വാര്‍ത്താ വിവരണം

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു

11 April 2018
Reporter: pilathara.com
പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ്

അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പരിയാരവും അതോടനുബന്ധിച്ച കേരള കോഓപ്പറേറ്റീവ് ഹോസ്പ്പിറ്റല്‍ കോംപ്ലക്സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണ മേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നത്. കോളേജ് എറ്റെടുക്കുന്നതിന്റെ ഭാഗമായി ഹഡ്‌കോവിന് കോളേജ് നല്‍കാനുള്ള വായ്പാ കുടിശ്ശിക സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്ത് അടയ്ക്കാന്‍ തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ മെഡിക്കല്‍ കോളേജ് ഭരണസമിതി നയപരമായ തീരുമാനങ്ങളെടുക്കാതെ ദൈനംദിനകാര്യങ്ങള്‍ മാത്രം ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു.

ആശുപത്രി കോംപ്ലക്സും അക്കാദമിയും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ട സൊസൈറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് തീരുമാനം. 1997-ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഭരണനിയന്ത്രണം സൊസൈറ്റിക്ക് തിരിച്ചു നല്‍കുകയാണുണ്ടായത്. 

മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ (2011-16) കോളേജും ആശുപത്രിയും ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. 2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷമാണ് ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചത്. ഹഡ്കോയില്‍ നിന്ന് സൊസൈറ്റി എടുത്ത വായ്പ കുടിശ്ശികയായിരുന്നു. ഹഡ്കോ വായ്പയില്‍ കേരളത്തില്‍ നടപ്പാക്കുന്ന മറ്റ് പദ്ധതികളെപ്പോലും അത് ബാധിച്ചു. ഈ സാഹചര്യത്തില്‍ ഹഡ്കോയ്ക്കുളള ബാധ്യത പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഗഡുക്കളായി വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. 2019-ല്‍ തിരിച്ചടവ് പൂര്‍ത്തിയാവും. 



whatsapp
Tags:
loading...