വിവരണം ഓര്‍മ്മചെപ്പ്


ചെറുതാഴം സ്വദേശി കെ. പി. സന്തോഷ്‌ കുമാറിന് കേരള ഫോക് ലോർ അക്കാദമി അവാർഡ്

Reporter: shanil cheruthazham
മരക്കലപ്പാട്ട് രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം.


"ചെറുതാഴം സ്വദേശി   കെ. പി. സന്തോഷ്‌ കുമാറിന്  കേരള ഫോക് ലോർ അക്കാദമി  അവാർഡ്"

കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ പൂമാല കാവുകളിൽ  ദേവിയുടെ സ്തുതിഗീതങ്ങളായ ''മരക്കലപ്പാട്ട്'' അവതരിപ്പിച്ചു വരുന്ന കലാകാരൻ കെ. പി. സന്തോഷ്‌ കുമാർ കേരള ഫോക് ലോർ അക്കാദമി 2021 വർഷത്തെ അവാർഡിന് അർഹനായി. മരക്കലപ്പാട്ട് രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം.  ഭഗവതി ക്ഷേത്രങ്ങളിൽ പൂമാല ഭഗവതിയുടെ ചരിത്രം മരക്കല പാട്ടിലൂടെ അവതരിപ്പിച്ചു വരികെയാണ് സന്തോഷിനെ   അവാർഡിന് അർഹനായത്. പാരമ്പര്യമായി  അച്ഛനിൽ നിന്ന് പകർന്നുകിട്ടിയ  കലാഭിരുചി  30 വർഷത്തോളമായി  അർപ്പണ മനോഭാവത്തോടെ പിന്തുടർന്ന് പോകുന്നു. ചെറുതാഴം സ്വദേശിയായ കെ.പി.സന്തോഷ്  പിലാത്തറ സഹകരണ പഴം പച്ചക്കറി സഹകരണ സംഘത്തിലെ ജീവനക്കാരനാണ്. പുരോഗമന കലാസാഹിത്യ സംഘം ചെറുതാഴം വില്ലേജ് കമ്മിറ്റി അംഗമാണ്. ഭാര്യാ ഷീബ മക്കൾ അമൽ ദേവ് , അരുൺ ദേവ്  എന്നിവർ. 

വടക്കെ മലബാറിലെ പൂമാല കാവുകളിൽ പാട്ടുത്സവത്തോനുബന്ധിച്ചു കണിയാൻ സമുദായക്കാർ അവതരിപ്പിക്കുന്ന അനുഷ്ടാന ദേവീ സ്തുതിഗീതമാണ്  മരക്കലപ്പാട്ട്. ‘മരക്കലത്തമ്മ’ എന്നപേരിൽ അറിയപ്പെടുന്ന ശ്രീശൂലകുഠാരിയുടെ തോറ്റം പാട്ടിന്‌ ‘മരക്കലത്തോറ്റം’ എന്നാണ്‌ പേര്‌. മരംകൊണ്ടുളള വലിയ കപ്പലുകളെയാണ് 'മരക്കലം’ എന്ന് വിളിച്ചിരുന്നത്‌. വലിയ പായക്കപ്പലുകളായിരുന്നു ഇവ. ഈ കാരണങ്ങൾ കൊണ്ടുതന്നെ പൂമാലഭഗവതി ക്ഷേത്രങ്ങൾ പുഴകളോട് ചേർന്നാണ് കണ്ടുവരുന്നത്. 

