രചനകൾ


സെയ്റനരസിംഹറെഡ്ഢി - സിനിമ റിവ്യൂ

Reporter: Danesh

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യ പോരാളികളിൽ ഒരാൾ എന്ന് അവകാശപ്പെട്ട് കൊണ്ട് " ഉയ്യാല വാഡ നരസിംഹ റെഡ്ഡി"യുടെ പോരാട്ട കഥകൾ പറയുന്ന ബ്രഹ്മാണ്ഡ ചിത്രം .

സുരീന്ദർ റെഡ്ഢി എന്ന സംവിധായകൻ ഒരുക്കിയ ചിത്രം രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യമുണ്ടെങ്കിലും ഒരിക്കൽ പോലും അതറിയിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സവിശേഷതയുണ്ട് ചിത്രത്തിന്. മെഗാസ്റ്റാർ ചിരഞ്ജീവി ഓരോ ഷോട്ടിലും നിറഞ്ഞു നിൽക്കുന്ന ചിത്രത്തിൽ അമിതാബ് ബച്ചൻ, അനുഷ്ക, സുദീപ്, നയൻതാര, വിജയ് സേതുപതി, തമന്ന തുടങ്ങിയ സൂപ്പർ താര നിര ഉണ്ടെങ്കിലും അവർക്കൊന്നും ചിത്രത്തിൽ തീരെ സ്വാധീനം പുലർത്താൻ പറ്റുന്നില്ലെന്ന് മാത്രമല്ല പറയത്തക്ക പ്രാധാന്യം പോലും കൊടുത്തു കാണാഞ്ഞത് ആശ്ചര്യമായി തോന്നുന്നു. സ്ക്രീൻ പ്രസൻസിൽ മുഴുവൻ സമയം തലയെടുപ്പോടെ നിൽക്കുന്ന ചിരഞ്ജീവി പേരു പോലെ തന്നെ തെലുങ്കിലെ എക്കാലത്തെയും സുപ്പർ താരം എന്ന തന്റെ അപ്രമാദിത്വം ഒരിക്കൽ കൂടി അരക്കെട്ടുറപ്പിക്കുന്നു.

സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ശബ്ദ വിവരണത്തോടെ തുടങ്ങുന്ന സിനിമയിൽ അതു കൊണ്ടു തന്നെ ചെറിയ രീതിയിൽ ഒരു മലയാളി സാന്നിധ്യം ഉണ്ടെന്നും പറയാം. തമിഴിലെ ശബ്ദ വിവരണം രജനീകാന്തും ഹിന്ദിയിലേത് അമിതാഭ് ബച്ചനും നടത്തിയപ്പോൾ തെലുങ്കിൽ പവൻ കല്യണിനാണ് നറുക്കു വീണത്. ചിരഞ്ജീവിയുടെ മകൻ രാംചരൺ നിർമ്മിച്ച ബിഗ്‌ ബജറ്റ് ചിത്രത്തിന് യുദ്ധരംഗത്തിന് മാത്രം ചെലവായത് 55 കോടിയാണ്.


കഥാപാത്രമായ നരസിംഹ റെഡ്ഢി എന്നത് സാങ്കല്പികമാണെങ്കിലും അല്ലെങ്കിലും ഈ ബ്രഹ്മണ്ഡ ചിത്രം ധീര ദേശാഭിമാനികളെ ഓർത്ത് അഭിമാനം കൊള്ളാനും ആവേശം കൊള്ളാനും, ബ്രിട്ടീഷുകാർ ഭാരതത്തോട് കാണിച്ച പരാക്രമത്തെ അനുഭവിച്ചറിയാനും ,ആ കാലഘട്ടത്തിലെ പോരാളികൾ സ്വാതന്ത്ര്യത്തിനു വേണ്ടി ചെയ്ത ത്യാഗങ്ങളെ അടുത്തറിയാനും ഉപകാരപ്പെടുന്നതോടൊപ്പം തന്നെ കുറച്ചു നേരമെങ്കിലും പ്രേക്ഷകനിൽ ദേശാഭിമാനത്തെ പറ്റിയുള്ള ചിന്തകൾ നിറക്കുമെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. നല്ല ഒന്നാന്തരം ദൃശ്യവിരുന്ന് പ്രേക്ഷകന് സമ്മാനിക്കുന്ന ചിത്രത്തിന്റെ അന്തിമ ലക്ഷ്യം മറ്റു ചിത്രങ്ങളെ പോലെ തന്നെ കച്ചവടം ആണെങ്കിലും ,ചിത്രം ഉയർത്തുന്ന ദേശീയ ബോധം വളരെ വലുതാണ്.

അതു കൊണ്ട് തന്നെ, പ്രത്യേകിച്ച് നിങ്ങളുടെ കുട്ടികൾക്ക് തീർച്ചയായും ഒരു സമ്മാനം തന്നെയാകും ഈ ചിത്രം, ഒരു പാട് അതിമാനുഷിക രംഗങ്ങൾ ഉണ്ടെങ്കിൽ പോലും.

( തീർത്തും വ്യക്തിപരമായ അഭിപ്രായം )

#ധനേഷ്ദാമോദരൻ

 


loading...