നമ്മളെ ബാധിക്കില്ല എന്ന മൂഢചിന്തയും എല്ലാം സർക്കാരിന്റെ ഉത്തരവാദിത്തമെന്ന അനാസ്ഥയും എനിക്കിതൊന്നും ബാധകമല്ലെന്ന നിഷേധാത്മക നിലപാടും എത്രമാത്രം നമ്മുടെ നിലനിൽപിനെ ബാധിക്കുമെന്ന് ആലോചിക്കുക. 

ടൺ കണക്കിന് അജൈവ പാഴ് വസ്തുക്കൾ ശാസ്ത്രീയ സംസ്കരണത്തിന് തരംതിരിച്ച് കൈമാറുന്നതിലൂടെ ലാഭേച്ഛയില്ലാതെ സമൂഹനന്മയ്ക്കായി കഠിനാധ്വാനം ചെയ്യുന്ന ഹരിതകർമ്മ സേന അംഗങ്ങൾ അവരെക്കൂടി ആശ്രയിക്കുന്ന ഒരു കുടുംബത്തിന് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. തികച്ചും സാധാരണക്കാരായ അവർ നമ്മുടെ വീടുകളിലേയ്ക്ക് കടന്ന് വരുമ്പോൾ മാന്യമായി സ്വീകരിക്കേണ്ടത് അവനവനോടെങ്കിലും ആത്മാർത്ഥതയുള്ള ഓരോരുത്തരുടേയും കടമയാണ്. നാളെകളുടെ സൂര്യോദയം അവർക്കു വേണ്ടി കൂടിയാവട്ടെ!

മനോജ് മാധവൻ
(SEUF KOTTAYAM)

Note : സുപ്രീം കോടതി, ദേശീയ ഗ്രീൻ ട്രിബ്യൂണൽ ഉത്തരവുകൾ, സർക്കാർ ഉത്തരവ് നം. 2420/2017, 1496/2020, കേരള പഞ്ചായത്ത് രാജ് നിയമത്തിലെ ബന്ധപ്പെട്ട ഭാഗങ്ങൾ റഫറൻസിനായി നിർദ്ദേശിക്കുന്നു.





loading...