തോറ്റംപാട്ടുകളിൽ പ്രകീർത്തിക്കപ്പെടുന്ന ആയിത്തിഭഗവതി, ആര്യപ്പൂങ്കന്നി, ആര്യപ്പൂമാല, ആര്യക്കര ഭഗവതി, ആയിരംതെങ്ങിൽ ഭഗവതി, ചുഴലിഭഗവതി, ഭദ്രകാളി, ചീറുമ്പമാർ, അസുരാളൻ, വടക്കേൻ കോടിവീരൻ, പൂമാരുതൻ തുടങ്ങിയ ദേവതമാർ മരക്കലമേറി വിളയാടിയവരാണെന്നാണ്‌ സങ്കല്പം. വടക്കൻ പാട്ടുകഥകൾ, കോതാമൂരിപ്പാട്ടുകളിൽപ്പെട്ട അന്നപൂർണ്ണേശ്വരീ ചരിതം എന്നിവയിലും മരക്കലത്തെപ്പറ്റിയുളള വർണ്ണനകൾകാണാം. 


കേരള ഫോക്‌ലോർ അക്കാദമിയുടെ 2021ലെ ഫെലോഷിപ്പുകളും അവാർഡുകളും യഥാക്രമം :- 13 ഫെലോഷിപ്പ്, 96 അവാർഡ്, 13 ഗുരുപൂജാ അവാർഡ്, രണ്ട് ഗ്രന്ഥരചനാ അവാർഡ്, 16 യുവപ്രതിഭാ പുരസ്‌കാരങ്ങൾ, ഒന്ന് വീതം ഡോക്യുമെന്ററി, എം.എ ഫോക്‌ലോർ അവാർഡ് എന്നിങ്ങനെ ആകെ 142 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. പുരസ്‌കാര ജേതാക്കൾക്ക് ഫെലോഷിപ്പ് 15,000 രൂപയും പ്രശസ്തിപത്രവും, ഫലകവും, അവാർഡ്, ഗുരപൂജ, ഗ്രന്ഥരചനാ അവാർഡ് 7,500 രൂപയും പ്രശസ്തിപത്രവും ഫലകവും യുവപ്രതിഭാ പുരസ്‌കാരങ്ങൾ, എം.എ ഫോക്‌ലോർ 5,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്.

ആര്യനാടുകളിൽ നിന്ന് വന്ന വാമൊഴി പാട്ടുകൾ പൂർവികരിൽ  നിന്ന് സ്വായത്തമാക്കിയാണ് കലാകാരൻമാർ മരക്കലപ്പാട്ട് അവതരിപ്പിച്ചു വരുന്നത്. രാമന്തളി കുരുവന്തട്ട പൂമാലഭഗവതി, കണ്ടങ്കാളി കനകത്ത്‌ പൂമാലഭഗവതി, കണ്ണപുരം പൂമാലഭഗവതി, കണ്ണൂർ കാപ്പാട് പെരുങ്കളായി പൂമാലഭഗവതി, വെള്ളൂർ കുടകത്ത്‌ ഭഗവതി ക്ഷേത്രം, കുഞ്ഞിമംഗലം അണിയിക്കര,  വയലപ്ര അണിയിക്കര, പട്ടുവം പൂമാലഭഗവതി ക്ഷേത്രം  തുടങ്ങിയ വടക്കേ മലബാറിലെ  8 ഓളം ക്ഷേത്രങ്ങളിൽ സന്തോഷ് കുമാർ വർഷാവർഷം  മരക്കലപ്പാട്ട് നടത്തിവരുന്നു.  പാരമ്പര്യമായി കിട്ടിയ അറിവ്  തലമുറകൾക്കുകൂടി കൈമാറി കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, വാങ്മയരൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നിലനിർത്തി പോകുന്ന കലാകാരന് പിലാത്തറ ഡോട്ട് കോമിന്റെ ആശംസകൾ നേരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ  അംഗമാകാൻ ക്ലിക് ചെയ്യുക. https://chat.whatsapp.com/LhBREmiNeogEAZb96eG3FO

14000 അംഗങ്ങളുമായി മുന്നോട്ടുപോകുന്ന ഫേസ്ബുക്ക് പേജ് പിന്തുടരാം ... 
http:// http://www.pilathara.com/details.php?id=108&ormachepp





loading...