കല്യാശ്ശേരി വാര്‍ത്താ വിവരണം

മലബാർ റിവർ ക്രൂയിസ് പദ്ധതി നാടിന‌് കുതിപ്പാകും: സെമിനാർ 

23 June 2018
Reporter: രതീഷ്

മലബാർ റിവർ ക്രൂയിസ് പദ്ധതി  വിനോദ സഞ്ചാര വികസനത്തിനും അതുവഴി നാടിനും വൻകുതിപ്പേകുമെന്ന് സംരംഭകത്വ സെമിനാർ. ഉത്തരമലബാറിൽ ഓളവും താളവും തീർക്കുന്ന നദികളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന ടൂറിസം പദ്ധതിക്ക് 30ന് മുഖ്യമന്ത്രി തുടക്കം കുറിക്കുന്ന  സാഹചര്യത്തിലാണ് ടൂറിസം വകുപ്പിന്റെയും ഉത്തരവാദിത്വടൂറിസം മിഷന്റെയും നേതൃത്വത്തിൽ   സെമിനാർ സംഘടിപ്പിച്ചത്.    ഉത്തര മലബാറിന്റെ ഗ്രാമ പൈതൃകങ്ങളെയും ദേശപ്പെരുമകളെയും അടുത്തറിയാനും ആസ്വാദിക്കാനും പഠിക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അതോടൊപ്പം തദ്ദേശീയ കുലത്തൊഴിലുകളും കുടിൽ വ്യവസായവും പരിപോഷിപ്പിക്കുന്ന ബൃഹത് പദ്ധതിയായി ഇത് മാറുമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.  മലബാറിന്റെ സാംസ്കാരിക കലാരൂപങ്ങളായ തെയ്യം, ഒപ്പന, പൂരക്കളി, കോൽക്കളി, യക്ഷഗാനം എന്നിവ ഉൾപ്പെടുത്തി പുഴയോരങ്ങളിൽ ടൂറിസം സർക്യൂട്ടുകൾ വികസിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  കൂടുതൽ തദ്ദേശീയപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിലൂടെ  പദ്ധതിയുടെ പ്രയോജനം പരമാവധി സാധാരണക്കാരിലേക്ക് എത്തിക്കാനാവും. തദ്ദേശീയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അന്യംനിന്നുപോകുന്ന തൊഴിലുകൾ, കലകൾ എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്താനുമൊവുമെന്ന‌്  സെമിനാറിൽ സംസാരിച്ചവർ പറഞ്ഞു.   പദ്ധതിയുടെ ഭാഗമായിപഴയങ്ങാടിയിൽ  ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ മേൽനോട്ടത്തിൽ ബോട്ട് ടെർമിനൽ നിർമാണം ആരംഭിച്ചു. ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം പറശ്ശിനിക്കടവിൽ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  


മാടായി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ടി വി രാജേഷ്എംഎൽഎ   സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് പി പി ദിവ്യ അധ്യക്ഷയായി. ഡി ഗിരീഷ്കുമാർ (ഡെപ്യൂട്ടി ഡയറക‌്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ്ടൂറിസം) റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തരവാദിത്വ ടൂറിസം സാധ്യതകൾ എന്ന വിഷയത്തിൽ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ കോ ഓഡിനേറ്റർ കെ രൂപേഷ്കുമാറും മലനാട് ക്രൂയിസ് ടൂറിസം പദ്ധതി എന്ന വിഷയത്തിൽ ആർക്കിടെക്ട‌് എം മധുകുമാറും സംസാരിച്ചു. ജനപ്രതിനിധികൾ, ബാങ്ക് ഭരണസമിതി പ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ, സാമൂഹിക﹣ രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് സ്വാഗതവും ഡിടിപിസി എക്സിക്യൂട്ടീവ് മെമ്പർ കമലാക്ഷൻ നന്ദിയും പറഞ്ഞു.loading...