വാര്‍ത്താ വിവരണം

ഡെപ്യൂട്ടി കളക്‌‌ടര്‍ തസ്‌‌തികയില്‍ ആദ്യമായി പയ്യന്നൂർ സ്വദേശിയായ അംഗപരിമിതന് നിയമനം

9 March 2018
Reporter: Shuhail Chattiol

പയ്യന്നൂർ: ഡെപ്യൂട്ടി കളക്‌ടര്‍ തസ്‌തികയില്‍ ആദ്യമായി അംഗപരിമിതനായ അജേഷ് കെ യ്‌‌ക്ക് നിയമനം നല്‍കുന്നു എഴുത്ത് വാച്യാപരീക്ഷകളില്‍ ഉയര്‍ന്ന നില നേടിയിട്ടും ശാരീരികക്ഷമതയില്ല എന്ന കാരണത്താല്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയ ഉദ്യോഗാര്‍ത്ഥിക്കാണ് ഇപ്പോള്‍ നിയമനം. മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയും അംഗപരിമിതരുടെ നിയമനം ഉറപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെയുമാണ് അജേഷിന് വൈകിയെങ്കിലും നിയമനം ലഭിക്കുന്നത്.

ഒരു കണ്ണിന് കാഴ്‌ചവൈകല്യമുള്ള ഉദ്യോഗാര്‍ത്ഥിക്ക് ഡെപ്യൂട്ടി കളക്‌ട‌‌ര്‍ തസ്‌തിക നല്‍കാനാവില്ലെന്ന പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിലപാടിനെതിരെയാണ് അജേഷ് പൊരുതി നേടിയത്. കണ്ണൂര്‍ പയ്യന്നൂര്‍ കോറോം പരന്തട്ടയില്‍ യശോദയുടെ മകനാണ് അജേഷ്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ ആറ് വര്‍ഷമായി അസിസ്റ്റന്റായി ജോലി ചെയ്യുന്നു.

അംഗപരിമിതര്‍ക്ക് മൂന്ന് ശതമാനം സംവരണം നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് 20 വര്‍ഷം മുമ്പാണ്. 2008ല്‍ മേല്‍വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വകുപ്പുകളിലും സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും ലാന്റ് റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ട‌‌ര്‍ തസ്തികയില്‍ ഇത് നടപ്പാക്കിയിരുന്നില്ല.

പിഎസ്‌സി റാങ്ക് പട്ടിക അജേഷ് കെ യെ ഒഴിവാക്കിക്കൊണ്ടാണ് പ്രസിദ്ധീകരിച്ചത്. ഇതിന് പ്രത്യേക കാരണങ്ങള്‍ ഉണ്ടായിരുന്നില്ല. അഡ്‌മിനിസ്‌‌‌‌‌‌ട്രേറ്റീവ് ട്രെബ്യൂണലിന്റെ വിധി പ്രകാരം അജേഷ്.കെ.യെ ഉള്‍പ്പെടുത്തി റാങ്ക് പട്ടിക ഭേദഗതി ചെയ്യുകയായിരുന്നു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും നിയമനം നല്‍കാന്‍ പി.എസ്.സി. തയ്യാറായിരുന്നില്ല. അംഗപരിമിതരുടെ പട്ടികയില്‍ രണ്ടാമത്തെ നിയമനം മധു.കെ എന്ന ഉദ്യോഗാര്‍ത്ഥിക്കാണ്.



whatsapp
Tags:
loading...